നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയത്തോടടുക്കുകയാണ്. തൻ്റെ പ്രവചനങ്ങൾ പാളിയെങ്കിലും പൂർണ ആത്മവിശ്വാസത്തോടെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. ലഭിക്കുന്നതെല്ലാം പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പി.വി. അന്‍വർ മാധ്യമങ്ങളോട് പറഞ്ഞു.
പതിനായിരത്തിലധികം വോട്ടാണ് ഒറ്റയ്ക്ക് വഴിവെട്ടിവന്ന അൻവർ നേടിയിരിക്കുന്നത്. കാസർഗോഡ് മുതൽ കന്യാകുമാരി വരെ പിണറായിസം നിലനിൽക്കുകയാണെന്ന് അൻവർ പറയുന്നു. വോട്ട് പിടിക്കുന്നത് എല്‍ഡിഎഫ് ക്യാമ്പിൽ നിന്നാണെന്നും അന്‍വർ, നടക്കുന്നത് പിണറായിസവും ജനകീയയിസവും തമ്മിലുള്ള പോരാട്ടമെന്നും അന്‍വർ പറഞ്ഞു. ക്രോസ് വോട്ടുകൾ നടന്നിട്ടുണ്ടെന്ന് പറഞ്ഞ അൻവർ, സ്വരാജിന് ലഭിച്ച വോട്ടുകളിൽ നിന്ന് 5000 വോട്ടുകൾ കുറച്ച് കണക്കാക്കിയാൽ മതിയെന്നും കൂട്ടിച്ചേർത്തു.
യുഡിഎഫ് കൂടെ നിൽക്കുന്നില്ലെങ്കിൽ മൂന്നാമതൊരു മുന്നണി രൂപീകരിക്കുമെന്നും അൻവർ പറയുന്നു. "ഞാന്‍ പറയുന്ന പിണറായിസം കേരളം മുഴുവന്‍ നിലനില്‍ക്കുകയാണ്. മലയോര വിഷയം 63 മണ്ഡലങ്ങളില്‍ സജീവമാണ്. വന്യജീവി വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ 2026ല്‍ എളുപ്പത്തില്‍ സർക്കാർ രൂപീകരിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. മലയോര മേഖലയിലെ മുഴുവന്‍ കർഷക സംഘടനകളേയും കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് ഒപ്പം നിൽക്കും. അല്ലെങ്കില്‍, ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണിയായി ഈ വിഷയം ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായാല്‍ എല്ലാവർക്കും നല്ലത്," അന്‍വർ പറഞ്ഞു.
വിജയി ആരാകുമെന്ന ചിത്രം തെളിഞ്ഞുതുടങ്ങിയിട്ടും വിജയിക്കുമെന്ന ആത്മവിശ്വാസം അൻവർ കൈവിട്ടിട്ടില്ല. നിയമസഭയിലെത്തുമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് അൻവർ. സിപിഐഎം സ്ഥാനാർഥി എം. സ്വരാജ് രണ്ടാം സ്ഥാനത്തും, കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മൂന്നാമതുമെത്തുമെന്നായിരുന്നു അൻവറിൻ്റെ പ്രവചനം. പ്രാദേശിക സർവേ നടത്തിയപ്പോൾ ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും പി. വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
വലിയ അളവിൽ ലഭിച്ച ക്രിസ്ത്യൻ വോട്ടുകൾ, ന്യൂ ജനറേഷൻ വോട്ടുകൾ, സ്ത്രീകളുടെ വോട്ടുകൾ എന്നിവ ലഭിക്കും, വിരുന്നുകാർ പോകുമെന്ന പ്രസ്താവന ജനം തിരിച്ചറിഞ്ഞു എന്നിങ്ങനെ നാല് കാരണങ്ങളാണ് നിയമസഭയിലെത്തുമെന്ന് ഉറപ്പിക്കാൻ അൻവർ കഴിഞ്ഞ ദിവസം നിരത്തിയത്. ക്രോസ്സ് വോട്ടുകളുണ്ടായിട്ട് പോലും ജയിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പടച്ച തമ്പുരാൻ പ്രാർഥന കേട്ടിട്ടുണ്ടെങ്കിൽ നിയമ സഭയിലേയ്ക്ക് എത്തുമെന്നും പി.വി. അൻവർ പറഞ്ഞിരുന്നു.
യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ ലഭിക്കുന്നതിനാൽ സ്വരാജ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് അൻവറിൻ്റെ പ്രവചനം. താൻ തോറ്റുപോകുമെന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഈ വോട്ടുകൾ സിപിഐഎമ്മിലേക്ക് പോകുന്നതെന്നും അൻവർ പറഞ്ഞിരുന്നു. തനിക്ക് കിട്ടേണ്ട പതിനായിരം വോട്ടുകൾ സ്വരാജിന് പോകും. അത് സ്വരാജിന് ഓക്സിജൻ ആകുമെന്നും അൻവർ കൂട്ടിച്ചേർത്തു.