യാത്ര ചെയ്യാൻ ബസിനെ ആശ്രയിക്കുന്നവർക്ക് ബസ് സ്റ്റോപ്പുകൾ ഒരാശ്രയം തന്നെയാണ്. നല്ല പൊരി വെയിലത്ത്, അല്ലെങ്കിൽ കോരിച്ചൊരിയുന്ന മഴയത്ത്, ഇതൊന്നുമില്ലെങ്കിലും അൽപനേരം കാത്തു നിൽക്കാനോ, ഇരിക്കാനോ തണലുള്ള ഒരിടം അത് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. നാട്ടിൻപുറത്തെ മരത്തിൻ്റെ ചുവടുകൾ മുതൽ ആധുനിക സംവിധാനത്തിലൊരുക്കിയ കാത്തു നിൽപ്പുകേന്ദ്രങ്ങൾ ഇന്ന് പലയിടത്തുമുണ്ട്. കുടിക്കാൻ വെള്ളം പോലുള്ള സൗകര്യങ്ങൾ ലഭിക്കുന്ന ഇടങ്ങളും കാണും.
ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന ഭൂരിഭാഗം മനുഷ്യരുടേയും ലക്ഷ്യം എത്രയും വേഗം അടുത്ത ബസ് കയറി പോകണം എന്നായിരിക്കും. വയനാട്ടിലെ ഒരു ബസ് സ്റ്റോപ്പിലെത്തുന്നവർക്ക് അങ്ങനെയല്ല. ഇവിടെയെത്തുന്നവരെ അൽപനേരം പിടിച്ചിരുത്താൻ കഴിയുന്നയത്രയും മനോഹരമാണ് ഈ കാത്തിരിപ്പുകേന്ദ്രം. മേൽക്കൂരയായി പർപ്പിൾ പൂക്കൾ പരവതാനി വിരിച്ചയിടം.
പർപ്പിൾ നിറത്തിലുള്ള പൂക്കൾ ചൂടി മൊഞ്ചത്തിയായൊരു ബസ് കാത്തിരിപ്പ് കേന്ദ്രം. വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന പൂക്കൾ പ്രദേശവാസികളുടെയും യാത്രക്കാരുടെയെല്ലാം മനസ്സ് കീഴടക്കുകയാണ്. സുൽത്താൻ ബത്തേരി പാട്ടവയൽ റോഡിലെ നമ്പികൊല്ലി ടൗണിലാണ് പൂക്കളാൽ നിറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.
ബത്തേരി പാട്ടവയൽ റോഡിലെ നമ്പികൊല്ലി ടൗണിലുള്ള ബസ് സ്റ്റോപ്പിലെത്തുന്നവർക്ക് അത്ര വേഗം അവിടുന്ന് പോകാൻ തോന്നില്ല. പർപ്പിൾ നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ഇവിടെയിരിക്കാനും ഒരു ഫോട്ടോയെടുക്കാനും തോന്നാത്തവരായി ആരുമുണ്ടാകില്ല. ബസ് സ്റ്റോപ്പിലേക്കെത്തുന്നവർക്ക് മാത്രമല്ല വഴി യാത്രക്കാരെയും ആകർഷിക്കുകയാണ് ഇവിടം.
പ്രദേശവാസിയായ ജോയി പന്ത്രണ്ട് വർഷം മുമ്പാണ് വൈൽഡ് ഗാർളിക് വൈൻ ഇനത്തിൽപെട്ട ചെടി കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നട്ടത്. പിന്നീട് നമ്പികൊല്ലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരെല്ലാം ചേർന്ന് പരിപാലിച്ചു. ഇപ്പോൾ ബസ് കേന്ദ്രത്തിനുമുകളിൽ പടർന്ന് കയറി മനോഹരമായ പൂക്കൾ വിടർത്തി നിൽക്കുകയാണ് ഈ ചെടി.
കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ ചെടി പടർന്നതിനാൽ വേനലിൽ നല്ല തണുപ്പുമാണ്. വർഷത്തിലൊരിക്കൽ മാത്രം പൂത്ത് നിൽക്കുന്ന ഇവിടം ഇപ്പോൾ നമ്പിക്കൊല്ലിയിലെ പ്രധാന കേന്ദ്രമായി കഴിഞ്ഞു. ബസ് കയറാൻ മാത്രമല്ല ഈ പൂക്കളെ കാണാനും കൂടിയാണ് ഇപ്പോക്ഷ ആളുകൾ നമ്പികൊല്ലി ടൗണിലുള്ള ഈ ബസ് സ്റ്റോപ്പിലെത്തുന്നത്.