
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണി തുടങ്ങും. 14 ടേബിളുകളിലായി 19 റൗണ്ടായാണ് 263 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുക. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം ആഗ്രഹിക്കുന്നുണ്ടെന്ന വാദങ്ങള്‍ക്ക് ശക്തി പകരാന്‍ എല്‍ഡിഎഫിനും, ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദങ്ങള്‍ക്ക് ശക്തി പകരാന്‍ യുഡിഎഫിനും, ഒറ്റയാള്‍ പോരാട്ടത്തിൻ്റെ ശക്തി തെളിയിക്കാന്‍ പി.വി. അന്‍വറിനും ജയം അനിവാര്യമാണ്.
എല്‍ഡിഎഫിന്റെ എം. സ്വരാജ്, യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍, എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും ഉള്‍പ്പെടെ 10 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടിയത്. ഇരുമുന്നണി പോരാട്ടം കണ്ടുശീലിച്ച മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷ വയ്ക്കുമ്പോള്‍, രണ്ട് വട്ടം എംഎല്‍എയായ അന്‍വര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഉപതെരഞ്ഞെടുപ്പിന് തന്നെ കാരണക്കാരനായ അന്‍വറിന് ലഭിക്കുന്ന വോട്ടുകളാകും മണ്ഡലത്തില്‍ വിജയിയെ തന്നെ നിര്‍ണയിക്കുക. മോഹന്‍ ജോര്‍ജ് നേടുന്ന വോട്ടുകള്‍ പോരാട്ടം കടുപ്പിക്കും.
രാഷ്ട്രീയ കേരളത്തിലെ വാദപ്രതിവാദങ്ങള്‍ക്കും, പ്രത്യയശാസ്ത്ര വാക് കസര്‍ത്തുകള്‍ക്കും കൂടിയാണ് നിലമ്പൂര്‍ ജനത ചൂണ്ടുവിരല്‍ മഷികൊണ്ട് വിധി പറയുക. അന്‍വറിന്റെ രാജിയിലാണ് നിലമ്പൂരിന്റെ രാഷ്ട്രീയം ചൂടുപിടിച്ചു തുടങ്ങിയത്. പ്രത്യയശാസ്ത്രങ്ങള്‍ പലതുപറഞ്ഞ അന്‍വര്‍ വഴികളടഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടി. ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോഴേക്കും, സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളും തുടര്‍ന്നുള്ള രാഷ്ട്രീയ കളം മാറ്റവും, ജമാ അത്തെ ഇസ്ലാമി, പിഡിപി രാഷ്ട്രീയ ബാന്ധവം, പെട്ടി വിവാദം, സാംസ്കാരിക പ്രവര്‍ത്തകരുടെ ചേരിതിരിവ് എന്നിങ്ങനെ ആര്‍എസ്എസ് ബന്ധം പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉയര്‍ത്തിവിട്ട അവസാനസമയ വിവാദം വരെ നിലമ്പൂരിലേക്ക് എത്തിയിരുന്നു. അതൊക്കെ എങ്ങനെ ജനങ്ങളെ സ്വാധീനിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലം പറയും.
നിലമ്പൂരിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രം ചികഞ്ഞും, ഗ്രൗണ്ട് റിപ്പോര്‍ട്ടുകളിലെ കണക്കുകള്‍ കൂട്ടിയും കിഴിച്ചുമാണ് മുന്നണികള്‍ ആത്മവിശ്വാസം കൊള്ളുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും സ്വരാജിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടല്‍. പന്ത്രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. യുഡിഎഫ് വോട്ടുകള്‍ സ്വരാജിന് പോയിട്ടുള്ളതിനാല്‍ ജയിക്കാനാകുമെന്നാണ് അന്‍വറിന്റെ ആത്മവിശ്വാസം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളും അന്‍വറും അരയും കച്ചയും മുറുക്കി ഇറങ്ങിയ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ ജോര്‍ജ്.
നിലമ്പൂർ നഗരസഭയും ചുങ്കത്തറ, പോത്ത്കല്ല്, മൂത്തേടം, വഴിക്കടവ്, എടക്കര, കരുളായി, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. ഇക്കുറി 73.25 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2016ല്‍ 78.84 ശതമാനവും, 2021ല്‍ 76.71 ശതമാനവുമായിരുന്നു പോളിങ്. രണ്ട് തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ച അന്‍വറാണ് ജയിച്ചത്. എന്നാല്‍, കഴിഞ്ഞവര്‍ഷം നടന്ന വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിലും, തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരിലേക്ക് രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശുമെന്നത് പ്രവചനാതീതമാണ്. ആര് ജയിച്ചാലും തോറ്റാലും അത് രാഷ്ട്രീയ കേരളത്തിലും, മുന്നണികള്‍ക്കകത്തും പുറത്തുമൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ കാരണമാകും.