
സംസ്ഥാനത്തെ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. ഡ്രൈവിംഗ് സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. നിലവിൽ സംസ്ഥാനത്ത് 23 സ്ഥലങ്ങളിലായി എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുക. മന്ത്രി ഗണേഷ് കുമാർ ചടങ്ങിൽ പങ്കെടുക്കും.
ഡ്രൈവിങ് സ്കൂളുകളിലെ ഫീസും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഹെവി, ലൈറ്റ് വെയ്റ്റ് വാഹനങ്ങള്‍ക്ക് 9000 രൂപയും ഇരു ചക്രവാഹനങ്ങള്‍ക്ക് 3500 രൂപയുമാണ് ഫീസ്. കാറും,ഇരു ചക്ര വാഹനവും ചേർത്ത് 11000 രൂപയ്ക്ക് പ്രത്യേക പാക്കേജുമുണ്ട്. സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകളെ അപേക്ഷിച്ച് 40 ശതമാനത്തോളം കുറവാണ് ഫീസിൽ ഉള്ളത്.
ഇതുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ മൂന്നുമാസത്തിനുള്ളിൽ തയ്യാറാക്കുമെന്നും ലേണേഴ്സ് ടെസ്റ്റിനു മുൻപ് മോക്ക് ടെസ്റ്റ് നടത്തുമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.ഡ്രൈവിംഗ് ലൈസൻസിൻ്റെ കാര്യത്തിൽ സർക്കാറിനെ വെല്ലുവിളിച്ചത് കൊണ്ടാണ് കെഎസ്ആർടിസി സ്വന്തം നിലയ്ക്ക് ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാൻ തീരുമാനിച്ചത്. ഒരു ഡ്രൈവിങ് സ്കൂൾ എങ്ങനെ നടത്തണം എന്നതിന് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ മാതൃകയാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹൈക്കോടതി നിർദേശ പ്രകാരമായിരിക്കും ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുക.കോടതി പഴയപോലെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് പറഞ്ഞാൽ അതിലേക്കു തന്നെ മടങ്ങും. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ വട്ടം പിടിക്കുന്നത് ശരിയല്ലെന്നും എന്തിനും സമരം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഡ്രൈവിങ് പരിശീലനരംഗത്ത് പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനെ സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്‌കൂളുകാർ എതിർത്തിരുന്നു.അതിനു പിന്നാലെ പരിശീലനം നിർത്തിവെച്ചു കൊണ്ട് പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു.