

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയോടെയാണ് എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തില്‍പ്പെട്ടത്.
വിമാനാപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ്. മാലിക് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. നിരവധി ഓഫീസുകളുള്ള ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. അതിനാല്‍ ചില പ്രദേശവാസികളും മരിച്ചിരിക്കാമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ പ്രദേശത്ത് ഫോറൻസിക് ക്രോസ് റോഡിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കൊളേജ് ഹോസ്റ്റലിന്റെ മെസ് ഹാളിലേക്കാണ്. അപകടത്തിൽ അഞ്ച് മെഡിക്കല്‍ വിദ്യാർഥികൾ മരിച്ചതായാണ് പുറത്തുവരുന്ന വിവരം.
ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനം ടെക് ഓഫ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എയർ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റ് ഒരു മെയ്ഡേ കോൾ അയച്ചിരുന്നു. എന്നാല്‍ എയർ ട്രാഫിക് കൺട്രോളറിൽ നിന്നുള്ള ആവർത്തിച്ചുള്ള കോളുകൾക്ക് വിമാനത്തില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. 8,200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ ഫ്ലൈയിങ് പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമാണ് വിമാനം പൈലറ്റ് ചെയ്തിരുന്നത്.
അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 എന്ന വിമാനത്തിലുണ്ടായിരുന്നവരില്‍ 169 പേർ ഇന്ത്യക്കാരാണ്. 53 പേർ ബ്രിട്ടീഷ് പൗരരും ഒരു കനേഡിയനും ഏഴ് പോർച്ചുഗീസ് പൗരരുമാണ് വിമാനത്തിലുണ്ടായിരുന്നത്.