ആലപ്പുഴ ഓമനപ്പുഴയില്‍ ഏയ്ഞ്ചലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിതാവ് ജോസ് മോൻ, മാതാവ് ജെസി മോൾ, അമ്മയുടെ സഹോദരൻ അലോഷ്യസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
എയ്ഞ്ചലിൻ്റെ കൊലപാതകത്തിൽ സഹായിയായി നിന്നതിനാണ് മാതാവ് ജെസ്സി മോളെ പ്രതി ചേർത്തത്. അമ്മയുടെ സഹോദരൻ അലോഷ്യസിനെതിരെ കൊലപാതക വിവരം മറച്ചു വെച്ചതിനാണ് (BNS 238) കേസ് രജിസ്റ്റർ ചെയ്തത്.
ജൂലൈ ഒന്നിനാണ് എയ്‌ഞ്ചലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ആശുപത്രിയിൽ എത്തിച്ചപ്പോൾ എയ്‌ഞ്ചലിൻ്റെ കഴുത്തിൽ മുറിവ് കണ്ടെത്തിയതിൽ സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ നടത്തിയ വിശദ പരിശോധനയിലാണ് എയ്ഞ്ചലിൻ്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ ജോസ് മോൻ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മകളെ കൊന്നതെന്ന് പിതാവ് സമ്മതിച്ചു. ഭര്‍ത്താവുമായി പിണങ്ങികഴിയുന്ന മകൾ രാത്രി പുറത്തു പോകുന്നത് സ്ഥിരമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഏയ്ഞ്ചലിൻ്റെ കൊലപാതകം വീട്ടിലെ അംഗങ്ങള്‍ക്കും അറിയാമായിരുന്നു. കൊലപാതക സമയത്ത് ഏയ്ഞ്ചലിൻ്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ ഉണ്ടായിരുന്നു. പ്രതി ജോസ് മോൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ജോസ് മോനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഓമനപ്പുഴയിലെ വീട്ടിലെത്തിച്ചാണ് മണ്ണഞ്ചേരി പൊലീസ് തെളിവെടുപ്പ് നടത്തിയത്. മകളെ കൊലപ്പെടുത്തിയ സ്ഥലവും രീതിയും പ്രതി പൊലീസിന് കാട്ടിക്കൊടുത്തിരുന്നു.