തിരുവനന്തപുരം: ഡോ. ടി. സജിത റാണി കാർഷിക സർവകലാശാലയുടെ താൽക്കാലിക വിസിയായി ചുമതലയേൽക്കും. സർക്കാർ നൽകിയ പാനൽ വെട്ടിയാണ് ബിജെപി അധ്യാപക സംഘടന നേതാവായ സജിത റാണിയെ ഗവർണർ നിയമിച്ചത്.
സജിത റാണിയെ വിസി ആക്കിയത് അധികാര ദുർവിനിയോഗം എന്ന് എസ്എഫ്ഐ പറഞ്ഞു. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ ഫെഡറൽ തത്ത്വങ്ങളോടുള്ള വെല്ലുവിളി ആണെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. മന്ത്രി സിദ്ദീഖ് നിലപാട് വ്യക്തമാക്കണമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണ്ണറുടെ തീരുമാനത്തെ തള്ളി കളയാൻ കൃഷി മന്ത്രി ടി. സിദ്ധിഖ് തയ്യാറായില്ല. അക്കാദമിക് എക്സലൻസിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ പേരുകൾ നിർദേശിച്ചത്. എന്നാൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് ലോക് ഭവൻ്റെ വിശദീകരണം. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ഒരു കേടുപാടും ഇല്ലാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ വഹിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു.