രാഹുൽ മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് നീക്കിയതോടെ നാഥനില്ലാ കളരിയായി യൂത്ത് കോൺഗ്രസ്. കഴിഞ്ഞ അഞ്ച് ദിവസമായി പകരം താൽക്കാലിക ചുമതല നൽകാൻ പോലും നേതൃത്വത്തിന് ആയിട്ടില്ല. ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന ഉപാധ്യക്ഷനും കെ.സി. വേണുഗോപാൽ പക്ഷക്കാരനുമായ ഒ.ജെ. ജനിഷിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ രഹസ്യ നീക്കം തുടങ്ങി.
ഗുരുതര ലൈംഗികാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പദവിയിൽ നിന്ന് നേതൃത്വം പുറത്താക്കിയത്. രാഹുൽ തെറിച്ചതോടെ ആ സ്ഥാനത്തിനുവേണ്ടിയുള്ള പിടിവലി മുറുകി. ഗ്രൂപ്പ് തിരിഞ്ഞ് പോരാരംഭിച്ചു. ആദ്യഘട്ടത്തിൽ പോര് യൂത്ത് കോൺഗ്രസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളിൽ. രാഹുലിനെ പിറകിൽ നിന്ന് കുത്തിയത് അബിൻ വർക്കി ആണെന്നുള്ള തരത്തിൽ രാഹുൽ പക്ഷക്കാർ. അങ്ങനെയല്ലെന്ന് മറുവിഭാഗവും. പോര് കടുത്തതോടെ ഗ്രൂപ്പ്, അഡ്മിൻ ഓൺലി ആക്കി ദേശീയ നേതൃത്വം. അവിടെ തീർന്നു ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. അധ്യക്ഷൻ ഇല്ലാതായി ഒരാഴ്ച ആകാറായിട്ടും പകരം ചുമതല പോലും ആർക്കും നൽകിയിട്ടില്ല. ബീഹാറിലെ വോട്ട് ചോരി യാത്രയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്താനിരുന്ന ലോങ്ങ് മാർച്ച് അടക്കം മാറ്റി. ഗ്രൂപ്പ് പിടിവലിയിൽ തട്ടി പകരക്കാരനെ പോലും കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ദേശീയ നേതൃത്വം.
നിലവിൽ സംസ്ഥാന ഉപാധ്യക്ഷനും രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടും നേടിയ അബിൻ വർക്കിക്ക് ആണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ പിന്തുണ. യൂത്ത് കോൺഗ്രസിന്റെ ചട്ടമനുസരിച്ച് സംഘടനയ്ക്കുള്ളിൽ മത്സരത്തിൽ രണ്ടാമത് എത്തിയ ആളെ നിയമിക്കണം എന്നാണ് ആവശ്യം. ഇവിടെ മത- സാമുദായിക പരിഗണനകൾ ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അങ്ങനെയെങ്കിൽ യൂത്ത് കോൺഗ്രസിൽ തിരഞ്ഞെടുപ്പ് തന്നെ നടത്തേണ്ട കാര്യമില്ലായിരുന്നു എന്നും ചെന്നിത്തല പക്ഷം വാദിക്കുന്നു. സ്വാഭാവിക നീതി നടപ്പാക്കണം എന്ന കടുത്ത നിലപാടിൽ ആണ് ചെന്നിത്തല വിഭാഗം.
സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും കെ.എം. അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് നോമിനേറ്റ് ചെയ്യണം എന്നുള്ളതാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അഭിജിത്തിനെ പരിഗണിക്കാതിരുന്നതിന് പകരം ഈ സ്ഥാനം എങ്കിലും നൽകണം. ബെന്നി ബഹനാനും പി.സി. വിഷ്ണുനാഥും എം.കെ. രാഘവനും അടക്കമുള്ളവർ ദേശീയ നേതൃത്വത്തെ ഇക്കാര്യം നേരിൽ കണ്ട് അറിയിക്കുകയും ചെയ്തു.
അതിനിടെയാണ് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനും കെ.സി. വേണുഗോപാൽ പക്ഷക്കാരനുമായ ഒ.ജെ. ജനീഷിന് വേണ്ടി ഷാഫി പറമ്പിൽ രഹസ്യ നീക്കം ആരംഭിച്ചത്. ബിനു ചുള്ളിലിന് പ്രായപരിധി തിരിച്ചടി ആകുമെങ്കിൽ ആ സ്ഥാനത്തേക്ക് സംഘടനയ്ക്കുള്ളിൽ തന്നെയുള്ള ഒ.ജെ. ജനീഷിനെ പരിഗണിക്കണമെന്നുള്ളതാണ് ഷാഫിയുടെ ആവശ്യം. ഷാഫി സംസ്ഥാന പ്രസിഡണ്ട് ആയിരിക്കെ തൃശൂർ ജില്ലാ പ്രസിഡണ്ട് ആയിരുന്നു ജനീഷ്. ഐ ഗ്രൂപ്പ്കാരനായിരുന്ന ജനീഷ് പിന്നീട് കെ.സി. പക്ഷത്തേക്ക് മാറുകയായിരുന്നു. അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നാൽ തനിക്കൊപ്പം നിൽക്കുമെന്ന ധാരണ കൂടിയുണ്ട് ഷാഫിക്ക്.
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം ആണ് അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും കെപിസിസി നേതൃത്വത്തിന്റെ നിലപാടും നിർണായകമാകും. ഒറ്റയടിക്ക് തീരുമാനമെടുക്കാൻ ആകുന്ന സാഹചര്യമല്ല നിലവിൽ ഉള്ളത്. അബിൻ വർക്കി അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ രാഹുൽ പക്ഷക്കാർ രാജിവെക്കും എന്നാണ് മുന്നറിയിപ്പ്. സംഘടനയ്ക്ക് പുറത്തുനിന്നുള്ള ആരെയെങ്കിലും കൊണ്ടുവന്നാൽ മറ്റു ഗ്രൂപ്പുകാർ അംഗീകരിക്കില്ലെന്ന ആശങ്കയുമുണ്ട് .
ചുരുക്കത്തിൽ ദേശീയ നേതൃത്വം ആരെ തീരുമാനിച്ചാലും ഒരു വിഭാഗം വിയോജിക്കുമെന്ന് ഉറപ്പാണ്. മുതിർന്ന നേതാക്കൾ തന്നെ അധ്യക്ഷപദവി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ പരിഹാരവും അകലെയാണ്.