കോഴിക്കോട്: തലാസീമിയ ബാധിച്ചവർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ലഭ്യമായിരുന്ന ലൂക്കോസൈറ്റ് ഫിൽറ്റേഡ് രക്തത്തിന്റെ വിതരണം നിലച്ചതോടെ രോഗികൾ ആശങ്കയിൽ. അധിക തുക ചെലവഴിച്ച് ഫിൽറ്റർ സെറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. നടപടികൾ പൂർത്തിയാക്കിയെങ്കിലും മരുന്നു കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഓരോ മാസവും രണ്ടോ മൂന്നോ ഫിൽറ്റർ സെറ്റുകളാണ് തലാസീമിയ രോഗികൾക്ക് വേണ്ടത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിൽ ഏറെയായി. 1,200 മുതൽ 1,300 രൂപ വരെ വരെ ചെലവഴിച്ച് എറണാകുളത്ത് നിന്ന് ഫിൽറ്റർ സെറ്റ് എത്തിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ രോഗികൾ. പ്രതിസന്ധി എന്ന് അവസാനിക്കും എന്നതിൽ ആശുപത്രി അധികൃതർക്കും കൃത്യമായ ഉത്തരമില്ല.
ലോക്കൽ പർച്ചേസ് നടത്തി ഫിൽറ്റർ സെറ്റ് ഉറപ്പ് വരുത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. നേരത്തെ പ്രതിസന്ധി നേരിട്ടപ്പോൾ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു. രണ്ടു തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും മരുന്നു കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രശ്നത്തിന് ആരോഗ്യ വകുപ്പ് അടിയന്തരമായി പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.