
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കേരളം. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണം എന്നാണ് സൂചന.
ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണമെന്നാണ് കണക്കു കൂട്ടൽ. ക്ഷേമ പെൻഷനിൽ വർധനവുണ്ടാകുമോ, സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയിൽ എന്ത് തീരുമാനമെടുക്കും എന്നീ കാര്യങ്ങളിൽ ആകാംക്ഷ നിലനിൽകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ നിർണായക തീരുമാനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം.
ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കര്‍ഷകര്‍. നെല്ല് സംഭരണത്തില്‍ അപാകതയും കൊടുക്കുന്ന നെല്ലിന് സമയബന്ധിതമായി പണം ലഭിക്കാത്തതും കഴിഞ്ഞ കാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകരെ കുറച്ചൊന്നുമല്ല വലിച്ചത്. പൂര്‍ത്തിയാകാത്ത കുട്ടനാടന്‍ പാക്കേജിന് ഇത്തവണത്തെ ബജറ്റില്‍ എന്തായിരിക്കും നീക്കിയിരിപ്പ്? യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ റബറിന്റെ താങ്ങുവില 250 ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് റബര്‍ കര്‍ഷകര്‍.
ബജറ്റിന്റെ അച്ചടിച്ച കോപ്പിയുമായി ഉദ്യോഗസ്ഥര്‍ വിഡി സതീശന്റെ വസതിയിലെത്തി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിഡി സതീശനെ കാത്തിരിക്കുന്നത്.
ബജറ്റിന്റെ അച്ചടിച്ച കോപ്പി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറിയത്. കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് കൈമാറിയത്.
ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങി. ബജറ്റിനെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും പ്രതികരിക്കാതെയാണ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നും സഭയിലേക്ക് ഇറങ്ങിയത്.
കേരളം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയെന്ന് ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി. വരുമാനത്തിൽ 20ന്റ ചെലവിടുന്നത് പലിശയ്ക്കെന്നും വിമർശനം. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചുവർഷത്തെ ദിശാസൂചികയെന്നും മുഖ്യമന്ത്രി.
മിഷൻ സമുദ്ര കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി. മിഷൻ സമുദ്രയ്ക്ക് നീക്കി വച്ചിരിക്കുന്നത് 400 കോടി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. മാരി ടൈം മ്യൂസിയത്തിന് 50 കോടി.
കിഫ്ബിയുടെ സമഗ്ര പരിഷ്ക്കരണം ഉണ്ടാവുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുവാനും തീരുമാനം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കും. വൻകിട നിക്ഷേപം കൊണ്ടു വരുന്നതിലൂടെ ഖജനാവ് നിറയ്ക്കുമെന്നും ബജറ്റിൽ പരാമർശം.
തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ഏകീകൃത സാമ്പത്തിക കേന്ദ്രമാക്കുന്ന സതേൺ കേരള ഇക്കണോമിക് കോറിഡോർ തുടങ്ങും. ഇതിൻ്റെ പഠനത്തിനായി വിദഗ്ധ ഏജൻസിയെ നിയമിക്കും. ഇതിനായി 50 കോടി നീക്കി വച്ചു. ഏവിയേഷൻ ഹബ്ബിൻറെ ആരംഭ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിട്ടുള്ളത് 200 കോടി.
നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരള തുടങ്ങും. മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സമിതി രൂപീകരിക്കും. പതിനായിരം എസ്എംഇകൾ. ഇതിനായി 100 കോടി ബജറ്റിൽ വകയിരുത്തി.
മാരക രോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നടത്താന്‍ കഴിയാത്തവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത തരത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന, അര്‍ഹരായവര്‍ക്കുള്ള പദ്ധതി. ഇത്തരത്തിലുള്ളവര്‍ക്ക് സഹായം ലഭിക്കുന്നതിനായി സാങ്കേതിക വിദ്യാധഷ്ഠിത പദ്ധതിയാണ് വണ്‍ കേരള കരുതല്‍ മിഷന്‍.
ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റം വരുത്തും. സ്വകാര്യ സർവകലാശാല ബിൽ മാറ്റം വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി. റിസർച്ച് പാർക്കിന് 60 കോടി.
കേരള സിൽവർ എക്കണോമി കൊണ്ടുവരും. വയോജനവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുന്നത് പത്തു കോടി. ആരോഗ്യ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര കെയർ ഗിവൺ സർട്ടിഫിക്കറ്റ് കോഴ്സുകൾ.
കേരളത്തിൻ്റെ ഭാവി ഊർജ പദ്ധതിക്ക് ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി. സമഗ്രമായ ലാൻഡ് മാനേജ്മെൻറ് നയം രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.
ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ. ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കും. ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും. ഇതിനായി 50 കോടി നീക്കിവച്ചു.
സിനിമ മേഖലയെ വികസിപ്പിക്കാൻ ബജറ്റിൽ സമഗ്ര പദ്ധതി. കൊച്ചിയിൽ ചിത്രനഗരം സ്ഥാപിക്കും. ഇതിനായി 100 കോടി വകയിരുത്തി. എം.ടി. വാസുദേവൻ നായർ കൾചറൽ പാർക്ക് കോഴിക്കോട് സ്ഥാപിക്കും. ഇതിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോൺസൻ മാഷിൻ്റെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമിയും ആരംഭിക്കും. കലാ സാംസ്കാരിക മേഖലയിൽ 203.9 കോടി രൂപ.
ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ ഒരു കുടുംബത്തിന് 25 ലക്ഷത്തിൻ്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും. ഇതിൻ്റെ പ്രാരംഭ പ്രവ്ർത്തനങ്ങൾക്കായി 10 കോടി രൂപ നീക്കിവച്ചു.
തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി നീക്കി വച്ചു. കേരള ഗോൾഡ് ഹബ്ബിന് 10 കോടി അനുവദിച്ചു. കൊച്ചി ആലുവ പെരുമ്പാവൂർ ബെൽറ്റിനെ ഫർണിച്ചർ നിർമാണ ഹബ് ആക്കി മാറ്റും.
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കായി ബജറ്റിൽ 600 കോടി വകയിരുത്തി. മലയാളം എഐ സംരംഭത്തിനായി 10 കോടി. പട്ടിക ജാതി മേഖലയ്ക്ക് 527.68 കോടി, പട്ടിക വർഗ മേഖലയ്ക്ക് 152.52 കോടി രൂപയും അധികമായി അനുവദിച്ചു.
റബ്ബറിൻ്റെ താങ്ങുവില 200ൽ നിന്നും 250 ആയി വർധിപ്പിച്ചു. കൃഷി അനുബന്ധ മേഖലയ്ക്കായി കൂടുതൽ തുക വകയിരുത്തി. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി. 258.88 കോടി രൂപ മൃഗ സംരക്ഷണ പ്രവർത്തനത്തിന്. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി.
ക്ഷീര വികസനത്തിന് ബജറ്റിൽ 102.88 കോടി വകയിരുത്തി. നിലവിൽ 70 ലക്ഷം ലിറ്ററാണ് പാൽ ഉൽപാദനം. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പാൽ ഉൽപാദനം ഒരുകോടി ലിറ്റർ ആക്കി ഉയർത്തും. അധികം വരുന്ന പാൽ മൂല്യ വർധിത ഉത്പന്ന നിർമാണത്തിന് ഉപയോഗിക്കും.
ഫിഷറീസ് വികസനത്തിനായി ബജറ്റിൽ 200 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി. എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി അശാസ്ത്രീയത പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക രീതികൾ നടപ്പാക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി നീക്കി വച്ചു. കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തും. ഇവയെ മാറ്റി പാർപ്പിക്കുന്നതിനുള്ള നിയമവിധേയ നടപടി സ്വീകരിക്കും
വിലങ്ങാട് പാക്കേജിനായി 5 കോടി ബജറ്റിൽ വകയിരുത്തി. ഇടുക്കി,വയനാട്, കാസർകോട് ജില്ലകൾക്കായി പ്രത്യേക പാക്കേജ്. വിദ്യാഭ്യാസം, ഉപജീവനം,ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകിയുള്ളതാണ് പാക്കേജ്.
എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ സര്ക്കാർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ബജറ്റിൽ. കാസറഗോഡ് മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന പ്രവർത്തന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
പരമ്പരാഗത വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും വ്യാവസായ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി 1115. 48 കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം. കയർ കയറ്റുമതിക്ക് പ്രോത്സാഹനം നൽകും. കശുവണ്ടി മേഖലയ്ക്ക് 56 കോടി നീക്കി വച്ചു. വളർന്നുവരുന്ന സംരംഭങ്ങൾക്ക് ഇൻക്യുബേഷൻ സെൻ്റർ.
ഗതാഗത മേഖലയ്ക്ക് 1578.83 കോടി അനുവദിച്ചു. തീര ദേശ ജലഗതാഗതം മെച്ചപ്പെടുത്തും. റോഡ് അപകടങ്ങൾ കുറയ്ക്കുവാനും പദ്ധതി. നികുതി വെട്ടിപ്പ് തടയാൻ ടാക്സ് ഇൻറലിജൻസ് സംവിധാനം കൊണ്ടുവരും.
ഉത്തരവാദിത്ത ടൂറിസം വിപുലീകരിക്കും. മുസിരിസ് ടൂറിസം പദ്ധതി വിപുലപ്പെടുത്താൻ 19 കോടി അനുവദിച്ചു. തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കും.
എല്ലാ പെൺകുട്ടികൾക്കും സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകാൻ പദ്ധതി. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1478.57 കോടി നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരും. ഗവേഷണത്തിന് പ്രാധാന്യം നൽകും. അർഹമായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിൻ്റെ പേരിൽ റാഗിംഗ് വിരുദ്ധ സ്ക്വാഡ്.
കായിക യുവജന മേഖലയുടെ വികസനത്തിന് 173.77 കോടി അനുവദിച്ചു. 2036 ലെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ താരങ്ങളെ പ്രാപ്തമാക്കാൻ മിഷൻ 2036.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്ത സജ്ജമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും. സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും. 40 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ പദ്ധതി.
പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി കൊണ്ടുവരും. ഗ്രാൻഡ് സമയബന്ധിതമായി കൊടുത്തു തീർക്കും. ഭിന്നശേഷിക്കാർക്ക് തടസരഹിത യാത്ര ഉറപ്പാക്കാൻ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം കൊണ്ടുവരും.
മലപ്പുറത്ത് ക്യാൻസർ സെൻ്റർ ആരംഭിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി അനുവദിച്ചു. ക്യാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. എസ്എംഎ ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പദ്ധതിയായ കോട്ടയെത്തെ 'സ്കൈ വാക്ക്' പദ്ധതി നടപ്പിലാക്കും. ആറന്മുള വള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് 15000 രൂപയാക്കി. സലിം കുമാർ സ്മാരകം എറണാകുളത്ത് നിർമിക്കും. ശ്രീനാരായണഗുരുവിന് ഡൽഹിയിൽ സാംസ്കാരിക കേന്ദ്രം.
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. ഡിഎ, ഡിആർ എന്നിവ മുടക്കു കൂടാതെ നൽകും. അഷ്വേഡ് പെൻഷനിൽ അപാകതയുള്ളതിനെ കുറിച്ച് പഠിക്കും. മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ൽ നിന്ന് 15 ശതമാനം ഉയർത്തി. 20% വരെ വീര്യമുള്ള മദ്യത്തിൻറെ നികുതി പുനക്രമീകരിച്ചു.
ക്ഷേമ പെൻഷൻ വർധനവ് ഇല്ലാതെ വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. കേന്ദ്ര ഫണ്ടിലും വിമർശനമില്ല. പദ്ധതികളും പരിപാടികളും വേഗം കൂട്ടുമെന്നും ബജറ്റിൽ പരാമർശം.
ഡിജിറ്റല്‍ ധാര്‍മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നൊവേഷന്‍ ഹബ്ബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചു.
വനിതകള്‍ക്കായി 'കൃഷി സഖി - വനിതാ കര്‍ഷക വികസന പരിപാടി' നടപ്പാക്കും. 2050-ഓടു കൂടി കേരളത്തെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും.
റബ്ബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്നും 300 ആക്കുമെന്നായിരുന്നു യുഡിഎഫ് പ്രകടന പത്രികയെന്നും ജോസ് കെ. മാണി. കാർഷിക ബജറ്റ് ഉണ്ടാകും എന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണമെന്നും ജോസ് കെ.മാണി
കേരളം സാമ്പത്തികമായി അപകടാവസ്ഥയിൽ എന്നാണ് എന്നാണ് ബജറ്റിൻ്റെ ആമുഖത്തിൽ പറയാൻ ശ്രമിച്ചത്. പക്ഷേ, ബജറ്റ് ആകെ പരിശോധിച്ചാൽ അങ്ങനെ അല്ല എന്ന് മനസ്സിലാക്കാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രണ്ടായിരം കോടിയുടെ അധിക വകയിരുത്തൽ ബജറ്റിൽ ഉണ്ട്.
ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പ്രഖ്യാപിച്ചത് സ്വകാര്യവത്ക്കരണത്തിന് വേണ്ടിയെന്ന് സംശയം. സ്വകാര്യ കുത്തകകൾക്ക് വേണ്ടി ലാൻഡ് മാനേജ്മെൻറ് നയം നടപ്പാക്കാൻ ആണ് നീക്കം. നെഹ്റുവിയൻ എന്ന് പറയുന്ന മുഖ്യമന്ത്രി ആ ആശയത്തെ കുഴിച്ചുമൂടുന്നു.
കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബജറ്റിലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ പശ്ചാത്തല വികസനം നടന്നുതിൻ്റെ ചാലക ശക്തി തന്നെ കിഫ്ബിയാണ്. അതിൻ്റെ ചിറകരിയുന്ന നിലപാടാണ് ബജറ്റിൽ. SC, ST വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് ലൈഫ് പദ്ധതി തകർക്കാനുള്ള നീക്കമെന്നും പിണറായി വിജയൻ.
സർക്കാർ തുടക്കത്തിൽ തന്നെ ബിസിനസിലേക്ക് പോകും എന്ന് കരുതിയതല്ലെന്നും ഇന്ദിര ഗാരൻ്റിയിലെ രണ്ട് പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നും കെ.എൻ. ബാലഗോപാൽ. റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് കേരളം വാങ്ങിയെടുക്കേണ്ട തുകയെന്നും കെ.എൻ. ബാലഗോപാൽ.
ബജറ്റ് നിരാശാജനകമെന്ന് ബിജെപി എംഎൽഎ ബി.ബി. ഗോപകുമാർ. കാണാനും വായിക്കാനും കൊള്ളാം. മുഖ്യമന്ത്രി കസേരയിൽ ആളുമാറിയതല്ലാതെ നയം മാറിയിട്ടില്ല. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് എന്ത് അന്വേഷണം നടത്തുമെന്നും ഗോപകുമാർ.
എൽകെജി നിലവാരം പോലും ഇല്ലാത്ത ബജറ്റെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണ ദാസ്. കോൺഗ്രസ് പ്രകടന പത്രികയുടെ ആവർത്തനമെന്നും വിമർശനം. വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും കൂട്ടരും അക്കാര്യങ്ങൾ വിസ്‌മരിച്ചു. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഈ ബജറ്റ് തെളിയിക്കുന്നു.
ഇത് ബജറ്റല്ല നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളുടെ വിഷ് ലിസ്റ്റാണെന്ന് എം.ബി. രാജേഷ്. ബജറ്റ് പ്രസംഗം കേൾക്കാനിരുന്നെങ്കിലും ഇരുണ്ട കാലം പെട്ടെന്ന് തിരിച്ചെത്തിയതിനാൽ മുഴുവനായും കേൾക്കാൻ സാധിച്ചില്ലെന്നും പരിഹാസം.
കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. പുതുയുഗ കേരളം സൃഷ്ടിക്കാൻ ബജറ്റിന് ആയിട്ടില്ല. കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിലില്ല. യുഡിഎഫ് സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണെന്നും കെ.സുരേന്ദ്രൻ.
കെഎസ്ആർടിസി സൗജന്യ യാത്രയ്ക്ക് 600 കോടിയാണ് നൽകിയിട്ടുള്ളുവെന്നും 800 കോടിയെങ്കിലും ചെലവ് വരുമെന്നും തോമസ് ഐസക്ക്. പണം എന്നെങ്കിലും കൊടുത്താൽ പോരാ. വണ്ടി ഓടണമെങ്കിൽ ഡീസൽ വേണം. കിഫ്‌ബി പൊളിക്കണമെങ്കിൽ പൊളിച്ചോളൂ. പക്ഷേ തുടങ്ങിയ ഒരു പദ്ധതികളും നിർത്താൻ അനുവദിക്കില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റാണെന്ന് പി.രാജീവ്. വ്യവസായ മേഖലയ്ക്ക് നൽകിയതിൽ 302 കോടി രൂപ കുറഞ്ഞു. പൊതുമേഖലയുടെ ഭൂമി പൊതുമേഖലയ്ക്ക് ഉപയോഗിക്കണമെന്ന കാഴ്ചപ്പാട് മാറി. എംഎസ്ളെഎംഇകളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമെന്നും പി.രാജീവ്.
ബജറ്റിൽ എന്തൊക്കെയോ ഉണ്ട് എന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വകാര്യവൽക്കരണത്തിന് വലിയ പ്രാധാന്യം നൽകി. ആർക്കാണ് മുൻതൂക്കം എന്നത് നിശ്ചയിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. തൊഴിലാളികളെയും പാവങ്ങളെയും കളിപ്പിക്കുന്ന ബജറ്റാണെന്നും കുറ്റപ്പെടുത്തൽ.
ഫിലിം സിറ്റി പ്രഖ്യാപനം സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സന്തോഷമുള്ള വാർത്ത. സിനിമ കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. സിനിമയെ വ്യവസായമായി അംഗീകരിച്ച തീരുമാനം അഭിനന്ദനാർഹമെന്നും ടൊവിനോ പറഞ്ഞു.