ഇനി ഓണം കളറാകും... സ്കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല

ഇന്നത്തെ പ്രധാന വാർത്തകൾ...
ഇനി ഓണം കളറാകും... സ്കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല

പൊന്നോണം വരവായി; ഇന്ന് അത്തം

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി. സംസ്ഥാനത്ത് തിരുവോണാഘോഷത്തിൻ്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും.

'കോളേജിൻ്റെയും കോഴ്സുകളുടെയും അഫിലിയേഷൻ റദ്ദാക്കാൻ നീക്കം';  പരാതിയുമായി കിലയിലെ വിദ്യാർഥികൾ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് കീഴിലെ കോളേജും കോഴ്സുകളും ഇല്ലാതാക്കാൻ നീക്കം എന്ന ആരോപണവുമായി വിദ്യാർഥികൾ. പഠന - പാഠ്യേതര പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതോടെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. കോളജിൻ്റെയും കോഴ്സിൻ്റെയും അഫിലിയേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കില ഡയറക്ടർ നൽകിയ കത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. അധ്യാപകരോടും കില ഡയറക്ടറോടും നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഫലമില്ലെന്നും വിദ്യാർഥികൾ പറയുന്നു.

"സ്വാതന്ത്ര്യദിനത്തിൽ വീട്ടിലിരുന്നവർ പാകിസ്ഥാനിലേക്ക് പോകണം"; തൃശൂർ മാളയിൽ വിദ്യാർഥികൾക്കെതിരെ അധിക്ഷേപം

തൃശൂർ മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപം. സ്വാതന്ത്ര്യദിനത്തിൽ വീട്ടിലിരുന്നവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ. മാള ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. സ്കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്താത്ത വരെ ക്ലാസിൽ കയറ്റില്ല, അവധി ദിനം സ്കൂളിലെത്താത്തവർ വിശദീകരണം നൽകണമെന്നും സ്കൂൾ ഉടമയായ ഡോ. രാജു ഡേവിസ്.

കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിക്കൽ; തുടർ നടപടിക്കൊരുങ്ങി പൊലീസ്

അരുണാചലിലെ മിന്നൽ പ്രളയം; ദിബാങ് താഴ്വരയിൽ കാണാതായ സൈനികർക്കായി തിരച്ചിൽ

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി മരിച്ച നിലയിൽ

തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർജി മരിച്ച നിലയിൽ. വീടിന് സമീപത്തെ പാർട്ടി ഓഫീസിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മമത ബാനർജിയുടെ വിശ്വസ്തനായിരുന്നു ആശിഷ് ബാനർജി. രാംപൂർഹട്ടിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്ന് കളിക്കാനെന്ന് പറഞ്ഞ് പുറത്തുപോയ കുട്ടി മടങ്ങിയെത്തിയില്ല. വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം സൈക്കിളും ജേഴ്സിയും കണ്ടെത്തി. ഫയർഫോഴ്സും പോലീസും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കരുനാഗപ്പള്ളി കന്നേറ്റിയിലെ ബിലാലിനെയാണ് കാണാതായത്.

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

"വെരി ഡൗൺ ടു എർത്ത് സതീശൻ"; മുഖ്യമന്ത്രിയെ പുകഴ്ത്തി ജഗദീഷ്

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി നടൻ ജഗദീഷ്. പലരും മുഖ്യമന്ത്രിയെ പലതും പറയും, എന്നാൽ താൻ പറയുന്നത് "വെരി ഡൗൺ ടു എർത്ത് സതീശൻ" എന്നാണെന്നും ജഗദീഷ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അച്ചടിച്ചു പ്രസിദ്ധീകരിക്കണം. നന്നായി പഠിച്ചാണ് പ്രസ്മീറ്റ് നടത്തുന്നത്. അത് കേൾക്കാൻ താൻ കാത്തിരിക്കുമെന്നും ജഗദീഷ്.

പൂഞ്ഞാറിലും ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; വെളിപ്പെടുത്തലുമായി പി.സി. ജോർജ്

പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകി, ആരൊക്കെ വീതം പറ്റിയെന്ന് തനിക്കറിയില്ലെന്ന് പി.സി. ജോർജ് വെളിപ്പെടുത്തി. പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയാണ്. നാലു കോടി 45 ലക്ഷം രൂപ ചിലവായെന്ന് തനിക്ക് കണക്കു തന്നു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകും. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദേശം പാലിക്കപ്പെട്ടില്ല. ആ പണം എവിടെ പോയെന്ന് പി.സി. ജോർജ് ചോദിക്കുന്നുണ്ട്. എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ കാശും കൊണ്ട് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും അത് തൻ്റെ പ്രാക്ക് ആണെന്നും പി.സി. ജോർജ് പറഞ്ഞു.

"അറബിക്കടലിനുമപ്പുറം"; പിഎം ശ്രീയിൽ അറബിക്കടൽ വിടാതെ കെ.എം. ഷാജി

പിഎം ശ്രീയിൽ അറബിക്കടൽ വിടാതെ മന്ത്രി കെ.എം. ഷാജി. അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം. വ്യക്തിപരമായി തനിക്ക് അതിൽ അഭിപ്രായ വ്യത്യാസമില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല. അധികാരം വരുമ്പോൾ അഭിപ്രായം സൗമ്യമാക്കുകയാണോ വേണ്ടത്. മാധ്യമ വിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ലെന്നും കെ.എം. ഷാജി പ്രതികരിച്ചു.

"ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞത്"; മാളയിൽ വിദ്യാർഥികൾക്കെതിരായ അധിക്ഷേപത്തിൽ ന്യായീകരണവുമായി ഡേവിസ് ഇൻറർനാഷണൽ ആൻഡ് സയൻസ് സ്കൂൾ ഉടമ

സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വരാത്ത കുട്ടികളോട് ശത്രു രാജ്യത്തിലേക്ക് പോകാനാണ് പറഞ്ഞതെന്ന് ഡേവിസ് ഇൻറർനാഷണൽ ആൻഡ് സയൻസ് സ്കൂൾ ഉടമ രാജു ഡേവിസ്. അത് ഏതെങ്കിലും മതവിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. 1947 മുതൽ പാകിസ്ഥാൻ ഇന്ത്യയുടെ ശത്രു രാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കാത്തവർ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും രാജു ഡേവിസ്.

സംസ്ഥാന നേതൃത്വം വെട്ടിൽ ആയതോടെ മലക്കം മറിഞ്ഞ് പി.സി. ജോർജ്

പൂഞ്ഞാർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലര കോടി എത്തിയെന്ന വെളിപ്പെടുത്തലിൽ സംസ്ഥാന നേതൃത്വം വെട്ടിൽ ആയതോടെ മലക്കം മറിഞ്ഞു പി.സി. ജോർജ്. ആകെ ഒരു മണ്ഡലത്തിൽ ചെലവാക്കാൻ കഴിയുന്നത് 40 ലക്ഷം രൂപയാണെന്ന് ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ ഇലക്ഷന് ഫണ്ട്‌ എന്താണെന്ന് പോലും തനിക്ക് അറിയില്ല. ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചു. പ്രസംഗത്തിനുശേഷം പാർട്ടി നേതൃത്വം തന്നെ കണക്ക് കാണിച്ചു. 100 രൂപ ചെലവാക്കിയത് പോലും എഴുതി വച്ചിട്ടുണ്ട്. അപ്പോൾ തനിക്ക് ആരും പണം മോഷ്ടിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. സജി അഞ്ചു പൈസ മുക്കുന്ന ആളല്ല, മാന്യനാണ്. എരുമേലിയിൽ പറഞ്ഞത് ശരിയല്ല, അതിനു ക്ഷമ ചോദിക്കുന്നുവെന്നും പി.സി. ജോർജ് പറഞ്ഞു.

കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; കോയമ്പത്തൂർ, പാലക്കാട് ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഗുരുതര സുരക്ഷാവീഴ്ച

കോയമ്പത്തൂർ, പാലക്കാട് ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഗുരുതര സുരക്ഷാവീഴ്ച. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

വാരണാസി വിമാനത്താവളത്തിൽ വെടിയുതിർത്ത് യാത്രക്കാരൻ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

വാരണാസി വിമാനത്താവളത്തില്‍ വെടിയുതിര്‍ത്ത് യാത്രക്കാരന്‍. സ്വകാര്യ സുരക്ഷാസംഘത്തിലെ രണ്ടുപേര്‍ക്ക് പരിക്ക്. മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടയാളാണ് വെടിയുതിര്‍ത്തത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. കാരണം അന്വേഷിച്ച് സിഐഎസ്എഫ്.

വന്ദേമാതരം വിവാദത്തിൽ സേവാദൾ അധ്യക്ഷനെതിരെ നടപടി; നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ

വന്ദേമാതര വിവാദം: രാഹുൽ ഗാന്ധി സേവാദൾ നേതാവിനെ ശകാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി

വന്ദേമാതര വിവാദത്തിനിടെ എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധി സേവാദൾ നേതാവിനെ ശകാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് പറയുന്നത് വീഡിയോയിൽ വ്യക്തം. വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പുപറയണമെന്നും ബിജെപി പ്രതികരിച്ചു.

'കുട്ടി സഖാവ്' പേജും പൂട്ടി മെറ്റ

ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാൻ്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ 'കുട്ടി സഖാവ്' ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പൂട്ടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവർ കമൻ്റ് ചെയ്തിരുന്നു.

താനൂർ കസ്റ്റഡി കൊലപാതക കേസ് പുനരന്വേഷിക്കണം: യൂത്ത് ലീഗ്

ആഭ്യന്തര മന്ത്രി, സിബിഐ ഡയറ്കടർ എന്നിവർക്ക് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി കത്ത് നൽകി. പുറത്തുവന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും നിരവധി ദുരൂഹതകൾ ഇനിയും പുറത്തുവരാനുണ്ടെന്നും യൂത്ത് ലീഗ്. കേസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തു കൊണ്ടുവരണം. സിബിഐ കുറ്റപത്രത്തിൽ അടിമുടി ദുരൂഹതയുണ്ട്. കേസ് അന്വേഷണം സിബിഐ അട്ടിമറിച്ചു. കൊലപാതകക്കുറ്റം സിബിഐ റദ്ദാക്കിയത് വീഴ്ചയെന്നും യൂത്ത് ലീഗ്.

ബിജെപി വിട്ട് ദേവൻ;  പൊതുവേദിയിൽ പ്രഖ്യാപനം

ബിജെപി വിട്ട് ദേവൻ. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് രാജി പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അം​ഗത്വവും രാജിവച്ചു. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങളാണ് തൻ്റെ രാഷ്ട്രീയം. തൻ്റെ മാർഗം വേറെയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് രാജി തീരുമാനമെന്നും ദേവൻ.

വന്ദേമാതര വിവാദം: സോണിയാ ഗാന്ധിക്ക് രാജ്യം മാപ്പ് നൽകില്ല,  ആലാപനം പകുതിയിൽ നിർത്താൻ ആവശ്യപ്പെട്ടത് പാപം:  അമിത് ഷാ

തിരുവനന്തപുരത്ത് നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി

തിരുവനന്തപുരത്ത് നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി. കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റിരുന്നു. മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ. നെയ്യാറ്റിൻകര സ്വദേശി ആൻസിജി കുക്കു (21) വാണ് മരിച്ചത്. കന്യാകുമാരി ബെത്ലഹേം നഴ്സിംഗ് കോളേജിലെ വിദ്യാർഥിനിയാണ്. മാനസിക വിഷമത്തെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയതായാണ് വിവരം. ഫോൺ കോളേജിൽ കൊണ്ട് വന്നതിന് അധ്യാപിക ശകാരിച്ചതിലെ മനോവിഷമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആരോപണം.

സർക്കാർ ഹെലികോപ്റ്റർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് മുഖ്യമന്ത്രി

സർക്കാർ ഹെലികോപ്റ്റർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് മുഖ്യമന്തി വി.ഡി. സതീശൻ. കർണാടകയിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയത്. കൊച്ചിയിൽ നിന്ന് ഇന്ന് ഉച്ചയോടെ കൂർഗിലേയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

തൃക്കാക്കരയിൽ വാഹനമോഷ്ടാവ് പിടിയിൽ

എറണാകുളം: തൃക്കാക്കരയിൽ വാഹനമോഷ്ടാവ് പിടിയിൽ. ആറ്റിങ്ങൽ സ്വദേശി എസ്. സതീഷ് ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സതീഷ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

ഇസ്തിരി ഇടുന്നതിനിടെ നിന്ന് ഷോക്കേറ്റു; 13കാരിക്ക് ദാരുണാന്ത്യം

പറവൂർ: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെറിയ പല്ലംതുരുത്തിൽ സനീഷ് - നീതു ദമ്പതികളുടെ മകളായ 13കാരി സ്വാതിയാണ് അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഷോക്കേറ്റ സ്വാതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉദ്യോഗാര്‍ഥികളുടെ പരാതി; പിഎസ്‌സി ചെയര്‍മാനെതിരെ ലോക്ഭവന്‍

ഉദ്യോഗാര്‍ഥികളുടെ പരാതികളെ തുടര്‍ന്ന് പിഎസ്‌സി ചെയര്‍മാനെതിരെ ലോക്ഭവന്‍ നീക്കം. ചെയര്‍മാനെതിരായ നടപടികള്‍ക്ക് നിയമോപദേശം തേടി. അറ്റ് ഹോം ചടങ്ങിലേക്കും ക്ഷണിച്ചില്ല. ആദ്യമായാണ് സ്വാതന്ത്യ ദിനത്തിലെ ചായ സൽക്കാരത്തിൽ ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാതിരിക്കുന്നത്.

വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പ്രത്യുഷ് പി ആർ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി വാഗമൺ ചോറ്റുപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. പ്രത്യുഷും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘം വിനോദ യാത്രയ്ക്കായാണ് വാഗമണ്ണിൽ എത്തിയത്.ഇന്ന് രാവിലെ പല്ലുതേക്കുന്നതിനായി വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ ഇവരിൽ പ്രത്യുഷ് കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

കോഴിക്കോട് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ചിത്രകല അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച ചിത്രകല അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൊയിലാണ്ടി സ്വദേശിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

പാലക്കയം തട്ടിലെ റിസോർട്ട് നിർമ്മാണം നിർത്തിവെക്കാൻ ഉത്തരവ്

കണ്ണൂർ: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലെ റിസോർട്ട് നിർമ്മാണം നിർത്തിവെക്കാൻ ഉത്തരവ്. കണ്ണൂർ ജില്ലാ കളക്ടറാണ് നിർമാണം നിർത്താൻ ഉത്തരവിട്ടത്. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് കഴിഞ്ഞ ദിവസം നിർമാണം തടഞ്ഞിരുന്നു.

കുട്ടികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന പരാമർശം;  ഖേദം പ്രകടിപ്പിച്ച് മാള ഡോ. രാജു ഡേവിസ്

തൃശൂർ: സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കാതിരുന്ന കുട്ടികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂളിലെ ചെയർമാൻ. തന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ചെയർമാൻ ഡോ. രാജു ഡേവിസ് പറഞ്ഞു.

പാലക്കാട് തെരുവ് നായ കടിച്ച പശു പേവിഷബാധയേറ്റ് ചത്തു

പാലക്കാട്: വാണിയംകുളത്ത് തെരുവ് നായ കടിച്ച പശു പേവിഷബാധയേറ്റ് ചത്തു. പനയൂർ സ്വദേശി കോത-ദാക്ഷായണി ദമ്പതികളുടെ പശും ആണ് ചത്തത്. ജുലൈ 27-ന് രാത്രിയാണ് തൊഴുത്തിൽ കയറി തെരുവ് നായ പശുവിനെ കടിച്ചത്.

വാരണാസി വിമാനത്താവളത്തില്‍ വെടിയുതിർത്ത സംഭവം; തോക്കുടമ പൊലീസ് കസ്റ്റഡിയിൽ

വാരണാസി വിമാനത്താവളത്തിൽ അബദ്ധത്തിൽ തോക്കില്‍ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ നടപടി.തോക്കുടമ കമലേഷ് കേദര്‍നാഥ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അന്വേഷണം നടത്തിവരികയാണ്. ലൈസന്‍സുള്ള തോക്ക് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. പിസ്റ്റളും 21 വെടിയുണ്ടകളുമാണ് യാത്രക്കാരന്‍ കൊണ്ടുവന്നിരുന്നത്. പരിശോധന നടത്തുന്നതിനിടെയാണ് വെടിപൊട്ടിയത്. രോഹിത് രാജ്, സമുന്‍ കുമാരി എന്നീ സ്വകാര്യ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്.

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം; ഭക്ഷ്യസുരക്ഷാ പരിശോധന ഊർജിതമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ പരിശോധന ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതുവരെ സംസ്ഥാനത്ത് ആകെ 5016 ഇടങ്ങളിൽ പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ 390 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ ഉള്ള നോട്ടീസ് നൽകി. ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ്, തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരമാണ് പ്രധാനമായും ഉറപ്പാക്കുന്നത്.

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം; നാല് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ 4 SFI പ്രവർത്തകർ അറസ്റ്റിൽ. മെൽബിൻ, വിജീഷ്, ബേസിൽ, യദു എന്നിവരെ ആണ് പൊലീസ് അറസ്റ്റിലായത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ ആണ് അറസ്റ്റ്. ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന് കാണിച്ച് വിസി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ വൻ തിരിമറി; ബാങ്ക് അപ്രൈസർ അറസ്റ്റിൽ

എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ വൻ തിരിമറി. വ്യാജ രേഖകൾ ഉണ്ടാക്കി ജീവനക്കാരൻ 89 ലക്ഷം രൂപ വെട്ടിച്ചു. 2014 മുതൽ പലരുടെയും പേരിൽ വ്യാജ പണയ രേഖകൾ ഉണ്ടാക്കി ആയിരുന്നു തട്ടിപ്പ്. കേസിൽ ബാങ്ക് അപ്രൈസർ അനൂപ് ജോസഫ് അറസ്റ്റിലായി.

കോഴിക്കോട് ആളില്ലാത്ത വീട് കുത്തിത്തുറന്നു; സ്വർണവും, ക്യാമറയും മോഷണം പോയി

കോഴിക്കോട്: തിരുവമ്പാടി പുന്നക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. പുന്നക്കൽ സ്വദേശി നോയിലിന്റെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണവും, ക്യാമറയും മോഷണം പോയി. അഞ്ച് പേർ ചേർന്നാണ് മോഷണം നടത്തിയത്... സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ക്ലിഫ് ഹൗസിന് മുന്നിൽ യുവമോർച്ചാ പ്രതിഷേധം 

വന്ദേമാതരത്തെ സർക്കാർ അപമാനിച്ചെന്ന് ആരോപിച്ച് ക്ലിഫ് ഹൗസിന് മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം. ജമാ അത്തെ ഇസ്ലാമിക്കും മുസ്ലിംലീഗിനും മുന്നിൽ സർക്കാർ മുട്ടുമടക്കി എന്ന് ആരോപിച്ചാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മുഹമ്മദലി ജിന്നയുടെയും കോലം കത്തിച്ച് ആണ് പ്രതിഷേധം.

കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരളസർക്കാർ വന്ദേമാതരം ഒഴിവാക്കിയതിന് എതിരെ ബിജെപി ദേശീയ നേതൃത്വം. കോൺഗ്രസ് സർക്കാർ മതമൗലികവാതികൾക്ക് കീഴടങ്ങിയെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കോൺഗ്രസിന്റെത് ദാർഷ്ടം എന്നും നിതിൻ. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിന് മുന്നിൽ മുഖ്യമന്ത്രിയുടെയും മുഹമ്മദലി ജിന്നയുടെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം.

വിവിധ ജില്ലകളിൽ കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (17/08/2026) രാവിലെ 8.30 മുതൽ (18/08/2026) രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 16/08/2026 മുതൽ (18/08/2026) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

പുറപ്പെടുവിച്ച സമയവും തീയതിയും: 09.00 PM; 16/08/2026

യുജിസി നെറ്റ് പുനപരീക്ഷ പ്രഖ്യാപിച്ച് ദേശീയ പരീക്ഷാ ഏജൻസി

യുജിസി നെറ്റ് പുനപരീക്ഷ പ്രഖ്യാപിച്ച് ദേശീയ പരീക്ഷാ ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്തും. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് പുനപരീക്ഷ.ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെ നടക്കും. കൊമേഴ്സ് പരീക്ഷ അന്ന് തന്നെ ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ.സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ.

യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് കേസ്; അന്വേഷണ ഉദ്യോഗസ്ഥന് മാറ്റം

യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മാറ്റം. ചന്തേര ഇൻസ്പെക്ടർ എം. വി. ഷിജുവിനാണ് സ്ഥലം മാറ്റം. പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റിയത്. ശനിയാഴ്ച രാത്രിയാണ് ഇൻസ്പെകടമാർക്കുള്ള സ്ഥലമാറ്റ ഉത്തരവ് എത്തിയത്.കേസിൽ പ്രത്യേക അന്വേഷണസംഘം ഇല്ലാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് അന്വേഷ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

വിഴിഞ്ഞം പൂര്‍ണ സജ്ജം; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ഓഗസ്റ്റ് 18 ന് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18 ന് തുടക്കം. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യതിഥി. മിഷൻ സമുദ്ര പദ്ധതിയുടെ ലോഗോ പ്രകാശനവും ഓഗസ്റ്റ് 18 ന്.

തൃശൂരിൽ യുവതിക്ക് കുത്തേറ്റു

തൃശൂർ: കോടന്നൂരിൽ യുവതിക്ക് കുത്തേറ്റു. പള്ളിപ്പുറം സ്വദേശി വൈഷ്ണവിക്കാണ് കുത്തേറ്റത്. കോടന്നൂർ സ്വദേശി അശ്വിൻ ആണ് ആക്രമിച്ചത്.

"കഴിഞ്ഞ 25 വർഷം ഒരുപാട് ത്യാഗങ്ങൾ സഹിച്ചു..." വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത് അവസാന വർഷമായിരിക്കുമെന്ന് താരം സ്വകാര്യ മാഗസിനുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ 25 വർഷം ഒരുപാട് ത്യാഗങ്ങൾ സഹിച്ചതായും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതായും റൊണാൾഡോ പറഞ്ഞു.

വിഴിഞ്ഞത്ത് വാഹനത്തിൽ നിന്ന് ഡീസൽ ചോർച്ച; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാഹനത്തിൽ നിന്ന് ഡീസൽ ചോർച്ച..വിഴിഞ്ഞം തുറമുഖത്തേക്ക് പവർ ജനറേറ്റർ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നാണ് ഡീസൽ ചോർന്നത്. ഒന്നര കിലോമീറ്ററോളം ഡീസൽ റോഡിലേക്ക് ഒഴുകി. നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ആരുടേയും പരിക്കുകൾ ആർക്കും ഗുരുതരമല്ല. നാട്ടുകാർ ഇടപെട്ട് വാഹനങ്ങൾ തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തി പിന്നീട് റോഡ് വൃത്തിയാക്കി.

ചത്ത പട്ടിയെ വാട്ടർ ടാങ്കിൽ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിൽ ചത്ത പട്ടിയെ വാട്ടർ ടാങ്കിൽ കണ്ടെത്തി. ഐരാണിമുട്ടം സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ വാട്ടർ ടാങ്കിലാണ് ചത്ത പട്ടിയെ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇരുന്നൂറോളം അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കോളേജിന് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇനി ഓണം കളറാകും... സ്കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആ​ഗസ്റ്റ് 21 ന് യൂണിഫോം നിർബന്ധമില്ല. കുട്ടികളുടെ ആ​ഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള നിർ​ദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.

News Malayalam 24x7
newsmalayalam.com