പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പീഡനപരാതി അന്വേഷിക്കാൻ പ്രത്യേക സംഘം. ക്രൈബ്രാഞ്ച് എസ്പി വി.എസ്. ദിൻരാജ് ആണ് അന്വേഷണ സംഘത്തിൻ്റെ തലവൻ. അന്വേഷണ മേൽനോട്ടം ഡിസിപി ദീപക് ദിൻകറിനാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആണ് അന്വേഷണം. ഡിസിപിമാരും സംഘത്തിൽ ഉൾപ്പെടും. അന്വേഷണത്തിൽ പ്രാഥമിക നടപടികൾ നടക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
അതേസമയം, ലൈംഗിക പീഡന കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി ക്രൈബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ നിയമവഴി തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ജാമ്യാപേക്ഷയിൽ വാദം. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിലൂടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
പരാതിക്കാരിയുമായി ഉണ്ടായത് സൗഹൃദം മാത്രമാണ്. ആരോപണം അടിസ്ഥാനരഹിതമാണ്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നടന്നിരുന്നു. പെൺകുട്ടി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിന് ശ്രമിക്കുകയാണ്. സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.