
സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. മധ്യ,വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് (16-16-2025) അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അമ്പലപ്പുഴ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കളക്ടർ ഇന്ന് (16-06-2025) അവധി പ്രഖ്യാപിച്ചു. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അതാത് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ജൂണ്‍ 15 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്കക്കാണ് സാധ്യത. ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളുടെ സമീപത്ത് താമസിക്കുന്നവർക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, കാസർഗോഡ് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.