
സിജെപി പ്രക്ഷോഭകർക്ക് നേരെ വിദ്വേഷ പരാമർശത്തിൽ സംഘപരിവാർ അനുഭാവി ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിവാദ വീഡിയോ ചിത്രീകരിച്ച ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തത് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന്.
കണ്ണൂരിൽ അതിനാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ സഹായിച്ചവർക്കായി അന്വേഷണം. ഒളിവിൽ കഴിയാൻ സഹായിച്ചവരെ തിരഞ്ഞ് പൊലീസ്. അർജുൻ കണ്ണൂരിലെത്തിയത് കഴിഞ്ഞ ബുധനാഴ്ച. സഹായിച്ചത് സുഹൃത്ത് പ്രണവും ബന്ധു കുട്ടനും. രണ്ട് ദിവസം തങ്ങിയത് തളിപ്പറമ്പിലെ ലോഡ്ജിൽ.
പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. കെപിസിസിയും അഞ്ച് ഡിസിസികളും നാഥനില്ലാ കളരിയെന്ന് വി.ഡി. സതീശൻ. സിപിഐഎം-ബിജെപി ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നില്ല. പ്രഖ്യാപനം ഇനിയും നീട്ടാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു. ചർച്ചകൾക്കായി ഈ ആഴ്ച തന്നെ ഡൽഹിയിൽ എത്താമെന്ന് രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ. ഡൽഹി പൊലീസ് അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം. സിജെപി പ്രക്ഷോഭത്തിന് ശേഷം ആഭ്യന്തരമന്ത്രി സഭയിലെത്തുന്നത് ഇത് ആദ്യമായി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കുന്ന ബില്ല് ഇന്ന് ലോക്സഭയിൽ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ പൊലീസ് നടപടിയിൽ പ്രസ്താവനയ്ക്കോ, അന്വേഷണത്തിന് ഉത്തരവിടാനോ അമിത് ഷാ തയ്യാറായില്ലെന്നും രാഹുൽ വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പാർലമെൻ്റിലും എത്തിയില്ല. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മോദി സർക്കാറിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ട് പേരിലേക്കാണ്. മോദിയുടെയും അമിത് ഷായുടെയും അനുമതിയില്ലാതെ ഒന്നും നടക്കില്ല. നിലവിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നു. അത് ഇനി വീണ്ടെടുക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് അടുത്ത് നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘമാണ് വാക്കത്തി ഉപയോഗിച്ച് യുവാക്കളെ അക്രമിച്ചത്
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.
കർക്കിടക വാവ് ബലിതർപ്പണം പ്രമാണിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബലിതർപ്പണ ദിവസം പുലർച്ചെ രണ്ടു മുതൽ സ്പെഷ്യൽ സർവീസുകൾ നടത്തും. 100 സർവീസുകൾ കൂടുതലായി നടത്താനാണ് തീരുമാനം.
അറസ്റ്റിലായ ടി.ജി. മോഹൻദാസിൻ്റെ മൊബൈലിൽ വീഡിയോ കണ്ടെത്തി. സിജെപി സമരക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോ മോഹൻദാസിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തി. ഇന്നലെ പൊലീസ് പിടിച്ചെടുത്ത ഫോണിൽ നിന്നാണ് വീഡിയോ കണ്ടെത്തിയത്. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. പ്രോസിക്യൂഷന് അനുമതി നൽകിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. ആർ. ചന്ദ്രശേഖരനും കെ.എ. രതീഷുമാണ് അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ചിൻ്റേത് ഏകപക്ഷീയ ഉത്തരവാണെന്നാണ് പ്രതികളുടെ വാദം. പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് പരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ല എന്നിങ്ങനെയാണ് വാദങ്ങൾ. കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്നും ആവശ്യമുണ്ട്.
സവർക്കർ ചോദ്യാവലി വിവാദത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെകാസർഗോഡ് ജില്ലയിലെ പരിപാടികളിൽ ബിജെപി ജനപ്രതിനിധികൾ പങ്കെടുക്കില്ല.
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇരുവരുടെയും വീടുകൾ സന്ദർശിക്കും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചെന്നിത്തല പൂർണ്ണമായ സർക്കാർ ഇടപെടൽ ഉറപ്പ് നൽകും.
വന്ദേ മാതരം പഴയ അതേ വരികൾ മാത്രമേ പാടൂവെന്നും അതിൽ ഒരു ക്ലാരിറ്റി കുറവും ഇല്ലെന്നും മന്ത്രി ടി. സിദ്ദിഖ്. തെറ്റുണ്ടായാൽ തിരുത്താൻ കഴിവുള്ള സർക്കാരാണിത്. സർക്കാർ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവർ സർവ്വീസിലുണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. പട്ടാമ്പി കൊപ്പം തത്തനംപുള്ളിയിലാണ് സംഭവം. മുള്ളത്ത് വീട്ടിൽ രവിയാണ് (30) മരിച്ചത്.
വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി നീണ്ടകരയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ഷിബു ബേബി ജോണിനൊടൊപ്പം വി.ഡി. സതീശൻ നീണ്ടകരയിൽ എത്തും.
ജാർഖണ്ഡ് വിദ്യാർത്ഥി സമരത്തിൻ്റെ ഭാഗമായുള്ള വിദ്യാർഥികളുടെ നിയമസഭാ മാർച്ച് തുടങ്ങി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി കസ്റ്റഡിയിൽ.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിൽ ഹൈക്കോടതി വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ട അപ്പീലാണ് വിധി പറയാന്‍ മാറ്റിയത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുതലപ്പൊഴിയിൽ കാണാതായ ജോണിൻ്റെ വീട്ടിലെത്തി. ജോണിനെ കാണാതായി പതിനൊന്നാം ദിവസമാണ് ആഭ്യന്തര മന്ത്രി ഈ വീട്ടിലെത്തുന്നത്. ജോണിൻ്റെ മക്കൾ പരാതി അറിയിക്കുന്നു.
സവർക്കർ വിവാദത്തിന് പിന്നാലെ കാസർഗോഡ് വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ ബിജെപി പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎൽഎ അശ്വിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. ഇതോടെ മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് അധ്യാപകരും ലീഗ് പ്രവർത്തകരും രംഗത്തെത്തി. ഇതോടെ ലീഗ് പ്രവർത്തകരും ബിജെപി പ്രവർത്തകരും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇറങ്ങാനാകില്ലെന്ന് ബിജെപി നേതാക്കൾ മറുപടി നൽകി. ബിജെപി പ്രവർത്തകർ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയതോടെ പോലീസ് ബലം പ്രയോഗിക്കാൻ ശ്രമിക്കുകയാണ്.
കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് സുജാതയെ വഴിയില്‍ തടഞ്ഞ് ഹരിത കർമസേന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പ്രകാരം കേഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 10 ദിവസമായി കോട്ടൂര്‍ പഞ്ചായത്തിന് മുന്നിൽ ഹരിത കർമ്മ സേനാംഗങ്ങൾ സമരം ചെയ്യുന്നുണ്ട്. ഡ്രൈവറെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് സമരം.
ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്സഭ ഉച്ചവരെ പിരിഞ്ഞു. അതേസമയം, രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. രാജ്യസഭയും 12 മണി വരെ പിരിഞ്ഞു.
ടി.ജി. മോഹൻദാസിൻ്റെ അറസ്റ്റിന് പിന്നാലെ സൈബർ ക്രൈം ഓഫീസിൽ എത്തി ബിജെപി നേതാക്കൾ. ബിജെപി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ്. സുരേഷ് ഉൾപ്പെടെയുള്ളവരാണ് എത്തിയത്.
ബിജെപി പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കാസർഗോഡ് ബിജെപി ജില്ലാ പ്രസിഡണ്ട് എം.എൽ. അശ്വതിയുടെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധിക്കാൻ എത്തിയ ബിജെപി പ്രവർത്തകരെ വലിച്ചിഴച്ച് കൊണ്ടുപോയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കുമ്പള സ്റ്റേഷൻ ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നത്.
മുഖ്യമന്ത്രി മാപ്പ് പറയണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിൻ്റെ മകൾ ജിജി. അത്തരം പരാമർശങ്ങൾ ആ കസേരയിൽ ഇരുന്ന് പറയരുത്. ഒരു കമ്മ്യൂണിറ്റിയെ ഒന്നാകെ ബാധിക്കുന്ന പ്രശ്നമാണിത്. ഇനിയെങ്കിലും മുഖ്യമന്ത്രി പരാമർശം നടത്തുമ്പോൾ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുത്. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്ന് പറയുന്നില്ല. റസ്ക്യു ഓപ്പറേഷൻ അടുത്ത ഘട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വരുത്തണമെന്നും ജിജി മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളി ജോണിൻ്റെ കുടുംബത്തിൻ്റെ വിഷമം ഉൾക്കൊള്ളുന്നുവെന്നും വേദനകളിൽ പങ്ക് ചേരുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നഷ്ടമായത് ഏറെ പ്രിയപ്പെട്ടതാണ്. പ്രതീക്ഷ നഷ്ടപ്പെടാതെ തിരച്ചിൽ നടക്കുന്നുണ്ട്. കടൽ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ ചേർത്ത് തിരച്ചിൽ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളി ജോണിൻ്റെ കുടുംബത്തെ സന്ദർശിച്ച് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ. "ഈ ഗോൾഡൻ അവറിൽ നടത്തേണ്ട കാര്യം കുടുംബം പറഞ്ഞു. അതിനു വേണ്ട ഒരു SOP ഉടൻ ക്രമീകരിക്കും," മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തീരപ്രദേശവുമായി അടുപ്പമുള്ള ആളാണെന്നും അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇപ്പോഴത്തെ പ്രാധാന്യം തിരച്ചിലിനാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അർജുൻ ആയങ്കിക്കായി സൈബർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. തലശ്ശേരി സിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. മൊബൈൽ ഫോൺ കണ്ടെത്താൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മഹാരാജാസ് വിദ്യാർഥിയായിരുന്ന അഭിമന്യു കൊലക്കേസിൻ്റെ കേസിൻ്റെ വിചാരണയ്ക്കായി പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. സംഭവത്തിൽ എതിർപ്പ് അറിയിച്ച് അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തി. എട്ടു വർഷത്തിനിടെ പ്രതികൾ കോടതിയിൽ ഹാജരായത് ഒരു തവണ മാത്രമെന്ന് അഭിമന്യുവിന്റെ കുടുംബം ചൂണ്ടിക്കാട്ടി.
കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി ശിശുക്കടത്ത് നടത്തിയ കേസിലെ പ്രതികൾ നേരത്തെ കണ്ണൂരിലും കുഞ്ഞിനെ വിറ്റതായി റിപ്പോർട്ട്. ചക്കരയ്ക്കൽ സ്റ്റേഷൻ പരിധിയിലാണ് മാസങ്ങൾക്ക് മുന്നേ കുഞ്ഞിനെ വിറ്റത്. കേസിൽ ഇതുവരെ പിടിയിലായത് 4 പേരാണ്.
'ഓപ്പറേഷൻ തൂഫാൻ - ദി നാർകോ ഹണ്ട്' ക്യാമ്പയിന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ പൂർണ്ണ പിന്തുണ. കെ.ജി.എം.ഒ.എ സംസ്ഥാന സമിതി യോഗത്തിലേതാണ് തീരുമാനം. ലഹരി ഉപയോഗം ഒരു നിയമപ്രശ്നം മാത്രമല്ലെന്നും പൊതുജനാരോഗ്യ പ്രശ്നം കൂടിയാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.
രാജേഷിന്റെ മൃതദേഹത്തോടുള്ള അനാദരവ് കാണിച്ച സംഭവത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. ആംബുലൻസിന് പണം ആവശ്യപ്പെട്ട പഞ്ചായത്ത് അംഗം രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് ഓടിക്കയറി.
വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. "വന്ദേമാതരം ഞാൻ പൂർണമായും പാടും. അത് തന്നെയാണ് തന്റെ സന്ദേശം," ഗവർണർ പറഞ്ഞു.
കേരള എന്നത് കേരളം എന്നാക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് അവതരിപ്പിച്ചത്. 12 മണിക്ക് സഭ ചേർന്നപ്പോഴും അമിത് ഷാ എത്തിയില്ല.
കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖയാണ് മരിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു പിന്നാലെയാണ് സംഭവം. സ്ഥലമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ്.
ഉദ്യോഗസ്ഥർ യുഡിഎഫ് പാരമ്പര്യത്തേയും അഭിമാനത്തെയും തകർക്കരുതെന്ന താക്കീതുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. തകർക്കാൻ ശ്രമിച്ചാൽ 24 മണിക്കൂറിനപ്പുറം കസേരയിൽ ഇരിക്കാൻ കഴിയില്ലെന്നും യുഡിഎഫ് സർക്കാരിനെ കരിവാരി തേക്കാൻ ശ്രമിക്കുന്നവരോടെന്ന പേരിലാണ് ലീഗ് നേതാവിൻ്റെ ഈ താക്കീത്.
തൊടുപുഴ ജില്ല ആശുപത്രിയിൽ ആരോഗ്യമന്ത്രിയെ വെല്ലുവിളിച്ച് കൊടി കുത്തി പൊതിച്ചോറ് വിതരണം നടത്തി ഡിവൈഎഫ്‌ഐ. ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിക്കുന്നതിനിടെ വളപ്പിൽ ബാനർ കെട്ടി ചോറ് വിതരണം ചെയ്താണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ആര് എതിർഞ്ഞാലും അന്നം മുടക്കില്ലെന്നാണ് ഫ്ലെക്സിലെ സന്ദേശം.
ഇടുക്കി ജില്ലയിലെ ടൂറിസം നിയന്ത്രണങ്ങൾ നീക്കി. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതോടെയാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.
കോഴിക്കോടിന്റെ പൈതൃകമായ പാളയം പച്ചക്കറി മാർക്കറ്റ് അവിടെത്തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും ട്രേഡ് യൂണിയനുകളും ചേർന്ന് 48 മണിക്കൂർ റിലേ നിരാഹാര സമരം ആരംഭിച്ചു. മാർക്കറ്റിലെ കച്ചവടക്കാരുടെ ലൈസൻസ് പുതുക്കുക, വാടക സ്ഥിരീകരിക്കുക, കൃത്യമായ പഠനങ്ങൾ നടത്തി നിലവിലെ കെട്ടിടങ്ങൾ നവീകരിച്ച് മാർക്കറ്റ് അവിടെ തന്നെ നിലനിർത്തുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ.
നീറ്റ് പരീക്ഷയിൽ ജീവനൊടുക്കിയ കാസർഗോഡ് സ്വദേശി ഐജ മഹേഷിൻ്റെ സഹോദരൻ തച്ചങ്ങാട് മുക്കൂട് സ്വദേശി അർജുൻ മഹേഷിനെ (24) മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിദേശത്ത് ജോലിയിൽ ഉണ്ടായിരുന്ന മഹേഷ് മംഗലാപുരത്ത് വിമാനം ഇറങ്ങിയ ശേഷം ലോഡ്ജ് മുറിയിൽ ജീവനൊടുക്കുകയായിരുന്നു.
നെയ്യ് തിരിമറി ആരോപണം അന്വേഷിക്കാനായി വിജിലൻസ് സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി. രേഖകൾ പരിശോധിക്കാനും അന്വേഷണത്തിനും വേണ്ടിയാണ് സംഘം ഇന്ന് ഉച്ചയോടെ എത്തിയത്. പരിശോധനകൾ പൂർത്തിയാക്കി വിജിലൻസ് സംഘം മടങ്ങി.
കണ്ണൂരിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് ഡിഎംഒ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ട്രാൻസ്ഫർ ഓർഡർ വന്നതിന് പിന്നാലെയാണ് മരണം എന്നാരോപിച്ചാണ് പ്രതിഷേധം.
ഗോത്രസാരഥി ജീപ്പ് ഒരാഴ്ചയായി മുടങ്ങിയതോടെ മറയൂർ ചമ്പക്കാട് ആദിവാസി കുടിയിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മറയൂർ ട്രൈബൽ ഓഫീസിനു മുമ്പിലാണ് ഇവർ പ്രതിഷേധിച്ചത്. മറയൂർ ടൗൺ ഗവൺമെന്റ് സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. ആവശ്യം അറിയിച്ചപ്പോൾ ചമ്പക്കാട് ട്രൈബൽ സ്കൂളിൽ പഠിപ്പിക്കെന്ന് മറുപടി ലഭിച്ചെന്നും പരാതിയുണ്ട്. രണ്ടും മൂന്നും ക്ലാസുകളിൽ പഠിക്കുന്ന വിഭ്യർഥികളാണ് പ്രതിഷേധിച്ചത്.
സിജെപി ആഹ്വാനം ചെയ്ത ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അറപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. ഉപാധികളോടെ ജാമ്യം നൽകിയ കോടതി ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശിച്ചിട്ടുണ്ട്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ടി.ജി. മോഹൻദാസ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ കുടുംബത്തെ ചേർത്ത് പിടിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കുടുംബം അനാഥമാകരുത്. രാജേഷിൻ്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. എന്ത് ചെയ്താലും അത് രാജേഷിൻ്റെ ജീവന് പകരമായില്ല. അങ്ങേയറ്റം അനാദരവാണ് രാജേഷിൻ്റെ ഭൗതിക ദേഹത്തോട് കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട് തുടരുന്നതിനാലാണ് അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബാംഗങ്ങളുടെ പരാതി കേട്ട അദ്ദേഹം തെരച്ചിലിലെ വീഴ്ചയിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ ദുരന്തത്തിൽ കേന്ദ്ര സഹായത്തിന് വേണ്ടി രാജീവ് ചന്ദ്രശേഖറെ ഒരു മന്ത്രി ബന്ധപ്പെട്ടത് എന്തിനെന്ന് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നിർദേശം ഇല്ലാതെ മന്ത്രി ഇങ്ങനെ അഭ്യർഥന നടത്തില്ല. എന്തിന് ഇങ്ങനെ ഒരു നിലപാടെന്നും ചോദ്യം
മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. 42കാരൻ പ്രവിനെയാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ അപസ്മാരം വന്ന് കായലിൽ വീഴുകയായിരുന്നു.
പിറമാടം പള്ളിതർക്കത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. 2022 ഡിസംബറിൽ വിധി നടപ്പാക്കിയതാണെന്നും, അന്ന് മൂവാറ്റുപുഴ തഹസിൽദാരും പൊലീസും രേഖകളിൽ ഒപ്പുവെച്ചതാണെന്നും ഓർത്തഡോക്സ് സഭ. ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും പള്ളിയുടെ അവകാശികൾ തങ്ങൾ മാത്രമാണെന്നും ഓർത്തഡോക്സ് സഭ അവകാശപ്പെട്ടു.
കൊളംബിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നു, നിരവധി പേർക്ക് പരിക്ക്. വെനിസ്വേല അതിർത്തി പ്രദേശത്തും പ്രകമ്പനമെന്ന് റിപ്പോർട്ട്.
മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിലെ മാധ്യമപ്രവർത്തനം എങ്ങോട്ട് പോകുന്നു എന്ന് ചിന്തിക്കണം. വാർത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്നു. തെറ്റായ വാർത്ത നൽകിയാലും മാധ്യമങ്ങൾ തിരുത്താൻ തയ്യാറാവുന്നില്ലെന്നും സതീശൻ പറഞ്ഞു. ഇപ്പോഴുള്ളത് പരിധിവിട്ട മാധ്യമപ്രവർത്തനമെന്ന് വി.ഡി സതീശൻ പറഞ്ഞു.
വി.ഡി. സതീശനെതിരെ വിമർശനവുമായി മുൻമന്ത്രി പി. രാജീവ്. നഷ്ടപരിഹാരത്തിന് ഏഴുവർഷമെന്ന നിയമം മാറ്റുമെന്ന പ്രസ്താവന അപ്രായോഗികം. കൺകറൻ്റ് ലിസ്റ്റിൽപ്പെട്ട നിയമം മാറ്റുമെന്ന് മുഖ്യമന്ത്രി പറയുന്നത് അപ്രായോഗികം. നുണ നിർമാണത്തിനിടയിൽ മുഖ്യമന്ത്രിക്ക് സമയമില്ലെന്ന് വിമർശനം. മുഖ്യമന്ത്രിയ്ക്ക് എത്രകാലം പഠിച്ച് പറ്റിക്കാൻ കഴിയുമെന്നും പി രാജീവ് ആരോപിച്ചു.
കൊളംബിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരണം 20 ആയി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.
പിറമാടം പള്ളിതർക്കത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. 2022 ഡിസംബറിൽ വിധി നടപ്പാക്കിയതാണെന്നും, അന്ന് മൂവാറ്റുപുഴ തഹസിൽദാരും പോലീസും രേഖകളിൽ ഒപ്പുവെച്ചതാണെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു. ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും പള്ളിയുടെ അവകാശികൾ തങ്ങൾ മാത്രമാണെന്നും ഓർത്തഡോക്സ് സഭ അവകാശപ്പെട്ടു.
എറണാകുളം പിറവത്ത് വനിതാ കൗൺസിലർക്ക് കുത്തേറ്റു. നാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭർതൃ പിതാവാണ് ആക്രമിച്ചത്. ഭർതൃമാതാവിനും കുത്തേറ്റു. കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണം.
പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർക്കെതിരെ സിപിഐഎം നേതാവ് കെ.എൻ.ബാലഗോപാൽ. സ്പീക്കറുടെ പരാമർശം അനുചിതമെന്ന് ബാലഗോപാൽ പറഞ്ഞു. മുറി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തോ അഭ്യർത്ഥനയോ നടത്തിയിട്ടില്ല. അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആ പദവിയുടെ അന്തസിന് നിരക്കുന്നതല്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.