

തൃശൂർ: മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയാലും വന്യമൃഗ ശല്യത്താലും ദുരിതത്തിലായ ആദിവാസികളുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ്. അതിരപ്പിള്ളി-മലക്കപ്പാറ മേഖലയിലെ അരേക്കാപ്പ്-വീരാൻകുടി പ്രകൃതികളിലെ 44 കുടുംബങ്ങളെയാണ് ഉദ്യോഗസ്ഥർ പെരുവഴിയിൽ ആക്കിയത്. മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചവർക്ക് ഒപ്പം നിന്നശേഷം നിലപാട് മാറ്റിയവർ ആദിവാസികൾ സംരക്ഷിത വനഭൂമി കയ്യേറി എന്നാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയും വന്യ മൃഗശല്യവും കാരണം ഏറെ ദുരിതം അനുഭവിച്ചവരാണ് ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട 44 കുടുംബങ്ങൾ. ഇടമലയാർ മലയാറ്റൂർ ഡിവിഷനുകൾക്ക് കീഴിലെ അരക്കാപ്പ്-വീരാൻകുടിയിലെ മനുഷ്യരുടെ അവസ്ഥ നേരിൽകണ്ട് ബോധ്യപ്പെട്ടാണ് മുൻ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പുനരധിവാസത്തിന് സാധ്യത തേടിയത്. റവന്യൂ-വനം-പട്ടികവർഗം- സർവേ ഡിപ്പാർട്ട്മെൻ്റുകൾ ചേർന്ന് ഇതിനായി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടത്തിൽ അതിനൊപ്പം നിന്നശേഷം പദ്ധതിയെ അട്ടിമറിക്കാൻ വനം വകുപ്പ് ഇടപെടുന്നതിന്റെ കൂടുതൽ തെളിവുകളാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.
വിവിധ വകുപ്പുകളുടെ യോഗങ്ങളും നിർദേശങ്ങളും പരിഗണിച്ച് 2025 ജൂൺ 13നാണ് കുടുംബങ്ങൾക്ക് സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. അതിനു മുൻപ് നടന്ന സർവേയിലും പരിശോധനകളിലും യോഗങ്ങളിലും പങ്കെടുത്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അഭിപ്രായം കേട്ടശേഷമായിരുന്നു തീരുമാനം. എന്നാൽ ഇതിനെ പിന്നീട് രേഖാമൂലം എതിർത്ത വനംവകുപ്പ് നടപടിയെ ആദിവാസികൾ കോടതിയിൽ ചോദ്യം ചെയ്തു . മാർച്ച് 18ന് പരാതിക്കാർ നൽകിയ കേസിൽ കോടതി നോട്ടീസ് അയച്ചതോടെയാണ് പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ വനവകുപ്പ് ശ്രമിച്ചതിൻ്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത് .
കേസിൽ കക്ഷികളായ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വനംവകുപ്പിന് നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി നൽകിയിട്ടില്ലെന്ന് കോടതിയെ ധരിപ്പിച്ചു. വന നിയമങ്ങളുടെ പരിധിയിൽ നിന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചെങ്കിലും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടക്കം ഇത് അവഗണിച്ചതായും രേഖകളിലൂടെ വ്യക്തമാകുന്നു.
ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂൺ 6ന് വനം വകുപ്പ് കോടതിയിൽ നൽകിയ സത്യവാങ്മുലത്തിലാണ് അട്ടിമറി കൂടുതൽ വ്യക്തമായി പുറത്തുവന്നത്. ആദിവാസികൾ സംരക്ഷിത വനഭൂമി കയ്യേറി എന്നും ഇവിടെ താമസിച്ചാൽ വനമേഖലയുടെ സ്വഭാവം മാറുമെന്നും സത്യവാങ്മൂലത്തിലൂടെ വനംവകുപ്പ് പറയുന്നു. പരാതിക്കാരായ 44 കുടുംബങ്ങളുടെ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ജൂലൈ 13ന് കേസ് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവിലൂടെ അനുകൂല നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ പെരുവഴിയിൽ നിർത്തിയിരിക്കുന്ന ആ മനുഷ്യരത്രയും.