ഐ.പി. ബിനുവിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഐ.പി. ബിനു
ഐ.പി. ബിനുSource: Files

പുന്നമടയുടെ ഓളപ്പരപ്പിന് തീപിടിക്കാന്‍ മണിക്കൂറുകൾ മാത്രം

പുന്നമടയുടെ ഓളപ്പരപ്പിന് തീപിടിക്കാന്‍ മണിക്കൂറുകൾ മാത്രം. ആവേശത്തുഴ എറിയാൻ ഇക്കുറി എത്തുന്നത് 21 ചുണ്ടൻ വള്ളങ്ങൾ. 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. ജലമേള ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളാവും. 21 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. ഇത്തവണത്തെ ജലരാജാവ് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് വള്ളംകളി പ്രേമികൾ.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരിൽ കൊടിയിറങ്ങും. സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും സെക്രട്ടേറിയറ്റിന് ശേഷം തെരഞ്ഞെടുക്കും. എം.വിജിനും ചിന്ത ജെറോമും നേതൃത്വത്തിലേക്ക് എത്തിയേക്കും... പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഡിവൈഎഫ്ഐയില്‍ വിഭാഗീയത ശക്തം; നേതാക്കള്‍ തന്നെ വാര്‍ത്ത ചോര്‍ത്തുന്നു, വിമര്‍ശനം തുടര്‍ന്ന് പ്രതിനിധികള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ വിമർശനം തുടർന്ന് പ്രതിനിധികൾ. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നുണ്ട്. സംഘടനയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നേതാക്കൾ തന്നെ ചോർത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് മാധ്യമങ്ങൾക്ക് ചോർത്തുന്ന സമീപനമാണ്. സമരസംഘടനയായി ഡിവൈഎഫ്ഐ മാറണം. പാലിയേറ്റീവ് കെയർ സംവിധാനമായി സംഘടന മാറിയിരിക്കുന്നു. പുതിയ നേതൃത്വത്തെ വളർത്താനും നിലനിർത്താനും ഡിവൈഎഫ്ഐക്ക് ആകുന്നില്ല. പുതിയ കേഡർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം സംഘടനയ്ക്കുണ്ട്. ജനകീയരായി മാറാൻ ഡിവൈഎഫ്ഐ നേതാക്കൾക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം.

വീണ ടിക്കെതിരായ ഇഡി നീക്കം; അകലം പാലിക്കാന്‍ സിപിഐ തീരുമാനം

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ വീണ ടിക്കെതിരായ ഇഡി നീക്കത്തില്‍ അകലം പാലിക്കാന്‍ സിപിഐ നേതൃയോഗത്തില്‍ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന നിലപാടാണ് കൗൺസിൽ സ്വീകരിച്ചത്. നേതാക്കൾ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടാൽ മാത്രമാകും പാര്‍ട്ടി നിലപാട് വ്യക്തമാക്കുക.

അനധികൃത മത്സ്യബന്ധനം ചോദ്യം ചെയ്തതിന് ബോട്ട് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

വർക്കലയില്‍ മത്സ്യത്തൊഴിലാളികളെ ബോട്ട് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. അനധികൃത മത്സ്യബന്ധനം ചോദ്യം ചെയ്തതിനാണ് ബോട്ട് ഇടിപ്പിക്കാന്‍ ശ്രമിച്ചത്. മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ഇടവ തീരത്ത് യന്ത്രവത്കൃത ബോട്ട് പൊലീസ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു.

നാലു വയസുകാരിക്കു മുന്നില്‍ ലൈംഗിക വൈക്യതം; പിതാവിനെതിരെ പോക്സോ കേസെടുത്തു

കൊല്ലത്ത് ഭാര്യയുടെ സ്വകാര്യചിത്രങ്ങള്‍ അശ്ലീല സൈറ്റുകള്‍ വിറ്റ യുവാവിനെതിരെ പോക്സോ കേസെടുത്തു. നാലു വയസുള്ള മകള്‍ക്കു മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിലാണ് നടപടി. ജൂവനൈല്‍ ജസ്റ്റിസ് ആക്ടും ചുമത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ശോച്യാവസ്ഥയില്‍; സിജെപി ആരോപണം ശരിവച്ച് സര്‍ക്കാര്‍ കണക്കുകള്‍

രാജസ്ഥാനിലെ സർക്കാർ സ്കൂളുകള്‍ ശോച്യാവസ്ഥയിലാണെന്ന സിജെപിയുടെ ആരോപണം ശരിവച്ച് രാജസ്ഥാന്‍ സർക്കാരിന്റെ കണക്കുകള്‍. രാജസ്ഥാനില്‍ ആകെ 611 സ്കുളുകള്‍ക്ക് സ്വന്തം കെട്ടിടമില്ല. 2047 സ്കൂളുകളില്‍ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ല. 1049 സ്കൂളുകളില്‍ കുടിവെള്ളത്തിനുള്ള സൗകര്യമില്ല. രാജസ്ഥാൻ നിയമസഭയിൽ പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലിയുടെ ചോദ്യത്തിന് മറുപടി ലഭിച്ചത്.

നടക്കുന്നത് കുപ്രചരണം, ലേക്കര്‍ ഇന്ത്യ കടലാസ് കമ്പനിയല്ല; വിശദീകരണവുമായി ഡോ: അനീസ് അറയ്ക്കൽ

കോഴിക്കോട് ആസ്ഥാനമായുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്നത് കടലാസ് കമ്പനിയല്ലെന്ന് പാര്‍ട്‌ണര്‍ ഡോ. അനീസ് അറയ്ക്കല്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് കമ്പനി ആരംഭിച്ചത്. ഒളവണ്ണ പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. എന്നാല്‍ സാങ്കേതികവും രേഖകളുടെ തിരുത്തലുകളും ആവശ്യപ്പെട്ട് പഞ്ചായത്ത് അപേക്ഷ തിരിച്ചയക്കുകയായിരുന്നു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കമ്പനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചരണങ്ങളാണെന്നും ഡോ. അനീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വീണ എന്റെ മകളായതുകൊണ്ടാണ് ഈ അന്വേഷണം; പിന്നില്‍ പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്, എന്റെ കൈകള്‍ ശുദ്ധം: പിണറായി വിജയന്‍

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മകള്‍ വീണയ്ക്കെതിരായ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വീണ തന്റെ മകളായതുകൊണ്ടാണ് ഈ അന്വേഷണമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കോ മകള്‍ക്കോ ഹവാല ഇടപാടുമായി യാതൊരു ബന്ധവുമില്ല. പി.എ. മുഹമ്മദ് റിയാസിനെതിരെയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ തന്റെ പേര് മുന്‍ മുഖ്യമന്ത്രിയെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനു പിന്നിലും പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്. ചില മാധ്യമങ്ങള്‍ക്കും തന്നോട് പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്. റിയാസിനെതിരെ മനോരമ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇഡി അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം; തുടക്കം പുനലൂർ താലൂക്ക് ആശുപത്രിയില്‍

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ്. ജില്ലാ, ജനറൽ ആശുപത്രികളിലാകും 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുക. ആറുമാസത്തിനുള്ളിൽ പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാനാണ് തീരുമാനം. ഡോ. ഷിനു കെ.എസ്. ആയിരിക്കും പദ്ധതിയുടെ സ്‌പെഷ്യൽ ഓഫിസർ. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഇവിടേക്ക് പുനർവിന്യസിക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും കാത്ത് ലാബ് പ്രവർത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; സ്ഥാനത്തെത്തുന്ന ആദ്യ വനിത, എം. വിജിന്‍ സെക്രട്ടറി

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്ത്. സംഘടനയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാണ്. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ ആണ് സെക്രട്ടറി. ആലപ്പുഴയിൽനിന്നുള്ള ആര്‍ രാഹുൽ ആണ് ട്രഷറർ.

തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്‌സല്‍, പി. ഷബീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാര്‍: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ. അനുശ്രീ.

നിയമസഭ ഉപനേതൃസ്ഥാനം: പിണറായിയുടേത് പദവിക്ക് നിരക്കാത്ത പരാമര്‍ശം: ബിനോയ് വിശ്വം

നിയമസഭ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയയന്റെ പരാമരശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാർട്ടികളും ചർച്ചയ്ക്കായി മാറ്റിവെച്ച വിഷയമാണത്. തര്‍ക്കവിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഏകപക്ഷീയമായല്ല. പ്രസ്താവന പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്കോ, എൽഡിഎഫിന്റെ സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുന്നു

ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. അതിനുശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. അവസാനമാണ് ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുക. ഇക്കുറി 21 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്.

ആദ്യ ഹീറ്റ്സില്‍ ജയിച്ച് വീയപുരം ചുണ്ടന്‍

ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജയിച്ച് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം നേടിക്കൊടുത്ത വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടന്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഐബിആര്‍എ കൊച്ചിന്‍ തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാമതും, കുമരകം കെടിബിസി ഫാന്‍സ് ക്ലബ്ബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകന്‍ നാലാമതും ഫിനിഷ് ചെയ്തു.

രണ്ടാം ഹീറ്റ്സില്‍ ഒന്നാമതെത്തി ചമ്പക്കുളം ചുണ്ടന്‍

രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജയിച്ച് ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി.

മൂന്നാം ഹീറ്റ്സില്‍ മേല്‍പ്പാടം

മൂന്നാം ഹീറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേല്‍പ്പാടം ആദ്യം ഫിനിഷ് ചെയ്തു.

നാലാം ഹീറ്റ്സില്‍ അരോമ ഒന്ന്

നാലാം ഹീറ്റ്സില്‍ പറവൂര്‍ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ഒന്ന് ആദ്യം ഫിനിഷ് ചെയ്തു. നാട്ടകം എന്‍ബിസി തുഴഞ്ഞ ചെറുതന രണ്ടാമതെത്തി.

അഞ്ചാം ഹീറ്റ്സില്‍ നിരണം ചുണ്ടന്‍

അഞ്ചാം ഹീറ്റ്സില്‍ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ആദ്യമെത്തി.

ആറാം ഹീറ്റ്സില്‍ ആനാരി ചുണ്ടന്‍

ആറാം ഹീറ്റ്സില്‍ ആനാരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ഒന്നാമതെത്തി.

ഫൈനലിൽ എത്തിയ നാല് വള്ളങ്ങളും അവയുടെ ടൈമിങ്ങും

1. പള്ളാതുരുത്തി തുഴഞ്ഞ മേൽപ്പാടം ( 4.15.492 )

2. നടുഭാഗം തുഴഞ്ഞ പിബിസി പുന്നമട ( 4.16.976 )

3. യുബിസി ഫാൻസ് ക്ലബ് തുഴഞ്ഞ വീയപുരം ( 4.20.666 )

4. അരോമ തുഴയുന്ന അരോമ ബോട്ട് ക്ലബ് ( 4.26.522 )

അർജുൻ ആയങ്കിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

അർജുൻ ആയങ്കിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തുടർന്ന് ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. തലശ്ശേരി സബ്ജയിലിൽ എത്തി വളപട്ടണം എസ്.എച്ച്. ഒ ടി.എം. വിപിനാണ് ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈറ്റിലയിൽ വൻ ലഹരിവേട്ട

എറണാകുളം വൈറ്റിലയിൽ വൻ ലഹരിവേട്ട. 272 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പടെ നാല് പേരെ പിടികൂടി. പ്രതികളുടെ കാർ കസ്റ്റഡിയിലെടുത്തു. എറണാകുളം എക്സൈസ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

വള്ളംകളി സംഘാടനത്തിൽ പാളിച്ച

വള്ളംകളി സംഘാടനത്തിൽ പാളിച്ചയെന്ന് ആരോപണം. മത്സരഫലത്തിൻ്റെ സമയം മാധ്യമങ്ങൾക്ക് നൽകാതെ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുകയാണ്. ഇറിഗേഷൻ എക്സിക്യൂട്ടീവ് പി.എസ്. വിനോദ് ആണ് സമയം തടഞ്ഞുവച്ചത്. ഇറിഗേഷൻ എക്സിക്യൂട്ടീവ് ആണ് മത്സരത്തിന്റെ അമ്പയറിങ് ടീമിന്റെ മുഖ്യ ചുമതലക്കാരൻ. കളക്ടർ അനുമതി നൽകാതെ സമയം മാധ്യമങ്ങൾക്ക് നൽകില്ലെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് അറിയിച്ചു.

ഫൈനലിൽ ഇവർ

  • മേൽപ്പാടം 4:15:4 - PBC പള്ളാത്തുരുത്തി

  • വീയപുരം 4 : 20:666 - UBC കൈനകരി FC

  • നടുഭാഗം 4: 16:977 - PBC പുന്നമട

  • അരോമ 4:26: 522 - അരോമ ബോട്ട് ക്ലബ്

ഫൈനൽ മത്സരം ഇങ്ങനെ

ട്രാക്ക് 1 - മേൽപ്പാടം

ട്രാക്ക് 2 - വിയപുരം

ട്രാക്ക് 3 - അരോമ

ട്രാക്ക് 4 - നടുഭാഗം

ജലരാജാക്കന്മാരുടെ ഫൈനൽ ട്രാക്ക്

  • ഒന്നാം ട്രാക്കിൽ പള്ളാതുരുത്തിയുടെ മേൽപ്പാടം

  • രണ്ടാം ട്രാക്കിൽ UBC കൈനകരി FCയുടെ വീയപുരം

  • മൂന്നാം ട്രാക്കിൽ അരോമ ബോട്ട് ക്ലബിൻ്റെ അരോമ ചുണ്ടൻ

  • നാലാം ട്രാക്കിൽ PBC പുന്നമടയുടെ നടുഭാഗം

പടിഞ്ഞാറേ പറമ്പൻ ഒന്നാമത്

  • തെക്കനോടി കെട്ടുവള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ യങ് സ്റ്റാർ ബോട്ട് ക്ലബ് തുഴഞ്ഞ പടിഞ്ഞാറേ പറമ്പൻ ഒന്നാമത്. സമയം 7.13.301

  • ജനത മെമ്മോറിയൽ ബോട്ട് ക്ലബ് തുഴഞ്ഞ ചെല്ലിക്കാടനാണ് രണ്ടാം സ്ഥാനത്ത്. സമയം 7.14.072

  • മൂന്നാം സ്ഥാനം ചൈതന്യ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കമ്പനി വള്ളമാണ് സ്വന്തമാക്കിയത്. സമയം 8.03.584

റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആഗസ്‌റ്റ് 23നും (ഞായറാഴ്ച) ആഗസ്റ്റ് 25 നബിദിനവും (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളാണ്. പകരം ആഗസ്റ്റ് 27, സെപ്‌തംബർ 2 തീയതികൾ അവധിയായിരിക്കും. നബിദിനം പ്രമാണിച്ച് 25ന് നിയന്ത്രിത അവധിയും അനുവദിച്ചതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഇരുട്ടുകുത്തി ബി ഫൈനലിൽ താണിയൻ ദി ഗ്രേറ്റ് ജേതാവ്

ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനലിൽ താണിയൻ ദി ഗ്രേറ്റ് ജേതാക്കളായി. കുറുമ്പതുരുത്ത് ബോട്ട് ക്ലബ്‌ ആണ് വള്ളം തുഴഞ്ഞത്.

ഇരുട്ടുകുത്തി ബി ഫൈനലിൽ താണിയൻ ദി ഗ്രേറ്റ് ജേതാവ്

ഇരുട്ടുകുത്തി സി ഗ്രേഡ്: ഇളമുറ തമ്പുരാൻ പമ്പാവാസൻ ജേതാവ്

  • ഇരുട്ടുകുത്തി സി ഗ്രേഡ് ഫൈനലിൽ ഇളമുറ തമ്പുരാൻ പമ്പാവാസൻ ജേതാവ്. ബിബിസി ഇല്ലിക്കൽ ക്ലബ്‌ ആണ് തുഴഞ്ഞത്. 5.04.773

  • രണ്ടാം സ്ഥാനം മഞ്ഞനക്കാട് ബോട്ട് ക്ലബ്ബ് ഞാറയ്ക്കൽ തുഴഞ്ഞ ചെറിയ പണ്ഡിതനാണ്. സമയം 5.16.498

  • ടിപ്പു വാരിയേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തൃപ്രയാർ തുഴഞ്ഞ ജിബി തട്ടകൻ ആണ് മൂന്നാം സ്ഥാനത്ത്. 5.18.536

ഇരുട്ടുകുത്തി സി ഗ്രേഡ്: ഇളമുറ തമ്പുരാൻ പമ്പാവാസൻ ജേതാവ്

എംബിബിഎസ് വിദ്യാർഥി മുങ്ങി മരിച്ചു

കണ്ണൂരിൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണൻ ആണ് മരിച്ചത്. അഴീക്കോട് ആനിവയൽ കുളത്തിൽ വച്ചാണ് ദാരുണമായ സംഭവം. യുവതിക്ക് ഒപ്പം എത്തി കുളത്തിൽ കുളിക്കുന്നതിനിടെ ആണ് അപകടം.

യുബിസി എഫ്.സിക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വിബിസിയും

യുബിസി എഫ്.സിക്കെതിരെ പരാതി നൽകി പുന്നമട ബോട്ട് ക്ലബ്ബും വിബിസിയും. ഇതര സംസ്ഥാന തുഴച്ചിലുകാർ കൂടുതലെന്നാണ് പരാതി. അനുവദിച്ചതിലധികം പ്രൊഫഷണൽസ് യുബിസി എഫ്.സിയുടെ വള്ളത്തിൽ ഉണ്ടെന്നാണ് പരാതി. ആകെ തുഴച്ചിലുകാരുടെ 25 ശതമാനം മാത്രമെ സാധാരണ അനുമതി നൽകാറുള്ളൂ.

മലയാള മനോരമയ്‌ക്കെതിരെ നിയമ നടപടി; റിയാസ് വക്കീൽ നോട്ടീസ് അയച്ചു

മനോരമ ദിനപത്രത്തിലെ വാർത്തക്കെതിരെ നിയമ നടപടി ആരംഭിച്ച് എംഎൽഎൽ പി.എ. മുഹമ്മദ് റിയാസ്. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം മുഹമ്മദ് റിയാസിന്റെ അക്കൗണ്ട് വഴികൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ഇ.ഡി. റിയാസിനോട് ഫോണിൽ വിശദീകരണം ചോദിച്ചു എന്നുമായിരുന്ന വാർത്ത. വാർത്ത അടിയന്തിരമായി പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നും ലീ​ഗൽ നോട്ടീസിൽ പറയുന്നു. അഡ്വ. മുനീർ അഹമ്മദാണ് മുഹമ്മദ് റിയാസിനു വേണ്ടി നോട്ടീസ് അയച്ചത്.

ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനൽ മൂന്നുതൈക്കൽ വിജയിച്ചു. പുളിങ്കുന്ന് ടൗൺ ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്.

ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനൽ മൂന്നുതൈക്കൽ വിജയിച്ചു

ചുണ്ടൻ വള്ളങ്ങളുടെ തേർഡ് ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ ആരംഭിച്ചു

വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുഴഞ്ഞ ചിറമേൽ തോട്ടക്കടവൻ ജേതാക്കളായി

വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ

ചുണ്ടൻ വള്ളങ്ങളുടെ തേർഡ് ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് വലിയ ദിവാൻജി ജേതാവ്

ചുണ്ടൻ വള്ളങ്ങളുടെ സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ  

ചുണ്ടൻ വള്ളങ്ങളുടെ സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ ഒന്നാമതെത്തി. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് ബോട്ട് തുഴഞ്ഞത്. സമയം 4.31 ആണ്.

സ്പീഡ് ബോട്ടും ചുണ്ടൻ വള്ളവും കൂട്ടിയിടിച്ച് മറിഞ്ഞു

ഫിനിഷിങ് പോയിന്റിൽ സ്പീഡ് ബോട്ടും ചുണ്ടൻ വള്ളവും പരസ്പരം കൂട്ടിയിടിച്ച് മറിഞ്ഞു. സെൻ്റ് പയസ് ടെൻത് വള്ളത്തിൻ്റെ ട്രാക്കിലേക്കാണ് സ്പീഡ് ബോട്ട് കയറിയത്. ആർക്കും പരിക്കില്ല. പൊലീസ് എല്ലാവരേയും രക്ഷപ്പെടുത്തി. ചുണ്ടൻ വള്ളത്തിൽ ഉണ്ടായിരുന്നവരും സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവരും വെള്ളത്തിൽ വീണു

4:23:328.... പുന്നമടയുടെ വേഗ രാജാവായി അരോമ... ജലരാജാക്കന്മാരായി അരോമ... 

അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ

കന്നിപ്പോരിൽ ജേതാക്കളായി അരോമ ചുണ്ടൻ

72ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ ജേതാക്കളായി. 4:23:328 മിനിറ്റിലാണ് അവർ ഫിനിഷ് ചെയ്തത്. പുന്നമട പി.ബി.സി തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് മൈക്രോ സെക്കൻ്റ് വ്യത്യാസത്തിലാണ്. യു.ബി.സി കൈനകരി എഫ്.സി തുഴഞ്ഞ വിയപുരം ചുണ്ടൻ മൂന്നാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനാണ് നാലാം സ്ഥാനത്ത്.

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാർബറിൽ നിന്നും 25 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് തകരാറിലായത്. ബോട്ടിൽ 25 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. മറൈൻ എൻഫോഴ്സ്മെൻ്റ് റസ്ക്യൂ ടീം അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മത്സ്യത്തൊഴിലാളികളെ കരയ്ക്ക് എത്തിച്ചത്. പുലർച്ചെ നാലു മണിയോട് കൂടിയാണ് എൻജിൻ തകരാറിലായത്.

ഇടമലക്കുടിയിൽ നിന്നും രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു

ഇടമലക്കുടിയിൽ നിന്നും വീണ്ടും രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. കീഴ് വലയംപാറകുടി സ്വദേശി രാജാത്തിയെ (30 ) ആണ് മഞ്ചലിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. നാല് കിലോമീറ്റർ ചുമന്ന് ഇടമലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും ഉള്ള യുവതിക്കാണ് അടിയന്തര ചികിത്സ നൽകേണ്ടി വന്നത്.

"കർഷക തൊഴിലാളികളുടെ മക്കൾ നേടിയ വിജയം"

കർഷകത്തൊഴിലാളികളുടെ മക്കൾ നേടിയ വിജയമാണിതെന്ന് അരോമ ചുണ്ടൻ്റെ സഹ പരിശീലകൻ ജിബിൻ വർഗീസ്. "പച്ച തടിയിൽ തീർത്ത വിജയമാണിത്. കളിയാക്കിയവർക്കും പുച്ഛിച്ചു തള്ളിയവർക്കും ഉള്ള മറുപടിയാണിത്," ജിബിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സപ്ലൈകോ മെഗാ ട്രേഡ് ഫെയറിൽ ഓണത്തിനിടയിൽ പുട്ടുകച്ചവടം

എറണാകുളം കലൂർ സ്റ്റേഡിയത്തിന് പിൻവശം ഹെലിപ്പാഡ് ഗ്രൗണ്ടിൽ ഓണം ഷോപ്പിങ്ങിന് എത്തുന്നവർക്ക് സപ്ലൈകോ വില്പനശാലയിൽ നിന്ന് സൗജന്യമായി പുട്ടും കടലയും ലഭിക്കും. ഞായറാഴ്ച വൈകിട്ട് നാലു മുതൽ 7 മണിവരെയാണ് സപ്ലൈകോ മെഗാ ട്രേഡ് ഫെയർ സന്ദർശിക്കുന്നവർക്ക് പുട്ടും കടലയും നൽകുന്നത്. ടീം തായിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഒറ്റദിനം 114 എച്ച്1എൻ1 കേസ്; ഡൽഹിയിൽ ജാഗ്രതാ നിർദേശം

ഡൽഹിയിൽ ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗപ്പകർച്ച തടയുന്നതിനായി തിരക്കുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.

ഐ.പി. ബിനുവിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഐഎം നേതാവ് ഐ.പി. ബിനുവിൻ്റെ ജാമ്യം റദ്ദാക്കാനുള്ള നോട്ടീസ് നൽകാൻ പൊലീസ് ആലോചന. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ ബിനു റീൽസ് ചിത്രീകരിച്ചത് വിവാദമായിരുന്നു. ദൃശ്യങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ് നീക്കം.

കൂനംതൈയിൽ തോടിന്റെ വശത്തെ ഭിത്തിയിടിഞ്ഞു

എറണാകുളം കൂനംതൈയിൽ തോടിന്റെ വശത്തെ ഭിത്തിയിടിഞ്ഞു. സ്വകാര്യ അപ്പാർട്ട്മെന്റുകൾക്ക് സമീപമുള്ള വാഹന പാർക്കിങ് ഭാഗമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വാഹനങ്ങളും ഇരുമ്പ് കൂടുകളും തോട്ടിലേക്ക് വീണു.

മദ്യം നൽകി യുവാവിനെ  ക്രൂരമായി മർദിച്ചു

നിർബന്ധിച്ച് മദ്യം നൽകി യുവാവിന് നാലംഗ സംഘത്തിൻ്റെ ക്രൂരമർദനം. തിരുവനന്തപുരം ചിറക്കൽ സ്വദേശി മനാഫിനാണ് (40) മർദ്ദനമേറ്റത്. തിരുവനന്തപുരം കഠിനംകുളത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശവാസികളായ ഷൈജു, കഹാർ, സുജിത്, തമ്പി എന്നിവരാണ് മർദ്ദിച്ചത്.

മെത്രാന്മാർക്കെതിരെ ആരോപണവുമായി ആലഞ്ചേരി വിഭാഗം

സീറോ മലബാർ സഭയിലെ മെത്രാന്മാർക്കെതിരെ കടുത്ത ആരോപണവുമായി കർദിനാൾ ജോർജ് ആലഞ്ചേരി വിഭാഗം രംഗത്ത്. മാർ ജോർജ് ആലഞ്ചേരിയെ സഭയുടെ മേജർ ആർച്ച് ബിഷപ്പ് പദവിയിൽ നിന്നും ഒഴിവാക്കാൻ വ്യാജരേഖ ചമച്ചതിൽ മെത്രാന്മാർക്കും പങ്കുണ്ടെന്ന് വ്യാജരേഖ കേസ് സ്റ്റേറ്റ് മാറ്റി കിട്ടാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ എറണാകുളം കളക്ടറേറ്റിന് മുൻപിൽ സമരം നടത്തി. സീറോ മലബാർ സഭയുടെ സിനഡ് ഈയാഴ്ച സമാപിക്കാൻ ഇരിക്കെയാണ് കടുത്ത സമ്മർദം തന്ത്രവുമായി ആലഞ്ചേരി അനുകൂലികൾ രംഗത്തെത്തിയത്.

പ്ലസ് വൺ സപ്ലിമെൻ്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ

സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെൻ്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ടെെംടേബിൾ അടുത്ത ആഴ്ച വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. പരീക്ഷകൾ ഒക്ടോബറിൽ നടത്താൻ കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. പ്ലസ് ടു പരീക്ഷകൾക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം.

മാല മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വയോധിക

കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ചവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വയോധിക. തിരുവനന്തപുരം ബാലരാമപുരത്ത് വെെകിട്ടോടെയാണ് സംഭവം. നെയ്യാറ്റിൻകര കണ്ണറവിള സ്വദേശി ലളിതയുടെ (67) മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. സേലം സ്വദേശികളായ മാരി (32), ചിത്ര (40) എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.

News Malayalam 24x7
newsmalayalam.com