'ജാതിയും മതവും ഇല്ലാത്തത് അയോഗ്യതയല്ല'; സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
'ജാതിയും മതവും ഇല്ലാത്തത് അയോഗ്യതയല്ല';  സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും

ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് വിയ്യൂർ ജയിൽ സൂപ്രണ്ടിൻ്റെ മുറിയിൽ സത്യപ്രതിജ്ഞ. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മാധ്യമങ്ങൾക്കും പ്രവേശനം. ജയിലിലെ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യം.

വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ സിപിഐ

പ്രതിപക്ഷ ഉപനേതൃപദവിയിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ സിപിഐ. തർക്കം പരിഹരിക്കാൻ സിപിഐഎം- സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്. എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ ബിനോയ് വിശ്വത്തെ കാണും. കൂടിക്കാഴ്ച എം.എന്‍. സ്മാരകത്തിൽ. പദവി ലഭിച്ചില്ലെങ്കിൽ നടപടികളിലേക്ക് കടക്കണമെന്ന് സിപിഐയിൽ അഭിപ്രായം.

ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

ഹോർമുസിൽ യുഎഇ ടാങ്കറുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്ക. ഇറാനിലെ ബന്ദർ അബ്ബാസിലും കിഷ് ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ആരംഭിച്ചു.

ഡോക്‌ടർമാരെ ഇന്ന് ചോദ്യം ചെയ്യും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചതിൽ ഡോക്‌ടർമാരെ ഇന്ന് ചോദ്യം ചെയ്യും. അനസ്തീഷ്യ നൽകിയ ഡോക്ടർ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ്‌ പയ്യന്നൂർ പൊലീസ് ചോദ്യം ചെയ്യുക. മൂന്ന് പേരോടും സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ മാത്രമാണ് കേസിൽ പ്രതി.

പിഎസ്‌സി പരീക്ഷ തട്ടിപ്പ്: അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനം

ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ അന്വേഷണ സംഘം വിപൂലികരിക്കാന്‍ തീരുമാനം. കംപ്യൂട്ടർ വിദഗ്ധരെയടക്കം സംഘത്തിൽ ഉള്‍പ്പെടുത്തും. ആസൂത്രണ ബോര്‍ഡിലെ 2019ലെ പിഎസ്‌സി പരീക്ഷ തട്ടിപ്പും എസ്ഐടി പരിശോധിക്കുന്നു. ചീഫ് തസ്തികകളിൽ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടു. 2019ല്‍ എഴുത്തുപരീക്ഷയില്‍ പിന്നിലായ ഇടത് നേതാവിന് ഒന്നാം റാങ്ക് ഉറപ്പിക്കാന്‍ അഭിമുഖത്തിന് പിഎസ്സി നല്‍കിയത് 40ല്‍ 38 മാര്‍ക്കാണ്.

മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പികൊണ്ട് ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

Source: News Malayalam 24x7

കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പിയുമായി എത്തി ഹോട്ടൽ അടിച്ചു തകർത്ത് യുവാവ്. മന്തി കുറഞ്ഞു പോയതാണ് പ്രകോപന കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ കസ്റ്റഡിയിലെടുത്ത് കരുനാഗപ്പള്ളി പൊലീസ്.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: വിദഗ്ധ സംഘം എത്തിയില്ല

എട്ട് പേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്ക നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിക്കാതെ സർക്കാർ. മണ്ണ് മാറ്റുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇനിയും അപകടസ്ഥലം സന്ദർശിച്ചില്ല. ദുരന്തത്തിന് പിന്നാലെ ഈ മാസം പത്തിനാണ് മൂന്നംഗ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയത് . ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശത്തെ സ്ഥിതി പഠിച്ച് റിപ്പോർട്ട് കൈമാറാനായിരുന്നു നിർദേശം.

കൊച്ചിയിൽ ഹരിതകർമസേനാംഗത്തിന് മർദനം

കൊച്ചിയിൽ ഹരിത കർമസേനാംഗത്തിന് മർദനമേറ്റു. മാലിന്യം എടുത്ത പണം ആവശ്യപ്പെട്ടതിനാണ് ഹരിത കർമസേനാംഗം സിജോയ്ക്കും ഭാര്യയ്‌ക്കും മർദനമേറ്റത്. കലൂർ ഫ്രീഡം റോഡിൽ താമസിക്കുന്ന ഷാജഹാനാണ് മർദിച്ചത്.

ആലപ്പുഴ മർദനക്കേസിൽ കൂടുതൽ വ്യക്തത തേടി ഡിജിപി

മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചതിൽ എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ പങ്കിൽ കൂടുതൽ വ്യക്തത തേടി ഡിജിപി. പ്രത്യേക അന്വേഷണ സംഘത്തോട് കൂടുതൽ വിവരങ്ങൾ തേടി. എസ്ഐടി റിപ്പോർട്ടിൽ അജിത് കുമാറിനെ നേരിട്ട് കുറ്റപ്പെടുത്തിയിരുന്നില്ല. നടപടിയെടുക്കുന്നത് നിയമവശം പരിശോധിച്ച് മാത്രമെന്നായിരുന്നു എസ്ഐടി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പൊലീസ് മേധാവിയുടെ അന്തിമ റിപ്പോർട്ട് വൈകും.

ചരിത്രം കുറിക്കാൻ ഡോ. അനിൽ മേനോൻ

Source: Files

ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.17നാണ് പേടകം കുതിച്ചുയരുക. ഇന്ത്യൻ സമയം രാത്രി 11.56ഓടെ പേടകം ബഹിരാകാശ നിലയവുമായി ഡോക് ചെയ്യും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍.

'നേതാക്കൾ നഗരകേന്ദ്രീക്രതം മാത്രമായി'; ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം പരാജയമെന്ന് വിമർശനം

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം പരാജയമെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനം. യുവാക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സംഘടനയ്ക്കാകുന്നില്ല. പുതിയ കാലഘട്ടത്തിന് അനുസരിച്ച് സംഘടന മാറുന്നില്ല. സച്ചിൻ ദേവ് അടക്കം, തെരഞ്ഞെടുപ്പിൽ സിറ്റിങ്ങ് എംഎൽഎമാരെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമെന്നും വിമർശനം.

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു

Source: News Malayalam 24x7

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂർ സ്വദേശിയായ 19-കാരൻ സുദർശനാണ് കുത്തേറ്റത്. സംഭവത്തിൽ വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലിയേയും പ്രായപൂർത്തിയാകാത്ത ഒരാളേയും പിടികൂടി. പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.

യൂട്യൂബർ തൊപ്പി ഒളിവിൽ

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിയെന്ന നിഹാദ് ഒളിവിൽ. തൊപ്പിക്കായും കൂട്ടാളിക്കായും തിരച്ചിൽ ഊർജിതമാക്കി പൊലീസ്. അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തി. കംപ്യൂട്ടർ അടക്കമുള്ളവ പിടിച്ചെടുക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം.

ഉമാംഗ് സുരക്ഷിതമല്ല? 

കേന്ദ്ര സർക്കാരിന്റെ ഉമാംഗ് ആപ്പിൽ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ. പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ചോർത്താൻ കഴിയുമെന്ന് വിദഗ്ധർ കണ്ടെത്തി. ആപ്പ് വഴി ലഭ്യമാകുന്ന നൂറോളം സർവീസുകളിലെ വിവരങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുന്ന രീതിയിലെന്ന് വിദഗ്ധർ.

ജി. സുധാകരനുമായി രഹസ്യ ചർച്ച?

ജി. സുധാകരനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കായംകുളം ഏരിയ കമ്മിറ്റി അംഗവുമായി രഹസ്യ ചർച്ച. കായംകുളം റസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ ഇരുവരും ചേർന്ന് ചർച്ച നടത്തിയപ്പോൾ, കൂടെയുണ്ടായിരുന്ന പാർട്ടി അംഗം പുറത്തുനിന്നു. രഹസ്യ ചർച്ചയ്ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് ഒരു വിഭാഗം പ്രവർത്തകർ പരാതി നൽകി. എം.വി. ഗോവിന്ദനെ ജി. സുധാകരൻ രൂക്ഷമായി വിമർശിച്ച ദിവസമാണ് ചർച്ച നടന്നത്.

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായേക്കും

കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കും. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് പരിഗണിച്ചെന്നാണ് വിവരം. ബ്രഹ്മദത്തൻ തന്ത്രിയാകുന്നതിൽ ബോർഡിന് എതിരഭിപ്രായമില്ല. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും.

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജ്മെൻ്റും ഇ.ഡിയുടെ ചോദ്യമുനയിലേക്ക്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടത്തിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജ്മെന്റും ഇ.ഡിയുടെ ചോദ്യമുനയിലേക്ക്. മാനേജ്മെന്റ് അംഗങ്ങൾക്കും ഡോക്ടർമാർക്കും ഇ.ഡി സമൻസ് നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ലേക്‌ഷോർ ആശുപത്രി അധികൃതരുടെ മൊഴികളിൽ വ്യക്തതയില്ലെന്ന് ഇ.ഡി. ആശുപത്രി എംഡിയെയും ഡോക്ടർമാരെയും വീണ്ടും ചോദ്യം ചെയ്യും.

വിയറ്റ്‌നാംബോട്ട് അപകടം; കൊല്ലം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലേക്ക്

വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലേക്ക് . തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹങ്ങളിൽ സർക്കാരിന് വേണ്ടി മന്ത്രിമാരായ സി. പി. ജോൺ,പി. സി. വിഷ്ണുനാഥ് കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തലസ്ഥാനത്തുനിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ട് പോയ മൃതദേഹങ്ങൾ ഇന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.നാളെ 10 മണി മുതൽ മാർത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലിൽ പൊതുദർശനത്തിന് ശേഷം 3.30 യ്ക്ക് കുടുംബകല്ലറയിൽ സംസ്കാരം നടത്തും.

പെരുമ്പാവൂരിൽ ആശാപ്രവർത്തകയ്ക്ക് നേരെ അതിക്രമം; വീടിനുള്ളിൽ കടന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി

പെരുമ്പാവൂരിൽ ആശാപ്രവർത്തകയുടെ വീടിനുള്ളിൽ അതിക്രമിച്ചുകയറി ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. പത്താംതീയതി വൈകിട്ട് ഏഴുമണിയോടെയിരുന്നു സംഭവം. ആശാ പ്രവർത്തക തൊട്ടടുത്ത വീട്ടിലുള്ള രോഗിയെ പരിചരിച്ച ശേഷം സ്വന്തം വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോൾ സാധനസാമഗ്രികൾ വലിച്ചുവാരിയിട്ട നിലയിലും. ഇവർ ഈ സാധനസാമഗ്രികൾ അടുക്കി വയ്ക്കുന്നതിനിടയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജിയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സജിക്ക് കടന്നൽ കുത്തേറ്റത്.

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: 'തൊപ്പി'ക്കായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നിർണായക നീക്കം. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയ ശേഷമാണ് തൊപ്പി ഒളിവിൽ പോയത്. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.

ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നു; തൃശൂർ  കെപിസിസി സെക്രട്ടറിക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പരാതി

തൃശൂരിൽ കെപിസിസി സെക്രട്ടറിക്കെതിരെ കോൺഗ്രസ് ജില്ലാ നേതാക്കളുടെ പരാതി. കെപിസിസി സെക്രട്ടറിയും ഒല്ലൂർ മണ്ഡലം സ്ഥാനാർഥിയും ആയിരുന്ന ഷാജി ജെ, കോടങ്കണ്ടത്തിന് എതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും മണ്ഡലത്തിൽ ഗ്രൂപ്പ് പ്രവർത്തനം തുടരുന്നതായി ആരോപണം. ഷാജി ഒല്ലൂരിൽ സജീവമാകുന്നത് തടയണമെന്ന് പരാതിക്കാരുടെ ആവശ്യം.

കടം വാങ്ങിയ പണം ചോദിച്ചതിന് വീടുകയറി മർദനം; പത്തനംതിട്ടയിൽ കടയുടമയ്ക്കും ഭിന്നശേഷിക്കാരനായ കുട്ടിക്കും പരിക്ക്

പത്തനംതിട്ടയിൽ കടം വാങ്ങിയ സാധനങ്ങളുടെ പണം തിരികെ ചോദിച്ചതിന് കടയുടമയെയും ശാരീരിക വെല്ലുവിളിയുള്ള കുട്ടിയെയും വീടു കയറി മർദിച്ചതായി പരാതി. ഷറഫുദ്ദീൻ(70), റസിയ ബീവി(65) ഇവരുടെ കൊച്ചുമകൻ എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് കേസെടുത്തതോടെ കുക്കൂ എന്നു വിളിക്കുന്ന സുമേഷ് ഒളിവിൽപ്പോയി

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി; പൊലീസ് റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. പീഡിയാട്രിക്, പ്ലാസ്റ്റിക് സർജറി ഡോക്ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തി. പൊലീസ് റിപ്പോർട്ട് ഡിഎംഒക്ക് കൈമാറി.

ജുവനൈൽ ഹോമിൽ നിന്ന് ചാടി വീണ്ടും മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന പതിനേഴുകാരൻ പിടിയിൽ

കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പതിനേഴുകാരൻ പിടിയിൽ. കണ്ണാടിപ്പറമ്പിലാണ് സംഭവം. ചുമര് കുത്തിത്തുറന്നായിരുന്നു മോഷണം. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടിയ ശേഷമാണ് പ്രതി മോഷണം നടത്തിയത്

പരിസ്ഥിതി പ്രവർത്തകൻ  സലാം നടുക്കണ്ടി അന്തരിച്ചു

കോഴിക്കോട്:പരിസ്ഥിതി പ്രവർത്തകനായ സലാം നടുക്കണ്ടി അന്തരിച്ചു. മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ്' ജേതാവുമാണ്. എം.എൻ കാരശ്ശേരിയുടെ സഹോദരനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദ്യാഭ്യാസ - സാമൂഹിക - പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി ജയിലില്‍ തുടരും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ പ്രതി പള്‍സര്‍ സുനിക്ക് തിരിച്ചടി. ശിക്ഷാവിധി മരവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പള്‍സര്‍ സുനി ജയിലില്‍ തുടരും... ശിക്ഷ് മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടി സ്ഥാപിച്ചു.

ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തർക്കം; നഗരൂരിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ സംഘർഷം

തിരുവനന്തപുരം നഗരൂരിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത് സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. കിളിമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനത്തിൽ പരിക്കേറ്റത്

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ടൂറിസ്റ്റ് ബസ് കേടായതാണ് കുരുക്കിന് കാരണം. ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

പത്തനംതിട്ട നടുറോഡിൽ യുവാവിന്റെ പരാക്രമം; പിക്കപ്പ് വാൻ അടിച്ചുതകർത്തു

പത്തനംതിട്ട വടശ്ശേരിക്കരയിൽ നടുറോഡിൽ യുവാവിൻ്റെ പരാക്രമം. ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് പിക്കപ്പ് വാൻ അടിച്ചു തകർത്തു. വടശ്ശേരിക്കര സ്വദേശി ഷൈൻകുമാർ പിടിയിലായി.

കക്കൂസ് മാലിന്യം തള്ളുന്നത് തടഞ്ഞ യുവാക്കളെ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമം

മലപ്പുറം നഗരത്തിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ തടയാൻ ശ്രമിച്ച യുവാക്കളെ ലോറിയിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം. മച്ചിങ്ങൽ സ്വദേശികളായ യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മച്ചിങ്ങൽ ഭാഗത്ത് കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.

കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം; മലപ്പുറത്ത് സംഘർഷത്തിനിടെ 52-കാരൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കുന്നത്തുപറമ്പിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 52 കാരൻ മരിച്ചു. സംഘർഷത്തിനിടെ റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സൂപ്പർ മാർക്കറ്റിൽ നിന്ന് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.

കയർ ബോർഡ് നിയമനത്തിലും ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ്

കയർഫെഡ് നിയമനങ്ങളിലും ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ്. ഇടത് അനുഭാവമുള്ള അനുരാജ് എന്ന വ്യക്തിക്ക് പിഎസ്‍സിയുടെ രണ്ട് റാങ്ക് പട്ടികയിൽ ഒന്നാം റാങ്കെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആരോപിച്ചു. അനുരാജിന് വേണ്ടി യോഗ്യതാ മാനണ്ഡം നിശ്ചയിച്ചെന്നും ആരോപണമുണ്ട്.

കൊച്ചിയിൽ നഴ്സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാരിക്കെതിരെ കേസ്

കൊച്ചിയിൽ നഴ്സിങ് റിക്രൂട്ടമെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. രജിസ്ട്രേഷൻ അപേക്ഷ നിരസിക്കപ്പെട്ട ഉദ്യോഗാർഥികളുടെ റീഫണ്ട് തുകയുടെ പേരിൽ 20 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി. ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരി മേരി രേഷ്മ റോയിക്കെതിരെ പൊലീസ് കേസ് എടുത്തു.

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളിൽ നിന്ന് 1.35 കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. തമിഴ്നാട് സ്വദേശികളായ ദമ്പതികളിൽ നിന്ന് 1.35 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും എത്തിയത്

ഉദുമ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി

കാസർഗോഡ് ഉദുമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫിന്റെ അവിശ്വാസം പാസായി. ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് പി. വി. രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസമാണ് പാസായത്.

ലഹരിക്കായി കാൻസർ മരുന്നുകളുടെ ദുരുപയോഗം: കർശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിർദേശം

കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നുകൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ വരും ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ കോടതികൾ അടുത്ത ദിവസങ്ങളിൽ വിധി പറയും. കേസിലെ പ്രധാന ആരോപണവിധേയനായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മറ്റന്നാൾ വിധി പ്രസ്താവിക്കും. ഇന്ന് കേസിൽ വിശദമായ വാദം കേട്ട കോടതി, വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ

കേരള ചരിത്രത്തിലാദ്യമായി ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ. വിയ്യൂരിലെ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്ത് മേയർ വി.വി. രാജേഷ്. സുഗതൻ്റെ പുനഃസത്യപ്രതിജ്ഞ ദൈവനാമത്തിൽ. ആദ്യ ചടങ്ങ് ഹൈക്കോടതി അസാധുവാക്കിയത് ഗുരുദേവൻ്റെ പേരിൽ പ്രതിജ്ഞ ചെയ്തതിന്.

മന്ത്രിയെയും വിടാതെ മനോരോഗികൾ; സൈബറിടത്തിൽ ദുരനുഭവം ഉണ്ടായെന്ന് ബിന്ദു കൃഷ്ണ

സാമൂഹിക മാധ്യമങ്ങളിൽ നിന്ന് തനിക്കും ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ. 'അടുത്തിടെ കൊല്ലത്ത് ഒരു സ്കൂളിലെ ചടങ്ങിനിടെ തൻ്റെ മുഖം ഒഴിവാക്കി ശരീരത്തിലേക്ക് ക്യാമറ സൂം ചെയ്തു'. ഇപ്രകാരം പകർത്തിയ ദൃശ്യം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നും മന്ത്രി. സ്ത്രീകൾ നേരിടുന്ന സൈബർ അക്രമണങ്ങൾ ഗൗരവമായി കണക്കിലെടുക്കുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു

ശബരിമല അന്വേഷണത്തിൽ കൂടുതൽ സ്വാതന്ത്ര്യം വേണം; കോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ

ശബരിമല അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം ആവശ്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. ഇക്കാര്യം കോടതിയെ അറിയിക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ചേരുന്ന ക്യാബിനറ്റ് യോഗം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ സർക്കാർ ഫണ്ട്‌ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു.

ഫണ്ട് വെട്ടിക്കുറച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മുരളീധരന്റെ മറുപടി. മറ്റു വകുപ്പുകളുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്നും, ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെസിബി വിട്ടുനൽകില്ല; വനം വകുപ്പിന്റെ ചർച്ചയിൽ ആദിവാസി യുവാവിന് തിരിച്ചടി

ജെസിബി വനം വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ ആദിവാസി യുവാവിന് തിരിച്ചടി. വാഹനം വിട്ടുകൊടുക്കാൻ ഇന്നത്തെ ചർച്ചയിൽ തീരുമാനമില്ല. വനം വകുപ്പിൻറെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാം എന്നും ഡിഎഫ്ഒ പറഞ്ഞു. ജെസിബി വിട്ടുനൽകാം എന്ന ഉറപ്പിൽ ആണ് പ്രതിഷേധം അവസാനിപ്പിച്ചത് എന്നും നാളെ വനം മന്ത്രിയെ കാണുമെന്നും അജീഷ് വ്യക്തമാക്കി.

റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി

തിരുവന്തപുരം കുമാരപുരത്ത് റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി. ഗ്യാസ് ചോർച്ചയെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി. കുമാരപുരം പൂന്തി റോഡിൽ ആണ് ഗ്യാസ് ലൈൻ പൊട്ടിയത്.

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് സെക്രട്ടറി

കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയിൽ ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ നല്‍കി വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു . നിയമവും വസ്തുതയും പരിശോധിച്ചാണ് അനുമതി ഉത്തരവിറക്കിയത്. ഹൈക്കോടതിക്കെതിരായ എല്ലാ പരാമര്‍ശങ്ങളും നീക്കിയാണ് പുതിയ ഉത്തരവിറക്കിയത്. കോടതിയലക്ഷ്യ നടപടിയില്‍ നാളെ തീരുമാനമെടുക്കാനിരിക്കെയാണ് പുതിയ മാപ്പപേക്ഷ.

ചലച്ചിത്ര അക്കാദമി തലപ്പത്ത് നിയമനം ഉടൻ; ഐഎഫ്എഫ്കെ ഡിസംബർ ആദ്യവാരം നടത്തും: പി.സി. വിഷ്ണുനാഥ്

ചലച്ചിത്ര അക്കാദമി തലപ്പത്ത് ഉടൻ നിയമനമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ഡിസംബർ ആദ്യവാരം തന്നെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ നടത്തും. ഓഗസ്റ്റ് ഒന്നിന് തന്നെ സിനിമകൾ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ അടക്കം ഇല്ലാത്തത് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു.

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാക്കേറ്റം ഉണ്ടാകുന്നതും പിടിച്ചു തള്ളുന്നതും സിസിടിവിയിൽ വ്യക്തം. സംഘർഷത്തിനിടെ റോഡിൽ തലയടിച്ചു വീണ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ മരിച്ചിരുന്നു. കുന്നത്ത് പറമ്പ് സ്വദേശി ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലത്തീഫിനെ മരിച്ച ഫൈസൽ കോഴിമുട്ട കൊണ്ട് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ബിനോയ് വിശ്വം -ടി.പി. രാമകൃഷ്ണൻ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള ചർച്ചയിൽ ധാരണയായില്ല. പ്രതിപക്ഷ ഉപനേതാവ് പ്രശ്നം സിപിഐ ഉന്നയിച്ചിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. പ്രശ്നം പരിഹരിച്ച് എൽഡിഎഫ് കരുത്തോടെ മുന്നോട്ടുപോകും. ചർച്ചചെയ്യുന്ന കാര്യങ്ങൾ പുറത്തു പറയുന്നത് ഞങ്ങളുടെ രീതിയല്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മാധ്യമങ്ങളോട് പറയാൻ പറ്റുന്ന തരത്തിലെ തീരുമാനങ്ങൾ ആയിട്ടില്ല. സിപിഐക്കും സിപിഐഎമ്മിനും ഒരേ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനമോഷണ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ

അന്തർ സംസ്ഥാന വാഹന മോഷണ കേസുകളിലെ പ്രതികൾ കൂത്താട്ടുകുളം പൊലീസിൻ്റെ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഹാൽ, പാലക്കാട് സ്വദേശികളായ ജിബിൻ ബെൻഷാദ്, ആഷിഫ്. ടി.കെ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ പതിനൊന്നാം തീയതി നടന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. തിക്കോടി സ്വദേശിനി തീർത്ഥ ( 23 )ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപത് മണിയോടെ കോമത്തുകര മേൽ പാലത്തിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അഭിമന്യൂ വധക്കേസ്; വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് ഹൈക്കോടതി

അഭിമന്യൂ വധക്കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി. എല്ലാ മൊഴികളും രേഖകളും നല്‍കണമെന്ന ആവശ്യവും തള്ളി. പ്രതികള്‍ ആവശ്യപ്പെട്ടത് കുറ്റപത്രത്തിനൊപ്പമില്ലാത്ത രേഖകള്‍. സെഷന്‍സ് കോടതി വിധി ശരിവെച്ച് ഹൈക്കോടതി. വിചാരണക്രമം തീരുമാനിക്കാനിരിക്കെയാണ് വിധി.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ബഹളം. ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റിയതിനെതിരെയാണ് ബഹളം ഉണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

ശബരീനാഥൻ സിപിഐഎമ്മിൻ്റെ കളിപ്പാവ; സുഗതനെ കൊടും ഭീകരനായി ചിത്രീകരിക്കാൻ ശ്രമമെന്ന് കരമന ജയൻ

സുഗതനെ കൊടും ഭീകരനായി ചിത്രീകരിക്കാൻ ശ്രമമെന്ന് കരമന ജയൻ. എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും ശ്രമം അതാണ്. താൻ ആണ് എല്ലാം നടത്തുന്നത് എന്ന് വരുത്തി തീർക്കാനാണ് കെ.എസ്. ശബരീനാഥൻ ശ്രമിക്കുന്നത്. ബിജെപിയുടെ വകയായി ഒരു കെട്ട് മുണ്ട് ശബരീനാഥന് വാങ്ങി നൽകാം . അത് തലയിൽ ഇട്ട് നടക്കാം. സുഗതനെ സല്യൂട്ട് ചെയ്യേണ്ട സാഹചര്യം വരില്ലെന്ന് ആര് കണ്ടുവെന്നും കരമന ജയൻ പറഞ്ഞു. കോടതി വിധി അംഗീകരിക്കുകയും ബഹുമാനിക്കുകയുമാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും കരമന ജയൻ പറഞ്ഞു.

പണം ചോദിച്ചിട്ട് നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; ആയിക്കര സ്വദേശി അഭിഷേക് അറസ്റ്റിൽ

പണം ചോദിച്ചിട്ട് നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയിൽ ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് വീടിന് തീയിട്ടത്. ആയിക്കര സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റു ചെയ്തു. അഭിഷേക് ലഹരിക്ക് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

പാർട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായി; ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് എം.എം.ബേബി

നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണം ജാഗ്രത കുറവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എം. ബേബി. എൽഡിഎഫ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു എന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അതിൻ്റെ കൂടെ മനുഷ്യ സഹജമായ തെറ്റുകളും കാരണമായി. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ചത് വേണ്ടത്ര രീതിയിൽ അല്ല. കെ .കെ രാഗേഷിനെതിരായ പരാതി കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നിൽ വന്നിട്ടില്ലെന്നും എം.എം. ബേബി പറഞ്ഞു.

എൽഡിഎഫ് സർക്കാരിന് നേരെ നടക്കുന്നത് വ്യാജ പ്രചരണം; സംസ്ഥാനത്തിൻ്റെ ബാധ്യത കൂടിയിട്ടില്ലെന്ന് പിണറായി വിജയൻ

എൽഡിഎഫ് സർക്കാർ ഭരിച്ചപ്പോൾ സംസ്ഥാനത്തിൻ്റെ ബാധ്യത കൂടിയെന്നത് വ്യാജ പ്രചരണമാണെന്ന് പിണറായി വിജയൻ. യുഡിഎഫിൻ്റെ ധവളപത്രത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ചു. ഇത് തുറന്നു കാണിക്കാനാണ് വസ്‌തുതകളുടെ ധവളപത്രമെന്നും പിണറായി വിജയൻ പറഞ്ഞു. യഥാർഥ കണക്കുകൾ പൂർണമായും യുഡിഎഫ് സർക്കാർ മറച്ചുവെച്ചു. ബോധപൂർവം തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. ലക്ഷം കോടി കുടിശികയെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന കണക്ക് അവതരിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഹെൽമറ്റില്ലാതെ സ്കൂട്ടർ യാത്ര; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

ഹെൽമറ്റില്ലാതെ അപകടകരമായ രീതിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. ചാലക്കുടി സ്വദേശിയായ പ്രത്യുഷിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രി പാലാരിവട്ടം - കലൂർ റോഡിലായിരുന്നു സംഭവം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ്; ഒമ്പതുവയസുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒമ്പതുവയസുകാരന്റെ ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. കൈയിലെ ചലനഞരമ്പ് മുറിഞ്ഞ വിവരം താലൂക്ക് ആശുപത്രി അധികൃതർ അറിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

കോഴിക്കോട് ചാലിയത്ത് കല്ലുമ്മക്കായ മോഷണം; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് ചാലിയത്ത് കല്ലുമ്മക്കായ മോഷണം. ചാലിയം കപ്പലങ്ങാടി സ്വദേശി ഫൈസൽ ഇല്ലിക്കലിൻ്റെ ഇല്ലിക്കൽ സീ ഫുഡ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് കല്ലുമ്മക്കായ മോഷണം പോയത്. മോഷണത്തിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. ഇരുപതിനായിരം രൂപയുടെ കല്ലുമ്മക്കായയാണ് മോഷണം പോയത്. ബേപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് മാസം മുൻപ് ഒരു ലക്ഷം രൂപയുടെ കല്ലുമ്മക്കായ മോഷണം പോയിരുന്നു. കഴിഞ്ഞ 5 മാസത്തിനിടെ 3 ലക്ഷം രൂപയുടെ കല്ലുമ്മക്കായയാണ് ഫറോക്, കടലുണ്ടി പ്രദേശങ്ങളിൽ നിന്നും മോഷണം പോയത്.

പ്രളയം മനുഷ്യ നിർമിതമെന്ന ഓഡിയോ; അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

പ്രളയം മനുഷ്യ നിർമിതമെന്ന ഓഡിയോ ടേപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. മുന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടേതെന്നാരോപിക്കപ്പെടുന്ന ഒരു ഓഡിയോ ടേപ്പാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നത്‌. ശബ്ദ സന്ദേശത്തിൻ്റെ ആധികാരികത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ട് യൂട്യൂബ് ലൈവ്; തൊപ്പിയുടെ സുഹൃത്ത് മമ്മൂ എന്ന മുഹമ്മദ് പിടിയിൽ

സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ട് യൂട്യൂബ് ലൈവ് ചെയ്തെന്ന കേസിൽ തൊപ്പിയുടെ സുഹൃത്ത് മമ്മൂ എന്ന മുഹമ്മദ് പിടിയിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ യൂടൂമ്പ് ലൈവ് ചെയ്തതിനെ തുടർന്നാണ് കേസെടുത്തിരുന്നത്. തൊപ്പിയടക്കമുള്ളവർ ഈ കേസിൽ ഒളിവിലാണ്. ഗായകൻ ഹന്നാൻ ഷാ കൊടുത്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 7 മണി മുതൽ ഭാഗിക കറൻ്റ് കട്ട്

സംസ്ഥാന

ത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 7 മണി മുതൽ ഭാഗികമായി വൈദ്യുതി തടസപ്പെടും. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കേന്ദ്രവുമായി യുദ്ധത്തിനില്ല; രാഷ്ട്രീയ വിഷയങ്ങളിൽ രാഷ്ട്രീയമായി തന്നെ പോരാടുമെന്ന് വി.ഡി. സതീശൻ

കേന്ദ്രവുമായി യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതെൻ്റെ ജോലിയല്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ ശ്രമിക്കും. പ്രധാനമന്ത്രി ഉൾപ്പെടെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേന്ദ്രവുമായി സൗഹൃദത്തിൽ മുന്നോട്ട് പോകാനാണ് താൽപ്പര്യപ്പെടുന്നത്. വയനാട് തുരങ്ക പാതയിൽ ആഴത്തിലുള്ള പഠനം വേണമെന്നും വി.ഡി. സതീശൻ പറഞ്ഞു. മണ്ണിൻ്റെ ഘടന ആഴത്തിൽ പഠിക്കേണ്ടതുണ്ട്. തുരങ്കപാത വിശദമായി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പ്രമുഖരെ മന്നം സമാധിയിൽ കയറ്റിയില്ലെന്ന പ്രചരണം അജ്ഞത കൊണ്ട്', സുരേഷ് ഗോപിയെ തടഞ്ഞത് പ്രതിനിധി സമ്മേളനത്തിനിടെ പ്രവേശിച്ചതിനാൽ: എൻഎസ്എസ്

പ്രമുഖരെ മന്നം സമാധിയിൽ കയറ്റിയില്ലെന്ന പ്രചരണം അജ്ഞത കൊണ്ടെന്ന് എൻഎസ്എസ്. സുരേഷ് ഗോപിയെ തടഞ്ഞത് പ്രതിനിധി സമ്മേളനത്തിനിടെ പ്രവേശിച്ചതിനാൽ. വിമർശനത്തിൽ മറുപടിയുമായി എൻഎസ്എസ് രംഗത്തെത്തി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മന്നം സമാധി സന്ദർശിക്കുന്ന വിവരം എൻഎസ്എസ് നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനം. സി.വി. ആനന്ദബോസ് പെരുന്നയിൽ എത്തിയപ്പോൾ സ്വീകരിച്ചു. മണിക്കൂറുകളോളം സുകുമാരൻ നായരോട് സംസാരിക്കുകയും പുസ്തകങ്ങൾ കൈമാറുകയും ചെയ്തുവെന്നും എൻഎസ്എസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

കൊച്ചി അൽ റീം മന്തി ഹോട്ടലിൽ ഭക്ഷ്യ വിഷബാധ; 10 പേർ ആശുപത്രിയിൽ

കൊച്ചി കത്രിക്കടവിലെ അൽ റീം മന്തി ഹോട്ടലിൽ ഭക്ഷ്യ വിഷബാധ. പത്ത് പേർ ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ. ഈമാസം 10 ആം തീയതി ഭക്ഷണം കഴിച്ചവർക്ക് ആണ് വിഷബാധ ഏറ്റത്. ഹോട്ടൽ താത്കാലികമായി പൂട്ടി. ഇന്ന് രാവിലെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഭക്ഷണത്തിൻ്റെ സാമ്പിൾ പരിശോധനക്ക് ആയി അയച്ചു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

​പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് ക്രൈംബ്രാഞ്ചിന്‍റെ കത്ത്. പരീക്ഷാ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ഉള്‍പ്പെടെ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

"കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരം"; സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. പ്രസ്താവന അനവസരത്തിലുള്ളതാണ്. സർക്കാർ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. സ്വർണകൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് ഇതിന് ഉദാഹരണമാണ്. പ്രതിപക്ഷത്തുള്ളപ്പോൾ കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്തവർ അധികാരത്തിലേറിയ ശേഷം നിലപാട് മാറ്റുന്നുവെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കിലൂടെ ആരോപിച്ചു.

നേതൃത്വത്തിനെതിരെ വിമർശനമില്ല; നടക്കുന്നത് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമെന്ന് ഡിവൈഎഫ്ഐ

നേതൃത്വത്തിനെതിരെയുള്ള വിമർശനവുമായി ബന്ധപ്പെട്ട വാർത്തകളെ തള്ളി ഡിവൈഎഫ്ഐ. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അസംബന്ധമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.അരുൺ പറഞ്ഞു. സമ്മേളനത്തിൽ ഉന്നയിക്കാത്ത കാര്യങ്ങൾ വാർത്തയാക്കുന്നത് പ്രതിഷേധാർഹമാണ്. സംഘടനയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും ആക്ഷേപം. കിനാലൂരിൽ നിന്ന് എയിംസ് മാറ്റാനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രമേയം അവതരിപ്പിച്ചു. ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

"ചിക്കൻ കറി കൂടുതൽ കഴിച്ചുവെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു"; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കാൻ കാരണം ഭർതൃമാതാവ്

തിരുവനന്തപുരം മലയിൻകീഴിൽ യുവതി ജീവനൊടുക്കിയ കാരണം ഭർത്താവിൻ്റെ അമ്മയാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. ആത്മഹത്യ ചെയ്ത കാവ്യയുടെ അമ്മ ശാന്തയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ സമയം മുതൽ വീട്ടിൽ വഴക്ക് ആണ്. ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ല എന്ന് പറഞ്ഞും ഭർതൃമാതാവ് പ്രശ്നങ്ങൾ സൃഷ്ടിച്ചു. രണ്ട് മാസം മുൻപ് ആണ് കാവ്യ അവസാനം വീട്ടിൽ വന്നത്. പല ദിവസങ്ങളും പട്ടിണിക്ക് ഇടും. ആഹാരം ഉണ്ടാക്കാനും സമ്മതിക്കില്ലെന്നും ശാന്ത പറഞ്ഞു. കാവ്യയുടെ ഭർത്താവ് വിഷ്ണുവിൻ്റെ അമ്മ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും അവർ പറഞ്ഞു. മരുമകൻ അമ്മ പറയുന്നത് മാത്രം ആണ് കേട്ടിരുന്നത്. ചിക്കൻ കറി കൂടുതൽ കഴിച്ചു എന്ന പേരിൽ ആണ് വഴക്ക് ഉണ്ടാക്കിയത്. കുളിമുറിയിൽ കയറി നിന്ന് മകൾ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. ഇതിന് പിന്നാലെയാണ് മകൾ ജീവനൊടുക്കിയതെന്നും ശാന്ത പറഞ്ഞു.വിഷ്ണു നായർ വിഭാഗത്തിൽ പെട്ട ആളാണ്. തങ്ങൾ എസ്‌സി വിഭാഗം ആണെന്ന് പറഞ്ഞ് എപ്പോഴും പരസ്യമായി ആക്ഷേപിക്കുമായിരുന്നുവെന്നും കാവ്യയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് വിളവൂർക്കൽ സ്വദേശി വിഷ്ണുവിൻ്റെ ഭാര്യ കാവ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

വൈപ്പിനിൽ സ്കൂളിലേക്ക് പോകുംവഴി 16 കാരിയെ കാണാതായി

വൈപ്പിൻ പള്ളിപ്പുറത്ത് നിന്ന് 16 കാരിയെ കാണാതായി. ശിവനന്ദയെയാണ് കാണാതായത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. സ്കൂളിലേക്ക് പോകുന്ന വഴിയാണ് പെൺകുട്ടിയെ കാണാതായത്.

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങാ നീരിൽ കുറവ്'; വടക്കാഞ്ചേരിയിലെ ഹോട്ടലിൽ സംഘർഷം

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങാ നീരിൽ കുറവെന്ന് ആരോപിച്ച വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിൽ സംഘർഷം. ഹോട്ടൽ ഉടമക്കും, ജീവനക്കാർക്കും, ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്കേറ്റു. ഹോട്ടൽ ഉടമയായ മുജീബിൻ്റെ മൂന്ന് പല്ലുകൾ നഷ്ടമായി. മിണാലൂർ സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

പി.കെ. ശശിക്ക് തിരിച്ചടി; തെറ്റുകൾ ഏറ്റുപറഞ്ഞ് ഡിഎംഎഫിൽ നിന്ന് നേതാക്കൾ സിപിഐഎമ്മിലേക്ക്

പി.കെ. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ. ഡിഎംഎഫ് പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡൻ്റ് സെലീന ബീവി എന്നിവരാണ് സിപിഐഎമ്മിലേക്ക് മടങ്ങിയത്. വലതുപക്ഷത്തേക്ക് ചേരാനുള്ള പി.കെ. ശശിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയാത്തതാണ് സിപിഐഎമ്മിൽ തിരിച്ചെത്താൻ കാരണമെന്ന് മുഹമ്മദ് റാസിക് പറഞ്ഞു. തെറ്റുകൾ ഏറ്റുപറഞ്ഞ് പാർട്ടിയുമായുള്ള പ്രശ്നം പരിഹരിച്ചെന്നും മുഹമ്മദ് റാസിക് വ്യക്തമാക്കി. ഇവർക്കൊപ്പം ഡിഎംഎഫിൽ ചേർന്ന മുഴുവൻ പേരും സിപിഐഎമ്മിൽ മടങ്ങിയെത്തി.

കുതിച്ചുയർന്ന് സോയൂസ് എംഎസ്-29

ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയാകാൻ കേണൽ അനിൽ മേനോൻ. മൂന്നംഗ സംഘവുമായി റഷ്യയുടെ സോയുസ് MS29 പേടകം കസാഖിസ്ഥാനിൽ നിന്നും കുതിച്ചുയർന്നു. 11.56-ന് പേടകം ബഹിരാകാശനിലയത്തിൽ ഡോക് ചെയ്യും.അനിലും സംഘവും ISS-ൽ എട്ട് മാസം തുടരും.

ബാറ്ററി വാങ്ങിയതിൽ തർക്കം; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് കൊലക്കേസ് പ്രതി

1500 രൂപ നൽകി വാങ്ങിയ സെക്കൻഡ് ഹാൻഡ് ബാറ്ററി പ്രവർത്തിക്കുന്നില്ല എന്ന് ആരോപിച്ചാണ് കൊലക്കേസ് പ്രതിയായ ബിജോയ് ആക്രമണം നടത്തിയത്. വർക്കല നടയറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം . ഗുരുതര പരുക്കേറ്റ നടയറ സ്വദേശി മുഹമ്മദ് അസ്ലം ചികിത്സയിൽ തുടരുന്നു .

'ജാതിയും മതവും ഇല്ലാത്തത് അയോഗ്യതയല്ല';  സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

എസ്.എസ്.എൽ.സി ബുക്കിൽ ജാതിയും മതവും ഇല്ലെങ്കിലും പ്രായപൂർത്തിയായവർക്ക് സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്‌കൂൾ രേഖകളിൽ ജാതിയില്ലാത്തതിന്റെ പേരിൽ അപേക്ഷ നിരസിക്കരുതെന്ന് കെ. ബൈജുനാഥ് ഉത്തരവിട്ടു.റവന്യൂ ഉദ്യോഗസ്ഥർക്കായി മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നൽകി.മിശ്രവിവാഹിതരുടെയും പുരോഗമന ചിന്താഗതിക്കാരുടെയും മക്കൾക്ക് വില്ലേജ് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ നിഷേധിക്കപ്പെടുന്നു എന്ന പരാതിയിലാണ് ഇടപെടൽ.

18ാമത് അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ തിയതിയിൽ മാറ്റം

സാങ്കേതിക സൗകര്യങ്ങൾ പരിഗണിച്ചാണ് മേളയുടെ തിയതി മാറ്റിയത്. സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് വച്ച് മേള സംഘടിപ്പിക്കും. ഒക്ടോബർ 2 മുതൽ 7 വരെ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

News Malayalam 24x7
newsmalayalam.com