10,000 കോടിയുടെ കപ്പല്‍ നിര്‍മാണ യൂണിറ്റ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ

ഇന്നത്തെ വാർത്തകൾ അറിയാം...
10,000 കോടിയുടെ കപ്പല്‍ നിര്‍മാണ യൂണിറ്റ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ

പിഎംശ്രീയിൽ അന്തിമ തീരുമാനം?; മന്ത്രി സഭാ യോഗത്തിൽ ചർച്ചയാകും

വിവാദ പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനം എടുത്തേക്കും. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. നിബന്ധനകളിൽ അന്തിമ തീരുമാനം എടുത്തേക്കും. UDFൽ ഒരു വിഭാഗത്തിന്റെ അതൃപ്തി പുകയുന്നു

ബഹിരാകാശം തൊടുന്ന ആദ്യ മലയാളി;ചരിത്രം കുറിച്ച് അനിൽ മേനോൻ

ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയായി കേണൽ അനിൽ മേനോൻ. അനിൽ ഉൾപ്പെടുന്ന മൂന്നംഗ സംഘം പുലർച്ചെ രണ്ട് മണിയോടെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. അനിലും സംഘവും ISS-ൽ കഴിയുക എട്ട് മാസം. പാലക്കാട് വേരുകളുള്ള അനിൽ മേനോൻ, സ്വാതന്ത്ര്യ സമര സേനാനി ചേറ്റൂർ ശങ്കര നായരുടെ പിന്മുറക്കാരനാണ്.

അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓൺലൈൻ ടാക്സികൾ

കൊച്ചി: ജൂലൈ 21 മുതൽ ഊബർ, ഓല കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ നിരത്തിൽ ഇറങ്ങില്ല. കമ്പനികൾ ഇരട്ടി കമ്മീഷൻ ഈടാക്കുന്നുവെന്നാണ് ഡ്രൈവർമാരുടെ പരാതി. ഒരു ദിവസം മുഴുവൻ ഓടിയിട്ടും ചിലവിനുള്ള തുക പോലും ലഭിക്കുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു.

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂർ: പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സഹോദരീ ഭർത്താവ് രമേഷ് പൊലീസ് കസ്റ്റഡിയിൽ. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് നിഗമനം. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

ഹോർമൂസിൽ താരിഫ് പിൻവലിച്ച് ട്രംപ്

ഹോർമൂസ് കടക്കാൻ ചരക്ക് കപ്പലുകൾക്ക് ഏർപ്പെടുത്തിയ താരിഫ് പിൻവലിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഹോർമൂസിൽ ഏർപ്പെടുത്തിയ 20 ശതമാനം താരിഫ് പിൻവലിക്കുന്നതായാണ് പുതിയ പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളിലെ ഭരണ നേതൃത്വങ്ങളുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് തീരുമാനമെന്നും അമേരിക്കയുമായി ഗൾഫ് രാജ്യങ്ങൾ വലിയ നിക്ഷേപ വ്യാപാര കരാറുകളിൽ ഏർപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഹോർമൂസിലേക്ക് പ്രവേശനമില്ലെന്നും ട്രംപ് വ്യക്തമാക്കിസാധ്യതയുണ്ട്.

വ്യാജരേഖ ചമച്ചുള്ള അവയവകച്ചവടം; മുഖ്യ സൂത്രധാരനെയും ഭാര്യയെയും ചോദ്യം ചെയ്ത് ഇഡി

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവകച്ചവടക്കേസിൽ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനെയും ഭാര്യയെയും ചോദ്യം ചെയ്ത് ഇഡി. മുഹമ്മദ് നജീബ്, ഭാര്യ റഷീദ എന്നിവരെ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. കോടതിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ മൂന്ന് മാസമായി ജയിലിലാണ് .സ്വകാര്യ ആശുപത്രികളുമായുള്ള ബന്ധം സംബന്ധിച്ചും ഇഡി വിവരങ്ങൾ ശേഖരിച്ചു.

ബിജെപി ഫണ്ട് കൊള്ള; നിർണായക ശബ്‌ദരേഖ പുറത്ത് 

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ നിർണായക ശബ്‌ദരേഖ ന്യൂസ് മലയാളത്തിന്. സംസ്ഥാന സെക്രട്ടറി എം പി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മിഷൻ നൽകിയത് സ്ഥിരീകരിക്കുന്ന ഓഡിയോ പുറത്ത്. കമ്മിഷൻ നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കുടിശിക തുക നൽകാമെന്ന് അഞ്ജന ഉറപ്പുനൽകിയിരുന്നുവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഉപനേതൃ പദവി; എൽഡിഎഫ് യോഗം വിളിച്ചാൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ഉപനേതൃ പദവിയെ ചൊല്ലി എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. പദവി CPIക്ക് നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ബിനോയ് വിശ്വത്തെ അറിയിച്ചു. ഇടത് മുന്നണി യോഗത്തിൽ ഉപനേതൃ പദവി സിപിഐ ആവശ്യപ്പെടും. എൽഡിഎഫ് യോഗം വിളിച്ചാൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എൽഡിഎഫ് കൺവീനറെ അറിയിച്ചു. പദവി സിപിഐക്ക് ലഭിച്ചേ തീരുവെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്.

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി (90) അന്തരിച്ചു

കോട്ടയം; പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചു. സംഭാവനകൾ പരിഗണിച്ച് 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു

ഇംഗ്ലീഷ് തദ്ദേശഷ ഭാഷയോ എന്ന് സുപ്രീം കോടതി, ത്രിഭാഷാ നയം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

ഡൽഹി: ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കണക്കാക്കാൻ ആകുമോ എന്ന് സുപ്രീം കോടതി. സിബിഎസ്‌ഇ സ്കൂളുകളിൽ ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ചോദ്യം. ഒരു ഭാഷയും പഠിക്കുന്നത് വെറുതെയാവില്ലെന്നും ചീഫ് ജസ്റ്റിസ്

വിഎസ്. സ്മാരകത്തിന് ഉടക്കിട്ട് സിപിഐ

ആലപ്പുഴ: ആലപ്പുഴ വലിയ ചുടുകാട്ടിൽ വിഎസ്അച്യുതാനന്ദന് സിപിഎം പണിയുന്ന സ്മാരകത്തിന് ഉടക്ക് വെച്ച് സിപിഐ. വിഎസ് സ്മാരകത്തിനോട് ചേർന്നു ടി.വി.തോമസ് സ്മാരക നിർമാണം തുടങ്ങി. ഇരു കമ്മ്യൂണിസ്റ്റു പാർട്ടികളും തമ്മില്‍ നടത്തിയ മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ചുടുകാട്ടിലെ മറ്റൊരു സ്ഥലത്തേക്ക് ടിവി സ്മാരകത്തിൻ്റെ നിർമാണം മാറ്റി. വലിയ ചുടുകാട്ടിൽ ഒരു നേതാക്കൾക്കും സ്വന്തമായി വലിയ സ്മാരകങ്ങൾ ഇല്ലെന്നാണ് സിപിഐയുടെ വാദം. ടിവിയുടെ സ്മാരകം ആ സ്ഥലത്ത് വന്നാൽ വിഎസ് സ്മാരകത്തിന് റോഡിൽ നിന്നുള്ള കാഴ്ച്ച മറയും. വിഎസ് സ്മാരകം ജൂലൈ 21ന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതിനു ശേഷം സിപിഐ ടിവി സ്മാരകത്തിൻ്റെ നിർമാണം തുടങ്ങും.

മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം;എം.എൽ.എ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ 

കോഴിക്കോട്: മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ .സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമാണ് വ്യാജ ഫോൺ കോൾ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഫോൺ വിളി വന്നത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി.കേരളത്തിലെ ആളുകളെ പറ്റിക്കാം എന്ന് കരുതേണ്ടെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും എംഎൽഎ പറഞ്ഞു.

സർക്കാർ അഭിഭാഷക നിയമന വിവാദം; കെഎസ് യുവിനെ തള്ളി മുഖ്യമന്ത്രി

സർക്കാർ അഭിഭാഷക നിയമന വിവാദത്തിൽ കെഎസ് യുവിനെ തള്ളി മുഖ്യമന്ത്രി. കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് വിഡി സതീശൻ.ലോയേഴ്സ് കോൺഗ്രസ് നേരിട്ട് പരാതി നൽകിയിട്ടില്ല.നിയമനങ്ങൾ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ച്.ആറന്മുള വിമാനത്താവളത്തെ കുറിച്ച് ആലോചന പോലുമില്ലെന്നും മുഖ്യമന്ത്രി.

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം;രൂക്ഷ വിമർശനവുമായി ആർജെഡി

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ അതിരൂക്ഷ വിമർശനവുമായി ആർജെഡി. ഇതാണോ പ്രതിപക്ഷ പ്രവർത്തനം എന്നായിരുന്നു വർഗീസ് ജോർജിൻ്റെ ചോദ്യം. നിസാര പദവിക്ക് വേണ്ടി പ്രധാന പാർട്ടികൾ കലഹിക്കുന്നു. തർക്കത്തിന്റെ പേരിൽ മുന്നണി യോഗം ചേരാത്തത് അംഗീകരിക്കാൻ കഴിയില്ല. സിപിഐ വിട്ടുവീഴ്ച ചെയ്ത ചരിത്രമില്ലെന്നും ആർജെഡി സെക്രട്ടറി ജനറൽ.

കശുവണ്ടി കോർപ്പേറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യം; ഒരിളവും പ്രതീക്ഷിക്കേണ്ടെന്ന് ഹൈക്കോടതി 

കൊച്ചി: കശുവണ്ടി കോർപ്പേറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയിൽ കെ ബിജുവിനെതിരെ വീണ്ടും ഹൈക്കോടതി.17 വര്‍ഷം സര്‍വീസുള്ള സീനിയര്‍ ഉദ്യോഗസ്ഥനാണ് ഉത്തരവിറക്കിയത്. ഒരിളവും പ്രതീക്ഷിക്കേണ്ടതില്ല. കോടതിയലക്ഷ്യ നടപടികള്‍ തുടരേണ്ട ഗൗരവം കേസിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

വിയറ്റ്നാം  ബോട്ട് അപകടം; മലയാളി ദമ്പതികളുടെ സംസ്കാരം ഇന്ന്

കൊട്ടാരക്കര: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം ഇന്ന്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് , ഭാര്യ ലോവേനി തോമസ് എന്നിവരുടെ പൊതുദർശനം തുടരുന്നു. കൊട്ടാരക്കര ജൂബിലി മന്ദിര ചാപ്പലിലാണ് പൊതുദർശനം.

തലസ്ഥാനത്ത് പെൺകുട്ടിക്ക് നേരെ അതിക്രമം;രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടിക്ക് നേരെ അതിക്രമം. കുടുംബത്തോടൊപ്പം നഗരത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ അരുൺ, വിവേക് എന്നിവരെ മ്യൂസിയം പൊലീസ് പിടികൂടി.

അജിത്, ശരദ് പവാർ വിഭാഗങ്ങളെ കണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ; എൻസിപിയിലെ ലയന ചർച്ചകൾ ശക്തമാകുന്നതിനിടെ അജിത് പവാർ, ശരദ് പവാർ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ശരദ് പവാർ വിഭാഗം എൻഡിഎയുടെ ഭാഗമായേക്കും എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.

എംജി സർവകലാശാല ക്യാമ്പസിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം

കോട്ടയം: എംജി സർവകലാശാല ക്യാമ്പസിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം. ഇന്നലെ രാത്രിയാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ് ക്യാമ്പസിലെത്തി വിദ്യാർഥികളെ പിന്തിരിപ്പിക്കുകയായിരുന്നു.

മൂവാറ്റുപുഴയിൽ ഒൻപത് വയസുകാരിയെ മർദിച്ചു; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ് 

കൊച്ചി: മൂവാറ്റുപുഴയിൽ ഒൻപത് വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പഠിക്കുന്നതിനിടെ ചോദിച്ച ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയില്ലെന്ന കാരണത്താലാണ് കുട്ടിയെ ഉപദ്രവിച്ചത്. പായിപ്ര സ്വദേശിനിയായ യുവതിക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പരാതിയിൽ ഗുരുതര വകുപ്പുകൾ ചുമത്തി.

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ കോപ്പിയടി; ആസൂത്രണം ചെയ്തത് കോച്ചിങ് സെന്റർ

കണ്ണൂർ: മട്ടന്നൂർ പോളിടെക്നിക് കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ കോച്ചിങ് സെന്ററിനെതിരെ അന്വേഷണം. കോപ്പി അടി ആസൂത്രണം ചെയ്തത് കണ്ണൂരിലെ കോച്ചിങ് സെന്റർ മോഡേൺ ഐടിഐ എന്ന സ്ഥാപനമാണെന്നാണ് കണ്ടെത്തൽ. ചോദ്യപ്പേപ്പറും ഉത്തരങ്ങളും വാട്സ്ആപ് ഗ്രൂപ്പ് വഴി കൈമാറിയായിരുന്നു കോപ്പിയടി.

പിഎം ശ്രീ; മന്ത്രിതല ഉപസമിതിയിൽ ആശയ കുഴപ്പമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം; പിഎം ശ്രീ പദ്ധതിയിലെ മന്ത്രിതല ഉപസമിതിയിൽ ആശയ കുഴപ്പമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗിന് അഭിപ്രായ വ്യത്യാസമില്ലെന്നും കഴിഞ്ഞ സർക്കാരുണ്ടാക്കി വെച്ച പ്രതിസന്ധിയാണ് പ്രശ്നമെന്നും മന്ത്രി. SSK ഡയറക്ടർ നിയമനം ചട്ടങ്ങൾ പാലിച്ചുകൊണ്ടെന്നും മന്ത്രി പ്രതികരിച്ചു

ആലപ്പുഴ ജില്ലയിൽ 32 അധ്യാപകർക്ക് ജോലി നഷ്ടമായി

ആലപ്പുഴ: തസ്തികനിർണയം പൂർത്തിയായപ്പോൾ ആലപ്പുഴ ജില്ലയിൽ 32 അധ്യാപകർക്ക് ജോലി നഷ്ടമായി. എൽ പി സ്കൂൾ അധ്യാപകരാണ് ഒഴിവുകൾ ഇല്ലാത്തതിനാൽ പുറത്താക്കപ്പെട്ടത്. നിലവിൽ ജോലി ചെയ്യുന്നവരിൽ ജൂനിയർ ആയ അധ്യാപകരെയാണ് നീക്കം ചെയ്തത്. മറ്റു ജില്ലകളിലെ തസ്തിക നിർണയം കൂടി പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ അധ്യാപകർ പുറത്തായേക്കും

തൊഴുകൈയോടെ ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടുകുത്തി നിന്ന് എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സിന്റെ പ്രതിഷേധം. സമരഗേറ്റിന് മുന്നില്‍ തൊഴുകൈയോടെ ഉദ്യോഗാർത്ഥികൾ

ആരാകും കെപിസിസി അധ്യക്ഷൻ? ചർച്ചകൾ വേഗത്തിലാക്കി ഹൈക്കമാൻഡ്

ഡൽഹി: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വേഗത്തിലാക്കി ഹൈക്കമാൻഡ് . രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം . ഡെൽഹിയിൽ ചർച്ചകൾ അടുത്ത ആഴ്ച്ച ആരംഭിക്കും. ഈ മാസം 20 ന് ശേഷം മുഖ്യമന്ത്രി VD സതീശനും ചർച്ചകൾക്കായി ഡൽഹിയിൽ എത്തും. MP മാരെയും MLA മാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ജോസഫ് വാഴക്കൻ അടക്കമുള്ള KPCC ഭാരവാഹികളിൽ ഒരു വിഭാഗം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . പുതിയ അധ്യക്ഷനെ ഉടൻ നിശ്ചയിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടതായാണ് സൂചന. ഒരാൾക്ക് ഒരു പദവി എന്നതിലും തീരുമാനമുണ്ടാകും

ടിനി ടോമിന് മുൻ‌കൂർ ജാമ്യം

കൊച്ചി: ടിനി ടോമിന് മുൻ‌കൂർ ജാമ്യം ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. നടി അൻസിബ നൽകിയ പരാതിയിലാണ് കേസ് എടുത്തിരുന്നത്

ഓപ്പറേഷൻ തൂഫാന് കരുത്ത് പകരാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയുടെ വേര് അറക്കാനുള്ള ഓപ്പറേഷൻ തൂഫാന് കരുത്ത് പകരാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്. കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ വിജയ്ക്ക് ഒപ്പം മുഖ്യമന്ത്രി വി.ഡി.സതീശനും മോഹൻലാലും പങ്കെടുക്കും. തൂഫാന് പിന്തുണ തേടി ചെന്നെയിൽ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജയ്‍യുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയില്ല; ഇനി താൽപര്യമില്ല

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും വ്യക്തി എന്ന നിലയിൽ വി.ഡി. സതീശനെ കാണാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ . ഒരു വോട്ടർക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകാത്തത് ജനാധിപത്യമല്ല. മുഖ്യമന്ത്രി ആയിരുക്കുന്നയാൾ പാലിക്കേണ്ട മര്യാദയുണ്ട്. ഒരു പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നയാൾ എന്ന പരിഗണന പോലും തന്നില്ല. മറ്റൊരു സർക്കാരിൽ നിന്നും ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ടെന്നി ജോപ്പനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയിലെടുത്ത സോളാർ കേസിൽ ടെന്നി ജോപ്പനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പ്രശ്നം ഒത്തുതീർപ്പായെന്ന് ശ്രീധരൻ നായർ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേർസണൽ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പൻ.

സുരേഷ് ഗോപി ഒരു പുല്ലും ചെയ്യില്ല എൻഎസ്എസിനെ; സുകുമാരൻ നായർ

സുരേഷ് ഗോപി എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാൻ ഇല്ലെന്നും ചൂല് കൊണ്ട് അടിച്ചു വരുമോയെന്നും സുകുമാരൻ നായർ വെല്ലുവിളിച്ചു. സുരേഷ് ഗോപി ആരാണെന്ന് തൃശൂർ പോയി അന്വേഷിച്ചാൽ അറിയാം. സുരേഷ് ഗോപിക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. അത് ഇവിടെ നടക്കില്ല. ഉപരാഷ്ട്രപതിയെ കൂടി ഇതിലേക്ക് പിടിച്ചിട്ടത് സുരേഷ് ഗോപിയാണ്. ഉപരാഷ്‌ട്രപതിയുടെ ഷെഡ്യൂളിൽ തലേ ദിവസം മന്നം സമാധിയിലെ പുഷ്പാർച്ചന ചേർത്തതിൽ രാഷ്ട്രീയം ഉണ്ട്. എൻഎസ്എസിന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒരുമിച്ചു പോകണമെന്ന് ആഗ്രഹമുള്ളവരാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക ക്രമക്കേട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. അക്കൗണ്ടുകളിൽ വലിയ തുകയുടെ കുറവുള്ളതായി കണ്ടെത്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രിയോട് അന്വേഷണത്തിന് ആവശ്യപെട്ട് ആരോഗ്യമന്ത്രി കത്ത് നൽകി. പ്രത്യേക അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്നാണ് ആവശ്യം. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും കത്തിലുണ്ട്. ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൂപ്രണ്ട് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വ്യക്തമായത്.

ആലപ്പുഴയിൽ സ്പാ ജീവനക്കാരി ബോട്ടിൽ നിന്ന് വീണു മരിച്ചു

ആലപ്പുഴ പുന്നമടയിൽ സ്പായിലെ ജീവനക്കാരി ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. ഹൗസ് ബോട്ടിൽ സ്പാ ജോലിക്ക് വേണ്ടി എത്തിയതായിരുന്നു ശരണ്യ. ഇന്നലെ രാത്രി 12:00 ഓടെയാണ് സംഭവം . പുന്നമട ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയാണ്.

സ്ഥലം മാറ്റത്തിന് വടക്കൻ ജില്ലകളും തെരഞ്ഞെടുക്കണം; ഉദ്യോഗസ്ഥരോട് എക്സൈസ് വകുപ്പ്

വടക്കൻ ജില്ലകളിലെ ഉദ്യോഗസ്ഥ ക്ഷാമത്തെ തുടർന്ന് എക്സൈസ് ഓഫീസർമാരുടെ സ്ഥലം മാറ്റ നിബന്ധനകളിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. സ്ഥലം മാറ്റത്തിനുള്ള അപേക്ഷയിൽ നിർബന്ധമായും വടക്കൻ ജില്ലകൾ തെരഞ്ഞെടുത്തിരിക്കണം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ തസ്തികകളിലെ സ്ഥലം മാറ്റത്തിലാണ് പുതിയ നിബന്ധന. സ്ഥലംമാറ്റത്തിനായി കൂടുതൽ ഉദ്യോഗസ്ഥരും തെക്കൻ ജില്ലകൾ തെരഞ്ഞെടുക്കുന്നതാണ് പുതിയ നിബന്ധനയ്ക്ക് കാരണം.

കാസർഗോഡ് ശസ്ത്രക്രിയയ്ക്കിടെ 9 വയസുകാരന് ദാരുണാന്ത്യം

കാസറഗോഡ് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. കുണ്ടംകുഴി ഗവ : സ്‌കൂൾ 4 -ാം ക്ലാസ് വിദ്യാർഥിയാണ്.

കോട്ടയത്ത് ബജി കടയിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് പരിക്ക്

കോട്ടയം ചിങ്ങവനത്ത് ബജി കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാലുപേർക്ക് പരിക്കേറ്റു. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം

കൂടംകുളം ആണവനിലയത്തിൽ ഡാറ്റ ചോർച്ച

കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. ആണവനിലയത്തിന്റെ പ്ലാനിങ്, നിർമാണം എന്നിവയുമായി ബന്ധപ്പെട്ട പത്തൊൻപതിനായിരത്തിലധികം ഫയലുകളാണ് ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിലയത്തിന്റെ ബ്ലൂ പ്രിന്റ്, സുപ്രധാന നിർമ്മാണ വിവരങ്ങൾ എന്നിവ ചോർന്നവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. റിലയൻസിന്റെ സെർവറിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ മാറ്റം: നഗരത്തിൽ താൽക്കാലിക നിലയം സജ്ജീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് ബീച്ച് അഗ്നിരക്ഷാ നിലയം മീഞ്ചന്തയിലേക്ക് മാറ്റിയതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. താത്കാലിക അഗ്നിരക്ഷാ നിലയം നഗരത്തിൽ സജ്ജീകരിക്കണം. ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി. മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്

'വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണ്. കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളതെന്നും, തുറമുഖം പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നുമുള്ള വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുത്. കൺസഷനയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ടൂറിസ്റ്റ് ബസുകളിലെ പുറത്തേക്കുള്ള സ്പീക്കർ സിസ്റ്റത്തിനെതിരെ നടപടി: സ്പെഷ്യൽ ഡ്രൈവിന് നിർദേശം

ടൂറിസ്റ്റ് ബസുകളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ പരിശോധന കർശനമാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. ഇതിനായി സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന നടത്തും.

ടൂറിസ്റ്റ് ബസുകളിൽ വോക്കൽ സിസ്റ്റം എന്ന പേരിൽ നിയമവിരുദ്ധമായി പുറത്തേക്ക് ഘടിപ്പിച്ചിരിക്കുന്ന സ്പീക്കർ സംവിധാനങ്ങളും അനധികൃത ലൈറ്റുകളും പരിശോധനയിൽ പിടിച്ചെടുക്കും. ഇത്തരം അനധികൃത ശബ്ദ സംവിധാനങ്ങൾക്കെതിരെ ന്യൂസ് മലയാളം മുൻപ് വാർത്ത നൽകിയിരുന്നു. ഈ വാർത്തയെ തുടർന്നാണ് ഇപ്പോൾ ഗതാഗത വകുപ്പ് കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.

വീണ്ടും കൊഴിഞ്ഞുപോക്ക്; മമത ബാനർജിയുടെ വിശ്വസ്തൻ മദൻ മിത്രയും വിമത പക്ഷത്തേക്ക്

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മമത ബാനർജിയുടെ വിശ്വസ്തൻ മദൻ മിത്രയും ഋതബ്രത ബാനർജിക്ക് ഒപ്പം നിൽക്കാൻ തീരുമാനിച്ചു. വീട് മാറിയിട്ടില്ലെന്നും മുറി മാത്രമേ മാറിയിട്ടുള്ളുവെന്നും മദൻ മിത്ര പ്രതികരിച്ചു.

മദ്യലഹരിയിൽ ബൈക്ക് കുറുകെയിട്ടു; അങ്കമാലിയിൽ സ്വകാര്യ ബസും ആംബുലൻസും തടഞ്ഞ് യുവാക്കളുടെ അക്രമം

മദ്യപിച്ച് എത്തിയ യുവാക്കൾ സ്വകാര്യ ബസും ആംബുലൻസും തടഞ്ഞതായി പരാതി. അങ്കമാലി മുന്നൂർപള്ളി മൂന്നാം പറമ്പ് റൂട്ടിലായിരുന്നു സംഭവം. ബൈക്ക് കുറുകിയിട്ട് ബസ് ജീവനക്കാരെ യുവാക്കൾ അസഭ്യം പറഞ്ഞു. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ.

വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി

സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനം തത്കാലത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി. ബോർഡിൻ്റേത് ഭരണഘടന വിരുദ്ധ പ്രവർത്തനം എന്ന് ആരോപിച്ചുള്ള ഹർജികളിൽ ആണ് ഉത്തരവ്. വഖഫ് വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി. ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും

ഒന്നര വയസുകാരന്റെ മരണം: അനസ്തേഷ്യ അനിവാര്യമായിരുന്നെന്ന് ഡോക്ടറുടെ മൊഴി

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ അനസ്തേഷ്യ കൊടുത്തതിനു പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അനസ്തേഷ്യ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. അനസ്തേഷ്യ അനിവാര്യമായിരുന്നു, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ഡോക്ടറുടെ മൊഴി.

കോഴിക്കോട് ബീച്ച് അഗ്നിരക്ഷാ നിലയം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് ബീച്ച് അഗ്നിരക്ഷാ നിലയം മീഞ്ചന്തയിലേക്ക് മാറ്റിയതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ബീച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിട നിർമാണം പൂർത്തിയാകുന്നതുവരെ താല്‍ക്കാലിക കെട്ടിടം നഗരത്തിൽ വേണമെന്നാണ് കമ്മീഷന്‍ ഉത്തരവ്. നഗരത്തിൽ അതിവേഗം എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താവണം താല്‍ക്കാലിക അഗ്നിരക്ഷാ നിലയം. ജില്ലാ കളക്ടറും കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയും ആവശ്യമായ നടപടികൾ സ്വീകരിക്കണം. 15 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.

കടത്തനാടൻ സൊസൈറ്റി തട്ടിപ്പ്; സെക്രട്ടറി പ്രീന കീഴടങ്ങി

വടകരയിലെ കടത്തനാടൻ സൊസൈറ്റി തട്ടിപ്പ് കേസിൽ കീഴടങ്ങിയ ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി പ്രീനയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രധാന പ്രതിയായ പ്രീനയെ മറ്റു പ്രതികൾക്കൊപ്പം ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മറ്റു രണ്ടു പ്രതികളായ സുധീർ കുമാർ, റിനീഷ് എന്നിവരെ ക്രൈം ബ്രാഞ്ച് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

മലങ്കര യാക്കോബായ സുറിയാനി സഭ തിരുവനന്തപുരം മേഖലയ്ക്ക് പുതിയ ഇടയൻ

മലങ്കര യാക്കോബായ സുറിയാനി സഭയുടെ പുതിയ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയായി ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ചുമതലയേറ്റു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെ രാഷ്ട്രീയ സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സഭയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കാലങ്ങളായി നിലനിൽക്കുന്ന സഭ തർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

കൃത്യം ഏഴ് മണി, മുഖ്യമന്ത്രിയുടെ 'പവറും കട്ട്'

മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ പവർകട്ട്. കേരള സമുദ്ര മിഷൻ നടത്തിയ മിഷൻ സമുദ്ര മാരിടൈം കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍ കട്ട്. കൃത്യം ഏഴു മണിയോടെ കറന്റ് പോയി. വേദിയിലും ലൈറ്റും മൈക്കും ഓഫായി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രി പ്രസംഗം പുനരാരംഭിച്ചത്. "കറന്റ് വന്നാലല്ലേ, സംസാരിക്കാന്‍ സാധിക്കൂ" എന്നായിരുന്നു മുഖ്യമന്ത്രി അതിനിടെ പ്രതികരിച്ചത്.

20 ബോഗികള്‍, 1452 ആളുകള്‍; ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ

കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സിപിഐ. 20 ബോഗികളിലായി 1452 ആളുകളെയാണ് ഡല്‍ഹിയില്‍ എത്തിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്‌ക്കായി ഏഴ് ദിവസത്തേക്കാണ് ട്രെയിന്‍ ബുക്ക് ചെയ്തിരിക്കുന്നത്. അഡ്വാൻസ് ഇനത്തിൽ ഒമ്പത് ലക്ഷം രൂപയാണ് നല്‍കിയത്. ഓഗസ്റ്റ് 29ന് കൊച്ചു വേളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയിലാണ് പരിപാടി.

ഒന്നര വയസുകാരന്റെ മരണം: ക്രിമിനല്‍ അനാസ്ഥ

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അന്സ്തേഷ്യ നല്‍കിയതിനു പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ ബോര്‍ഡ്. ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. രാവിലെ 10.15ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് അനസ്തേഷ്യ നൽകിയത് വൈകിട്ടാണ്. അപ്പോഴേക്കും മുറിവ് ഉണങ്ങിയിരുന്നു. അനസ്തേഷ്യ നൽകുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പിഴവ് മനസിലാക്കി വൈകിട്ട് ആറോടെയാണ് കുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മെഡിക്കല്‍ ബോര്‍ഡ് പഞ്ഞു. ക്രിമിനൽ അനാസ്ഥയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും ശുപാർശ ചെയ്തു.

പണം ഖജനാവിലില്ലെങ്കിലും അന്താരാഷ്ട്ര മാരിടൈം മ്യൂസിയം വരും, ക്യുറേറ്ററെ കണ്ടെത്തിയിട്ടുണ്ട്: വി.ഡി. സതീശൻ

ഖജനാവിൽ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിൽ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്താരാഷ്ട്ര നിലവാരമുള്ളുള്ള ക്യുറേറ്ററെ കണ്ടെത്തിയിട്ടുണ്ട്. ഷിപ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കും. കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാന താൽപര്യം പരിഗണിച്ചായിരിക്കും. ആർക്കും കേറി മേയാൻ അവസരം നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ വിലക്കി ഹൈക്കോടതി

തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കും പരിപാടികൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി. സാംസ്കാരിക പരിപാടികൾക്ക് അനുമതി നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡിന് അധികാരമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

ശസ്ത്രക്രിയക്കിടെ ഒൻപത് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ പരാതി നൽകി രക്ഷിതാക്കൾ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ പരാതി നൽകി രക്ഷിതാക്കൾ. ബേഡകം സ്വദേശിയായ അഷ്റഫിന്റെ മകൻ ഇയാസ് ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഇന്ന് രാവിലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കുട്ടി മരണപ്പെട്ടതിനു ശേഷമാണ് ആശുപത്രി അധികൃതർ പ്രശ്‌നങ്ങൾ അറിയിച്ചതെന്നും, ശസ്ത്രക്രിയയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പിതാവ് അഷ്റഫ് ആരോപിച്ചു. കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്

കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഷിപ്പ് ബില്‍ഡിങ് യൂണിറ്റ് സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് വെളിപ്പെടുത്തിയത്. 100 കോടി ഡോളര്‍ (10,000 കോടിയോളം രൂപ) നിക്ഷേപത്തിനാണ് ടാറ്റ ഒരുങ്ങുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ട്. സ്ഥലം വിട്ടു നല്‍കും. ടാറ്റ ഗ്രൂപ്പുമായി സംസാരിച്ച് ധാരണയില്‍ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതിന്റെ നടപടികള്‍ ആരംഭിക്കുമെന്നും തിരുവനന്തപുരത്ത് മാരിടൈം കോൺക്ലേവിൽ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ലോകകപ്പ് ആവേശത്തിൽ ഡിവൈഎഫ്ഐയും

ഡിവൈഎഫ്‍ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ ലയണൽ മെസ്സിയും ഹാരി കെയ്‌നും. ആഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിലാണ് ഡിവൈഎഫ്ഐയുടെ 16 -ാം സംസ്ഥാന സമ്മേളനം.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം: യൂട്യൂബർക്കെതിരെ മലപ്പുറം പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ്

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്. മലപ്പുറം പൊലീസിലാണ് പരാതി നൽകിയത്. 'BRAHMA COGNITION' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ചേർന്ന് നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് ഈ ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കടുത്ത മതസ്പർദ്ധ വളർത്തുന്നതും അശ്ലീലവുമായ പരാമർശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു.

News Malayalam 24x7
newsmalayalam.com