തർക്കത്തിൽ സമവായമായി! വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തിന് അംഗത്വം നല്‍കും

തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ഒഴിവിൽ എപി വിഭാഗത്തെ ഉൾപ്പെടുത്താനാണ് ധാരണ
The government reconstituted the Waqf Board
വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: സമസ്ത എപി വിഭാഗത്തിന്റെ കടുത്ത നിലപാടിന് മുന്നിൽ വഴങ്ങി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനാ വിവാദത്തിൽ ഒത്തുതീർപ്പ് ഫോർമുല. നിലവിലെ വഖഫ് ബോർഡ് അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി, പകരം വരുന്ന ഒഴിവിലേക്ക് എപി വിഭാഗം പ്രതിനിധിയെ നിയമിക്കാനാണ് ധാരണ. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് കെ.പി. നൗഷാദ് അലി എംഎൽഎ എപി വിഭാഗം നേതാവ് ഖലീലുൽ ബുഖാരി തങ്ങളുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുക്കം.

പ്രശ്നം പരിഹരിച്ചെന്നും എല്ലാവരെയും ഒപ്പം നിർത്തുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. സമവായത്തിൽ സന്തോഷമുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയും പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനായി താൻ വഖഫ് ബോർഡിൽ നിന്ന് സ്വമേധയാ ഒഴിയുമെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒത്തുതീർപ്പായതോടെ എപി വിഭാഗം പ്രഖ്യാപിച്ച പ്രതിഷേധ സമരങ്ങൾ പിൻവലിക്കും.

The government reconstituted the Waqf Board
വഖഫ് ബോർഡിൽ തന്നെ പ്രാതിനിധ്യം വേണമെന്ന് സമസ്ത എ.പി വിഭാഗം നേതാവ്

സംസ്ഥാന വഖഫ് ബോർഡിൽ തന്നെ പ്രാതിനിധ്യം വേണമെന്ന സമസ്ത എപി വിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെയാണ് ഒത്തുതീർപ്പ് നീക്കങ്ങൾക്ക് വേഗത കൈവന്നത്. ചർച്ചകൾക്ക് സന്നദ്ധരാണെങ്കിലും നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകനും എ പി വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരിയും ആവർത്തിച്ചിരുന്നു.

വിഷയം സങ്കീർണമായി തുടര്‍ന്നതോടെ മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടു. കെ.പി. നൗഷാദ് അലി എംഎൽഎ, എപി വിഭാഗം നേതാവ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളുമായി നടത്തിയ സമവായ ചർച്ചയിലാണ് നിർണായക ധാരണയുണ്ടായത്. നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാനായ എപി വിഭാഗം നേതാവ് ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം ഒഴിയും. പകരം, വഖഫ് ബോർഡ് അംഗവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വഖഫ് ബോർഡിൽ നിന്ന് രാജിവെക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിൽ എപി വിഭാഗം പ്രതിനിധിയെ നിയമിക്കാനുമാണ് ധാരണ. പ്രശ്നപരിഹാരത്തിനായി താൻ സന്തോഷപൂർവം സ്ഥാനം ഒഴിയുകയാണെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

പ്രതിസന്ധിക്ക് പരിഹാരമായെന്ന് മന്ത്രി എൻ. ഷംസുദ്ദീനും സമവായം സ്വാഗതം ചെയ്യുന്നതായി വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയും വ്യക്തമാക്കി.സർക്കാരിന്റെ ഔദ്യോഗിക തീരുമാനം അറിയിക്കുന്നതിനായി മന്ത്രി എൻ. ഷംസുദ്ദീൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ നേരിട്ട് സന്ദർശിക്കും. ഒത്തുതീർപ്പ് ധാരണയായതോടെ വഖഫ് ബോർഡ് പുനഃസംഘടനയിലെ അവഗണനയ്ക്കെതിരെ എപി വിഭാഗം പ്രഖ്യാപിച്ചിരുന്ന പ്രക്ഷോഭ പരിപാടികൾ പൂർണമായും പിൻവലിക്കാൻ തീരുമാനമായി.