കേരള സർവകലാശാല വിഷയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കടുത്ത നടപടിയിലേക്ക്. രജിസ്ട്രാറായ കെ. എസ്. അനിൽകുമാറിനെയും ജോയിൻ്റ് രജിസ്ട്രാർ പി. ഹരികുമാറിനെയും സസ്പെൻഡ് ചെയ്യും. സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും നടപടിക്ക് നീക്കമുണ്ട്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച സിൻഡിക്കേറ്റ് അംഗങ്ങളോട് വിശദീകരണം തേടും. ഗവർണർ നടപടിയെടുക്കണമെന്ന് വൈസ് ചാൻസലർ നേരത്തെ ശുപാർശ ചെയ്തിരുന്നു.
കേരള സർവകലാശാലയിൽ കഴിഞ്ഞദിവസം നടന്ന സിൻഡിക്കേറ്റ് യോഗത്തിലെ നാടകീയ രംഗങ്ങളിൽ ഗവർണർ വിസിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വൈസ് ചാൻസിലറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. ചട്ടവിരുദ്ധമായി പ്രവർത്തിച്ച സിൻഡിക്കേറ്റ് അംഗങ്ങളോട് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കാനാണ് ആലോചന. അതിന് ശേഷം കേരള സർവകലാശാല സിൻഡിക്കറ്റ് അംഗമായ ആർ. രാജേഷിനോട് കോടതിയലക്ഷ്യത്തിന് വിശദീകരണം തേടും. പിന്നാലെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചതിനാൽ ജോയിൻ്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല നൽകി വിസി ഉത്തരവിറക്കി. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ഹരികുമാറിനെതിരെ കൂടുതൽ നടപടി സ്വീകരിക്കുക.
കെ.എസ്. അനില്‍ കുമാറിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പി. ഹരികുമാറിനെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഹരികുമാറിനെ മാറ്റിയതോടെ രജിസ്ട്രാറിന്റെ താല്‍ക്കാലിക ചുമതല മിനി കാപ്പനെ ഏല്‍പ്പിക്കുകയായിരുന്നു.
കേരളാ സർവകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗവർണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. എന്നാൽ വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ കഴിഞ്ഞദിവസം നടന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തു. തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും സിൻഡിക്കേറ്റ് അറിയിച്ചിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കൽ നടപടി ഉത്തരവാക്കുകയും ചെയ്തു. തുടർന്ന് അടിയന്തരമായി സർവകലാശാലയിലെത്തി ചുമതലയേൽക്കാൻ സിൻഡിക്കേറ്റ് നിർദേശം നൽകിയതിനെ തുടർന്ന് കഴിഞ്ഞദിവസം രജിസ്ട്രാർ വീണ്ടും ചുമതല ഏറ്റെടുത്തു. വൈകിട്ടോടെയാണ് സർവകലാശാലയിലെത്തി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ചുമതല ഏറ്റെടുത്തത്.
സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രജിസ്ട്രാറർ കെ.എസ്. അനിൽകുമാർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വൈസ് ചാൻസലറുടെ ഭാഗത്തുനിന്നും സർവകലാശാലയുടെ ഭാഗത്തിനിന്നും കോടതി വിശദീകരണവും ചോദിച്ചു. ഇതിൽ ഇരുവിഭാഗവും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനിരിക്കെയാണ് ഗവർണറുടെ നിർണായക നടപടി.