വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വയനാടും, കാസർഗോഡും, കണ്ണൂരും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കോഴിക്കോട് വരെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നത്തെ റാലി പുനാമ മുതൽ ബർബിഗ വരെയാണ് ഇന്നത്തെ റാലി. വോട്ട്ചോരി, ഐഎസ്ആർ വിഷയങ്ങളിൽ പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇംപീച്ച്മെൻ്റ് നീക്കത്തിലും പ്രതിപക്ഷ ചർച്ച തുടരും.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം ഒരുക്കുമെന്ന് യുക്രെയ്‌ന് ട്രംപിൻ്റെ ഉറപ്പ്. ത്രികക്ഷി ചർച്ച നടത്താനാണ് തീരുമാനം. ട്രംപിൻ്റെ സമാധാനശ്രമങ്ങൾക്ക് സെലൻസ്കിയും യൂറോപ്യൻ യൂണിയനും നന്ദി അറിയിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചർച്ച ഫലപ്രദമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. തിരുച്ചി ശിവയോ, എ. രാജയോ മത്സരിക്കണമെന്ന കോൺഗ്രസ് നിർദേശം എം. കെ. സ്റ്റാലിൻ തള്ളി. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം. അണ്ണാദുരൈ അടക്കമുള്ള പേരുകൾ പരിഗണനയിലുണ്ട്.
കാസർഗോഡ് വിദ്യാർഥിയുടെ കർണപുടം തകർത്ത സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ ഇന്ന് നടപടിയെടുത്തേക്കും. അധ്യാപകൻ അശോകനെ അന്വേഷണ വിധേയമായി പ്രധാന സസ്പെൻ്റ് ചെയ്യാൻ സാധ്യത. സംസ്ഥാന ബാലാവകാശ കമ്മീഷൻ കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്‌മാസ്റ്റർ എം അശോകനെതിരെ കേസെടുത്തിരുന്നു.
സൗദി സൂപ്പർ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെകരീം ബെൻസെമയുടെ അൽ ഇത്തിഹാദ് നേരിടും. മത്സരം അഞ്ചരയ്ക്ക് ഹോങ്കോങ്ങിൽ
ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഓപ്പണറും ഒന്നാം വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസൺ തുടരാനാണ് സാധ്യത. അജിത് അഗാർക്കറിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 17 അംഗ ടീമിനെ തെരഞ്ഞെടുക്കുക. ടീമിലിടം നേടുമെന്ന പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു.
യുവ ഡോക്‌ടറെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹർജിയിൽ പരാതിക്കാരിയേയും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കക്ഷി ചേർത്തിട്ടുണ്ട്. താൻ നിരപരാധിയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് വേടൻ ഹർജി സമർപ്പിച്ചത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചരയ്ക്ക് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.
അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികൾ അടക്കം ചർച്ചയാകും. ഇന്ത്യക്ക് മേൽ യുഎസ് അധിക തീരുവ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു .
രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് . 49 കാരനായ അന്നശേരി സ്വദേശിയും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിവരം കൈമാറാതെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ. കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാനാകില്ലെന്നാണ് ആർഐടി അപേക്ഷയ്ക്കുള്ള വിചിത്ര മറുപടി.
തിരുവനന്തപുരം ഉള്ളൂരിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വീടിന് സമീപത്തെ ബേക്കറിയിൽ തൊഴിലാളിയായ ആക്കുളം സ്വദേശി മധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. വൃദ്ധയുടെ വായിൽ തുണി തിരുകിയാണ് സ്വർണo മോഷ്ടിച്ചത്.
മുംബൈയിൽ ജനജീവിതം ദുരിതത്തിലാക്കി കനത്ത മഴ തുടരുന്നു. മഹാരാഷ്ട്രയിലെ 16 ജില്ലകളിൽ അതിതീവ്ര - തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മുംബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോഡ് വിദ്യാർഥിയുടെ കർണപുടം തകർത്ത സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. അധ്യാപകൻ എം. അശോകനെതിരെ ബേഡകം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കോതമംഗലത്തെ 23 വയസുകാരി സോനയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ മാതാപിതാക്കൾ. പ്രതി റമീസ് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ഇക്കാര്യം യുവതി നിരവധി തവണ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും പ്രതികളായ റഹിമോനും, ഷെറീനയും നൽകിയ മൊഴിയിൽ വ്യക്തമാക്കി.
വയനാട് ചൂരൽമലയിൽ പുലി സാന്നിധ്യം സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വനത്തോട് ചേർന്ന് കിടക്കുന്ന വില്ലേജ് റോഡിലെ ഗോപിമൂല പ്രദേശത്താണ് പുലി ഇറങ്ങിയത്. പ്രദേശത്ത് നേരത്തെയും പുലി ഇറങ്ങിയിട്ടുണ്ട്.
വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടമേരി സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് വടകര പൊലീസ് പിടികൂടിയത്. വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണയെ ആഗസ്റ്റ് 7 നാണ് അബ്ദുൾ ലത്തീഫ് ഓടിച്ച വാഹനം ഇടിച്ചത്. തുടർന്ന് ഇയാൾ വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇടുക്കി കുമളിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. രണ്ടാം മൈയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ജെറിൻ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരങ്ങളെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ഇരുവർക്കും പനി കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെയാണ് ഇളയ സഹോദരനായ ഏഴു വയസുകാരന് പനിമൂർച്ചിച്ചത്. പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കൂടുതൽ വിദഗ്‌ധ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്.
സിപിഐഎമ്മിനെതിരെ ഉയർന്നത് അൽപ്പായുസ് മാത്രമുള്ള ആരോപണമെന്ന് പി. ജയരാജൻ. അതിൽ ഒന്ന് മാത്രമാണ് ഈ കത്ത് വിവാദമെന്നും അദ്ദേഹം പറഞ്ഞു.
എംസി റോഡിൽ കോട്ടയം ചിങ്ങവനത്ത് ലോറി മറിഞ്ഞ് അപകടം. പുലർച്ചെ നാലിന് റോഡിലെ മീഡിയനിലേക്ക് ഇടിച്ചു കയറിയാണ് ലോറി മറിഞ്ഞത്. എറണാകുളം തോലൂർ സ്വദേശിയായ ഡ്രൈവർ സിജോണിന് തലക്ക് നേരിയ പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പുറം കടലിലെ അപകടത്തിനിടയാക്കിയവരെ കണ്ടെത്താൻ നടപടി സ്വീകരിച്ചതായി ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ്. പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ ശേഷം ഇടിച്ച കടന്നുകളഞ്ഞ കപ്പൽ തിരിച്ചറിയാനും കണ്ടെത്താനും നടപടികൾ സ്വീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. ശക്തികുളങ്ങര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് കൊല്ലത്ത് നിന്നും 24 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പൽ ഇടിച്ചത്.
അനുമതിയില്ലാതെ ഹൈക്കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്തിയ പ്രതി അമീറുൽ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്നും നീതി നടപ്പിലാക്കണമെന്നും, ഇക്കാര്യം ജഡ്ജിമാരെ നേരിൽകണ്ട് പറയണമെന്നായിരുന്നു അമ്മയുടെ ആവശ്യം.ടോക്കൺ ഇല്ലാതെയാണ് പ്രവേശന കവാടത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും ബഹളം വച്ചതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ ഓഫീസിൽ. അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസം അവസാനിപ്പിക്കുന്നത് ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായും ശ്വേത മേനോൻ സംസാരിക്കും. മെമ്മറി കാർഡ് വിവാദവും ചർച്ചയാകും.
മേഘ വിസ്ഫോടനം, കനത്ത മഴ, മണ്ണിടിച്ചിൽ, എന്നിവയെ തുടർന്ന് ഹിമാചൽപ്രദേശിൽ വലിയ നാശനഷ്ടം. 2 ദേശീയ പാതകൾ ഉൾപ്പെടെ 400 ഓളം റോഡുകൾ അടച്ചിട്ടു. ഓഗസ്റ്റ്-22 വരെ ഹിമാചലിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സർക്കാറിൻ്റെ കെ സോട്ടോ പദ്ധതിക്കെതിരെ പ്രതികരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിനാണ് തിരുവനന്തപുരം മെഡി. കോളജ് പ്രിൻസിപ്പൽ നോട്ടീസ് നൽകിയത്.
മുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പർ, സിദ്ധാർഥ് വരദരാജൻ എന്നിവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലാണ് അസം പൊലീസ് കേസെടുത്തതെന്നാണ് സൂചന. ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചു, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നാദാപുരത്ത് വയോധികയെ വോട്ടർ പട്ടികയിൽ നിന്നും നീക്കണമെന്ന് പരാതി. വയോധിക മരിച്ചതിനാൽ ഒഴിവാക്കണമെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. നാദാപുരം പഞ്ചായത്തിലെ രണ്ടാം വാർഡ് സ്വദേശിനി കല്യാണി (77) യെയാണ് ഒഴിവാക്കണമെന്ന് പരാതി നൽകിയത്. പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുൻപിൽ മരിച്ചുവെന്ന് പറഞ്ഞ വയോധിക ഹാജരായി.
കോഴിക്കോട് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുവയൽ സ്വദേശി മരിച്ചു. പെരുവയൽ പുത്തലത്ത് രാഘവനാണ് മരിച്ചത്. പെരുവയലിനു സമീപം കൊടശ്ശേരി താഴത്ത് കാർ നിയന്ത്രണം വിട്ട് വയലിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളിൽ മർദനം. പ്രതി അസ്‌ഫാക്ക് ആലത്തിനാണ് മർദനമേറ്റത്. സഹതടവുകാരനായ രഹിലാൽ രഘുവാണ് മർദിച്ചത്.
നീ കൊലപാതകക്കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ അഴീക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന അഴീക്കോട് മുനക്കൽ സ്വദേശികളായ നസീർ, ഷാഫി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അഴീക്കോട് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ജീലാനി എന്ന മൂടുവെട്ടി വള്ളമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.
പ്രളയമുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഡൽഹിയിലും അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. യമുന കരകവിഞ്ഞൊഴുകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
പാലക്കാട് വ്യവസായിയും പുലാപറ്റ ഉമ്മനഴി സ്വദേശിയുമായ ഐസക് വർഗീസിൻ്റെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം.
ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷൻ കൊടുത്തതാണെന്ന് ഐസക് വർഗീസ് ആരോപിക്കുന്നു. സംഭവത്തിൽ
കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെയും , വാഹന ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ മാസം 13 നായിരുന്നു ആസിഡ് ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു.
മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്.
ഫിലിം ചേംബർ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിച്ച് സജി നന്ത്യാട്ട്. ഫിലിം ചേംബർ പ്രസിഡൻ്റ്, എക്സിക്യൂട്ടിവ് സ്ഥാനത്തേക്കുളള പത്രികയാണ് പിൻവലിച്ചത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർഥി നിർണയത്തിൽ സമവായമായില്ല. മമതാ ബാനർജിയുമായി മല്ലികാർജുൻ ഖർഗെ സംസാരിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ച വൈദികനെതിരെ കേസ്. മാനന്തവാടി രൂപതയുടെ പിആർഒ ഫാ. നോബിൾ പാറക്കൽനെതിരെ തിരുനെല്ലി പൊലീസാണ് കേസ് എടുത്തത്. മദ്യ ലഹരിയിൽ അശ്രദ്ധമായി മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. അതേസമയം, മദ്യപിക്കുന്ന ശീലമില്ലെന്ന വിശദീകരണവുമായി ഫാദർ നോബിൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
പാലക്കാട് ആർഎസ്‌എസ് പ്രവർത്തകനായ ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികൾ കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. അൻസാർ, ബിലാൽ, റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം നിരോധനം ഏർപ്പെടുത്തിയ പൊന്മുടി ഇക്കോടൂറിസത്തിലേക്കുള്ള സന്ദർശനം പുനരാരംഭിച്ചു.
ഗുജറാത്തിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. നവസാരി ജില്ലയിലെ ബിലിമോറ സോമനാഥ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയാണ് അപകടം.
മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ വീണ്ടും കടുവ. തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കടുവ കൊണ്ടുപോയി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. അടക്കാക്കുണ്ട് അമ്പതേക്കറിലെ ജോസിൻ്റെ തൊഴുത്തിൽ നിന്നാണ് പശുവിനെ കൊണ്ടുപോയത്
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ സ്ത്രീയെ രക്ഷിച്ചു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. എറണാകുളം ഡിപ്പോയിലെ ഇലക്ട്രിക്കൽ ജീവനക്കാരൻ രാഘവൻ ഉണ്ണി ആണ് സ്ത്രീയെ രക്ഷിച്ചത്. സിസി ടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവൺ (25) ആണ് അറസ്റ്റിലായത്. ഇയാൾ നാദാപുരം - തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടറാണ്. മാതാവിനൊപ്പം ആയുർവേദ ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി.
മലപ്പുറം വണ്ടൂർ അയനിക്കോടിൽ പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. ചെമ്പ്രശേരി സ്വദേശി മുഹമ്മദിൻ്റെ മകൻ അൻഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ കുട്ടിയുടെ കൈ പൊട്ടുകയും പുറത്ത് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുനിശ്ശേരി മലക്കാട്ടുകുന്ന് ലക്ഷ്മണൻ (44) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ചയാണ് കാലത്ത് എട്ടരയോടെയാണ് ഇയാളെ മേലാർകോട് കൂളിയാട് പാലത്തിന് സമീപം തടയണയിൽപ്പെട്ട് ഇയാളെ കാണാതായത്. തേങ്ങ ഒഴുകിവരുന്നത് പിടിക്കാൻ നോക്കുന്നതിനിടയാണ് കാൽവഴുതി ഇയാൾ പുഴയിൽ അകപ്പെടുകയായിരുന്നു.
കത്ത് ചോർച്ച വിവാദത്തെ പറ്റി അറിയില്ലെന്നും മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമേ ഉള്ളൂവെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എം ആർ അജിത് കുമാർ വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ല, ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കത്ത് ചോർച്ച വിവാദം പൂർണമായും പുച്ഛിച്ചു തള്ളുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഗോവിന്ദൻ മാഷിന്റെ മകൻ വളർന്നുവരുന്ന ഒരു കലാകാരൻ ആണ്. ഏതെങ്കിലും രണ്ട് വാർത്ത വന്നാൽ പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു.
പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തി ആദരമർപ്പിച്ചതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഓട്ടോയിൽ ആണ് വലിയ ചുടുകാട് എത്തിയത്. വിഎസിന് വയ്യാതായ ശേഷം താനായിരുന്നു ഉദ്ഘാടകൻ. മാറ്റം ഉണ്ടായത് ഇത്തവണയെന്നും സുധാകരൻ പ്രതികരിച്ചു.
കത്ത് വിവാദത്തിൽ സിപിഐഎമ്മിന് ഉത്തരം മുട്ടിയെന്ന് കെപിസിസി പ്രസിഡൻ്റ്. നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക, അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നതെന്നും സണ്ണി ജോസഫ്.
കാസർഗോഡ് വിദ്യാർഥിയുടെ കർണപുടം തകർത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ മൊഴിയെടുത്തു. സ്കൂളിലെത്തിയും വിവരങ്ങൾ ശേഖരിച്ചു. നടപടി ഉടനുണ്ടാകുമെന്ന് ബാലാവകാശ കമ്മീഷൻ അംഗം ബി. മോഹൻകുമാർ അറിയിച്ചു.
കത്ത് ചോർച്ചാ വിവാദത്തിൽ സിപിഐഎം മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടില്ല. രാജേഷ് കൃഷ്ണ പിണറായിയുടെ ഭാഷ കടമെടുത്താൽ അവതാരമാണ്. പാർട്ടി കോൺഗ്രസിൽ നിന്നും പുറത്തിറക്കിയ ആളാണ്. ഒരുപാട് ദുരൂഹതകൾ ഉണ്ടെന്നും വി. ഡി. സതീശൻ പ്രതികരിച്ചു.
ബി. സുദർശൻ റെഡ്ഡിയെ ഇൻഡ്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയാണ് സുദർശൻ റെഡ്ഡി. തൃണമൂൽ കോൺഗ്രസാണ് പേര് നിർദേശിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് സുദർശൻ റെഡ്ഡി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്.
സ്കൂൾ സമയമാറ്റ ചർച്ചയിൽ മതപണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. മതപഠനം സ്‌കൂള്‍ ക്ലാസ് സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മതപണ്ഡിതന്‍മാര്‍ ചിന്തിക്കണം. ഗൾഫ് രാജ്യങ്ങളിൽ പോലും രാവിലെ എട്ട് മണിക്കാണ് സ്കൂൾ സമയം ആരംഭിക്കുന്നത്. ഇവിടെ മാത്രം പത്ത് മണിയെന്ന് വാശിപിടിക്കേണ്ട കാര്യം എന്തെന്നും സ്പീക്കര്‍ ചോദിച്ചു.
സിപിഐഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ നിർണായകമായ ഫോൺ സംഭാഷണം പുറത്ത്. ആദ്യ പരാതി പോളിറ്റ്‌ബ്യൂറോ നൽകിയതിന് പിന്നാലെ രാജേഷ് കൃഷ്ണയെ വിളിച്ച് മുഹമ്മദ് ഷെർഷാദ്. തെറ്റ് പറ്റിയെന്നും, കാണാൻ അവസരം തരണമെന്നും ഏറ്റുപറച്ചിൽ. പരമാവധി ദ്രോഹിച്ചില്ലേ എന്ന് രാജേഷിൻ്റെ മറുപടി പറയുന്നതും കേൾക്കാം.
മമ്മൂട്ടിയുടെ രോഗാവസ്ഥ ഭേദമായെന്ന് സൂചന നൽകി നിർമാതാവ് ആൻ്റോ ജോസഫ്. അൽപ്പസമയം മുമ്പ് ഫേസ്ബുക്കിലൂടെയാണ് നിർമാതാവിൻ്റെ ഈ വെളിപ്പെടുത്തൽ.
വിസി നിയമനത്തിലെ കോടതി ഇടപെടലിന് കാരണം ഗവർണറുടെ അനാവശ്യ ഇടപെടലാണെന്ന് മന്ത്രി ആർ. ബിന്ദു. സംഘപരിവാർ അനുകൂലികളെ തിരികെ കയറ്റാൻ ഗവർണർ ശ്രമിക്കുന്നു. കോടതികളുടെ നിരീക്ഷണം സർക്കാരിന് ഇക്കാര്യത്തിൽ അധികാരം ഉണ്ടെന്നാണ്.അത് അനുസരിച്ച് ഗവർണർ മാറുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം വേങ്ങര കൂരിയാട് വൻ രാസ ലഹരിവേട്ട. 54.0 8ഗ്രാം എംഡിഎംഎ യുമായി മൂന്നുപേർ പൊലീസ് പിടിയിൽ മലപ്പുറം പറമ്പിൽപീടിക സ്വദേശികളായ ആഷിക്, സുധിൻലാൽ , അക്ഷയ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.05 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു
തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് അല്പസമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ടി. സിദ്ദിഖ്. വ്യക്തിപരമായി ലക്ഷ്യം വച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്നും നിയമനടിപടിയുമായി മുന്നോട്ടുപോകുമെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
സഞ്ജു സാംസണ്‍ ടീമില്‍. നായകന്‍ സൂര്യകുമാര്‍ യാദവ്. ശുഭ്മാന്‍ ഗില്‍ ഉപനായകന്‍
പാതിവിലയ്ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തുക വാങ്ങി പറ്റിച്ചു എന്ന കേസിനെ തുടർന്ന് ശ്രീകൃഷ്‌ണപുരം കുലുക്കിലിയാട് ജിഎല്‍പിഎസിലെ പിഡി അധ്യാപിക സി. സന്ധ്യയെ സ്ഥലം മാറ്റി. അള്ളമ്പാടം ജിഎല്‍പി സ്കൂളിലേക്ക് സ്ഥലമാറ്റിയാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവിറക്കിയത്.
ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ ഐ.ടി സ്ഥാപന ഉടമ വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ആഗസറ്റ് 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുൻകൂർ ജാമ്യം തേടി വേണു നൽകിയ ഹരജിയിലാണ് ഉത്തരവ്. തുടർന്ന് ഹർജി 21ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
കാക്കനാട് സ്മാർട്ട് സിറ്റിയിലെ 'ലിറ്റ്മസ് സെവന്‍' എന്ന ഐടി കമ്പനി ഉടമയായ വേണുവിനെതിരെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതി നൽകിയ പരാതിയിലാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്.
മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഡ്വ. സര്‍ഫറാസ് അഹമ്മദിനെ പ്രസിഡന്റായും കേരളത്തില്‍ നിന്നുള്ള ടി പി അഷ്‌റഫലിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ദേശീയ ഭാരവാഹികൾ ആയിരുന്ന ഫൈസൽ ബാബുവും, ആസിഫ് അൻസാരിയും മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിലേക്ക് എത്തിയതിനെ തുടർന്നാണ് യൂത്ത് ലീഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചത്. ടി.പി. അഷ്റഫലി നിലവിൽ യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാണ്.
നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ എത്തിയ പ്രായ പൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ഡോക്ടർ റിമാന്‍ഡില്‍.
മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ഡോ ശ്രാവണി (25)നെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ അറസ്റ് ചെയ്തിരുന്നത്.
ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസാ തോമസിനെതിരെ നിർണായക നീക്കം. ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് സിസ തോമസിനെതിരെ പ്രമേയം പാസാക്കി.
സർവകലാശാലയുടെ കമ്പനിക്കെതിരെ ചാൻസലർക്ക് പരാതി നൽകിയതിനെതിരെയാണ് പ്രമേയം. വിസിയുടെ നടപടി ബോർഡ് ഓഫ് ഗവേണേഴ്സിനെ വിശ്വാസത്തിൽ എടുക്കാതെ എന്നും പ്രമേയത്തില്‍ പറയുന്നു.
ഐടി നയ രൂപീകരണം ഉൾപ്പെടെയുള്ള യോഗങ്ങളിൽ വൈസ് ചാൻസലർ വിട്ടു നിൽക്കുന്നു. ക്ഷണിക്കുന്ന യോഗങ്ങളിൽ പോലും വിസി പങ്കെടുക്കുന്നില്ലെന്നും വിമർശനമുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ് ആണ് പ്രമേയം അവതരിപ്പിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവല്ലം സ്വദേശി അമ്പിളി നിവാസിൽ അഖിൽ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഖിലിന്റെ ഭാര്യയുടെ നില ഗുരുതരമാണ്.
കൊല്ലം കടയ്ക്കലിൽ സിപിഐഎം- കോൺഗ്രസ് സംഘർഷം. സിപിഐഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുന് കുത്തേറ്റു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു.
കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം.സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
തൃശൂരിൽ സവർക്കറുടെ കോലത്തിൽ ചെരുപ്പ് മാല ഇടാനുള്ള കെഎസ്‌യുവിന്റെ ശ്രമം പൊലീസ് തടഞ്ഞു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ലീഡർ സ്ക്വയറിന് സമീപം ആയിരുന്നു പ്രതിഷേധം നടത്താൻ ഒരുങ്ങിയത്. വിവരം അറിഞ്ഞെത്തിയ ടൗൺ വെസ്റ്റ് പൊലീസ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധം നടന്നാൽ ഉണ്ടാകാവുന്ന സംഘർഷ സാധ്യത കണക്കിലെടുത്തായിരുന്നു അറസ്റ്റ്.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുകളിൽ സവർക്കർ ചിത്രം നൽകിയതിൽ പ്രതിഷേധിച്ച് ആയിരുന്നു സമരം. ഇന്ന് വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം
കോഴിക്കോട് വടകരയില്‍ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റാണ് തോടന്നൂർ സ്വദേശിയായ 51കാരി ഉഷ ആശാരിക്കണ്ടി മരിച്ചത്.
പാലക്കാട് പിരായിരി സ്വദേശി ഉമ്മര്‍ ഫാറൂഖിനാണ് വെട്ടേറ്റത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് ആക്രമിച്ചത് എന്ന് പോലീസ്. ഇയാളെ പാലക്കാട് നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിയെ ആക്രമിച്ച സംഭവത്തില്‍ കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകന്‍ എം. അശോകന് അവധിയിൽ പോകാൻ നിർദേശം നല്‍കി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിർദേശം.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് നടപടി കൈക്കൊള്ളും വരെ അവധിയിൽ പോകാൻ അറിയിച്ചു. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് അവധി നിർദേശിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ തീപിടുത്തം. ബസ്സിലെ മൊബൈല്‍ സോക്കറ്റില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സൂചന. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ബസ്.
കേസിന്റെ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചതിന് പോലീസുകാരനെ സ്ഥലമാറ്റി. പ്രധാന രേഖകള്‍ ഫയലില്‍ നിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് നടപടി. മരട് SI കെ.കെ സജീഷിനെ ട്രാഫിക് വെസ്റ്റിലേക്കാണ് മാറ്റിയത്. നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ കേസാണ്. പ്രതികളെ പോലീസുകാരന്‍ സഹായിക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. കൊച്ചി ഡിസിപി നേരിട്ടു നടത്തിയ അന്വേഷണത്തിലാണ് നടപടി
തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഡിഗ്രി അവസാന വർഷ വിദ്യാർഥി ദേവചിത്തിന് ആണ് മർദനമേറ്റത്. 15 വിദ്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി.
ദേവചിത്തിനെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തതാണ് മർദനത്തിന് കാരണമെന്ന് വിദ്യാർത്ഥി. പാറശാല പൊലീസ് അന്വേഷണമാരംഭിച്ചു
സി.പി.ഐ.എം-കോണ്‍ഗ്രസ് സംഘര്‍ഷ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനെ ചൊല്ലിയാണ് കൈയ്യേറ്റം. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഷാനവാസിനു നേരെയാണ് ആക്രമണം.
തൊഴിലാളികളുടെ കൂലി തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നു. മീന്‍ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഫിഷറീസ് ഹാര്‍ബറിലുണ്ടായ പ്രതിസന്ധിക്ക് അയവില്ല. ഹാര്‍ബര്‍ വ്യവസായ സമിതി പ്രസിഡന്റ് എ.എം നൗഷാദുമായുള്ള ചര്‍ച്ചയില്‍ തിങ്കളാഴ്ച ഹാര്‍ബര്‍ തുറന്ന് ബോട്ടുകളില്‍ കയറി തൊഴിലാളികള്‍ ജോലി ചെയ്‌തെങ്കിലും ഇന്നലെ മുതല്‍ വീണ്ടും ഹാര്‍ബര്‍ അടക്കുകയായിരുന്നു. ബോട്ടുടമകള്‍ കൂലി തര്‍ക്കത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ഹാര്‍ബര്‍ വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടായത്.
പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടികൊന്നു. കരംപൊറ്റ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തുമണിയോടെയാണ് സംഭവം. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചില്‍ തുടരുകയാണ്.
പാലക്കാട് മണ്ണാര്‍ക്കാട് തച്ചനാട്ടുകര നാട്ടുകല്ലില്‍ യുവാവിന് വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായകൊങ്ങത്ത് സൈതലവി (35)ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി 9.45 ഓടെയായിരുന്നു സംഭവം. അയല്‍വാസിയാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു
കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ സൗകര്യം. പദ്ധതി സെപ്റ്റംബര്‍ ഒന്ന് മുതല്‍.