
എറണാകുളം കളമശ്ശേരിയിൽ ഓട്ടോ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. മഞ്ഞുമ്മൽ കുണ്ടാേപ്പാടം സ്വദേശി വിജയൻ (71) ആണ് മരിച്ചത്. സൗത്ത് കളമശേരി പഴയ റെയിൽവെ ഗേറ്റിന് സമീപമാണ് സംഭവം.
കോഴിക്കോട് ഓമശ്ശേരിയിലെ സൂപ്പർമാർക്കറ്റിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണശ്രമം. 'ജനനന്മ' സൂപ്പർമാർക്കറ്റിൽ കാഷ്യറുടെ കണ്ണിൽ സ്പ്രേയടിച്ചാണ് പണം കവരാൻ ശ്രമം നടത്തിയത്. പ്രതിയെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പയ്യന്നൂരിലെ ചികിത്സാപ്പിഴവിൽ അനസ്തേഷ്യ ഡോക്ടർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് കേസ്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആർ.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസിൽ നിന്നുള്ള സമീപനം ഡിവൈഎഫ്ഐക്കാരുടെ മനോവീര്യം തകർത്തുവെന്നും പൊലീസ് സ്റ്റേഷനുകളിൽ ഇടപെടുന്നതിൽ വലിയ പരിമിതി ഉണ്ടായതായും ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം. എൽ ഡി എഫ് സർക്കാരിന്റെ ബി ടീമായി ഡി വൈ എഫ് ഐ മാറിയിരുന്നു. വേണ്ടത്ര സമരങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നും വിമർശനം. സംസ്ഥാനത്ത് ആകെ സംഘടനാ തലത്തിൽ പിന്നോട്ട് പോയെന്നും വിമർശനം.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം ഗേറ്റിൽ ട്രെയിനിൻ്റെ എഞ്ചിൻ തട്ടി രണ്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ജൂലൈ 10) കലക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
സപ്ലൈകോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 200 കോടി കൂടി ഉടന്‍ അനുവദിക്കുമെന്ന് കേരളത്തിന് കേന്ദ്രഭക്ഷ്യമന്ത്രാലയത്തിന്‍റെ ഉറപ്പ്. കേന്ദ്രം ഇനി സപ്ലൈകോക്ക് നല്‍കാനുള്ളത് 989 കോടി രൂപയാണ്.
കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ കുടുങ്ങി. യന്ത്ര തകരാർ മൂലം പരപ്പനങ്ങാടി ഭാഗത് 6 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കടലിൽ കുടുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ചിറയിൻകീഴ് പെരുങ്ങുഴി സിഓ നഗർ ചരുവിള വീട്ടിൽ ബാബു - ബിന്ദു ദമ്പതികളുടെ മകൻ സൂര്യ ബാബുവാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീട്ടിൽ വച്ചു അപസ്മാര ലക്ഷണം കണ്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. തെരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും. ഇന്ന് മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് രണ്ടുപേരുടെ മൃതദേഹം. ഒന്ന് മൂന്ന് സോണുകളിലാണ് കൂടുതൽ പരിശോധന നടക്കുക. ഡൽഹിയിൽ നിന്ന് കൊങ്കൺ റെയിൽവേ കോർപറേഷനിലെ സംഘവും നാളെ എത്തും.
പി എസ് സി പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. അജിത ബീഗത്തിനാണ് അന്വേഷണ ചുമതല. പൊലീസ് ആസ്ഥാനത്തെ എൻ ആർ ഐ സെൽ എസ് പി സഖറിയ മാത്യു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി അജയനാഥ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും
പുന്നമൂടിന് സ്കൂളിന് സമീപം ഇന്ന് വൈകുന്നേരം സംസാര ശേഷിയില്ലാത്ത വയോധികൻ കിണറ്റിൽ വീണു. കല്ലിയൂർ സ്വദേശി രാധാകൃഷ്ണൻ ആണ് കിണറ്റിൽ വീണത്. സംസാരിക്കാൻ കഴിവില്ലാത്ത രാധാകൃഷ്ണൻ കിണറ്റിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. ഭക്ഷണവുമായി ബന്ധുക്കൾ എത്തിയപ്പോൾ കാണാഞ്ഞതിൽ കിണറ്റിൽ നോക്കിയപ്പോഴാണ് കണ്ടത്. ഉടൻതന്നെ ഫയർഫോഴ്സ് എത്തുകയും അതിസാഹസികമായി കിണറ്റിൽ നിന്നും രാധാകൃഷ്ണനെ ജീവനോടെ പുറത്തെടുക്കുകയും ചെയ്തു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിൽ പാമ്പ്. കോൺക്രീറ്റ് സ്ലാബുകൾ വെട്ടിപ്പൊളിച്ചാണ് പാമ്പിനെ സാഹസികമായി പിടികൂടിയത്. രണ്ടാഴ്ച മുൻപും ആശുപത്രിയിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു.
കെഎസ്ആർടിസിക്കും പ്രിയദർശിനി സർവീസിനും എതിരല്ലെന്നും ഗതികേടു കൊണ്ടാണ് ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ചതെന്നും ഇടുക്കി ഉപ്പുതറയിലെ ബസ് ഉടമ രാജേഷ് കുമാർ. തൻ്റെ ബസിന് പിന്നിലും മുമ്പിലുമായി അഞ്ചു കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. പ്രതിദിനം 2500 രൂപ നഷ്ടമാണെന്നും രാജേഷ് കുമാർ വ്യക്തമാക്കി.
കള്ളാടിയിൽ കാലവസ്ഥ പ്രതികൂലമാകുന്നതുവരെ തെരച്ചിൽ തുടരുമെന്ന് എ.പി. അനിൽ കുമാർ. രാത്രി വൈകിയും മണ്ണ് നീക്കം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഈ ഭാഗങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാം എന്നാണ് എൻഡിആർ എഫിന്റെ നിഗമനം. നാളെയും ഈ ഭാഗത്ത് തന്നെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി നിർമാണ ക്യാംപിലെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കർശന മുൻകരുതലിന്റെ ഭാഗമായാണ് മാറ്റിയത്. ഇവരെ മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ക്യാംപിലേക്കാണ് മാറ്റിയിരിക്കുന്നത്. തുരങ്കപ്പാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ജെസിബിയിൽ കയറി പെട്രോൾ ഒഴിച്ച് പ്രതിഷേധം നടത്തിയ കഞ്ഞിക്കുഴി സ്വദേശിയായ യുവാവ് സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച ഡിഫ്ഒയുമായി ചർച്ച നടത്താമെന്നു ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഹരിയാന സ്വദേശി ദീപക് ദുഡിയെയാണ് ജൂലൈ രണ്ട് മുതൽ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്. കപ്പലിൽനിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്. കാണാതാകുന്നതിന് ഒന്നര മണിക്കൂർ മുൻപും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തിൽ കുടുംബം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോർഡിന്റെ കാലാവധി പൂർത്തിയാകാൻ സമയം ബാക്കിനിൽക്കെയാണ് സർക്കാർ ഈ അസാധാരണ നടപടി സ്വീകരിച്ചതെന്നും വി.എൻ.വാസവൻ കുറ്റപ്പെടുത്തി. നടത്താൻ പോകുന്ന കൊള്ളയ്ക്ക് ഉള്ള നീക്കമായി ഇതിനെ കാണണമെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനിലെ ആണവ നിലയം നിലനിൽക്കുന്ന പ്രദേശമായ ബുഷെഹറിൽ സ്ഫോടനങ്ങൾ. ചൈന-ഇറാൻ റെയിൽ ഇടനാഴിയിലും യു.എസ് ആക്രമണമുണ്ടായെന്ന് റിപ്പോർട്ട്. ബുഷെഹർ ആണവനിലയത്തിന്‍റെ പരിസരത്ത് അമേരിക്കൻ വ്യോമായുധം പതിച്ചെന്ന് ഇറാനും അംഗീകരിച്ചിട്ടുണ്ട്.
സിപിഐഎമ്മിൽ നിന്ന് പുറത്തു പോയ വിമത എംഎൽഎമാരെ തിരിച്ചെടുക്കുകഎന്നത് ഇപ്പോൾ മുമ്പിൽ ഇല്ലെന്ന് ഇ.പി.ജയരാജൻ .എം വി ജയരാജൻ പറഞ്ഞത് പാർട്ടി തീരുമാനമല്ലെന്നും അത് ക്ലോസ്ഡ് ചാപ്റ്റർ ആണെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം വിവാദത്തിലേക്ക് പോകേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിലും വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട കെ കെ രാഗേഷിന്റെ അഴിമതി ആരോപണം അത് ഉന്നയിച്ചവർ വിശദീകരിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്മി പ്രിയക്കെതിരെ അൻസിബ പാലാരിവട്ടം പൊലീസിൽ നൽകിയ കേസ്സിൽ കേസ്സെടുക്കാനാവില്ല എന്ന് സർക്കാർ കോടതിയിൽ. പരാതി മാനനഷ്ട്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്ന്വേഷിക്കാനാവില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസ് മാനനഷ്ട്ട കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കലാണെന്നും അൻസിബ കോടതിയിൽ പറഞ്ഞു.
പി എം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതി യോഗം ഇനി ചേരില്ല. റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് തീരുമാനം. അടുത്ത മന്ത്രിസഭായോഗത്തിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് പരിഗണിച്ചേക്കുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് മുൻപ് ഉപസമിതി അംഗങ്ങൾ വിദ്യാഭ്യാസ വകുപ്പിനെ നിലപാട് അറിയിക്കും. പതിനെട്ടാം തിയതിയാണ് ഈ കാലാവധി അവസാനിക്കുക.
തിരുവനന്തപുരം വർക്കലയിൽ 19 കാരിയായ നവവധു ജീവനൊടുക്കി. വർക്കല റാത്തിക്കൽ സ്വദേശി നാസിയയാണ് മരിച്ചത്. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളാണ്. രണ്ടുമാസം മുമ്പായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ വിദേശത്തേക്ക് പോയതിന് പിന്നാലെ നാസിയ വിഷാദത്തിലായിരുന്നു.
കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിൻ്റെ ബോർഡ് മാറ്റത്തതിൽ മുൻ എംഎൽഎ എം. മുകേഷിനെതിരെ പരാതി. കലക്ടർക്കും, വെസ്റ്റ് എസ്.എച്ച്.ഒ.ക്കുമാണ് പരാതി നൽകിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. അന്തസ് വേണമെടാ അന്തസ് " എന്ന് പിന്നാലെ ഫേസ് ബുക്കിൽ പരിഹാസ പോസ്റ്റും ഷെയർ ചെയ്തു.
കള്ളാടി മണ്ണിടിച്ചിലില്‍ കൊങ്കണ്‍ അധികൃതരോട് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി.കെ. ബഷീര്‍. ജൂലൈ ഒന്നിലെ മീറ്റിങ്ങിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു. യാതൊരു പ്രശ്നവും ഇല്ല എന്നാണ് അവർ അറിയിച്ചത്. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും നിയമസഭയിൽ എന്നോട് ചോദിച്ചിട്ടില്ല. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. മൂന്ന് നേതാക്കള്‍ക്കെതിരായ നടപടിയുടെ സര്‍ക്കുലറാണ് പുറത്തുവന്നത്. അതേസമയം, പുറത്തുവന്നത് വ്യാജ സര്‍ക്കുലറാണെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. നടപടി മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും വിശദീകരണം.
പത്ത് വർഷം കോച്ച് ഫാക്ടറിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ. സർക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന് വി. ശിവദാസൻ. സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പരാതിപ്പെട്ട് പി.വി. അബ്ദുൽ വഹാബ് യോഗത്തിൽ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
കൊച്ചി: സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഇടപെട്ട് ഹൈക്കോടതി. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാക്കണമെന്ന് കോടതി. സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ കോടതി ഭേദഗതി വരുത്തി, ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണമെന്ന് കോടതി. ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായത്തിന് ഇനി മുന്‍ഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കണമെന്നതൊഴികെ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിയമന പ്രക്രിയയില്‍ മറ്റ് പങ്കുകളൊന്നും ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ നടത്താനിരിക്കെയാണ് നിര്‍ദേശം.
തൃശൂർ: സി.സി. മുകുന്ദൻ എംഎൽഎയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതിയിൽ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന വിനോദ് കെ മസൂദ് പൊലീസ് പിടിയിൽ. അന്തിക്കാട് പൊലീസ് ആണ് വിനോദിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞാഴ്ച മസൂദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിഎസ് സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദിനെ പാർട്ടിയാണ് സി.സി. മുകുന്ദന്റെ സ്റ്റാഫ് അംഗമായി നിയമിച്ചത്. മസൂദിനെ മാറ്റണമെന്ന് സി.സി. മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി തയ്യാറായിരുന്നില്ല. മസൂദിനെ ചൊല്ലിയുള്ള തർക്കമാണ് സി.സി. മുകുന്ദനെയും സിപിഐയെയും രണ്ട് തട്ടിൽ എത്തിച്ചതും.
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മുൻ മന്ത്രിയും സി പി ഐ എം നേതാവുമായ തോമസ് ഐസക്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ജൂൺ ഒന്നിന് വാർത്ത നല്കിയിരുന്നെന്നും പിന്നീടാണ് ദേശാഭിമാനി വാർത്ത നൽകിയതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. അതേസമയം മെയ് 18 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നും തോമസ് ഐസക് വിമർശിച്ചു. ബന്ധപ്പെട്ട മൂന്ന് വകുപ്പുകൾ കയ്യിലുണ്ടായിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ല, ഒന്നുകിൽ വി ഡി സതീശൻ അദാനിക്ക് വേണ്ടി നന്നായി പഠിച്ചുവെന്നും അല്ലെങ്കിൽ ഗൃഹപാഠം ചെയ്തില്ലെന്നും ഐസക് പറഞ്ഞു.
ഇടുക്കി: ഇടുക്കിയിൽ വനം വകുപ്പ് ഓഫീസിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്. വനം വകുപ്പ് പിടിച്ച ജെസിബി അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ജെസിബിക്കുള്ളിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ചത്.
കോഴിക്കോട്; റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കോഴിക്കോട് - ബാഗ്ലൂർ യശ്വന്ത്പുര യാത്ര വെസ്റ്റ്ഹിൽ അവസാനിപ്പിച്ച് അവിടെ നിന്ന് ആരംഭിക്കും.തിരുവനന്തപുരം ജനശതാബ്ധി കല്ലായിൽ അവസാനിപ്പിച്ച് 1.50 ന് കല്ലായിയിൽ നിന്ന് പുറപ്പെടും.സ്റ്റേഷനുകളിലേക്ക് കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ബസ് സൗകര്യം ഒരുക്കും.
മലപ്പുറം: വയനാട് തുരങ്കര പദ്ധതി ഉപേക്ഷിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ. വീഴ്ചകൾ വിശദമായി പരിശോധിക്കും. പണി നിർത്തിയത് മഴക്കാലം ആയതിനാൽ. സുരക്ഷയാണ് പ്രധാനമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണ ഉത്തരവ് ഇറക്കി ആഭ്യന്തരവകുപ്പ്. ന്യൂസ് മലയാളം പുറത്തുകൊണ്ടു വന്ന വിവരങ്ങൾക്ക് മുഖ്യപരിഗണന. ഡിജിപി തുടർനടപടികൾ സ്വീകരിക്കണം എന്ന് നിർദേശം. ന്യൂസ് മലയാളം വാർത്ത ശരിവെച്ച് വിജിലൻസ് മേധാവിയും. അതേസമയം ഉത്തരക്കടലാസുകൾ നശിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെ പിഎസ്‍സി ആസ്ഥാനത്ത് വൻ പ്രതിഷേധം. ചെയർമാന്റെ ഓഫീസിലേക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സുരക്ഷാ ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും. പരാതികൾക്കിടെ പഴയ ഉത്തരക്കടലാസുകൾ നശിപ്പിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത് ന്യൂസ് മലയാളം.
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ച് ആൾക്കൂട്ട വിചാരണ. യുവാക്കളെ തടഞ്ഞ് നിർത്തി മൊട്ട അടിച്ചതായി പരാതി. ദുരനുഭവം നേരിട്ടത് മഞ്ഞപ്പെട്ടി സ്വദേശികൾ. കേസ് എടുത്ത് പൊലീസ്.
കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ഇഡി. ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യതയിലും ഉറപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടില്ലന്ന് ആശുപത്രി അധികൃതർ. ആശുപത്രികളിൽ തുടർ പരിശോധനയ്ക്ക് ഇഡി നീക്കം.
വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്. ദുന്തബാധിത മേഖലയിൽ സന്ദർശനം നടത്തിയശേഷമായിരുന്നു പിണറായിയുടെ പ്രതികരണം. മഴയ്ക്ക് മുന്നറിയിപ്പുണ്ടായിട്ടും മുന്നൊരുക്കങ്ങൾ സ്വീകരിക്കാത്തത് അനാസ്ഥ. മണ്ണ് നീക്കുന്നതിന് നടപടികൾ ഉണ്ടായില്ലെന്നും പിണറായി.
പാലക്കാട്: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധം. കോൺഗ്രസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് പ്രതിഷേധിക്കുന്നത്. അധ്യാപക നിയമനത്തി ഇന്ന് ഇൻറർവ്യൂ നിശ്ചയിച്ചിരുന്നു. അക്കാദമിക് ബ്ലോക്കിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ തടഞ്ഞു പൊലീസ്.
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ കൂടി പുതിയതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്.
കാസർഗോഡ്: ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോൺ പിടികൂടി. ഡി. ബാരക്കിലെ തടവുകാരനായ രഖിലാണ് മൊബൈൽ ഫോൺ ഉപയോഗിച്ചത്. രണ്ട് സിം കാർഡുകളും പിടികൂടി. രഖിലിനെതിരെ ചീമേനി പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: കോറോ ഹെൽത്ത് ജീവനക്കാരെ പറഞ്ഞുവിടുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. അറ്റൻഡൻസ് രേഖപ്പെടുത്തിയാൽ ജോലിക്കാരെ ജോലിസ്ഥലത്ത് കയറ്റാൻ ലേബർ ഓഫീസർ ബാധ്യസ്ഥനാണ്. അതിവിടെ നടത്താതെ നിയമപരമായിഒരു നേട്ടവുമില്ലെന്നും ജീവനക്കാരെ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും ശിവൻകുട്ടി പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയിൽ ഭൂചലനം. നന്ദേഡ്, പർഭാനി, ഹിംഗോളി മേഖലയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനത്തിൽ ആളപായമില്ല. പുലർച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലായിരുന്നു പ്രകമ്പനമുണ്ടായത്.
കോഴിക്കോട്: ചാലിയാർ, ഇരുവഞ്ഞി പുഴകളിൽ ജല നിരപ്പ് ഉയർന്നു. പുഴയോരത്തെ വീടുകളിൽ വെള്ളം കയറി. വീടുകളിലുള്ളവരോട് ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശം. മാവൂർ, പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം.
കോഴിക്കോട്: സ്കൂൾ വിദ്യാർഥി ജീപ്പിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ജീപ്പിൽ നിന്ന് വീണത്.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ മിന്നൽ ചുഴലിയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ഏപ്രത്ത് ഗീതയുടെ വീടിന്റെ ഇരുമ്പു ഷീറ്റ് മേൽക്കുരയാണ് തകർന്ന് വീണത്. വീടിനു മുകളിലേക്ക് രണ്ടു മരങ്ങൾ കടപുഴകി വീഴുകയായിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ കേസ് എടുത്തു. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസ്. കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിവരുത്തുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. അനിൽകുമാറിൻ്റെ ഫോണും പൊലീസ് പിടിച്ചെടുത്തു.
വയനാട്: കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ദുരന്തം നടന്നതിന് പിന്നാലെ കിട്ടിയ പ്രാഥമിക വിവരത്തിലാണ് കൂട്ടിയിട്ട് മണ്ണാണ് താഴേക്ക് വന്നത് എന്ന് പറഞ്ഞത്. മാധ്യമങ്ങളിലൂടെ അത്തരത്തിലായിരുന്നു വാർത്തകൾ. പിന്നീടാണ് അതല്ല എന്ന് മനസ്സിലാക്കിയത്. മണ്ണിടിച്ചില്ല കാരണം പഠിക്കുന്നതിന് വേണ്ടി ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് പുറത്തുവരട്ടെ ഈ സർക്കാരിന്റ കാലത്തുള്ള നിർമ്മാണ പ്രവർത്തനമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലത്ത് അർജന്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ അമിതമായി റൈസ് ചെയ്ത ഇരു ചക്ര വാഹനം കത്തി നശിച്ചു. കിളികൊല്ലൂർ സ്വദേശിയുടെ ബൈക്കാണ് കത്തിയത്. ഒഴിവായത് വൻ അപകടം. കരിക്കോട് ടികെഎം കോളേജ് ജംഗ്ഷന് സമീപമാണ് സംഭവം.
കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണം. തൽസ്ഥിതി തുടരണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് നിർബന്ധിത ഉത്തരവല്ല. സർക്കാരിന് വിഷയത്തിൽ ഇടപെടാൻ ബാധ്യത ഉണ്ടെന്നും ഹൈക്കോടതി. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ട്പോകാനും കോടതി നിർദേശം. തൊഴിലാളികളും മാനേജ്മെന്റ് സർക്കാരും പങ്കെടുക്കുന്ന ചർച്ച നാളെ
വയനാട്: കള്ളാടി മണ്ണിടിച്ചിലിൽപ്പെട്ട അഞ്ചു പേരെ കണ്ടെത്താൻ സാധിക്കാത്തത് ഏറെ വിഷമകരമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇവരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. ഒന്നാമത്തെ സോണിലെ പരിശോധന ഇന്നലെ പൂർത്തീകരിച്ചു. മൂന്നാമത്തെ സോണിലെ പരിശോധന പൂർത്തിയായിട്ടില്ല. മൂന്നാമത്തെ സോണിൽ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് വിദഗ്ധർ പറഞ്ഞതായും മന്ത്രി പറഞ്ഞു. ഇന്നലെ മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. എൻഡിആർഎഫ് ടീം ചേർന്ന് മീനാക്ഷി പുഴയിൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്:താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതം പൂർണമായും തടസപ്പെട്ടു. ചുരത്തിൽ മഴ തുടരുകയാണ്.
കൊച്ചി: എംജി റോഡിൽ ജാക്കി വച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവത്തിൽ അഴിമതി നടന്നതായി പരാതി. കെട്ടിടം ഉയർത്താൻ അനുമതി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോർപ്പറേഷൻ ടൗൺ പ്ലാനിങ്ങിനെതിരെ വിജിലൻസിൽ നൽകിയ പരാതിയിൽ പറയുന്നത്. കെട്ടിടം ഉടൻ പൊളിച്ച് കളയണമെന്നും ആവശ്യമുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിൽ കോടതി ഇന്ന് ഉത്തരവ് പറയും. നെടുമങ്ങാട് മജിസ്റ്റേറ്റ് കോടതിയെയാണ് സുഗതൻ സമീപിച്ചിരുന്നത്. സത്യപ്രതിജ്ഞയ്ക്കായി പരോൾ നൽകണമെന്നും സുഗതൻറെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്റെ ഉൾപ്പെടെ 20 കൗസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കാപ്പ ചുമത്തി ജയിലിലായതിനാൽ സുഗതന് മറ്റ് കൗൺസിലർമാർക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരി വെച്ചിരുന്നു. ഇതോടെ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ഇത് കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക...
താമരശ്ശേരി ചുരത്തിൽ ഓടികൊണ്ടാരുന്ന കാറിന് മുകളിലേക്ക് മരം വീണു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ചുരത്തിൽ മഴ തുടരുന്നു
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ ഇന്ന് സിഐടിയുവിൻ്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച്. സർക്കാർ തല ചർച്ച നാളെ നടക്കും. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. നിസഹകരണം തുടരുന്ന കമ്പനി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല.
ജീവനക്കാർ പതിവ് പോലെ ഇന്നും ഓഫീസിൽ എത്തും. കഴിഞ്ഞദിവസം ഉണ്ടായ ധാരണ പ്രകാരം ജീവനക്കാർ ഇന്നലെയും ഓഫീസിൽ എത്തിയെങ്കിലും തുറന്നു കൊടുത്തിരുന്നില്ല. ഇതിനിടയിൽ മുൻ തൊഴിൽമന്ത്രി വി. ശിവൻകുട്ടി ഇന്ന് കോറോ ഹെൽത്തിൽ എത്തി ജീവനക്കാരെ കാണും.
പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഇന്ന് ഉത്തരവിറങ്ങാനാണ് സാധ്യത. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷിക്കാനാണ് തീരുമാനം.പരീക്ഷാ ക്രമക്കേടിൽ സമഗ്രമായ അന്വേഷണത്തിനാണ് സർക്കാർ നിർദ്ദേശം. ആസൂത്രണ ബോർഡ് പരീക്ഷ, റാങ്ക് ലിസ്റ്റ്, നിയമനം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം വിശദമായി പരിശോധിക്കും. പി എസ് സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങളും തേടും.
വയനാട് കള്ളാടിയിൽ അഞ്ച് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മീനാക്ഷിപ്പുഴയിൽ അടക്കം കാണാതായവർക്കായി ഇന്ന് തെരച്ചിൽ. പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. ദുരന്തഭൂമി ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശിക്കും.