''ഉടന്‍ ശുഭവാര്‍ത്ത വരും''; നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇടപെട്ടത് ഗുണം ചെയ്‌തെന്ന് ആക്ഷന്‍ കൗണ്‍സില്‍

"കാന്തപുരം ഉസ്താദിനരികില്‍ എത്താന്‍ വൈകിപ്പോയി. പോസിറ്റീവായ ചര്‍ച്ചയാണ് നടക്കുന്നത്"
Nimisha Priya, Kanthapuram A.P. Aboobacker Musliar
നിമിഷ പ്രിയ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർSource: Facebook
Published on

കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍.

വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തുവെന്ന് കോര്‍ കമ്മിറ്റി അംഗം കെ. സജീവ് കുമാര്‍ പറഞ്ഞു. ഉസ്താദിന് യെമനില്‍ ഉള്ള ബന്ധം ആണ് ഏറെ സഹായകരമായത്. നിമിഷപ്രിയക്കെതിരായ വധശിക്ഷ നിര്‍ത്തലാക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

Nimisha Priya, Kanthapuram A.P. Aboobacker Musliar
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം; യെമന്‍ പൗരന്റെ കുടുംബവുമായി ബന്ധപ്പെട്ടു

അഞ്ചു വര്‍ഷമായി ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് പൂര്‍ണതയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ ശുഭ വാര്‍ത്ത ലഭിക്കും. തലാല്‍ പ്രതിനിധാനം ചെയ്യുന്ന ഗോത്രത്തിന്റെ ഇടപെടല്‍ നിര്‍ണായകമാകുമെന്നും കെ. സജീവ് കുമാര്‍ പറഞ്ഞു.

കാന്തപുരം ഉസ്താദിനരികില്‍ എത്താന്‍ വൈകിപ്പോയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് പറഞ്ഞു. പോസിറ്റീവായ ചര്‍ച്ചയാണ് നടക്കുന്നത്. ഞങ്ങള്‍ എത്തുമ്പോള്‍ പോലും യെമനിലെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു ഉസ്താദ്.

ഇത്തരം വിഷയത്തില്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യന്‍ എന്നോ ഉള്ള നോട്ടം മര്‍ക്കസിന് ഇല്ല എന്നാണ് ഉസ്താദ് പറഞ്ഞത്. കുടുംബം ദിയാധനം വാങ്ങി മാപ്പാക്കുകയോ വെറുതെ മാപ്പ് നല്‍കുകയോ ചെയ്യുകയാണ് വേണ്ടത്. ഇനി തീരുമാനം കുടുംബത്തിന്റെ കയ്യില്‍ മാത്രമാണെന്നും കുഞ്ഞമ്മദ് കൂരാച്ചുണ്ട് പറഞ്ഞു.

Nimisha Priya, Kanthapuram A.P. Aboobacker Musliar
സൈറൺ മുഴക്കിയിട്ടും കൂസലില്ല; ആംബുലൻസിൻ്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ

യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ മുഖാന്തരമാണ് ഇടപെടല്‍. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരത്തിന് അടുത്ത വ്യക്തി ബന്ധമുണ്ട്. ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ മുഖാന്തരം നോര്‍ത്ത് യമന്‍ ഭരണകൂടവുമായും കാന്തപുരം സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ യെമനില്‍ അടിയന്തര യോഗം നടക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണിക്ക് പകരമായി കുടുംബം മാപ്പ് നല്‍കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. ഇതോടെയാണ് മോചനശ്രമങ്ങള്‍ ദ്രുതഗതിയിലായത്. ഇനി രണ്ട് ദിവസം മാത്രമാണ് മുന്നിലുള്ളത്.

മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20ന് യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ടു തവണ അവര്‍ മകളെ ജയിലില്‍ ചെന്ന് കണ്ടിരുന്നു. യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷ ഒഴിവാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു. 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു. 2024 ജൂലൈയില്‍ പണം കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാഘട്ടം പണം സമാഹരിക്കല്‍ തുടരാനായിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com