സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക് ആരംഭിക്കാൻ സർക്കാർ; എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സൗജന്യ പരിശോധന

വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും
ആരോഗ്യ മന്ത്രി വീണാ ജോർജ്
ആരോഗ്യ മന്ത്രി വീണാ ജോർജ്Source: Facebook / Veena George
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലുമായിരിക്കും പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തിക്കുക. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് സ്ത്രീകൾക്ക് പ്രത്യേക ക്ലിനക് പദ്ധതി ആരംഭിക്കുന്നത്. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ കാലഘട്ടത്തില്‍ ഒട്ടേറെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആരോഗ്യ മേഖലയ്ക്കായെന്ന് വീണാ ജോർജ് പറയുന്നു. കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്കിനെക്കാളും കുറഞ്ഞതായി. ഈ നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയില്‍ കൈവരിക്കുന്ന ഓരോ റെക്കോര്‍ഡും അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ആരോഗ്യ മന്ത്രി വീണാ ജോർജ്
"എന്നെ സ്നേഹിക്കുന്ന ധാരാളം സഖാക്കളുണ്ട്, അവരെ കാണണം"; സമ്മേളന വേദിയിലെത്തി കെ. ഇ. ഇസ്മയിൽ

അമീബിക് മസ്തിഷ്‌ക ജ്വരം കേരളം നേരത്തെ തന്നെ കണ്ടുപിടിക്കുന്നുണ്ട്. വളരെ ഉയര്‍ന്ന മരണനിരക്കുള്ള രോഗത്തില്‍ നിന്നും അനേകം പേരെ രക്ഷിക്കാനും മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിച്ചു. പ്രോട്ടോകോള്‍ തയ്യാറാക്കുകയും മസ്തിഷ്‌ക ജ്വരം ബാധിച്ചവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പരിശോധനകള്‍ കൂടി നടത്തുകയും ചെയ്യുന്നു. ഇതിലൂടെ പലരേയും രക്ഷിക്കാനായെന്നും വീണാ ജോർജ് പറഞ്ഞു.

ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ മേഖലയിലുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 885 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്. താലൂക്ക് തലംമുതല്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കി. കാന്‍സര്‍ സ്‌ക്രീനിംഗിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. 18 ലക്ഷത്തിലധികം പേരെ സ്‌ക്രീന്‍ ചെയ്തു. വിളര്‍ച്ച പരിഹരിക്കുന്നത് വിവ കേരളം ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com