
ക്യാപ്റ്റന്‍-മേജര്‍ തര്‍ക്കത്തിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ ഖദര്‍ വിവാദം. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വസ്ത്രമേതായാലും മനസ് നന്നായാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്. ശബരീനാഥന്‍ അജയ് തറയിലിന് മറുപടി നല്‍കി.
അതേസമയം ഖദറില്‍ യുവനേതാക്കളെ പിന്തുണച്ച മുതിര്‍ന്ന നേതാക്കള്‍ വിഷയം വിവാദമാക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. യുവനേതാക്കള്‍ കൂടുതലും ഖാദി ഒഴിവാക്കി, കളര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അജയ് തറയിലിന്റെ വിമര്‍ശനം. ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് ഖദര്‍.
ഖദര്‍ ഒഴിവാക്കുന്നതാണ് ന്യൂജെന്‍ എന്ന ധാരണ, മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുന്നത് കാപട്യമെന്നും അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഖദര്‍ വിമര്‍ശനം ചര്‍ച്ചയായതോടെ, കെ. എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ തന്നെ മറുപടിയുമായെത്തി.
തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നായിരുന്നു ശബരീനാഥന്റെ മറുപടി. ഖദര്‍ ഷര്‍ട്ട് സാധാരണ വസ്ത്രം പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. ഒരു ഖദര്‍ ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ചെയ്യാനാവുമെന്നും പരിഹാസ രൂപേണ ശബരീനാഥന്‍ പറയുന്നു.
വസ്ത്രധാരണം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യുവ നേതാക്കള്‍ക്കൊപ്പം തന്നെ. വസ്ത്രധാരണം സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്ന് വി ടി ബല്‍റാമും അഭിപ്രായപ്പെട്ടു.
കാലത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും പ്രതികരണം. ക്യാപ്റ്റന്‍-മേജര്‍ തര്‍ക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
അതിനാല്‍, തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ചര്‍ച്ചകളിലേക്ക് വഴിമാറി പോകുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലുണ്ട്.