സുരക്ഷാ പരിശോധനകൾ പുരോ​ഗമിക്കുന്നു; ദീർഘദൂര സർവീസുകൾ വൈകുമെന്ന് എയർ ഇന്ത്യ

സർവീസുകളിൽ കാലതാമസമുണ്ടായാൽ ഉപഭോക്താക്കളെ യഥാസമയം അറിയിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി
എയർ ഇന്ത്യ
എയർ ഇന്ത്യഫയൽ ചിത്രം
Published on

എയർ ഇന്ത്യാ വിമാനങ്ങളുടെ ദീർഘദൂര സർവീസുകൾ വൈകുമെന്ന് അറിയിപ്പുമായി കമ്പനി. ഇന്ത്യൻ വ്യോമയാന ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിര്‍ദേശിച്ച പരിശോധനകൾ നടക്കുന്നതിനാലാണ് വിമാന സർവീസുകൾ വൈകുന്നത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ യാത്രകൾ പൂർണതോതിൽ ക്രമീകരിക്കാനാകൂ എന്നും എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെയാണ് നടപടി.

ബോയിങ്ങിൻ്റെ 787 സീരീസിലുള്ള 33 വിമാനങ്ങളിലാണ് ഒറ്റത്തവണ കർശന പരിശോധനകൾ നടത്തേണ്ടത്. ഇതുവരെ ഒമ്പത് ബോയിങ് 787 വിമാനങ്ങളിൽ ആവശ്യമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന 24 വിമാനങ്ങളിൽ സമയബന്ധിതമായി ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു.

എയർ ഇന്ത്യ
അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഉന്നതതല സമിതി, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചുമതല

ദീർഘദൂര സർവീസുകളിൽ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കും. സർവീസുകളിൽ കാലതാമസമുണ്ടായാൽ ഉപഭോക്താക്കളെ യഥാസമയം അറിയിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. സുരക്ഷാ പരിശോധനകൾ മൂലമുണ്ടാകുന്ന കാലതാമസമോ റദ്ദാക്കലോ മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് വേണമെങ്കിൽ യാത്ര റദ്ദാക്കാം റീഫണ്ട് ലഭിക്കും. സൗജന്യ റിഷെഡ്യൂളിങ് ഓപ്ഷൻ തിരഞ്ഞെടുക്കാമെന്നും കമ്പനി അറിയിച്ചു.

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ ബോയിങ് 787 വിമാനങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര മന്ത്രി റാം മോഹൻ നായിഡു നിർദേശിച്ചിരുന്നു. പിന്നാലെ ജെൻക്സ് എഞ്ചിനുകൾ ഘടിപ്പിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളിൽ പരിശോധന നടത്തണമെന്ന് ഡിജിസിഎയും ഉത്തരവിട്ടു. ഇന്ധന സംവിധാനങ്ങൾ, ക്യാബിൻ എയർ കംപ്രസ്സറുകൾ, ഹൈഡ്രോളിക് സിസ്റ്റങ്ങൾ, ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയുടെ പരിശോധനകൾ, എഞ്ചിൻ സംബന്ധമായ പരിശോധനകൾ എന്നിവ നടത്തണമെന്നാണ് നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com