ഇടപ്പള്ളി പോണേക്കരയിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുഎന്ന പരാതിയിൽ 'ട്വിസ്റ്റ്'. ഉണ്ടായത് തട്ടിക്കൊണ്ടുപോകൽ ശ്രമം അല്ലെന്നും മിഠായി കൊടുത്തപ്പോൾ കുട്ടികൾ തെറ്റിദ്ധരിച്ചത് ആണെന്നും പൊലീസ് പറഞ്ഞു. കുട്ടികൾ ഭയന്ന് ഓടിവന്നു പറഞ്ഞതുകൊണ്ടാണ് പൊലീസിനെ സമീപിച്ചത്.
ഈ വിഷയത്തിൽ പരാതിയുമായി മുന്നോട്ടു പോകുന്നില്ല എന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. ഇരു കുടുംബങ്ങളും തമ്മിൽ സംസാരിച്ച് തെറ്റിദ്ധാരണ മാറ്റി. കേരളം കാണാൻ ഒമാനിൽ നിന്ന് എത്തിയ കുടുംബത്തെ പൊലീസ് വിട്ടയച്ചു.
ആരിൽ നിന്നും ഒന്നും വാങ്ങരുത് എന്ന് കുട്ടികളോട് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാകാം കുട്ടികൾ അങ്ങനെ പറഞ്ഞത്. അവർ വല്ലാതെ ഭയന്നുപോയെന്ന് കുട്ടികളുടെ അമ്മയുടെ പ്രതികരിച്ചു.
കുട്ടികൾക്ക് മിഠായി നൽകുന്ന വീഡിയോ അമ്മയെ കാണിച്ചിരുന്നു. കുട്ടി മിഠായി വേണ്ട എന്ന് പറയുന്നതും വീഡിയോയിൽ നിന്നും വ്യക്തമായി. മിഠായി നൽകിയതാണെന്നത് ഒമാനിൽ നിന്നെത്തിയവർ കുട്ടിയുടെ അമ്മയെ ബോധ്യപ്പെടുത്തിയിരുന്നു. കുടുംബമായി കേരളത്തിലേക്ക് വന്നതാണെന്നും മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ല എന്നും ഇവർ പറഞ്ഞു.