എം.വി. ശ്രേയാംസ് കുമാർ ആർജെഡി സംസ്ഥാന പ്രസിഡണ്ട് ആയി തുടരും. ശ്രേയാംസ് കുമാറിനെ സമവായത്തിലൂടെയാണ് തെരഞ്ഞെടുത്തത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാലു പേർ പത്രിക സമർപ്പിച്ചെങ്കിലും മൂന്നു പേർ പിൻവലിച്ചു. ഇതോടെ 51 ഭാരവാഹികളെയും സമവായത്തിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡൻ്റ് അടക്കം 51 ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. പുതിയ സംസ്ഥാന എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ അംഗങ്ങളേയും തെരഞ്ഞെടുത്തു.
പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുത്തതിന് പിന്നാലെ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് എം.വി. ശ്രേയാംസ് കുമാർ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും. ഭാരതാംബ വിവാദത്തിൽ ആർഎസ്എസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഭരണഘടന പദവിയിലുള്ള വ്യക്തി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. വിഷയം ചർച്ചയാക്കി നിലനിർത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. നിലമ്പൂരിൽ എൽഡിഎഫ് ജയിക്കും. എൽഡിഎഫ് മികച്ച പ്രചാരണം നടത്തിയിട്ടുണ്ടെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ആർജെഡി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്രേയാംസ് കുമാറിനെതിരെ നാല് പേർ പത്രിക നൽകിയിരുന്നു. ജയ്സൺ പാനികുളങ്ങര, മനയത്ത് ചന്ദ്രൻ, സബാഹ് പുല്പറ്റ, കുഞ്ഞപ്പൻ തുടങ്ങിയവരാണ് പത്രിക നൽകിയത്. മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ നേതാക്കളുമായി സമവായത്തിന് ശ്രമിച്ചിരുന്നു. തുടർന്നാണ് മൂന്ന് പേർ പത്രി പിൻവലിച്ചത്. സാധാരണ നിലയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരം വരാറില്ല.