സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം; എസ്എഫ്ഐ നേതാക്കൾ അറസ്‌റ്റിൽ

ഇന്നത്തെ പ്രധാന വാർത്തകൾ
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം; എസ്എഫ്ഐ നേതാക്കൾ അറസ്‌റ്റിൽ

ആലപ്പുഴ കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടം രണ്ടു പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനം എങ്ങനെ യുവാക്കളുടെ കയ്യിൽ എത്തി എന്നതിലും സംശയം.

കാന്തപുരത്തിൻ്റെ പരാമർശത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാടിൽ സമസ്ത എപി വിഭാഗത്തിന് അതൃപ്തി

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശം ഇസ്ലാമിക ചരിത്രത്തിന് നിരക്കാത്തതെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സമസ്ത എപി വിഭാഗത്തിന് കടുത്ത അതൃപ്തി. വി.ഡി. സതീശൻ തിരുത്തണം എന്ന് സമസ്ത. മുഖ്യമന്ത്രിയെ നേരിൽ കണ്ട് സമസ്ത എപി വിഭാഗം സെക്രട്ടറി അടക്കം നേതാക്കൾ. നിലപാട് വ്യക്തമാക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.

സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് മർദനം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്ഐ

സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി എസ്എഫ്ഐ. ജില്ലാ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധമാർച്ച് നടത്തും. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കാൻ വിദ്യാർഥികൾ.. പൊലീസ് പ്രകോപനമില്ലാതെ മർദ്ദിക്കുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു.

മെസി വിവാദം;  പ്രത്യേക അന്വേഷണസംഘത്തെ ഇന്ന് പ്രഖ്യാപിക്കും

മെസി വിവാദത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ എസ്ഐടിയെ നിയോഗിക്കാൻ നീക്കം. വിജിലൻസിനൊപ്പം ക്രൈംബ്രാഞ്ച് സംഘത്തെയും ഉൾപ്പെടുത്താൻ സാധ്യത. കരാർ ഒപ്പിട്ടത് മുതൽ പണം കൈമാറ്റം വരെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.

നേപ്പാൾ പ്രളയദുരന്തം; മരണസംഖ്യ 1200 കടന്നു

നേപ്പാൾ പ്രളയദുരന്തത്തിൽ മരണം 1200 കടന്നു. ഇനി കണ്ടെത്താനുള്ള 4800 പേരെ. കാണാതായവർക്കായി സൈന്യത്തിൻ്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. പ്രഥമ പരിഗണന ഹൈഡ്രോ പവർ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ. റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ ഉൾഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണം; രണ്ട് പലസ്തീനി യുവാക്കൾക്ക് ദാരുണാന്ത്യം

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണത്തിൽ രണ്ട് പലസ്തീനി യുവാക്കൾക്ക് ദാരുണാന്ത്യം. മരിച്ചത് പതിനേഴും പതിനെട്ടും വയസുള്ളവർ എന്ന് ആരോഗ്യമന്ത്രാലയം. സൈന്യം വെടിവെച്ച് കൊന്നത് എന്ന് റിപ്പോർട്ട്. സൈനികർക്ക് നേരെ കല്ലെറിഞ്ഞപ്പോൾ വെടിവെച്ചെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ബിസിസിഐയുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ

ബിസിസിഐയുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ ചേരും. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. രോഹിത് ശർമയുടെ ഭാവിയിൽ തീരുമാനം ഉണ്ടയേക്കും. ഗൗതം ഗംഭീറിനും അജിത് അഗാർക്കറിനും ഇന്ന് നിർണായകം.

കെസിഎല്ലിലെ അവസാന സെമി ഫൈനലിസ്റ്റിനെ ഇന്നറിയാം

കെസിഎല്ലിലെ അവസാന സെമി ഫൈനലിസ്റ്റിനെ ഇന്നറിയാം. നിർണായക പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൻഡ്രം റോയൽസിനെ നേരിടും. ജയിച്ചാൽ കാലിക്കറ്റ് സെമിയിൽ. കാലിക്കറ്റ് തോറ്റാൽ കൊല്ലം സെമിയിൽ പ്രവേശിക്കും.

വനിത ഏഷ്യ കപ്പ്; സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

വനിത ഏഷ്യ കപ്പിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.രണ്ടാം മത്സരത്തിൽ എതിരാളികൾ ഹോങ്കോങാണ്. മത്സരം രാത്രി എട്ട് മണിക്കാണ്. ഇന്ത്യ-പാക് സൂപ്പർ പോരാട്ടം മറ്റന്നാൾ നടക്കും.

സംസ്ഥാനത്ത് ഇന്നും പവർകട്ട്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.രാത്രി ഏഴു മണിമുതൽ 12 മണി വരെയുള്ള സമയങ്ങളിലാകും നിയന്ത്രണം. 600 മുതൽ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളിൽ കേരളത്തിൽ ഉണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

"മതങ്ങൾ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നു"; കാന്തപുരത്തെ തള്ളി എം.എ. ബേബി

കാന്തപുരത്തെ തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു.

ജയിലിൽ മർദനം; തടവുകാരൻ്റെ പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കേസ്

ജയിലിൽ മർദനമെന്ന് പരാതി. തടവുകാരൻ്റെ പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കേസെടുത്തു. ജലാലുദ്ദീൻ എന്ന തടവുകാരനാണ് പരാതി നൽകിയത്. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞതിന് മർദിച്ചെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരെ കേസെടുത്തത് കോടതി നിർദേശപ്രകാരം.

ഡ്രസ് കോഡിനെ ചൊല്ലി തർക്കം; പത്താംക്ലാസ് വിദ്യാർഥിനികൾ ഒൻപതാം ക്സാസുകാരെ ക്രൂരമായി മർദിച്ചു

കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ക്രൂരമായി മർദിക്കുകയായിരുന്നു. കളർ കോഡ് ഡ്രസിനെച്ചൊല്ലിയ തർക്കത്തെ തുടർന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ആക്രമണം നടത്തിയത്. ഹിബാ ഫാത്തിമ ഉൾപ്പെടെ നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ഹിബയുടെ ആരോഗ്യനില വഷളായതായി ബന്ധുക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു.

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ. ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയ വിരോധത്തിലാണ് അക്രമം നടത്തിയത്. പെരിന്തട്ട സ്വദേശിനി ലീന സുകുമാരൻ്റെ കാറിൻ്റെ ടയറാണ് കുത്തിക്കീറിയത്.

മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ് ഹൈവേയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു; 9 പേർക്ക് പരിക്ക്

മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ് ഹൈവേയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. അപകടം രാമനഗരയ്ക്ക് സമീപം ചന്നപ്പട്ടണയിൽ ഇന്ന് പുലർച്ചെയോടെയാണ്. ബസ് ചരക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. ആറു പേര്‍ നിലവിൽ ചികിത്സയിലാണ്.

യുഡിഎഫ് സർക്കാർ ആർഎസ്എസ് അനുകൂല നിലപാട് തുടരുന്നു: പിണറായി വിജയൻ

യുഡിഎഫ് സർക്കാർ ആർഎസ്എസ് അനുകൂല നിലപാട് തുടരുന്നു എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വന്ദേമാതരത്തിൻ്റെ 2 ചരണം പാടിയാൽ മതിയെന്നായിരുന്നു മുൻ നിലപാട്. എന്നാൽ സർവകലാശാലയിൽ അടക്കം അത് മുഴുവനായും പാടുന്നു. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ആരോഗ്യ അവസ്ഥ പരിഗണിച്ചു. പ്രശാന്ത് ജയിൽ മോചിതനാകുന്നത് അറസ്റ്റിലായി 43 ദിവസത്തിന് ശേഷം.

ചാലക്കുടിയിൽ മീറ്റർ ഇടാൻ ആവശ്യപ്പെട്ടതിന് ഡോക്ടർക്ക് മർദനം; മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ചാലക്കുടിയിൽ ഓട്ടോറിക്ഷ മീറ്റർ ഇടാൻ ആവശ്യപ്പെട്ടതിന് ഡോക്ടർക്ക് മർദനം. മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഓട്ടോ ഡ്രൈവർമാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. മൂവരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 19-ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷിന് കലാഭവൻ മണി സ്റ്റാൻഡിൽ വച്ചാണ് മർദനമേറ്റത്.

"സിപിഐഎം രാജ്യത്താകെ അധപതിച്ചിരിക്കുന്നു"; പിരിവും റാലികളും മാത്രമാണ് നടക്കുന്നതെന്ന് ജി. സുധാകരൻ

സിപിഐഎം രാജ്യത്താകെ അധപതിച്ചിരിക്കുന്നുവെന്ന് ജി. സുധാകരൻ എംഎൽഎ പറഞ്ഞു. പിരിവും റാലികളും മാത്രമാണ് നടക്കുന്നത്. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ വർഗവഞ്ചകർ എന്നു വിളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താഴെ തട്ടുമുതൽ അഹങ്കാരം. ഐസകിന് മറുപടി പറയാൻ ബാധ്യതയില്ല. സിപിഐഎം താഴേക്കു പോയി. യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ലെന്നും ജി. സുധാകരൻ പറഞ്ഞു.

അധ്യാപകരുടെയും വിദ്യാ‍ർഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; തൃക്കാക്കര കോളേജിൽ വിദ്യാർഥി പ്രതിഷേധം

അധ്യാപകരുടെയും വിദ്യാ‍ർഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ തൃക്കാക്കര കോളേജിൽ വിദ്യാർഥി പ്രതിഷേധം. പ്രതിയായ വിദ്യാർഥിയെ മാനേജ്മെൻ്റ് സംരക്ഷിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ലോക്കൽ ഗാർഡിയനൊപ്പം പ്രതിയായ വിദ്യാർഥിയെ പറഞ്ഞ് അയച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു.

മെസി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

മെസി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എഡിജിപി പി.വിജയൻ എസ്ഐടിയെ നയിക്കും. മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കും. ഉത്തരവ് വൈകിട്ട് പുറത്തിറങ്ങും. കാസർഗോഡ് എംഡിഎംഎ കേസിൽ രാഷ്ട്രീയം നോക്കാതെ കർശന നടപടി സ്വീകരിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കാലടി സര്‍വകലാശാല വിസിയെ തടഞ്ഞ കേസ്; 17 വിദ്യാര്‍ഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കാലടി സര്‍വകലാശാല വിസിയെ തടഞ്ഞ കേസിൽ 17 വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. വിദ്യാര്‍ഥികൾക്ക് നേരത്തെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

"മന്ത്രി പറഞ്ഞത് ശരിയാണ്"; ശബരിമല തിരുവോണ സദ്യയിൽ ഒരു പന്തിയിൽ രണ്ട് വിളമ്പ് ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തിരുവോണ സദ്യയിൽ ഒരു പന്തിയിൽ രണ്ട് വിളമ്പ് ഉണ്ടായെന്ന് മന്ത്രി പറഞ്ഞതിൽ ശരിയുമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ. മൂവായിരം തീർത്ഥാടകർക്ക് സദ്യ നൽകിയപ്പോൾ കുറച്ച് പേർക്ക് പുലാവ് നൽകേണ്ടി വന്നെന്ന് കെ.ജയകുമാർ വ്യക്തമാക്കി.

വൈദികൻ നടത്തിയത് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ; വൈദിക ട്രസ്റ്റിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം

സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ വൈദിക ട്രസ്റ്റിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. വൈദികൻ നടത്തിയത് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ. മെത്രാപ്പോലീത്ത ഇരിക്കുന്ന വേദിയിലായിരുന്നു വൈദിക ട്രസ്റ്റ് വിവാദ പ്രസംഗം. വിവാഹത്തിനായി പെൺകുട്ടിയെ പള്ളിയിൽ എത്തിക്കുമ്പോൾ ആ പെൺകുട്ടിയുടെ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് നൽകാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് വൈദിക ട്രസ്റ്റി. വിവാഹത്തിനായി പള്ളിയിൽ എത്തിക്കുന്ന ശരീരങ്ങൾ കൂദാശ നടത്തുന്ന യാഗ ബലിയായി നൽകേണ്ട യാഗവസ്തുക്കൾ ആണ് അത് പരിശുദ്ധമായിരിക്കണം. എന്നാൽ മാർത്തോമാ സഭയിൽ പലതും അങ്ങനെയല്ലെന്നും വൈദികൻ പറഞ്ഞു.

കാന്തപുരത്തിൻ്റെ പ്രസ്താവന; വിയോജിപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് റോജി.എം. ജോൺ

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ. കാന്തപുരത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. അതിനോട് ശക്തമായി വിയോജിക്കുന്നു . സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോല്‍വി: അണികളെ പഴിച്ച പിണറായി വിജയനെ പിന്തുണച്ച് എം.വി. ഗോവിന്ദന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് അണികളെ പഴിച്ച പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാർട്ടിവിരുദ്ധരുടെ നീക്കങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാനായില്ല. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യമാണ് പിണറായി വിശദീകരിച്ചത്. പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് അവകാശമില്ല. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി നില്‍ക്കാത്തതിനെയും പിണറായി വിജയന്‍വിമർശനാത്മകമായാണ് ചൂണ്ടിക്കാണിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.അതേസമയം, പാർട്ടിക്ക് വീഴ്ച പറ്റിയില്ലേ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് മറുപടിയില്ലായിരുന്നു.

ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്‌സിഎല്‍) ബ്ലീച്ചിങ് പൗഡർ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. നേരത്തെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുറ്റക്കാരെ വെള്ളപൂശുന്നതാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. കെഎംഎസ്‌സിഎല്‍ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ 7.32 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.

പുനർമൂല്യനിർണയ ഫലം വൈകിയാൽ സപ്ലിമെന്ററി പരീക്ഷാ ഫീസ് ഒഴിവാക്കണം

പുനർമൂല്യനിർണയ ഫലം വൈകിയാൽ സപ്ലിമെന്ററി പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. സംസ്ഥാനത്തെ സർവകലാശാല വി.സിമാർക്ക് കൗണ്‍സില്‍ കത്ത് അയച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ഒരു ദിവസം മുമ്പെങ്കിലും പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം പരീക്ഷ ഫീസ് അടയ്ക്കാതെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്നാണ് നിർദ്ദേശം. പുനർമൂല്യനിർണയ ഫലം വൈകുന്നതുമൂലം സപ്ലിമെന്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത് വലിയ സാമ്പത്തിക പ്രതിസന്ധി വിദ്യാർഥികൾ നേരിട്ടിരുന്നു.

പൊലീസ് അതിക്രമം; എതിർക്കുന്നവരെ തല്ലിയൊതുക്കാമെന്നത് വ്യാമോഹമെന്ന് എം.വി. ഗോവിന്ദന്‍

എസ്എഫ്ഐ പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പൊലീസ് ക്രൂരമായ ആക്രമണം നടത്തി. പി.എസ്. സഞ്ജീവിന്റെ ദേഹമാസകലം മുറിവുകളാണ്. പൊലീസ് അതിക്രമത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എതിർക്കുന്നവരെ തല്ലിയൊതുക്കാം എന്നാണ് സതീശൻ വിചാരിക്കുന്നതെങ്കിൽ അത് വ്യാമോഹമാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കെതിരെ പോലും കേസെടുത്തു. വീടുകളിൽ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന പൊലീസ് മുറകളാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

തിരുവനന്തപുരം കല്ലറയില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം കല്ലറ- മുതുവിളയിൽ മൂന്നു പേർക്ക് തെരുവു നായയുടെ കടിയേറ്റു. മുളമുക്ക് സ്വദേശികളായ ശ്യാമള, രേഖ, ഉഷ എന്നിവർക്കാണ് കടിയേറ്റത്. ശ്യാമളയുടെ കാലിലും. രേഖയുടെ മുഖത്തും, ഉഷയുടെ കൈയ്യിലുമാണ് കടിയേറ്റത്. ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേര്‍ പ്രാഥമിക ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ ഉള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

കാർഷിക സർവകലാശാലയിലെ ജനറൽ കൗൺസിൽ നിയമനം; അതൃപ്തി അറിയിച്ച് മന്ത്രി ടി. സിദ്ധിഖ്

കാർഷിക സർവകലാശാലയിലെ ജനറൽ കൗൺസിൽ നിയമനത്തില്‍ ഗവര്‍ണറുടെ നീക്കത്തില്‍ അതൃപ്തി അറിയിച്ച് മന്ത്രി ടി. സിദ്ധിഖ്. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനം എടുത്തത്. ഗവർണർ രാഷ്ട്രീയ സമീപനവും പ്രത്യേക താല്‍പ്പര്യവും കാണിച്ചു. കാർഷിക സർവകലാശാലയിൽ കൃഷി അല്ലാതെ മറ്റൊരു കാര്യവും നടത്താൻ അനുവദിക്കില്ല. രാഷ്ട്രീയകാര്യങ്ങൾ കൊണ്ടുവന്നത് ഹിതകരമല്ല. രേഖാമൂലം അതൃപ്തി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോളേജ് കെട്ടിടത്തിനു മുകളിൽ കയറി എസ്എഫ്ഐ പ്രതിഷേധം

കോളേജ് മാഗസിന്റെ പേരില്‍ കെഎസ്‍യു ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് പെരിങ്ങമ്മല ഇക്ബാൽ കോളേജില്‍ എസ്എഫ്ഐയുടെ പ്രതിഷേധം. കോളേജ് കെട്ടിടത്തിനു മുകളില്‍ കയറിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പണപ്പിരിവ് നടത്തിയിട്ടും ഒരു മാഗസിൻ മാത്രം പ്രകാശന ചടങ്ങിന് എത്തിച്ചു. താരിഫിൽ പറയുന്നതിനേക്കാള്‍ കൂടുതൽ തുക വാങ്ങിച്ചു. പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെയാണ് യൂണിയൻ പ്രവർത്തകർ പണപ്പിരിവ് നടത്തിയതെന്നുമാണ് എസ്എഫ്ഐ ആരോപണം. സർവകലാശാല തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കെഎസ്‌യു മാഗസിൻ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മുഴുവൻ വിദ്യാർഥികൾക്കും മാഗസിൻ നല്‍കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

പിഎം ശ്രീ നടപ്പാക്കരുതെന്ന് ദീപ ദാസ് മുൻഷി; പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിന്റെ സഹായം ലഭിക്കില്ല. കേന്ദ്ര മാനദണ്ഡങ്ങൾ പരിശോധിച്ചശേഷം പദ്ധതി നടപ്പാക്കും. മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് പരിഗണിക്കുമെന്നും സതീശന്‍ പറഞ്ഞു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങള്‍ ഈമാസം 15നുള്ളിൽ പൂർത്തിയാക്കും. നിയമനത്തിനുള്ള മാർ​ഗ രേഖ കെപിസിസി തയ്യാറാക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

കണ്ണൂരിലെ സിപിഐഎം നേതാക്കൾക്കുള്ള പൊലീസ് സുരക്ഷ; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കണ്ണൂരിലെ സിപിഐഎം നേതാക്കൾക്കുള്ള പൊലീസ് സുരക്ഷയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി. എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, പി. ജയരാജൻ, പിണറായി വിജയൻ എന്നിവരുടെ വസതിക്കു മുന്നിലെ പൊലീസ് സുരക്ഷക്ക് എതിരെയാണ് പരാതി. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി. അതുലാണ് പരാതി നൽകിയത്. ഷംസീർ കണ്ണൂരിലേക്ക് താമസം മാറിയിട്ടും തലശ്ശേരിയിലെ വസതിക്ക് മുന്നിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ക്കലയില്‍ കോട്ടേജ് റിസോർട്ടിൽ ഗുണ്ടാ വിളയാട്ടം; ഉടമയ്ക്ക് പരിക്ക്

വർക്കല ഇടവയിൽ മഠത്തിൽ കോട്ടേജ് റിസോർട്ടിൽ ഗുണ്ടാ വിളയാട്ടം. റിസോർട്ടിൽ അതിക്രമിച്ച് കയറിയ ഗുണ്ടകൾ റിസോർട്ട് ഉടമയെയും സഹോദരങ്ങളയും ആക്രമിച്ചതായി പരാതി. പിരിവ് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. റിസോർട്ട് അടിച്ചു തകർത്തു. ആക്രമണത്തില്‍ റിസോർട്ട് ഉടമ മുഹമ്മദ് സിദിഖിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സിദിഖ് അനന്തപുരിയിൽ ഐസിയുവിൽ ചികിത്സയിലാണ്. വർക്കല, അഴിരൂർ പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു.

പ്രിയദർശിനി ബസ്സിൽ കയറാൻ അനുവദിച്ചില്ല; ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

പ്രിയദർശിനി ബസ്സിൽ കയറാൻ അനുവദിച്ചില്ലെന്ന് യുവതിയുടെ പരാതി. തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രി എട്ടോടെയാണ് സംഭവം. തൃശ്ശൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. സീറ്റുകൾ ഒഴിഞ്ഞു കിടന്ന ബസ്സിൽ കയറാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ തടഞ്ഞു. അടുത്ത ബസ്സിൽ കയറാൻ ആവശ്യപ്പെട്ട ശേഷം ബസ് ഓടിച്ചു പോയതായുമാണ് പരാതി.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം; എസ്എഫ്ഐ നേതാക്കൾ അറസ്‌റ്റിൽ

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തില്‍ എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദർശ്, ടോണി കുര്യാക്കോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ കയറിയാണ് ഇരുവരെയും പിടികൂടിയതെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ ആശുപത്രിയിൽ സഹായിക്കാനുണ്ടായിരുന്നവരായിരുന്നു ഇരുവരുമെന്നും എസ്എഫ്ഐ ആരോപിച്ചു.

കൊടിമരത്തിന്റെ കയറിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് കൊടിമരത്തിന്റെ കയറിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം. രാജേഷ് - നീതു ദമ്പതിയുടെ മകൻ അനേക് ആണ് മരിച്ചത്. മടിക്കൈ മൂന്നുറോഡ് നന്ദൻ കുഴി അങ്കണവാടിയിലെ കൊടിമരത്തിലാണ് വൈകിട്ട് അഞ്ചുമണിയോടെ അബദ്ധത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

News Malayalam 24x7
newsmalayalam.com