
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുന്നു. ഇതുവരെ 92 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 47 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. നാല് മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന വീണ്ടും നടത്തും. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പൂർണമായും തിരിച്ചറിയാൻ ഇപ്പോഴും സാധിച്ചിട്ടില്ല. 48 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകിയിരുന്നു. മൃതദേഹങ്ങൾ വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറുന്നതിനായി മെച്ചപ്പെട്ട സജ്ജീകരണങ്ങൾ ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. 192 ആംബുലൻസുകളും 591 ഡോക്ടർമാരുടെ സംഘത്തെയും ആശുപത്രിയിൽ പരിശോധനയ്ക്കുണ്ട്.
അതേസമയം, അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാരം ഇന്ന് രാജ്കോട്ടിൽ നടക്കും. വിജയ് രൂപാണിയുടെ മരണത്തെ തുടർന്ന് ഇന്ന് ഗുജറാത്തിൽ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയാണ് വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അപകടം നടന്ന ദിവസം കാണാതായ അഹമ്മദാബാദിലെ സംഗീത സംവിധായകൻ മഹേഷ് ജിറാവാലയുടെ ഡിഎൻഎ സാമ്പിൾ കുടുംബം പരിശോധനക്ക് അയച്ചു. അല്പസമയത്തിനകം വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്ന മഹേഷിൻ്റെ അവസാന ലൊക്കേഷൻ വിമാനാപകടം നടന്നതിൻ്റെ 700 മീറ്റർ അകലെയായിരുന്നു. ഇതുവരെയും മഹേഷ് തിരിച്ചെത്താതതിനെ തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കയച്ചത്.
ദുരന്തസ്ഥലത്ത് നിന്ന് യാത്രക്കാരുടെ പാസ്പോർട്ട് , ലാപ്ടോപ്പ്, മൊബൈൽഫോൺ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകളും എൻഎസ്ജി സംഘം പരിശോധിച്ചുവരികയാണ്. വിമാനത്തിൻ്റെ അവശിഷ്ടങ്ങളിലും തകർന്ന കെട്ടിട അവശിഷ്ടങ്ങളിലും എൻഡിആർഎഫ് പരിശോധന ഇന്നും തുടരുന്നുണ്ട്. വിമാനാപകടം പരിശോധിക്കാന്‍ ബോയിങ് സംഘവും അപകടസ്ഥലം സന്ദർശിച്ചു.
ടേക്ക് ഓഫ് ഘട്ടത്തിൽ അപാകതകളൊന്നും പ്രാഥമിക വിലയിരുത്തലുകളിൽ കണ്ടെത്തിയിരുന്നില്ല. എന്നാൽ വിമാനം കെട്ടിടത്തിൽ ഇടിച്ചതിന് ശേഷമാണ് തീപിടിച്ച് കത്തി അമർന്നത് എന്നാണ് എഎഐബി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിൻ്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഇന്ന് കണ്ടെത്തി. അപകടം കഴിഞ്ഞു നാല് ദിവസം കഴിയുമ്പോഴാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.