
ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ എസ്ഐടി റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറും. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ നടപടി ശുപാർശയും റവാഡ ചന്ദ്രശേഖർ നൽകാൻ സാധ്യത. എഡിജിപി എം.ആർ. അജിത്കുമാറിന് എതിരായ നടപടി റിപ്പോർട്ടിന് ശേഷം അജിത് കുമാറിന്റെ ജീവനക്കാർക്ക് എതിരെയും നടപടിക്ക് സാധ്യത.
ബാങ്കോക്കിലെ പബ്ബിൽ തീപിടിത്തത്തിൽ 27 മരണം. 63 പേർക്ക് പരിക്ക്. അഗ്നിബാധ അർദ്ധരാത്രിക്ക് ശേഷം. തീപിടിത്തതിന്റെ കാരണത്തിൽ അവ്യക്തത.
പരീക്ഷാ ക്രമക്കേടിൽ നിർണായക പിഎസ്‌സി യോഗം ഇന്ന്. പൊലീസ് അന്വേഷണത്തോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം തീരുമാനിക്കും. ക്രമക്കേടിൽ പ്രാഥമിക നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. പരാതിക്കാർക്ക് മൊഴി എടുക്കുന്നതിന് നോട്ടീസ് നൽകാൻ നീക്കം.
തെക്കൻ ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദർ അബ്ബാസിലും, ഖേഷം ദ്വീപിലും വൻ സ്ഫോടനങ്ങൾ. ഹോർമൂസ് കടലിടുക്ക് ഇറാൻ നിയന്ത്രിക്കുന്നില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ്. ഒമാൻ തീരത്തിന് സമീപം കാണാതായ ഇന്ത്യക്കാരനായി തെരച്ചിൽ.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 54 ലക്ഷം അഫ്ഗാന്‍ വംശജരെ നാടുകടത്തി പാകിസ്ഥാന്‍. 2023 ഒക്ടോബർ മുതലുള്ള കണക്കാണിത്. 2023ൽ ഏകദേശം 3.8 - 4.4 മില്യൺ അഫ്ഗാൻ വംശജർ പാകിസ്ഥാനിൽ ജീവിച്ചിരുന്നതായാണ് യുഎന്നിൻ്റെയും പാകിസ്ഥാൻ സർക്കാരിൻ്റെയും കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ വിദേശ പൌരന്മാരിൽ 98 ശതമാനവും അഫ്ഗാനികളായിരുന്നു.
ഫ്രഞ്ച് ടീമിനെതിരെ വംശീയ അധിക്ഷേപം നടത്തിയ മുന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് വിവാദത്തില്‍. ലോകകപ്പ് ഫ്രഞ്ച് ദേശീയ ടീമിൽ ഫ്രഞ്ച് കളിക്കാരില്ലെന്ന മരിയാനോ രജോയുടെ ഓൺലൈൻ പത്രത്തിലെ പ്രതികരണമാണ് വിവാദത്തിലായത്.
വിംബിൾഡൺ കിരീടം നിലനിർത്തി യാനിക് സിന്നർ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചു. സ്വരേവിന്റെ തോൽവി ആദ്യ സെറ്റ് നേടിയതിന് ശേഷം. സിന്നറിൻ്റെ അഞ്ചാം ഗ്രാൻസ്ലാം കിരീടമാണ്.
കണ്ണൂർ, കൊല്ലം, കോഴിക്കോട്, ആലപ്പുഴ അടക്കം ആറ് ജില്ലാ സെക്രട്ടറിയേറ്റുകൾക്ക് എതിരെ കടുത്ത തെറ്റ് തിരുത്തൽ നടപടികൾക്ക് ശുപാർശ ചെയ്ത് സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം. എം.വി. ഗോവിന്ദൻ ക്രിയാത്മകമായ സ്വയം വിമർശനത്തിന് തയ്യാറാകണം എന്ന് നേതാക്കൾ പറഞ്ഞു. കേരളത്തിലെ തോൽവിയിൽ പിണാറായി വിജയനെ പരോക്ഷമായി പ്രതിസ്ഥാനത്ത് നിർത്തിയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.
നടൻ ടിനി ടോമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. കേസെടുക്കാൻ കഴിയില്ല എന്നായിരുന്നു പൊലീസ് നിലപാട്. അൻസിബ ഹസന്റെ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തത്. അഡ്ഹോക് കമ്മിറ്റിക്ക് തുടരാൻ അർഹതയില്ലെന്ന് കാണിച്ച് ശ്വേതാ മേനോൻ നൽകിയ ഹർജിയും ഇന്ന് വീണ്ടും പരിഗണിക്കും.
സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. കെഎസ്ആർടിസിയിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് യോഗം. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പണിമുടക്ക് നടന്നിരുന്നു.
തൃശൂർ കുന്നംകുളത്ത് കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ച് കുടുംബം. പിതാവ് സിബി ( 50 )യും മകൾ അലീന ( 18 ) യും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇന്ന് രാവിലെയാണ് പഴഞ്ഞി സ്വദേശി സിബിയും കുടുംബവും ജീവനൊടുക്കാൻ ശ്രമിച്ചത്.
എറണാകുളം കാലടിയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷം. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. അയ്യമ്പുഴ പഞ്ചായത്തിലെ താമസിക്കുന്ന ആൻ്റുവാണ് കാട്ടാന ആക്രമണത്തിൽ നിന്നു രക്ഷപ്പെടത്.
തീരദേശനഗരമായ തായ് ഷൗവില്‍, ബാവി ചുഴലിക്കാറ്റ് കരതൊട്ടതോടെ ചൈനയില്‍ 2 മില്യൺ ആളുകളെ അപകടമേഖലയില്‍ നിന്നൊഴിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 69ലേറെ പേർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. ശക്തമായ കൊടുങ്കാറ്റിനു പുറമെ പെരുമഴയുമുള്ള സാഹചര്യത്തില്‍ ചൈനയിലെ ജനജീവിതം നിലവില്‍ ദുസ്സഹമാണ്. ഈ വര്‍ഷം ചൈനയിലുണ്ടായ കൊടുങ്കാറ്റുകളില്‍ എറ്റവും ശക്തിയേറിയതാണ് ബാവി.
മൈഗ്രേഷൻ മാനേജ്മെന്റ്" ക്യാംപയിൻ ആരംഭിച്ചതിനുശേഷം 53,000ത്തിലധികം വിദേശ പൗരന്മാരെ നാടുകടത്തിയതായി ദക്ഷിണാഫ്രിക്കൻ സർക്കാർ. കൂടുതലും മലാവി, സിംബാബ്‌വെ, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.
മാരിടൈം ബോർഡ് പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സർക്കാർ പിരിച്ചുവിട്ട ബോർഡിലെ അംഗം നസീർ വെമ്പായമാണ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.
ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം എറണാകുളം ജില്ലയിലും. ആലുവ നിയോജക മണ്ഡലത്തിലേക്ക് വന്ന ഫണ്ട് തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ട്രഷറർ രൂപേഷ് പോയാട്ട്, ജില്ലാ ജനറൽ സെക്രട്ടറി ഷാജി മുത്തേടൻ എന്നിവർക്ക് എതിരെയാണ് പരാതി. ബി. ക്ലാസ് മണ്ഡലം എ. ക്ലാസ് മണ്ഡലം ആണെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. പ്രാദേശിക പ്രവർത്തകരുടെ കൂട്ടായമയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് പരാതി നൽകിയത്.
വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് രാത്രിയോടെ മുംബൈയിലെത്തും. ഒൻപതരയോടെ മുംബൈ വിമാനത്താവളത്തിൽ നിന്നും മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. രണ്ട് മലയാളികൾ അടക്കം 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് വിയറ്റ്നാമിൽ മരിച്ചത്.
ട്രെയിനുകളിൽ നിന്ന് ബെഡ് ഷീറ്റും പുതപ്പും ഉൾപ്പെടെ നാലു വർഷത്തിനിടെ 1.27 കോടിയുടെ ബെഡ് റോൾ വസ്തുക്കൾ മോഷണം പോയതായി റെയിൽവേ. ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് ഫെയ്സ് ടവലുകളാണ്. ബിക്കാനേർ ഡിവിഷനിലാണ് കൂടുതൽ സാധനങ്ങൾ മോഷണം പോയിരിക്കുന്നത്. 25.76 ലക്ഷത്തിൻ്റെ വസ്തുകളാണ് കാണാതായത്. ദക്ഷിണേന്ത്യൻ ഡിവിഷനുകളായ പാലക്കാടും തിരിച്ചിറപ്പിള്ളിയിലും മോഷണം ഉണ്ടായിട്ടില്ല. നാലു വർഷത്തിനിടെ ബെഡ്റോൾ കരാറുകാർക്കുണ്ടായ നഷ്ടം 104.51 കോടിയാണെന്നും റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്.
ബിജെപി കൗൺസിലർ ആർ.സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സർക്കാർ. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താം. സുഗതനെ ജയിലിന് പുറത്തുവിടാനാകില്ല സർക്കാർ. സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി സുഗതൻ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. നാളെ രാവിലെ 11 മണിക്കാണ് സുഗതൻ്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.
വയനാട്ടിൽ യുവാവിന് ക്രൂര മർദനം. കാറിൽ കയറ്റി യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പി കൊണ്ട് തലയിലും കഴുത്തിലും കുത്തി. മുൻവൈരാഗ്യത്തിൻ്റെ പേരിലായിരുന്നു ആക്രമണം. കമ്പളക്കാട് സ്വദേശി സുഫൈദിനാണ് പരിക്കേറ്റത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അഞ്ച് പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കബളക്കാട് സ്വദേശികളായ നജീബ്, സുഹൈൽ, നസാം, അൻസർ, കണ്ടാൽ അറിയുന്ന ഒരാൾ എന്നിവർക്ക് എതിരെയാണ് കേസ്.
പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്ന് പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരം ഇല്ലെന്ന് രതീഷ് കാളിയാടൻ. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകത എന്നും ലേഖനം. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയാണ് രതീഷ്.
കോഴിക്കോട് നാദാപുരം കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ യുവാവ് ചാടിയതായി സംശയം. പൊലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നു. വളയം സ്വദേശിയായ യുവാവിൻ്റെ ബൈക്കും, ചെരുപ്പും വിഷ്ണുമംഗലം ബണ്ട് പരിസരത്ത് നിന്ന് കണ്ടെത്തി.
നടൻ ആര്യക്കെതിരെ ഹൈദരാബാദിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. അനന്തൻകാട് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ 1.80 കോടി രൂപ കുടിശിക വരുത്തിയെന്നാണ് ആരോപണം. ആര്യക്കും നിർമാതാക്കളായ ആര്യ, വിനോദ് എന്നിവർക്കും എതിരെ ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് കേസെടുത്തത്.
പാലാ നഗരസഭയിൽ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ജൂലൈ 21ന് ചർച്ചയ്ക്ക് എടുക്കും. അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമാണ്. കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെയും സുരേഷ് ഗോപിയുടെയും വിമർശനങ്ങൾ രാഷട്രീയ ലക്ഷ്യത്തോടെ എന്ന് ജി. സുകുമാരൻ നായർ. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല. പ്രോട്ടോക്കോൾ പാലിക്കണം എന്നത് മാത്രമാണ് നിബന്ധന. നായയെ കയറ്റിയുള്ള പരിശോധന അംഗീകരിക്കാൻ ആവില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിൽ വിമർശനം തുടർന്ന് ദേവസ്വം മന്ത്രി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സർക്കാരിന് സ്വതന്ത്രമായി ഇടപെടാൻ കഴിയുന്നില്ല. ശബരിമലയിൽ ഒന്നും ചെയ്യാനാകുന്നില്ല. തന്നെ, സ്ഥാനത്ത് നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ബോർഡ് കോടതിക്ക് വിട്ട നിലപാട് ശരിയല്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
ബിജെപിയും ആർഎസ്എസും സാമ്പത്തിക ആരോപണത്തിൽ ചീഞ്ഞു നാറുകയാണെന്ന് വി. ശിവൻകുട്ടി. ഗൗരവമായ വിഷയങ്ങളാണ് പുറത്തേക്ക് വരുന്നത്. 12 കോടി എവിടെ നിന്ന് കിട്ടി എന്ന് ബിജെപി പറയണം. ബിജെപിയുടെ ഓഫീസ് സെക്രട്ടറി കോടികളോടൊപ്പം സെൽഫി എടുത്ത് പങ്കുവച്ചു. വിവിധ അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ടൈപ്പ് വൺ ഡയബറ്റീസുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉയർത്തിയ ആശങ്കകളിൽ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. സിജിഎം, ഇൻസുലിൻ പമ്പ് എന്നിവ ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതിനായി സിഎസ്ആർ ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൈപ്പ് വൺ ഡയബറ്റീസുമായി ബന്ധപ്പെട്ട് കേരള ടൈപ്പ് വൺ ഡയബറ്റിസ് ഫൌണ്ടേഷൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ബിജെപി നേതാവിന് വഴിവിട്ട പ്രൊമോഷൻ നൽകാൻ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം. മാനേജ്മെൻ്റ് സ്റ്റഡീസ് വിഭാഗം അധ്യാപകൻ അംബീഷ് മോന് വേണ്ടിയാണ് ചട്ടങ്ങൾ കാറ്റിൽ പറത്തുന്നത്. മുൻ കാലത്ത് റെഗുലർ സർവീസ് ഇല്ലാത്ത അധ്യാപകന് സ്ഥാനകയറ്റം നൽകുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരാണ്.
ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ല. ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും ഹൈക്കോടതി.
ആറന്മുളയിലെ വിമാനത്താവള പദ്ധതിയിലെ വിവാദ ഭൂമിയിലെ ഡ്രോൺ സർവ്വേയിൽ മലക്കം മറിഞ്ഞ് മൗണ്ട് സിയോൺ ഗ്രൂപ്പ്. വിമാനത്താവളത്തിന് വേണ്ടിയല്ല എയർ സ്ട്രിപ്പിന് വേണ്ടിയാണ് സർവേ നടത്തിയത് എന്ന് ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ വിശദീകരിച്ചു. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു പിന്നിൽ ഭൂമാഫിയ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും എബ്രഹാം പറഞ്ഞു.
ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് എതിരെയും എബ്രഹാം ആഞ്ഞടിച്ചു. വിമാനത്താവളത്തിൻ്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചവനാണ് അബിൻ വർക്കി എന്നും, അബിന് പത്തനംതിട്ടയെ കുറിച്ച് ഒന്നുമറിയില്ല എന്നും എബ്രഹാ കലമണ്ണിൽ പറഞ്ഞു.
അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ഡോ. എം.കെ. റാം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.
ചെന്താമരയ്ക്ക് വധശിക്ഷ നൽകണം എന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. പ്രതിക്ക് ആരെയും ഭയമില്ലെന്നും മകൾ. കോടതിക്ക് മുമ്പിൽ മക്കൾ പൊട്ടിക്കരിഞ്ഞു. സുധാകരന്റെ മക്കൾക്ക് സർക്കാർ ജോലി നൽകണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ. സിപിഐ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് കൺവീനറുമായി നാളെ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ചർച്ചയല്ല, സ്വാഭാവിക കൂടിക്കാഴ്ചയെന്നും ബിനോയ് വിശ്വം.
അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ ജി. സുധാകരൻ്റെ പ്രസംഗം തടസപ്പെടുത്തി സിപിഐഎം പ്രവർത്തകർ. പാടശേഖര സമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയായിരുന്നു സംഭവം. സിപിഐഎം വിമർശനം ഉന്നയിച്ചപ്പോഴാണ് സദസിൽ ഉണ്ടായിരുന്ന ചില പ്രവർത്തകർ എതിർപ്പ് അറിയിച്ചത്.
അസം പൗരത്വ നിര്‍ണയത്തിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി. പൗരത്വ നിർണയം സുതാര്യമാകണമെന്ന് കോടതി നിർദേശം. പൗരത്വ നിര്‍ണയം ന്യായവും യുക്തിസഹവുമാകണം. 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി. പൗരത്വ കേസ് പുനപരിശോധിക്കാന്‍ ട്രൈബ്യൂണലിന് സുപ്രിം കോടതി നിർദേശം നൽകി. ട്രൈബ്യൂണൽ വിദേശികൾ എന്ന് കണ്ട് 27 പേരെ നാടുകടത്താൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഗുവാഹത്തി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ട്രൈബ്യൂണല്‍ വീണ്ടും തീരുമാനമെടുക്കും വരെ 27 പേരെ നാടുകടത്തരുതെന്ന് സുപ്രിം കോടതി നിർദേശിച്ചത്.
തമിഴ്നാട്ടിൽ ഗോവധത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. നിയന്ത്രണമെന്ന പേരിൽ നിരോധനമാണ് നടപ്പാക്കിയതെന്ന് ചൂണ്ടികാട്ടി സർക്കാർ നൽകിയ ഹർജിയിലാണ് നടപടി.
കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതി ചെന്താമരയുടെ അഭിഭാഷകൻ ജേക്കബ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ വാർത്തകൾ കോടതിയെ സ്വാധീനിച്ചു. അതാണ് ചെന്താമരക്കെതിരായതെന്ന് ജേക്കബ് മാത്യു പറഞ്ഞു. മാധ്യമങ്ങളോട് ഉള്ള പ്രതികരണം ആണ് തൂക്കി കൊന്നോളൂ എന്നത്. കോടതിയോട് അല്ല പ്രതിയുടെ വെറുപ്പെന്നും അഡ്വ. ജേക്കബ് മാത്യു പറഞ്ഞു.
സർക്കാർ പ്ലീഡർ വിവാദത്തിൽ കെഎസ്‌യു ഉൾപ്പെടെ ഉള്ള സംഘടനകൾ വിമർശനം ഉന്നയിച്ചിട്ടും ന്യായീകരണവുമായി കെ.സി. വേണുഗോപാൽ. കോൺഗ്രസിന് അവരുടേതായ ഒരു നിലപാട് ഉണ്ട് എന്നും അത് അനുസരിച്ചേ സർക്കാർ പ്രവർത്തിക്കൂ എന്നും കെ.സി. വ്യക്തമാക്കി.
കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ എൻഐഎ പിടികൂടിയ പ്രതി അബ്ദുൽ നസീർ ഒളിവിൽ കഴിഞ്ഞത് ഷവർമ കടയിൽ. പള്ളുരുത്തിയിലെ ഷവർമ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് വർഷത്തോളം പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞെന്നാണ് കണ്ടെത്തൽ. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം തുടരുകയാണ്.
ശബരിമല തന്ത്രി കുടുംബമായ താഴ്മൺ മഠത്തെ ചൊല്ലി ബിജെപിയിൽ ഭിന്നത. താഴ്മൺ കുടുംബത്തെ ശബരിമലയിൽ നിന്ന് നീക്കണമെന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ്റെ പ്രസ്താവന സന്ദീപ് വാചസ്പതി തള്ളി. ബിജെപി നിലപാട് സംസ്ഥാന അധ്യക്ഷൻ പറയും. തന്ത്രിസ്ഥാനം ഒഴിയണമോ എന്ന തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയക്കാർ അല്ല, പുരോഹിത സഭ ആണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ചുവരുത്തി ശാസിച്ച് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. വിലാസം തെറ്റി എഴുതി എന്ന് പറഞ്ഞാണ് കുട്ടികളെ ശാസിച്ചത്. കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം.
കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ അക്രമസംഭവങ്ങളും പൊലീസിന്റെ വീഴ്‌ചയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ അന്നത്തെ മെഡിക്കല്‍ കോളജ് എസിപി അടക്കമുളളവര്‍ വലിയ വീഴ്‌ച വരുത്തിയതായി ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ ഉടലെടുത്ത സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി ഗതാഗത മന്ത്രി. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. മുൻ ഡിജിപി ബി. പത്മകുമാർ കമ്മിറ്റിക്ക് നേതൃത്വം നൽകും. ഒന്നര മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 30 ശതമാനം ബസുകളും വെൻ്റിലേറ്ററിലാണെന്ന് സ്വകാര്യ ബസ് ഉടമകൾ. ഇന്നത്തെ ചർച്ചയിൽ പൂർണ തൃപ്തിയില്ല. ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടു എന്ന് മാത്രം. കൃത്യമായ മറുപടി മന്ത്രി നൽകിയിട്ടില്ല. രണ്ടു മണിക്കൂറോളം ചർച്ച ചെയ്തു. ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനെ നിയോഗിച്ചു. ഓണത്തിന് മുമ്പ് പകുതിയിലധികം ബസുകളും നിർത്തേണ്ടി വരും. പണിമുടക്ക് സമരവുമായി തൽക്കാലം മുന്നോട്ടുപോകില്ലെന്നും ബസുടമകൾ പറഞ്ഞു.
ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ നാളെ രാവിലെ 11 മണിക്ക്.
പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് പിഎസ്‌സി. നിയമപരമായി കൈമാറാൻ കഴിയുന്ന രേഖകൾ ബ്രാഞ്ചിന് കൈമാറുമെന്നും ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നും പിഎസ്സി.
ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരി വെള്ളത്തിൽ വീണ് മരിച്ചു. ആന്ധ്ര സ്വദേശി സലീം (28) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
സുഗതൻ്റെ സത്യപ്രതിജ്ഞ ഭരണസമിതിക്ക് നാണക്കേടെന്ന് കെ.എസ്. ശബരീനാഥൻ. അയോഗ്യത കൗൺസിൽ കൂടുമ്പോൾ നിയമപരമായി തന്നെ ചർച്ച ചെയ്യും. സുഗതൻ്റെ സത്യപ്രതിജ്ഞ 288 കിലോമീറ്റർ അകലെ ജയിലിലാണ്.
കോഴിക്കോട് എംഡിഎംഎ കേസിൽ പിടിയിലായ യുവതി കായിക അധ്യാപിക. മരുതോങ്കര സ്വദേശി കെ.സി. കീർത്തന ഇന്നലെയാണ് പേരാമ്പ്രയിൽ നിന്നും പിടിയിലായത്. മുൻ കായിക താരം കൂടിയാണ് കെ.സി. കീർത്തന. പേരാമ്പ്ര - വടകര മേഖലയിൽ പല സ്കൂളുകളിലും കായിക അധ്യാപികയായി ജോലി ചെയ്തു. സ്കൂൾ വിദ്യാർഥികൾ കീർത്തനയുടെ വലയിൽ കുടുങ്ങിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വടകരയിൽ മയക്കുമരുന്ന് ഇടപാടുകളിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി എന്ന് കണ്ടെത്തിയിരുന്നു. കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നവർക്ക് രാസ ലഹരി എത്തിച്ച് നൽകുകയായിരുന്നു രീതി. ലഹരിയുമായി പിടിയിലായ വടകര ആവിക്കൽ ബീച്ച് സ്വദേശി സഫ്വാനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കീർത്തനയിലേക്ക് എത്തിയത്.
പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാനെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കെ.ടി. ജലീലിനെതിരെ നടപടിയെടും. കെ.ടി. ജലീലിൻ്റെ പ്രവർത്തനം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ ചെയ്യുന്ന പ്രവർത്തി പാടില്ല. പൊതുപ്രവർത്തകന് ചേരാത്ത നടപടിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മുണ്ടിക്കൽ താഴത്ത് രണ്ടുപേർക്ക് വെട്ടേറ്റു സന്ദീപ്, ശബരി എന്നിവർക്കാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഡൽഹി: എൻറിക ലക്സി കപ്പലിൻ്റെ രേഖകൾ വിട്ട് നൽകാൻ സുപ്രിം കോടതി നിർദേശം. ഹൈക്കോടതി രജസ്ട്രിക്കാണ് നിർദേശം നൽകിയത്. രേഖകൾ പിടിച്ച് വെച്ചിരിക്കുന്നു എന്നാരോപിച്ച് കമ്പനി നൽകിയ ഹർജിയിലാണ് നടപടി. കപ്പലിലെ നാവികർ വെടിയുതിർത്ത് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
കൊച്ചി: കണ്ണമാലിയിൽ വാഹനങ്ങൾക്ക് തീയിട്ട കേസിൽ പ്രതി പൊലീസ് പിടിയിൽ. ഗൊണ്ടുപറമ്പ് സ്വദേശി ശരത്താണ് പിടിയിലായത്. പൊളി ശരത്ത് എന്ന് വിളിക്കുന്ന ശരത്താണ് പിടിയിലായത്. ലഹരി പുറത്താണ് വാഹനങ്ങൾ നശിപ്പിച്ചതെന്ന് പ്രതിയുടെ മൊഴി.
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ മൊഴിയെടുപ്പ് തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ ആദ്യ അന്വേഷണം സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷ തട്ടിപ്പ് കേസിലാണ്. ക്രമക്കേടിൽ കോടതിയെ സമീപിച്ചയാളുടെ മൊഴിയെടുത്തു. അഞ്ചു മണിക്കൂർ മൊഴിയെടുപ്പ് നീണ്ടു. ഉത്തര കടലാസിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചയാളെയും മൊഴിയെടുപ്പിന് വിളിപ്പിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായ വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 7 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. 400 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചാണ് നിയന്ത്രണം. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം മഴ ലഭിച്ചു തുടങ്ങിയതോടുകൂടി നിർത്തലാക്കിയിരുന്നു.
കോഴിക്കോട്:സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. താമരശേരി-ബാലുശേരി റോഡിൽ ബിഷപ് ഹൗസിനു മുന്നിലാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടമുണ്ടായത്. റോഡ് നവീകരണത്തിലെ അപാകതയും റോഡിലെ വെള്ളക്കെട്ടുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. അപാകത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും KSTP നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു.
വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ ( ജൂലൈ 14 ) നാട്ടിലെത്തിക്കും . ഇന്ന് രാത്രി 09.30 നുള്ള വിമാനത്തിൽ വിയറ്റ്നാമിൽ നിന്നും മുംബൈയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെ 06.30 നു തിരിക്കുന്ന എയർ ഇന്ത്യ AI 2605 വിമാനത്തിൽ ഒൻപതു മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് കൊട്ടാരക്കരയിലേക്കു റോഡ് മാർഗം കൊണ്ടുപോകും. മുംബൈ , തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടർന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള ക്രമീകരണം നോർക്ക റൂട്സ് ഏകോപിപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് ഭാഗികമായ വൈദ്യുതി നിയന്ത്രണം. വൈകിട്ട് 7 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം മഴ ലഭിച്ചു തുടങ്ങിയതോടുകൂടി നിർത്തിയിരുന്നു.
തിരുവനന്തപുരം പൊന്മുടിയിലേക്കുള്ള കെഎസ്ആർടിസി യാത്രയ്ക്ക് കൂടുതൽ സർവീസുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി. കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി അംഗം ഷിലു ഗോപിനാഥാണ് പരാതി നൽകിയത്. പ്രിയദർശിനി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണം വർധിക്കുന്നു.ഈ പശ്ചാത്തലത്തിൽ ബസിലെ യാത്രക്കാരുടെ എണ്ണം നിജപെടുത്തുകയോ കൂടുതൽ സർവീസുകൾ അനുവദിക്കുകയോ ചെയ്യണമെന്നാണ് കത്തിൽ. പൊന്മുടിയിലേക്കുള്ള യാത്രയിൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് പരാതി നൽകിയത്
കാസർഗോഡ് കുറ്റിക്കോൽ കളക്കര ഇറക്കത്തിൽ അടക്കയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വീട്ടുകാർ മാറി താമസിക്കുന്നതിനാൽ വൻ ദുരന്തം ഒഴിവായി
പാലക്കാട്: വിവാദമായ അനുമോദന ചടങ്ങിൽ കെ. ടി. ജലീലിനെതിരെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ . കുട്ടികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ജലീൽ ചിന്തിച്ചില്ല. സാമൂഹിക വിഷയം അവതരിപ്പിക്കാൻ സ്വീകരിച്ചത് ശരിയായ മാർഗമല്ല . നാടകീയത നിറഞ്ഞ രീതിയിലായിരുന്നു ചോദ്യങ്ങൾ . ലോകം മുഴുവൻ കുട്ടികളെ കണ്ടെന്നും അവർ അപമാനിക്കപ്പെട്ടെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു .
എറണാകുളം: വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്നു വാങ്ങിയ മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ഓൺലൈനായി വാങ്ങിയ കറിയിൽ നിന്നാണ് ഒച്ചിനെ ലഭിച്ചത്.
എകെജി സെൻ്റർ ഭൂമി കയ്യേറ്റ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല സിൻഡിക്കേറ്റ്. സർവകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. നടപടി അനധികൃത കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലെന്ന് വിശദീകരണം.
ബ്രിട്ടൻ: ഇറാനിയൻ സൈനിക വിഭാഗമായ ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുകെ.ദേശസുരക്ഷാ നിയപ്രകാരമാണ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന്‍റെ പ്രഖ്യാപനം. ഐആർജിസിയെ നിരോധിക്കാൻ ഭീകരവിരുദ്ധനിയമത്തിൽ തടസമുണ്ടായിരുന്നു.
വാഷിങ്ടൺ:ഹോർമൂസ് യുഎസ് നിയന്ത്രിക്കുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഹോർമൂസിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്നും അതിന്റെ ചെലവിനുള്ള പണം അവിടെ നിന്ന് കണ്ടെത്തുമെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് മറുപടിയായി എകെജി പഠനഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം' ജൂലൈ 14-ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നിയമനടപടിക്ക് സിപിഐ. ഈ വിഷയത്തിൽ പൊതുതാത്പര്യ ഹർജി നൽകുന്നത് ആലോചിക്കും. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വിഴിഞ്ഞം വിഷയത്തിൽ എൽഡിഎഫിന്റെ പൊതുസമരം വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
താഴമൺ കുടുംബം തന്ത്രി സ്ഥാനം ഒഴിയണമെന്ന കെ. എസ് രാധാകൃഷ്ണന്റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന നേതൃത്വം. അദ്ദേഹത്തിൻ്റേത് വ്യക്തിപരമായ അഭിപ്രായം. ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതല ആർക്ക് നൽകണമെന്നത് രാഷ്ട്രീയ വിഷയമല്ല. ബിജെപിക്ക് അക്കാര്യത്തിൽ അഭിപ്രായം പറയുന്നതിന് പരിമിതികളുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ ബിജെപി എക്കാലവും വിശ്വാസികൾക്കൊപ്പമെന്നും രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി'' എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് രാജീവ് ചന്ദ്രശേഖർ. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ തനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി ഉണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ.
സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്ന വാർത്ത കള്ളമെന്ന് സിപിഐഎം. ആരാണ് പരാതി അയച്ചത്, ആർക്കാണയച്ചത് എന്നൊന്നെും വെളിപ്പെടുത്താത്ത പരാതി.ഏതോ കേന്ദ്രത്തിൽ നിന്നും ബോധപൂർവം വാർത്തകൾ ഉൽപാദിപ്പിക്കുകയാണ്. പാർട്ടി ജില്ലാ കമ്മറ്റി ഐക കണ്‌ഠേനയാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും സിപിഐഎം വ്യക്തമാക്കി
ആലപ്പുഴ: കായംകുളം കറ്റാനത്ത് സമയം തെറ്റിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് എറിഞ്ഞു തകർത്തു. കല്ലേറിൽ ചില്ല് തകർന്ന് ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ശ്രീപാർവതി എന്ന ബസ്സിന് നേരെയാണ് കൂട്ടുങ്കൽ ബസിലെ ജീവനക്കാർ കല്ലെറിഞ്ഞത്.ബസ്സിനുള്ളിൽ കയറി നടത്തിയ മർദ്ദനത്തിൽ ജീവനക്കാർക്കും പരിക്കേറ്റു.
തിരുവനന്തപുരം:തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തൈവിളാകത്ത് ശരണ്യ ഭവനിൽ വിൽഫ്രഡ് (31) ആണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെ കഠിനംകുളം ആറാട്ട് വഴിക്ക് സമീപം കടലിലാണ് വള്ളം മറിഞ്ഞത്. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കരയിലുണ്ടായിരുന്നവർ വള്ളങ്ങളിൽ എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ വിൽഫ്രഡിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന റൂബിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കോഴിക്കോട്: താമരശേരിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വയനാട് കോട്ടപ്പടി സ്വദേശി റഹീമിന്റെ മൃതദേഹം കണ്ടെത്തിയത് ബാത്ത്റൂമിലെ സ്റ്റെപ്പിൽ തല താഴേക്ക് കിടക്കുന്ന രീതിയിലാണ്. റഹീമിനൊപ്പം മുറിയിലുണ്ടായിരുന്ന മേപ്പാടി സ്വദേശിക്കായി താമരശേരി പൊലീസ് തിരച്ചിൽ ആരംഭിച്ചു. റഹീമിന് അപസ്മാര രോഗമുണ്ടായിരുന്നതായി പ്രാഥമിക വിവരം ലഭിച്ചു.മൃതദേഹം താമരശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പത്തനംതിട്ട: തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവല്ല മുത്തൂരിലാണ് അപകടം നടന്നത്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു.
ഗുരുവായൂർ;മമ്മിയൂരിൽ സ്കൂൾ വിദ്യാർത്ഥികളെ കയറ്റി പോകാനുള്ള തയ്യാറെടുപ്പിനിടെ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. സ്കൂളിനു മുന്നിൽ നിന്ന് കുട്ടികളെ കയറ്റി പോകാൻ തയ്യാറെടുക്കുന്നതിനിടെ എഞ്ചിനിൽ നിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ കുട്ടികളെ പുറത്ത് ഇറക്കിയശേഷം ഫയർഫോഴ്സിനെ വിവരമറിയിച്ചു. തീ ആളിപ്പടരും മുമ്പ് ഫയർഫോഴ്സ് എത്തി തീ അണച്ചു. വൈകിട്ട് നാലുമണിയോടെ മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി പുതുവീട്ടിൽ ഷാഹുൽഹമീദാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.
പത്തനംതിട്ട അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ. ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു.
രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. കാട്ടാക്കട - തിരുവനന്തപുരം റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ വിജീഷിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ നിലവിൽ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. പറവൂർ ബോയ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സാവന്തിനാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കൊച്ചിയിൽ സർവീസ് നടത്തുന്ന 'സുൽത്താൻ' എന്ന ബസ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തി. പരിക്കേറ്റ സാവന്തിനെ പ്രഥമശുശ്രൂഷകൾക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നിയമനടപടിക്ക് സിപിഐ. പൊതുതാൽപര്യ ഹർജി കൊടുക്കാൻ ആലോചിക്കും.