തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സുധീഷ് കുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമൊരുക്കി കൊടുത്തെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സുധീഷ് കുമാറിനു പങ്കുണ്ട്. പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സ്വർണപ്പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തു. മഹസറുകളിലും വെറും ചെമ്പ് തകിടുകൾ എന്നാണ് രേഖപ്പെടുത്തിയത്.
മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. സുധീഷ് കുമാറിനായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും.