"ആർക്കെങ്കിലും അസ്വസ്ഥത ഉണ്ടായെങ്കിൽ അതിനെ മാനിക്കുന്നു"; ക്രിസ്തീയഗാന വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്

"ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല"
വിവാദങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്
Published on
Updated on

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച സംഭവത്തിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കി എന്നുണ്ടെങ്കില്‍ ആ വികാരത്തെ മാനിക്കുന്നു എന്നാണ് നന്ദഗോവിന്ദം ഭജൻസ് സോഷ്യൽ മീഡിയാ പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

വിവാദങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്
"ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്"; ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

" നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത. " പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

" With Respect and Clarity 🙏🏼

ഞങ്ങളുടെ അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പൂര്‍ണമായ വ്യക്തതയോടും ആദരവോടും കൂടി ഇതിനെക്കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു, വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച ഒരു സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തിഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചത്, യാതൊരു പ്രതിഫലവും സ്വീകരിക്കാതെ.

പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു.

ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നു.

നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല.

സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു — അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത.

എല്ലാവര്‍ക്കും ആദരത്തോടെ,

നന്ദഗോവിന്ദം "

കോട്ടയം വേമ്പിൻകുളങ്ങര ക്ഷേത്രോത്സവത്തിനിടയിൽ 'ഈ പരദേവനഹോ' എന്ന ക്രിസ്തീയഗാനം ആലപിച്ചതിനാണ് നന്ദഗോവിന്ദം ഭജൻസിനെതിരെ വിമർശനം ഉയർന്നത്. സൈബർ വിമർശനങ്ങൾക്ക് പുറമേ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും രംഗത്തെത്തിയിരുന്നു. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശികലയുടെ പരിഹാസം. ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ഭജൻ സംഘത്തിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരിഹാസവുമായി ശശികല എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com