
കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച മംഗലാപുരം സ്വദേശികള്‍ പിടിയില്‍. ശ്രീനിവാസന്‍, ലക്ഷ്മി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുതിയ കടവ് ബീച്ച് പരിസരത്തുനിന്ന് ഏഴുവയസുകാരെനെയാണ് ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികള്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിങ് സംഘമെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ബീച്ച് പരിസരത്ത് റോഡരികിൽ നില്‍ക്കുകയായിരുന്ന ഏഴുവയസുകാരനെ പിടികൂടി ചാക്കിലിട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് ദൃക്സാക്ഷികളായ കുട്ടികൾ പറയുന്നത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 12.12ന് കസ്റ്റഡിയിലായ സ്ത്രീയും പുരുഷനും നടന്നു പോകുന്നതിന്‍റെ ദൃശ്യങ്ങളുണ്ട്. തൊട്ടുപിന്നാലെ പ്രതികള്‍ക്ക് പിറകെ കുട്ടികൾ അലറിവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്നാണ് കുട്ടികള്‍ തൊട്ടടുത്തെ പൊലീസ് പട്രോളിങ് ടീമിനെ വിവരം അറിയിച്ചത്. കസ്റ്റഡിയിലായ രണ്ടുപേരെയും വെള്ളയിൽ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കസ്റ്റഡിയിലുള്ള ശ്രീനിവാസൻ കേരളത്തില്‍ കൂടുതല്‍ കേസുകളിലെ പ്രതിയാണ്. തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലായി മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ് ഇയാള്‍. തട്ടിക്കൊട്ടുപോകലില്‍ വിശദ പരിശോധന നടത്തുന്ന പൊലീസ്, കുട്ടിയുടെ മൊഴിയെടുത്തശേഷം, തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുനിന്ന് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്ഥലത്ത് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.