
കൊല്ലത്ത് അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെ നായയെ അഴിച്ചുവിട്ടു കടിപ്പിച്ചു. കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം. പടപ്പക്കര സ്വദേശി ജിജേഷാണ് നായയെ അഴിച്ചുവിട്ടത്. എസ്ഐ സച്ചിൻ ലാൽ, സിപിഒ ശ്രീജിത്ത്. എസ് എന്നിവർക്കാണ് നായയുടെ കടി ഏറ്റത്. സാഹസികമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പടപ്പക്കരയില്‍ നെല്ലിമുക്ക് എന്ന സ്ഥലത്ത് ജിജേഷ് എന്ന വ്യക്തി അടിപിടിയുണ്ടാക്കുന്നു എന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കുണ്ടറ സ്റ്റേഷനിലെ എസ്ഐയും സംഘവും സംഭവസ്ഥലത്തേക്ക് എത്തുന്നത്. ജിജേഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ എസ്ഐയെ തള്ളിയിടുകയും കാലില്‍ കടിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ കൂടെയുണ്ടായിരുന്ന പട്ടിയെ പൊലീസിനു നേരെ അഴിച്ചുവിടുകയായിരുന്നു.
നായയുടെ കടിയേറ്റ ഉദ്യോഗസ്ഥർ കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പ്രതി പൊലീസ് വാഹനം അടിച്ചു തകർക്കാനും ശ്രമിച്ചു. മുന്‍പ് പല കേസുകളിലും പ്രതിയായ വ്യക്തിയാണ് ജിജേഷ്.