നിപ ബാധിച്ച പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ വകുപ്പിൻ്റെ വിദഗ്ധസംഘം യുവതിയുടെ വീടിൻ്റെ പരിസരo പരിശോധിച്ചു. വീടിന് സമീപം വവ്വാലിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൂന്നാഴ്ച മുൻപ് തൊട്ടുള്ള വിവരങ്ങള്‍ പ്രദേശത്ത് നിന്ന് ശേഖരിക്കുകയാണ്.
നിപയുമായി ബന്ധപെട്ട് സംസ്ഥാനത്താകെ 345 പേർ നിലവിൽ സമ്പർക്ക പട്ടികയിലുണ്ട്. നാട്ടുകൽ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇവരുടെ ബന്ധുവായ 10 വയസുകാരന് പനി ബാധിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ ആറുവാർഡുകൾ കണ്ടൈയ്ൻമെൻ്റ് സോണാക്കിയിട്ടുണ്ട്.പ്രദേശത്ത് നിന്ന് പുറത്ത് നിന്ന് കടക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിൽ പട്ടികയിലുള്ള എല്ലാവരും ആരോഗ്യപ്രവര്‍ത്തകരാണ്. മുഴുവൻ ആളുകളും നിലവിൽ ക്വാറൻ്റൈനിലാണ്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. നിപ രോഗികൾക്കും ലക്ഷണമുള്ളവർക്കുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കളക്ടർ നിര്‍ദേശം നല്‍കി. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച 6 വാര്‍ഡുകളിൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്. അതെ സമയം വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.
മലപ്പുറം ജില്ലയില്‍ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മക്കരപറമ്പ് - ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍, കൂടിലങ്ങാടി-11, 15 വാര്‍ഡുകള്‍, മങ്കട - 14-ാം വാര്‍ഡ്, കുറുവ - 2, 3, 5, 6 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ഡ്-7(കുണ്ടൂര്‍ക്കുന്ന്),വാര്‍ഡ്-17 (ആറ്റശ്ശേരി), വാര്‍ഡ്-8(പാലോട്), വാര്‍ഡ്-18(ചോലക്കുറിശ്ശി), വാര്‍ഡ്-9(പാറമ്മല്‍), വാര്‍ഡ്-11(ചാമപറമ്പ്). ഇവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
നിപ സ്ഥിരീകരിച്ച ആളുകളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട സാഹചര്യത്തിൽ പൊലീസിൻ്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി ശേഖരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ക്ക് ബന്ധപ്പെടാനായി രണ്ട് ജില്ലകളിലേയും നമ്പരും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
മലപ്പുറം: 0483 2735010, 2735020
പാലക്കാട്: 0491 2504002