അഹമ്മദാബാദ് വിമാനാപകടത്തിൽ 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 88 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. അപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇന്ന് ലഭിച്ചേക്കും. രഞ്ജിത എയർ ഇന്ത്യക്ക് നൽകിയത് സ്വന്തം മൊബൈൽ നമ്പർ മാത്രമാണെന്നും എമർജൻസി കോൺടാക്ട് നമ്പർ നൽകാതിരുന്നത് പ്രശ്നം സൃഷ്ടിച്ചുവെന്നും ഗുജറാത്ത് പൊലീസ് പറഞ്ഞു.
അപകടസ്ഥലത്ത് നിന്നും ഏഴ് കിലോ വരുന്ന സ്വർണാഭരണങ്ങളാണ് കണ്ടെടുത്തത്. കത്തികരിഞ്ഞ നോട്ടു കെട്ടുകൾ, 64 മൊബൈൽ ഫോണുകൾ, 16 ലാപ്പ് ടോപ്പുകൾ, പാസ്പോർട്ടുകൾ അടക്കം നിരവധി വസ്തുകൾ എന്നിവയും ലഭിച്ചിട്ടുണ്ട്. വസ്തുക്കൾ ബന്ധുക്കൾ തിരിച്ചറിഞ്ഞാൽ നിയമ നടപടികൾക്ക് വിധേയമാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ട Al 171 എയർ ഇന്ത്യാ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ മുഴുവൻ എയർപോർട്ട് ഹാങ്കറിലേക്ക് മാറ്റും. അവിടെ വച്ചായിരിക്കും തുടർന്നുള്ള പരിശോധനയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ തകരാർ കണ്ടെത്തിയതോടെ യാത്രക്കാരെ തിരിച്ചിറക്കി. എൻഞ്ചിൻ തകരാർ നേരിട്ടതിനെ തുടർന്നാണ് ടേക്ക് ഓഫ് വൈകിയത് ഇതോടെയാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്നും കൊൽക്കത്തയിലെത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. ഇതോടെ കൊൽക്കത്തിയിൽ നിന്ന് മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി.