കണ്ണൂർ കായലോട് റസീന ജീവനൊടുക്കിയ സംഭവത്തിൽ എസ്‌ഡിപിഐ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. എസ്‌ഡിപിഐ ഓഫീസിൽ നടന്ന ചർച്ചയിലെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. റസീന മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരിക്കാമെന്ന് ചർച്ചയിൽ പറയുന്നതായി കേൾക്കാം.
എന്നാൽ പാർട്ടി ഓഫീസിൽ നടന്നത് മധ്യസ്ഥ ചർച്ച മാത്രമാണെന്നും മരണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ ജബ്ബാർ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎം ആണെന്നാണ് എസ്‌ഡിപിഐ നേതാക്കളുടെ വാദം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പറമ്പായി സ്വദേശിനി റസീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണക്കുറിപ്പിൽ നിന്നാണ് മരണകാരണം വ്യക്തമായത്. സദാചാര വിചാരണയാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതിവെച്ചാണ് റസീന ജീവനൊടുക്കിയത്.
പൊലീസും ഇത് തന്നെ സ്ഥിരീകരിക്കുന്നു. റസീനയും ആൺസുഹൃത്ത് റഹീസും സംസാരിക്കുന്നതിനിടെ മൂന്ന് പ്രതികൾ ഇവരെ അക്രമിക്കുകയായിരുന്നുവെന്നും ഇവർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന ഭയത്താലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്.
എന്നാൽ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ തള്ളിയുമാണ്, റസീനയുടെ ഉമ്മ രംഗത്തെത്തിയത്. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസ് വാദം തെറ്റെന്നും റസീനയുടെ ഉമ്മ പറയുന്നു. നിലവിൽ പിടിയിലായവർ നിരപരാധികളാണെന്നും സ്വർണവും പണവും തട്ടിയെടുത്ത ആൺസുഹൃത്താണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുടുംബത്തിൻ്റെ പക്ഷം. ആൺ സുഹൃത്ത് റഹീസിനെതിനെ കുടുംബം തലശ്ശേരി എഎസ്‌പിക്ക് പരാതി നൽകി. സംഭവ ശേഷം റഹീസ് ഒളിവിലാണെന്നും വിവരമുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് റസീനയ്ക്കും ആൺസുഹൃത്തിനും നേരെ സദാചാര വിചാരണ നടന്നത്. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ഈ സംഘം മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ കയ്യേറ്റം ചെയ്ത് സമീപത്തുള്ള ബിഗ് നഴ്സറിക്കടുത്തുള്ള മൈതാനത്തെത്തിച്ചു.
അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് 8.30 ഓടെ പറമ്പായിലെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിൻ്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ എസ്ഡിപിഐ സംഘം തയ്യാറായില്ല. ബന്ധുക്കൾക്കും അയൽവാസികൾക്കും മുന്നിൽ അപമാനിതയായതോടെയാണ് ആത്മഹത്യയെന്നും കുറിപ്പിൽ പറയുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നു.
ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് പറമ്പായി സ്വദേശികളായ എം സി.മൻസിലിൽ വി സി.മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ.ഫൈസൽ, കൂടത്താൻ കണ്ടി ഹൗസിൽ വി കെ. റഫ്നാസ് എന്നിവരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.