"നാളെ ഞാൻ നിയമസഭയിലെത്തും"- വോട്ടെണ്ണലിന് ഒരു രാത്രി മാത്രം ബാക്കി നിൽക്കെ പൂർണ ആത്മവിശ്വാസത്തോടെ പി.വി. അൻവർ പറഞ്ഞ വാക്കുകളാണിത്. നിലമ്പൂരിലെ ആവേശ പോരാട്ടത്തിൽ ആര്യാടൻ ഷൗക്കത്ത് മിന്നും വിജയo നേടിയപ്പോൾ തല ഉയർത്തി നിന്നത് പി.വി. അൻവറാണ്. കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്- 77,737, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്- 66,660, തൃണമൂൽ കോൺഗ്രസ് സ്വതന്ത്രൻ പി.വി. അൻവർ- 19,760 എന്നിങ്ങനെയായിരുന്നു ഇത്തവണത്തെ വോട്ട് നില. അതായത് മുന്നണികളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം ഇരുപതിനായിരത്തോടടുത്ത് വോട്ടുകളാണ് അൻവർ നേടിയത്. ഒരു മുന്നണിയുടെയും പിന്തുണയിലാത്ത ഒറ്റയാൾ പോരാട്ടമായിരുന്നു അൻവറിൻ്റേത്. എന്നിട്ടും വോട്ടുകൾ നേടിയെടുത്തെങ്കിൽ ഒരു കാര്യം വ്യക്തമാണ്- അൻവർ എഫക്ട് നിലമ്പൂരിൽ ആഞ്ഞടിച്ചിരുന്നു.
2026 നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ട്രയൽ റൺ പോലെയായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമോ എന്നറിയാൻ കേരളം ഉറ്റുനോക്കിയതും നിലമ്പൂരിലേക്ക് തന്നെയായിരുന്നു. ഒടുവിൽ പതിനായിരത്തിലധികം വോട്ടുകൾ നേടി ത്രിവർണതിളക്കത്തിൽ നിലമ്പൂരിൻ്റെ ബാപ്പുട്ടി, ആര്യാടൻ ഷൗക്കത്ത് വിജയം നേടിയെടുത്തു. യുഡിഎഫ് പ്രതീക്ഷിച്ച വിജയം കൈവരിച്ചെങ്കിലും പി.വി. അൻവറെന്ന ഒറ്റയാൾ പോരാളി ഇരുമുന്നണികൾക്കും ഉയർത്തിയ വെല്ലുവിളി ഒട്ടും ചെറുതായിരുന്നില്ല. അവസാന നിമിഷം വരെ നിയമസഭയിലേക്കെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ അൻവർ, നിലമ്പൂരിലെ രാഷ്ട്രീയ സ്ഥിതിഗതികൾ നിശ്ചയിക്കുന്നതിലെ അവിഭാജ്യ ഫാക്ടർ തന്നെയായിരുന്നു.
രാവിലെ വോട്ടെണ്ണൽ തുടങ്ങുമ്പോൾ അൻവറിൻ്റെ ഒതായിയിലെ വീടിന് പുറത്ത് പ്രവർത്തകർ ടെലിവിഷൻ ഒരുക്കുകയായിരുന്നു. ജയം ഉറപ്പിച്ച സ്ഥാനാർഥിയുടെ ഭാവത്തോടെയായിരുന്നു പി. വി. അൻവറിൻ്റെ നിൽപ്പ്. ആദ്യ പത്ത് മിനിട്ടിൽ ഫലം വരുമ്പോൾ അൻവർ വോട്ട് പിടിക്കുന്നതിൻ്റെ സൂചനകളെത്തി തുടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിൽ അൻവർ മൂന്നാം സ്ഥാനത്ത്. പി. വി. അൻവർ പ്രതീക്ഷ വെച്ച തണ്ണിക്കടവ് ബൂത്തിൽ രണ്ടാം സ്ഥാനത്ത്. തണ്ണിക്കടവ് ബൂത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്. അതോടെ അൻവറിൻ്റെ വീട്ടിൽ ആഹ്ലാദവും തുടങ്ങി.
പിടിച്ചത് പിണറായിസത്തിന് എതിരായുള്ള വോട്ടാണെന്നാണ് അൻവർ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പറഞ്ഞത്. വന്യ ജീവി പ്രശ്നത്തിൽ ഇടപെടാൻ യു ഡി എഫ് തീരുമാനിച്ചാൽ ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അല്ലെങ്കിൽ മൂന്നാമതൊരു സംവിധാനം ഉണ്ടാക്കുമെന്നും അൻവർ പറഞ്ഞു. വിരുന്നകാരെ ജനങ്ങൾ തള്ളുമെന്ന അൻവറിൻ്റെ കോൺഫിഡൻസിനെ ജനം തള്ളിയെങ്കിലും, പ്രവചനങ്ങൾക്കപ്പുറം അൻവർ നേടിയെടുത്ത വോട്ടിൻ്റെ വില വളരെ വലുതാണ്
നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങൾ- നായകൻ അൻവർ
പിണറായിസത്തിനെതിരെ പോരാടാനെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇടതു സ്വതന്ത്രനായിരുന്ന അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. വലതുമുന്നണിക്ക് ആഘോഷിക്കാനുള്ളത്ര രാഷ്ട്രീയ വിവാദങ്ങളും ഇതിനോടൊപ്പം അൻവർ കൊളുത്തിവിട്ടിരുന്നു. ആദ്യം പൊലീസിനെതിരെ തുടങ്ങി പിന്നീട് പിണറായിസത്തിനെതിരെ എന്ന പ്രഖ്യാപനവുമായാണ് അൻവർ ഇടതിൽ നിന്ന് പിരിഞ്ഞത്. പിണറായി വിജയൻ പിതൃതുല്യൻ എന്നതിൽ നിന്ന് പിണറായിസത്തിനെതിരായ പോരാട്ടം എന്ന പ്രഖ്യാപനത്തിലേക്കുള്ള അൻവറിൻ്റെ യാത്ര കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ഷോ സ്റ്റീലറാകാൻ പി.വി. അൻവറിന് കഴിഞ്ഞെന്ന് തന്നെ വേണം പറയാൻ. ഇടതു-വലതു മുന്നണികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തും മുൻപേ രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധ അന്‍വർ മത്സരിക്കുമോ എന്നതിലായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ അർധരാത്രി അന്‍വറിന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും ആഭ്യന്തര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പാര്‍ട്ടി നേതൃത്വമറിഞ്ഞോ അറിയാതയോ രാഹുൽ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച, തെറ്റാണെന്ന വിമർശനവും ചർച്ചകളും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യം പ്രകടമായിരുന്നെങ്കിലും വി.ഡി. സതീശനുമായി പിണങ്ങിപിരിഞ്ഞ അൻവർ, ഒടുവിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ തീരുമാനിച്ചു.
പിണറായിസവും മരുമോനിസവും കഴിഞ്ഞ്, മനുഷ്യ-വന്യജീവി സംഘർഷമെന്ന കരുവായിരുന്നു അൻവർ നിരത്തിയത്. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ നടത്തിയ പത്രസമ്മേളനത്തിലും അൻവർ ഉയർത്തി പറഞ്ഞത് മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കുമെന്നായിരുന്നു. അൻവറിൻ്റെ ഈ നീക്കം തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ ഫലിച്ചെന്നത് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
അൻവറിൻ്റെ രാഷ്ട്രീയ ചരിത്രം
പിതാവ് ഷൗക്കത്തലിയുടെ പാത പിന്തുടർന്ന് കോൺഗ്രസ് പാർട്ടിയിലൂടെ തന്നെയാണ് അൻവറും രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അന്‍വര്‍, തൻ്റെ വാക് ചാതുരി കൊണ്ട് യുവ നേതാക്കളിൽ ഒരാളായി എളുപ്പം ഉയർന്നുവന്നു. പിന്നീട് കെ. കരുണാകരന്‍, കെ. മുരളീധരന്‍ എന്നിവരോടൊപ്പം ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസില്‍ (ഡിഐസി) ചേര്‍ന്നു.
ഡിഐസിയിൽ തിരിച്ചടി നേരിട്ടതോടെ കരുണാകരനും മുരളീധരനും കോൺഗ്രസിലേക്ക് മടങ്ങി. അന്നുമുതൽക്കെ സ്വതന്ത്രനായി സ്വന്തമായൊരു വഴി വെട്ടാനായിരുന്നു അൻവറിന് താൽപര്യം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു അൻവർ ആദ്യമായി ജനവിധി തേടിയതത്. അന്ന് ജയം നേടാനായില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്താൻ അൻവറിനായി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും അങ്കത്തിനിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
2016 നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ്, അത് അൻവറിൻ്റെ തലവിധി മാറ്റി. ഇടതുപിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അൻവർ, കോൺഗ്രസ് മണ്ഡലമായ നിലമ്പൂർ പിടിച്ചെടുത്തത് കേരള രാഷട്രീയ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ സംഭവമായിരുന്നു. അന്ന് ആര്യാടൻ ഷൗക്കത്തായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2021ലും നിലമ്പൂരിൽ സീറ്റ് നിലനിർത്താൻ അൻവറിനായി. ഇതോടെ ഇടതുപക്ഷത്തിൽ നിർണായക സ്ഥാനം നേടിയെടുക്കാനും അൻവറിന് കഴിഞ്ഞു.
പ്രതിപക്ഷ നേതാവിനെ മുതൽ കോൺഗ്രസ് ദേശീയ നേതാക്കളെ വരെ നിർത്തിപൊരിക്കുന്നത് ഇടത് ആസ്വദിച്ചുവരുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി അൻവർ ഒരു ബോംബിടുന്നത്. കേരളത്തിലെ പൊലീസ് സേനയെ തള്ളിക്കൊണ്ടായിരുന്നു അൻവറിൻ്റെ തുടക്കം. പിന്നാലെ തുടരെ പത്രസമ്മേളനങ്ങൾ. അൻവറിൻ്റെ വാക്കുകളെല്ലാം പിണറായി സർക്കാരിനെതിരെയുള്ള കുന്തമുനകളായി. വാക്‌കസർത്ത് കനത്തതോടെ അൻവറിനെ ഇടതുപക്ഷവും തള്ളി. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടമാണെന്ന് തൻ്റേതെന്ന് പറഞ്ഞ് അൻവർ, പിന്നാലെ സിപിഐഎമ്മിനേയും ഇടതുപക്ഷത്തേയും ബന്ധശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇനിയെന്ത്?
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈവിട്ടെങ്കിലും ഇടതുചേരി വിട്ട അൻവറിനെ കൂട്ടുപിടിക്കാനുള്ള മുസ്ലീം ലീഗിൻ്റെയും ചില കോൺഗ്രസ് നേതാക്കളുടെയും ആഗ്രഹം വളരെ പ്രകടമാണ്. നിലമ്പൂർ സ്റ്റേഷനിൽ നിന്ന് യുഡിഎഫിൽ കയറാൻ പറ്റിയില്ലെങ്കിലും ഇനിയും സ്റ്റേഷൻ ഉണ്ടല്ലോ എന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം. അൻവർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടന്നേനെ എന്ന് കെ. മുരളീധരനും പറഞ്ഞു. വ്യക്തമാക്കുന്നത് ഒന്ന് മാത്രം, ഒറ്റയ്ക്ക് വഴിവെട്ടി വന്ന അൻവറിൻ്റെ പവർ, ചെറുതല്ല.
ഇരുപതിനായിരത്തിനടുത്ത് വോട്ട് പിടിച്ച പി.വി. അൻവറിനെ തള്ളിപ്പറയാൻ ഇന്ന് യുഡിഎഫ് നേതാക്കൾ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. ഇടതും വലതുമല്ലാതെ മൂന്നാമതൊരു മുന്നണിയിൽ പ്രവർത്തിക്കുമെന്ന് പറയുമ്പോഴും യുഡിഎഫുമായി സന്ധിചെയ്യുന്നത് അൻവറും തള്ളിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ആദ്യമണിക്കൂറിൽ അൻവർ ഫാക്ടർ ഉണ്ടായെന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞത്. അൻവറിന്റെ മുന്നണി പ്രവേശനം തുടർന്നും ചർച്ചയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അൻവർ പിടിച്ച വോട്ടിനെ ഭരണ വിരുദ്ധ വോട്ടായി ചേർത്ത് വച്ചു.
അൻവറിന് ഇത്രയും വോട്ട് കിട്ടിയത് ചില്ലറക്കാര്യമല്ലെന്നാണ് കെ. മുരളീധരൻ്റെയും പ്രതികരണം. എന്നാൽ അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്.
പ്രധാന ശക്തി കേന്ദ്രങ്ങളിൽ വോട്ട് നഷ്ടപ്പെട്ടത് യുഡിഎഫിനും സിപിഐഎമ്മിനും തലവേദനയുണ്ടാക്കും. എൽഡിഎഫിന്റെ തോൽവിക്ക് കാരണം അൻവർ ആണെന്ന പ്രചാരണം തൃണമൂൽ ക്യാമ്പ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. താൻ പിടിച്ച വോട്ട് യുഡിഎഫ് വോട്ട് അല്ല സർക്കാർ വിരുദ്ധ വോട്ട് ആണെന്ന് അൻവറും പറഞ്ഞുവയ്ക്കുന്നു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിർണായക ശക്തിയാണെന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്താൻ അൻവറിന് കഴിയുകയും ചെയ്തു.