സിനിമ നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് നൽകിയ നാമനിർദേശ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സബ് കോടതിയാണ് ഹർജി പരിഗണിക്കുക.
പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് ആണ് സാന്ദ്ര തോമസ് പത്രിക നൽകിയത്. കഴിഞ്ഞ ദിവസം കേസിൽ വിശദമായ വാദം പൂർത്തിയായിരുന്നു. കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. സാന്ദ്രയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനിക്ക് മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് മത്സരിക്കുന്നത്. ഇതിൽ സാന്ദ്ര തോമസ്, ഷീല കുര്യൻ, ഷെർഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിൽ ആണ്.
പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാൻ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാൽ തന്റെ പേരിൽ ഒമ്പത് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ട് എന്നാണ് സാന്ദ്രയുടെ വാദം. ഈ മാസം 14നാണ് കെഎഫ്‌പിഎ വോട്ടെടുപ്പ്.