തിരുവനന്തപുരം: കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സംസ്ഥാനമെങ്ങും പ്രതിഷേധം വ്യാപിപ്പിച്ച് എസ്എഫ്ഐ. മലപ്പുറത്ത് പ്രതിഷേധക്കാർ ജലപീരങ്കിയുടെ കുഴൽ ഒടിച്ച് തിരിച്ചുവച്ചു. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. തിരുവനന്തപുരത്തും വൻ സംഘർഷം ഉണ്ടായി. പത്തനംതിട്ടയിൽ വനിതാ പ്രവർത്തകരെ അടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.
മലപ്പുറത്തും തൃശൂരും അടക്കമുള്ള ഇടങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. 'പൊലീസിൻ്റെ നരനായാട്ട് കണ്ടുനിൽക്കില്ല' എന്ന ബാനറുമായി എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ബാരിക്കേഡുകൾ ചാടിക്കടന്നും പൊലീസ് വാഹനത്തിന് മുകളിൽ കയറിയിരുന്നും പ്രവർത്തകർ പ്രതിഷേധിച്ചു. ജലപീരങ്കി പ്രയോഗിച്ചും പ്രവത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ നിന്നു.
കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി യാണ് കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായും എഫ്ഐആറിൽ പറയുന്നു.
കേരള സർവകലാശാലയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിടെയുണ്ടായ സംഘർഷമാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. എസ്എഫ്ഐ-കെഎസ്‌യു കല്ലേറും തുടർന്ന് സംഘർഷം ഉണ്ടായി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. സിപിഐഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.