സർക്കാരിനെതിരെ വിമർശനവുമായി പൂക്കോട് വെറ്റിനറി കോളേജിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബം. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരായി സർക്കാർ കോടതിയെ സമീപിച്ചു. ഭരണകർത്താക്കൾ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെയാണ് പോവുന്നത്. മകന് പകരം നൽകുന്ന പണമല്ല നീതിയാണ് വേണ്ടതെന്നും അമ്മ ഷീബ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. ആറാഴ്ചക്കുള്ളിൽ പണം നൽകണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് 8% പലിശ അടക്കം നൽകണമെന്ന് രണ്ടാമത് ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ പണമല്ല മറിച്ച് നീതിയാണ് വേണ്ടതെന്ന് സിദ്ധാർഥൻ്റെ അമ്മ ഷീബ പറയുന്നു. ഇതിൻ്റെയെല്ലാം കാരണക്കാർ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണ്. അവിടെ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് ലോകം മൊത്തം അറിയണം. നീതിക്കായി പോരാടുമെന്നും അമ്മ ഷീബ പറഞ്ഞു.
2024 ഒക്ടോബര്‍ ഒന്നിനാണ് സിദ്ധാര്‍ഥന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകിയിട്ടില്ല.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ സിദ്ധാർഥൻ റാഗിങ്ങിന് ഇരയായിരുന്നെന്ന് കണ്ടെത്തി. സംഭവത്തില്‍ 18 പ്രതികളാണ് ഉള്ളത്.