ഡാർക്ക് വെബ് ലഹരിക്കേസിൽ എഡിസൻ പിടിയിലായതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ നീക്കം. കൂട്ടാളികൾക്ക് രക്ഷപ്പെടാന്‍ അന്താരാഷ്ട്ര ഡ്രഗ് കാർട്ടല്‍ വിശദമായ നിർദേശങ്ങൾ നല്‍കി. ഡിജിറ്റല്‍ തെളിവുകള്‍ സമ്പൂർണമായി നശിപ്പിക്കാന്‍ സഹായിക്കുന്ന നിർദേശങ്ങള്‍ ഇവർ നല്‍കിയിരിക്കുന്നത്. ഡാർക്ക് വെബിലെ ഡ്രെഡ് ആപ്പിലൂടെ നടന്ന ചർച്ചയുടെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
എഡിസണ്‍ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള നീക്കം അന്താരാഷ്ട്ര ലഹരി സംഘം നടത്തിയത്. എഡിസണ്‍ പിടിയിലായി രണ്ട് ദിവസത്തിന് ശേഷമാണ് മാധ്യമങ്ങള്‍ പോലും ഈ വിവരം അറിയുന്നത്. എന്നാല്‍ അപ്പോഴേക്കും ലഹരി സംഘം തങ്ങളുടെ കൂട്ടാളികളെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു എന്ന് വേണം മനസിലാക്കാന്‍.
രണ്ട് രീതിയിലാണ് തെളിവുകള്‍ നശിപ്പിച്ചു കളയാന്‍ ഡ്രെഡ് എന്ന ആപ്പ് വഴി നിർദേശം നല്‍കിയിരിക്കുന്നത്. ഒന്ന്, ഡാർക്ക് വെബ് ഉപയോഗിച്ചത് സംബന്ധിച്ച എല്ലാ വിവരങ്ങളും അവരുടെ ഡെസ്ക്ടോപ്പില്‍ നിന്ന് നീക്കം ചെയ്യണം. വില്‍പ്പന സംബന്ധിയായ സന്ദേശങ്ങള്‍, സ്ക്രീന്‍ഷോട്ടുകള്‍, ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍, വാലറ്റ് ബാക്കപ്പുകള്‍, മേല്‍വിലാസങ്ങള്‍ എന്നിവ ബ്രൗസിങ് ഹിസ്റ്ററി അടക്കം നീക്കം ചെയ്യാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. കൈവശമുള്ള തെളിവുകള്‍ എങ്ങനെ നശിപ്പിക്കണമെന്നതിന് വ്യക്തമായ നിർദേശങ്ങള്‍ കാർട്ടല്‍ നല്‍കുന്നുണ്ട്. ലഹരി വാങ്ങിയ കവറുകള്‍ കത്തിച്ച് അവയുടെ ചാരം വെള്ളത്തില്‍ അലിയിച്ച് കളയണമെന്നാണ് നിർദേശം. ഫിംഗർപ്രിന്റുകള്‍ നശിപ്പിച്ചു കളയണമെന്നും പറയുന്നുണ്ട്.
ജൂൺ ഒന്നിന് ആണ് ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനുമാണ് പിടികൂടിയത്. രണ്ടുവര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നായിരുന്നു എന്‍സിബിയുടെ കണ്ടെത്തല്‍.
ലെവല്‍ ഫോര്‍ എന്ന വിശേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്മെന്റുകളാണ് ഇവര്‍ നടത്തിയിരുന്നത് . ക്രിപ്റ്റോ കറന്‍സി വഴിയാണ് കച്ചവടം നടത്തിയത്. ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എന്‍സിബിക്ക് ലഹരി ശ്യംഖലയില്‍ കടന്നു കയറാനായത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയാണ് കെറ്റാമലോണ്‍. 'മെലണ്‍' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്. കൊച്ചിയില്‍ എത്തിയ പോസ്റ്റല്‍ പാഴ്‌സലില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തതെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും പിടികൂടി. ഒപ്പം ഡാര്‍ക്ക് നെറ്റ് ആക്‌സസ് ചെയ്യാനുള്ള വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കണ്ടെത്തി.
മെക്കാനിക്കൽ എഞ്ചിനീയറായി യുഎസിൽ ജോലി ചെയ്യുന്ന സമയത്താണ് എഡിസൺ ലഹരി ഇടപാടുകാരെ പരിചയപ്പെട്ടത്. 1000 ത്തിലധികം ലഹരി ഇടപാടുകളാണ് എഡിസൺ രണ്ടു വർഷത്തിനിടെ നടത്തിയത്. ഇതുവഴി ഇയാള്‍ പത്തു കോടിയിലേറെ രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തൽ. എഡിസൻ്റെ 10 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.