മൊബൈല്‍ ജാമറുകള്‍, ഇന്റര്‍നെറ്റ് വിച്ഛേദം, അധിക സേന; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം, തളരാതെ യുവതയുടെ പോരാട്ടം

ഇന്നത്തെ പ്രധാന വാർത്തകൾ...
മൊബൈല്‍ ജാമറുകള്‍, ഇന്റര്‍നെറ്റ് വിച്ഛേദം, അധിക സേന; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം, തളരാതെ യുവതയുടെ പോരാട്ടം
ANI

ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

രാഹുൽ ഗാന്ധിക്ക് എതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ക്യാംപസുകളിൽ നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കാനും സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.

പ്രതിഷേധം തുടരാൻ സിജെപി

കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ പ്രതിഷേധം തുടരാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കും വരെ സമരം തുടരും എന്നാണ് നിലപാട്. തുറന്ന വേദിയിൽ ചർച്ച വേണമെന്നാണ് സിജെപി നേതൃത്വത്തിന്റെ ആവശ്യം. അതേസമയം ഇന്നലെ രാത്രിയും ഡൽഹി ടോൾസ്റ്റോയ് മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നാണ് പൊലീസിൻ്റെ ആരോപണം.

റേഷൻ കരിഞ്ചന്തയ്ക്ക് പൂർണമായി കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ട് ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷൻ കരിഞ്ചന്തയ്ക്ക് പൂർണമായി കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ട് ഭക്ഷ്യവകുപ്പിൻ്റെ നിർണായക നീക്കം. സ്വകാര്യ മില്ലുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കാനും പകരം സപ്ലൈകോയ്ക്ക് സ്വന്തമായി അരി മില്ലുകൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ സാധ്യതകൾ പഠിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആന്ധ്രാ പ്രദേശിലെത്തി. ​

'ജന നായകന്' വൻ സ്വീകരണം ഒരുക്കി ആരാധകർ

വിജയ് ചിത്രം 'ജന നായകന്' വൻ സ്വീകരണം ഒരുക്കി ആരാധകർ. പാട്ടും നൃത്തവുമായി റിലീസ് ആഘോഷമാക്കി പ്രേക്ഷകർ. സെൻസർ പ്രശനങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടത് ആറ് മാസത്തിലധികം.

എൻ്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കാം: പി.എസ്. പ്രശാന്ത്

ശബരിമല സ്വർണമോഷണ കേസിൽ തൻ്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി.എസ്. പ്രശാന്ത്. മുൻ ബോർഡിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദം. 2025ൽ ദ്വാരപാലക ശിൽപങ്ങൾ നവീകരണത്തിനായി കൊണ്ടുപോയതിൽ ദേവസ്വത്തിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അഴിമതി പുറത്തുകൊണ്ടുവന്ന തങ്ങളെ ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കുകയാണെന്നും പ്രശാന്ത്.

പ്ലസ് ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം

പ്ലസ്ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണയാണ് മാറ്റിവച്ചത്. ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

പി.എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ. വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു.

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ കബളിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ കബളിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാറും ഗൗരവും ആണ് അറസ്റ്റിലായത്. യു.പി- ഡൽഹി അതിർത്തി പ്രദേശത്ത് നിന്നും ആണ് ഇവർ പിടിയിലായത്. 3 കോടി നൽകിയാൽ മന്ത്രി സ്ഥാനം നൽകാമെന്ന് ആയിരുന്നു വാഗ്ദാനം.

ടി. പുരുഷോത്തമൻ്റെ കൃഷി സ്ഥലത്തെ ഷെഡ് കത്തി നശിച്ചു; തീയിട്ടതെന്ന് സംശയം 

പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ മുൻ സിപിഐഎം നേതാവ് ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡ് കത്തി നശിച്ചു. തീയിട്ടതെന്ന് സംശയം. ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനാണ് തീപിടിച്ചത്. നേരത്തെ പുരുഷോത്തമന്റെ വീട് ആക്രമിച്ച് കാറിന് തീയിട്ടിരുന്നു.

മുംബൈയിൽ ഇന്ന് ഹർത്താൽ

വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യപിച്ച് മുബൈയിൽ ഹർത്താൽ. വഞ്ചിത് ബഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ.

തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിർമാണം: വ്യാപക അഴിമതിയെന്ന് വിജിലന്‍സ്

തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയെന്ന് വിജിലന്‍സ്. ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിൽ കുടുങ്ങിയത് നിരവധി ഉദ്യോഗസ്ഥർ. 30 ഉദ്യോഗസ്ഥർ 45 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തൽ. തൃശൂർ കുന്നംകുളം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ എത്തിയത് 21 ലക്ഷത്തിലധികം രൂപ.

മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവതയുടെ ക്ഷേമത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് മോദിയുടെ എക്സ് പോസ്റ്റ്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ തുടരും. ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും മോദി.

"ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോ"; പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം.എ.ബേബി

ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണം. അല്ലെങ്കിൽ മോദി ഒറ്റപ്പെടുമെന്നും എം.എ. ബേബി പറഞ്ഞു.

ജന്തർ മന്തറിൽ ഇൻ്റർനെറ്റ് വിഛേദിച്ചതിരെ കെ.സി. വേണുഗോപാൽ

ജന്തർ മന്തറിൽ ഇൻ്റർനെറ്റ് വിഛേദിച്ചതിരെ കെ.സി. വേണുഗോപാൽ. പോലീസിൻ്റെ അതിക്രമം പുറം ലോകം അറിയാതിരിക്കാനാണ് ഇൻ്റർനെറ്റ് വിഛേദിച്ചതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.

പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ലോക്സഭ നിർത്തിവച്ചു

ജന്തർമന്തറിലെ യുവാക്കളുടെ പ്രതിഷേധത്തെ ചൊല്ലി പാർലമെൻ്റിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു. ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കർ അറിയിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തി വച്ചു.

"യുവാക്കളുടെ ഭാവിയെ നശിപ്പിക്കുന്നത് നിങ്ങളാണ്"; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. രാജ്യത്തെ യുവതയുടെ ഭാവിയെ നശിപ്പിക്കുന്നത് നരേന്ദ്രമോദിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടുനിന്നു. അതിന് ഉത്തരവാദികളായ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും വിമർശനം. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യം നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ജന്തർമന്തറിൽ പരിക്കേറ്റ സാക്ഷിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം

ജന്തർമന്തറിൽ ലാത്തി ചാർജിൽ പരിക്കേറ്റ സാക്ഷിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സഹോദരിക്കൊപ്പം സമരത്തിന് എത്തിയപ്പോഴായിരുന്നു 21കാരിക്ക് പൊലീസിൻ്റെ ലാത്തിയടിയേറ്റത്.

കുട്ടികൾക്കുള്ള കുത്തിവപ്പ് മൊബൈൽ വെളിച്ചത്തിൽ; ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജനറേറ്റർ തകരാർ

മലപ്പുറം ജില്ലയിലെ ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജനറേറ്റർ തകരാർ ആയതിനെ തുടർന്ന് ആശുപത്രി ജീവനക്കാരും രോഗികളും ദുരിതത്തിൽ. രോഗികളെ പരിശോധിക്കുന്നതും, കുട്ടികൾക്കുള്ള കുത്തിവെപ്പ് എടുക്കുന്നതും മൊബൈൽ വെളിച്ചത്തിലാണ്. വൈദ്യുതി പോകുന്നതോടെ ഒരാഴ്ചയായി മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നത്.

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം പുറത്ത്

കോമണവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് തിരിച്ചടി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഇന്ത്യൻ താരത്തെ പുറത്താക്കി. ജൂഡോ താരം അരുൺ കുമാർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെയാണ് ഇയാളെ അയോഗ്യനാക്കിയത്. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തൽ.

മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട; രണ്ട് പേർ പിടിയിൽ

മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട. 120 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കുബനൂർ സ്വദേശി മൊയ്‌ദീൻ കുഞ്ഞി, ജോഡ്കല്ല് സ്വദേശി ഫാറൂഖ് മുഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

"മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പം"; നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുവാക്കൾക്ക് കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ തൊഴിൽ അവസരങ്ങളും സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വികസനവും കൊണ്ടുവന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ട്. സമരം ചെയ്യാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

"ഫാസ്റ്റ് ട്രാക്ക് കോടതി പരിഹാരമല്ല"; പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിജെപി വക്താവ് സൗരവ് ദാസ്‌

ഫാസ്റ്റ് ട്രാക്ക് കോടതി പരിഹാരമല്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ്‌. നിലവിലെ കോടതി ഫാസ്റ്റ് ട്രാക്ക് കോടതി ആയി മാറ്റുമ്പോൾ കെട്ടിക്കിടക്കുന്ന കേസായി ഇതും മാറും. സമരത്തിന് നേതാവില്ല. സമരം ചെയ്യുന്നത് യുവാക്കളാണെന്നും  സൗരവ് ദാസ്‌ പറഞ്ഞു. സമരം ഊരാകുടുക്കല്ലെന്ന് അശുതോഷ് റാങ്കെ പറഞ്ഞു.

"സിജെപിയുമായി ചർച്ചയ്ക്ക് തയ്യാർ"; സർക്കാരിന് കടുംപിടുത്തമില്ലെന്ന് ജിതേന്ദ്രസിങ്

സിജെപിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. എപ്പോൾ വേണമെങ്കിലും ചർച്ചയാകാം. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നടേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

"ഇടനിലക്കാരില്ലാതെ കാണാൻ കിട്ടുന്നില്ല"; മലപ്പുറം കോൺഗ്രസ് യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വിമർശനം

മലപ്പുറം നിയോജകമണ്ഡലം കോൺഗ്രസ് യോഗത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വിമർശനം. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പുല്ലുവിലയാണ് നൽകുന്നതെന്ന് വിമർശനം. തെരഞ്ഞെടുപ്പിന് ശേഷം പല കാര്യങ്ങളിലും കൂടിയാലോചന നടത്തുന്നില്ല. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണെന്നും വിമർശനം.

സിജെപിക്ക് പിന്തുണയുമായി അണ്ണാ ഹസാരെ

സിജെപി പ്രതിഷേധത്തിന് അണ്ണാഹസാരെയുടെ പിന്തുണ. മഹാരാഷ്ട്രയിലെ അഹല്യാനഗറിലാണ് സമരം സംഘടിപ്പിച്ചത്. രണ്ട് മണിക്കൂർ ഹസാരെ മൗനം ആചരിച്ചു.

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു. കേരളത്തിൻ്റെ പൊതു മണ്ഡലത്തിനും മതവൈജ്ഞാനിക മേഖലയിലും വലിയൊരു നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സമസ്ത പ്രവര്‍ത്തകരുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടുവെന്ന എസ്ഐടിയുടെ കണ്ടെത്തലിൽ എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിൻ്റെ അച്ചടക്ക നടപടി.

അജിത് കുമാറിന്റെ സസ്പെന്‍ഷന്‍; സ്വാഗതം ചെയ്ത് സിപിഐ

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് എഡിജിപി അജിത് കുമാറിനെ സസ്പെൻഷൻ ചെയ്ത നടപടി സ്വാഗതം ചെയ്ത് സിപിഐ. അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. തല അടിച്ചുപൊട്ടിക്കലല്ല ശരിയായ രീതിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ച് രാഹുല്‍ ഗാന്ധി

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടരവെ, ഇരു സഭകളിലെയും കോണ്‍ഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വൈകിട്ട് രാഹുലിന്റെ വസതിയിലാണ് യോഗം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയത്തില്‍ പാര്‍ലമെന്റ് സമ്മേളനം കലുഷിതമായ സാഹചര്യത്തിലാണ് യോഗം.

സമരം കടുക്കുന്നു;  ഇന്‍ഡ്യാ സഖ്യം ഗാന്ധി സ്മൃതിയിലേക്ക്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് പ്രതിപക്ഷത്തിന്റെ മറ്റൊരു അപ്രതീക്ഷിത നീക്കം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യം നേതാക്കള്‍ ഗാന്ധി സ്മൃതിയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാരുടെ യാത്ര.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനായിരുന്നു പ്രതിപക്ഷ എംപിമാരുടെ യാത്ര. വഴിമധ്യേ, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് യാത്ര തടസപ്പെടുത്തി. എന്നാല്‍ എംപിമാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ, ബാരിക്കേഡ് നീക്കി ബസ് കടത്തിവിട്ടു.

നേരത്തെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. തൊട്ടുപിന്നാലെ, ഇന്ത്യാ ഗേറ്റില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. ഇതോടെയാണ് തീസ് ജനുവരി മാര്‍ഗിലെ ഗാന്ധി സ്‌മൃതിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. സമരം സമാധാനപരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ചെറുപ്പക്കാര്‍ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്, അവര്‍ക്ക് ശക്തി പകരണമെന്ന് മമ്മൂട്ടി

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടിയും മഞ്ജു വാര്യരും. ചെറുപ്പക്കാരാണ് രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്. അവരുടെ ശബ്ദത്തിന് ചെവികൊടുക്കുക. അവരെ സംരക്ഷിക്കുക, അവര്‍ക്ക് ശക്തി പകരുക -എന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

എല്ലാത്തിനുംമേലെ നില്‍ക്കേണ്ടത് മാനുഷികതയാണെന്ന് മഞ്ജു വാര്യര്‍. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പങ്കുവയ്ക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയില്‍ എവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെയെന്നും മഞ്ജു വാര്യര്‍.

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് മുരളി മനോഹർ ജോഷി

വിദ്യാർഥി സമരത്തെ പിന്തുണച്ച് ബിജെപി മുൻ ദേശീയ അധ്യക്ഷൻ മുരളി മനോഹർ ജോഷി. വിദ്യാർഥികളുടെ ആശങ്കകൾ ന്യായമാണ്. അത് സഹാനുഭൂതിയോടെയും പരിഹാരം കണ്ടെത്താനുള്ള ആഗ്രഹത്തോടെയും കൈകാര്യം ചെയ്യണം. കേവല ക്രമസമാധാന പ്രശ്നമായി ഇതിനെ കാണരുത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി കൈകാര്യം ചെയ്തത് വേദനാജനകമെന്നും മുരളി മനോഹർ ജോഷി അഭിപ്രായപ്പെട്ടു.

തളരാതെ യുവതയുടെ പോരാട്ടം

ഭരണകൂടത്തെപ്പോലും പിടിച്ചുകുലുക്കുന്ന വിധമാണ് ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരം തുടരുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പോരാട്ടവീര്യത്തെ കാണാതെപോകാന്‍ കഴിയാത്തവിധം അത് വിപുലമായി. സിജെപിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് പടര്‍ന്ന പ്രതിഷേധാഗ്നി പതുക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ കൊടുത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ പോരാട്ടഭൂമി കലുഷിതമായി. പൊലീസിനെയും സേനയെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെയും അതിജീവിച്ച് വിദ്യാര്‍ഥികള്‍ തെരുവില്‍ തുടര്‍ന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഭക്ഷണം ഉള്‍പ്പെടെ എത്തിച്ച് ജനങ്ങള്‍ പിന്തുണച്ചു. ഇതോടെ പ്രതിരോധത്തിനും അടിച്ചമര്‍ത്തലിനും സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടി. രാജ്യതലസ്ഥാനത്ത് അധികസേനയെ വിന്യസിച്ചു. കടകളും മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. മൊബൈല്‍ ജാമറുകളും പ്രവര്‍ത്തിപ്പിച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും അവര്‍ വിദ്യാര്‍ഥികള്‍ക്ക് പൂട്ടൊരുക്കി. എന്നാല്‍, സകല വെല്ലുവിളികളെയും അതിജീവിച്ച് അവര്‍ പോരാട്ടം തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡല്‍ഹിയില്‍ എത്തുന്നുമുണ്ട്.

മറുപക്ഷം എന്ത് ചെയ്താലും നമ്മുടെ പ്രതികരണം പൂക്കള്‍ ആയിരിക്കണം

എന്ത് പ്രകോപനം ഉണ്ടായാലും സമാധാനം കൈവിടരുതെന്ന് സോനം വാങ്ചുക്ക്. സമാധാനം, സമാധാനം മാത്രമാണ് എന്റെ വഴി. ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധം തുടരുമ്പോൾ തന്നെ, മറ്റിടങ്ങളിൽ ചില സാമൂഹിക വിരുദ്ധർ ഇത് മുതലെടുത്ത് അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്നതായി ഞാന്‍ വേദനയോടെ മനസിലാക്കുന്നു. മറുപക്ഷം എന്ത് ചെയ്താലും നമ്മുടെ പ്രതികരണം പൂക്കള്‍ ആയിരിക്കണം. എന്തുവിലകൊടുത്തും ഈ പാരമ്പര്യം നിലനിർത്തണമെന്നും സോനം വാങ്ചുക്ക് എക്സില്‍ കുറിച്ചു.

News Malayalam 24x7
newsmalayalam.com