"സഹായിച്ചില്ലെങ്കിലും അപേക്ഷ വാങ്ങിവെക്കാമായിരുന്നു, വലിയ മാനസിക പ്രയാസമുണ്ടായി"; സുരേഷ് ഗോപിക്കെതിരെ അപമാനിതനായ വയോധികൻ

കൊച്ചു വേലായുധൻ അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു
suresh Gopi
കൊച്ചു വേലായുധനെ സുരേഷ് ഗോപി മടക്കിയയക്കുന്ന ദൃശ്യങ്ങൾSource: News Malayalam 24x7
Published on

തൃശൂർ: നിവേദനം തഴഞ്ഞുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതികരണവുമായി അപമാനിതനായ തയ്യാട്ട് കൊച്ചു വേലായുധൻ. സംഭവത്തിൽ ഒരുപാട് പ്രയാസമുണ്ടായെന്ന് വയോധികൻ പറയുന്നു. രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായവും തേടിയാണ് എംപിക്ക് അപേക്ഷ നൽകിയത്. സഹായം നൽകിയില്ലെങ്കിലും അപേക്ഷ വാങ്ങി വെക്കാമായിരുന്നെന്നും വയോധികൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുള്ളിൽ വച്ച് നടന്ന കലുങ്ക് വികസന സംവാദത്തിൽ അപേക്ഷയുമായി കൊച്ചു വേലായുധൻ എത്തിയത്. കൊച്ചു വേലായുധൻ അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണെന്ന് വയോധികൻ പറയുന്നു.

suresh Gopi
"കൊട്ടിഘോഷിച്ച് ഇങ്ങനെയൊരു പരിപാടി നടത്തിയതെന്തിന്?"; സുരേഷ് ഗോപിക്കെതിരെ സിപിഐഎം

അപേക്ഷയെഴുതി കൊണ്ടുവന്നാൽ എംപിക്ക് നൽകാമെന്ന് അറിഞ്ഞാണ് പരിപാടിക്ക് ചെന്നത്. ആദ്യം ഒരാൾ അപേക്ഷ നൽകുകയും അത് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മന്ത്രിക്ക് അപേക്ഷ നൽകി. എന്നാൽ അത് തുറന്ന് പോലും നോക്കാതെ തിരികെ നൽകുകയായിരുന്നു. വളരെ വിഷമമായി. രണ്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതിനാൽ പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും കൊച്ചു വേലായുധൻ പറഞ്ഞു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ബിജെപിയുടെ പ്രവർത്തകർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വയോധികനെ തിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരാൾ കയ്യിൽ കരുതിയിരുന്ന നിവേദനം പിന്നോട്ട് ചുരുട്ടിവെക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. കവറില്‍ എന്താണെന്നെങ്കിലും തുറന്ന് നോക്കാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. പ്രായത്തെ മാനിക്കാമായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com