Nilambur By Election 2025 Live | പോളിങ് 73.25% ; സർക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് കോൺഗ്രസ്, പൂർണ ആത്മവിശ്വാസമെന്ന് സ്വരാജ്

പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. 2,32,381 സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുക. ജൂൺ 23ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
Nilambur by election
എം. സ്വരാജ്, പി.വി. അൻവർ, ആര്യാടൻ ഷൗക്കത്ത്Source: M SWARAJ, PV Anvar, Aryadan Shoukath/ Facebook

നിലമ്പൂരില്‍ പോളിങ് ആരംഭിച്ചു

നിലമ്പൂരില്‍ കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. ആറര മുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ ക്യൂ നിന്ന് തുടങ്ങി. മുക്കട്ട ജിഎല്‍പി സ്‌കൂളിലെ 193-ാം ബൂത്തില്‍ നിലമ്പൂര്‍ ആയിഷ വോട്ട് ചെയ്തു.

നിലമ്പൂരില്‍ 2,32,384 ആണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും. 263 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്.

കൃത്യം 5.30 മുതൽ തന്നെ മോക് വോട്ടിങ് നടത്തിയിരുന്നു.

എം. സ്വരാജ് വോട്ട് രേഖപ്പെടുത്തി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കൂത്ത് ഗവണ്മെന്റ് LP സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം സ്ഥാനാർഥി പി.വി. അൻവറിന് മണ്ഡലത്തിൽ വോട്ടില്ല.

വോട്ടവകാശം വിനിയോഗിക്കണം- എം സ്വരാജ്

ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് പിന്നെയുള്ള കാര്യമാണ്. എല്ലാവരും എത്തി വോട്ടു ചെയ്യുക എന്നതാണ് പ്രധാനമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും വിജയിക്കുമെന്ന നല്ല ആത്മ വിശ്വാസമുണ്ടെന്നും സ്വരാജ് പറഞ്ഞു. അത് വ്യക്തിപരമായിട്ടുള്ള ആത്മവിശ്വാസമല്ല, അത് ഈ നാട് പകര്‍ന്നു നല്‍കിയിട്ടുള്ള ആത്മവിശ്വാസമാണ്.

അബ്ദുള്‍ വഹാബ് എംപി വോട്ട് ചെയ്തു

യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് അബ്ദുള്‍ വഹാബ് എംപി. അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം കൂടും. പിണറായിസത്തിനെതിരെയുള്ള വോട്ട് യുഡിഎഫന് ലഭിക്കുമെന്നും അബ്ദുള്‍ വഹാബ് എംപി

ചെറിയ കുട്ടികള്‍ക്ക് പോലും കത്രിക ചിഹ്നമറിയാം- പി.വി. അന്‍വര്‍

ചെറിയ കുട്ടികള്‍ക്ക് പോലും കത്രിക ചിഹ്നത്തെക്കുറിച്ച് അറിയാമെന്നും അതിന് കാരണം വീടുകളില്‍ തന്നെ പേര് അത്രമാത്രം ചര്‍ച്ചയാകുന്നത് കൊണ്ടാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട്. ഇതെല്ലാം വോട്ടായി വരുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ നിലമ്പൂരില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ ഇതുവരെ 13.36 % പോളിങ്

നിലമ്പൂരില്‍ പോളിംങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുകയാണ്. ഇതുവരെ 13.36 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. വഴിക്കടവ് 12.93 %, മൂത്തേടം 12.76 %, എടക്കര13.83 %, പോത്തുകല്ല് 13.14 %, ചുങ്കത്തറ 13.65 %, നിലമ്പൂര്‍ 14.21 %, കരുളായി 12.57 %, അമരമ്പലം 13.84 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.

പരസ്പരം കണ്ട് എം. സ്വരാജും ആര്യാടന്‍ ഷൗക്കത്തും

വോട്ടിങ് പുരോഗമിക്കുന്നതിനിടെ പരസ്പരം കണ്ട് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍. എം. സ്വരാജും ആര്യാടന്‍ ഷൗക്കത്തും കണ്ട് പരസ്പരം ഹസ്തദാനം നടത്തുകയും കെട്ടിപ്പിടിക്കുകയും വിജയാശംസകള്‍ നല്‍കുകയും ചെയ്തു. എന്നാൽ ആര്യാടൻ ഷൗക്കത്ത് പി.വി. അൻവറിനെ കണ്ട് ഹസ്തദാനം നടത്തിയെങ്കിലും തന്നെ കെട്ടിപ്പിടിക്കരുതെന്ന് പി.വി. അൻവർ പറഞ്ഞു.

M Swaraj, Aryadan Shoukath
എം. സ്വരാജും ആര്യാടൻ ഷൗക്കത്തും പരസ്പരം ഹസ്തദാനം നടത്തുന്നുSource: News Malayalam 24X7
Aryadan Shoukath, PV Anvar
പി.വി. അൻവറിനടുത്തേക്ക് എത്തിയ ആര്യാടൻ ഷൗക്കത്ത് Source: Aryadan Shoukath, PV Anvar/ News Malayalam24X7

വിവിപാറ്റ് മെഷീന്‍ തകരാര്‍

വഴിക്കടവ് തണ്ണിക്കടവ് ബൂത്ത് രണ്ടില്‍ റീ പോളിങ് വേണമെന്ന് വി എസ് ജോയ്. ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിരുന്നില്ല.

വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ നിലമ്പൂര്‍ വിധിയെഴുതും- ജമാഅത്തെ ഇസ്ലാമി

വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ നിലമ്പൂര്‍ വിധിയെഴുതുമെന്ന് ജമാഅത്തെ ഇസ്ലാമി. കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ഇത്. ഭാവി കേരളത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ പറഞ്ഞു. വിവാദങ്ങളില്‍ ജമാഅത്തെ ഇസ്ലാമിക്കും പറയാനുണ്ട്. പിന്നീട് പറയും. വ്യക്തിയല്ല, രാഷ്ട്രീയമാണ് പ്രധാനമെന്നും ജമാഅത്തെ ഇസ്ലാമി പറഞ്ഞു.

P Mujeeb Rahman
പി. മുജീബ് റഹ്മാൻSource: News Malayalam (sourced)

മോഹന്‍ ജോര്‍ജ് വോട്ട് ചെയ്തു

എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് വോട്ട് രേഖപ്പെടുത്തി. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബൂത്ത് 148ലായിരുന്നു വോട്ട്

നിലമ്പൂരിൽ ഇതുവരെ 30.15 % പോളിങ്

നിലമ്പൂർ നഗരസഭ - 23.34

അമരമ്പലം - 21.43

വഴിക്കടവ് - 21.69

മൂത്തേടം - 20.22

എടക്കര - 20.54

ചുങ്കത്തറ - 20.48

പോത്തുകല്ല് - 21.74

കരുളായി - 19.52

ട്രെന്‍ഡ് ഇടതിന് അനുകൂലം- ബിനോയ് വിശ്വം

നിലമ്പൂരില്‍ ഇടതിന് അനുകൂലമാണ് ട്രെന്‍ഡ് എന്ന് ബിനോയ് വിശ്വം. വലിയ ഭൂരിപക്ഷത്തിന് എം. സ്വരാജ് ജയിക്കും. നിലമ്പൂരിലും കോണ്‍ഗ്രസ്-ആര്‍എസ്എസ് രഹസ്യ ധാരണയുണ്ട്. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പം. ഇടതുമുന്നണിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പിലും ഈ സഖ്യമുണ്ട്. ഇടതിനെ തോല്‍പ്പിക്കാന്‍ യുഡിഎഫ് ആരുമായും കൂട്ടുകൂടുമെന്നും ബിനോയ് വിശ്വം

''നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ക്ഷണിച്ചില്ല''

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നത് സത്യമാണെന്ന് ശശി തരൂര്‍. താന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച കേരളത്തിലെത്തിയപ്പോഴും മറ്റു മെസേജുകള്‍ ഒന്നും കിട്ടിയില്ല. ക്ഷണിച്ചില്ലെങ്കിലും നിലമ്പൂരില്‍ കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. നിര്‍ത്തിയത് മികച്ച സ്ഥാനാര്‍ഥിയെ എന്നും തരൂർ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒരു മണിയോടെ 40.02 % പിന്നിട്ട് പോളിങ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒരു മണിയോടെ 40.02 % പിന്നിട്ട് പോളിങ്

നിലമ്പൂർ നഗരസഭ - 41. 39

അമരമ്പലം - 40.66

വഴിക്കടവ് - 40.07

മൂത്തേടം - 39.42

എടക്കര - 40.19

ചുങ്കത്തറ - 40.07

പോത്തുകല്ല് - 40.18

കരുളായി - 38.24

സർക്കാരിനെതിരായ വിധിയെഴുത്താകും നിലമ്പൂർ വിധി, യുഡിഎഫ് വിജയശതമാനം വർധിക്കും: സണ്ണി ജോസഫ്

നിലമ്പൂരിൽ പോളിങ് ശതമാനം കൂടുമെന്നും അത് യുഡിഎഫിൻ്റെ വിജയശതമാനം വർധിപ്പിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിലേത് രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്നും സർക്കാരിനെതിരായ വിധിയെഴുത്താകും നിലമ്പൂർ വിധിയെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.

"ഗോവിന്ദൻ തുറന്നുവിട്ട ഭൂതത്തെ ഇനി തിരികെ കുടത്തിൽ കയറ്റാൻ സാധിക്കില്ല. എം.വി. ഗോവിന്ദനെ തിരുത്താൻ മുഖ്യമന്ത്രിക്കാകുന്നില്ല. തെരഞ്ഞെടുപ്പിനെ ഭയന്ന് ഉരുണ്ടുകളിച്ചാലും ഫലമുണ്ടാകില്ല. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും," സണ്ണി ജോസഫ് പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: 46.73 % കടന്ന് പോളിങ്

NILAMBUR TOTAL POLL - 46.73 %

നിലമ്പൂർ നഗരസഭ - 47.56

അമരമ്പലം - 46.72

വഴിക്കടവ് - 46.93

മൂത്തേടം - 46.78

എടക്കര - 46.98

ചുങ്കത്തറ - 46.54

പോത്തുകല്ല് - 46.83

കരുളായി - 44.75

"ആരേയും ക്ഷണിക്കേണ്ട ആവശ്യമില്ല"; തരൂരിന് മറുപടിയുമായി സണ്ണി ജോസഫ്

തെരഞ്ഞെടുപ്പ് ദിവസം പ്രസ്താവനകൾ നടത്തരുതെന്ന ബോധം ശശി തരൂരിനുണ്ടെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ വന്നിരുന്നെങ്കിൽ നന്നായേനെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മറ്റു പരിപാടികളിൽ തിരക്കിലായതിനാലാകും അദ്ദേഹം വരാതിരുന്നത്. ആരേയും ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

തരൂർ താരപ്രചാരകൻ തന്നെ;  പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന വാദം തെറ്റ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ വാദം തെറ്റെന്ന് തെളിയുന്നു. പ്രചാരകരുടെ പട്ടികയിൽ തരൂരിൻ്റെ പേരും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഇലക്ഷൻ കമ്മീഷന് നൽകിയ പട്ടികയിലാണ് തരൂരിൻ്റെ പേരും ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടികയിൽ എട്ടാമതായാണ് തരൂരിൻ്റെ പേരുള്ളത്.

എന്നും യുഡിഎഫിനൊപ്പം ആണെന്ന് വി.വി. പ്രകാശിൻ്റെ കുടുംബം

ഞങ്ങൾ എന്നും യുഡിഎഫിനൊപ്പം ആണെന്ന് വി.വി. പ്രകാശിൻ്റെ കുടുംബം. ഞങ്ങളുടെ പാർട്ടിയാണ് യുഡിഎഫ്. യുഡിഎഫ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആര്യാടൻ ഷൗക്കത്ത് വീട്ടിലെത്താത്തതിൽ ആരോടും പരാതിയില്ല. അത് നേതൃത്വത്തിന് തങ്ങളിലുള്ള വിശ്വാസമാണെന്നും മകൾ നന്ദന പ്രകാശ് പറഞ്ഞു. വിവാദങ്ങൾ അതുണ്ടാക്കിയവരോട് തന്നെ ചോദിക്കണം. കറുപ്പ് വസ്ത്രം അണിഞ്ഞത് ധീരതയുടെ പ്രതീകമായാണ്. ഇന്ന് ഒരു വൈകാരിക ദിനമാണെന്നും നന്ദന പ്രകാശ് പറഞ്ഞു.

ഒഴിഞ്ഞുമാറി ആര്യാടൻ ഷൗക്കത്ത്

വി.വി. പ്രകാശിൻ്റെ വീട് സന്ദർശിക്കാത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്ന ഒറ്റവാചകത്തിൽ മറുപടി നൽകിയാണ് ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറിയത്.

VV Prakash's Daughter Nandhana and Mother
വി.വി. പ്രകാശിൻ്റെ ഭാര്യയും മകളും വോട്ട് ചെയ്തു മടങ്ങുന്നു.Source: Screen Grab, News Malayalam 24x7

ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം

നിലമ്പൂരിൽ വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. മണ്ഡലത്തിന് പുറത്ത് നിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വരാജിനെ വ്യക്തിപരമായി ഏറെ ഇഷ്ടം - വേടന്‍

എം. സ്വരാജിനെ വ്യക്തിപരമായി ഏറെ ഇഷ്ടമെന്ന് റാപ്പർ വേടൻ. രാഷ്ട്രീയ നാടകങ്ങളോട് പ്രതികരിക്കാനില്ലെന്നും വേടൻ.

സ്വരാജിൻ്റെ ചിത്രവും പാർട്ടി ചിഹ്നവും പങ്കുവെച്ച് നടൻ വിനായകൻ.

എം. സ്വരാജിനെ പിന്തുണച്ച് വേടന്‍
എം. സ്വരാജിനെ പിന്തുണച്ച് വേടന്‍Source: News Malayalam 24x7

പോളിങ് 64% കടന്നു

ഉപതെരഞ്ഞെടുപ്പ് പോളിങ് 64.21% കടന്നു. വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുന്നു.

നിലമ്പൂർ പോളിങ് ശതമാനം
നിലമ്പൂർ പോളിങ് ശതമാനംSource: Screen Grab/ News Malayalam 24x7

പോളിംഗ് അവസാനിച്ചപ്പോൾ- 73.25%

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില

രാവിലെ 7 മുതൽ 9 വരെ - 13.15 %

11 മണി വരെ - 30.15 %

1 മണി വരെ - 46.73 %

3 മണി വരെ - 59.68 %

5 മണി വരെ - 70.76 %

പോളിംഗ് അവസാനിച്ചപ്പോൾ- 73.25%

News Malayalam 24x7
newsmalayalam.com