
അണുബാധയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ ജനനേന്ദ്രിയം തന്നെ നീക്കം ചെയ്ത് ഡോക്ടര്‍. അസമിലെ കാച്ചര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 28 കാരനായ യുവാവിനാണ് ചികിത്സാപ്പിഴവിനെ തുടർന്ന് ദാരുണമായ അനുഭവമുണ്ടായത്.
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അതികുര്‍ റഹ്‌മാന്‍ ആണ് ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്ന് അസമിലെ കാച്ചര്‍ ജില്ലയിലുള്ള സിച്ചാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. യുവാവിനെ പരിശോധിച്ച ഡോക്ടര്‍ ബയോപ്‌സി വേണമെന്ന് അറിയിച്ചു.
ബയോപ്‌സിക്കിടെ ജനനേന്ദ്രിയം നീക്കം ചെയ്തതെന്നാണ് പരാതി. ബയോപ്‌സി പരിശോധനയ്ക്കിടെ തന്റെ അനുവാദമില്ലാതെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതിക്കാരന്‍ പറയുന്നു. സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സാധാരണ ബയോപ്‌സി എന്ന് പറഞ്ഞ് ഡോക്ടര്‍ ജനനേന്ദ്രിയം തന്നെ അനുമതിയില്ലാതെ നീക്കം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രി അധികൃതരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ജൂണ്‍ 19 നാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. അണുബാധ കാരണം എത്തിയ തന്നോട് ഡോക്ടര്‍ ബയോപ്‌സി ടെസ്റ്റ് വേണമെന്ന് നിര്‍ദേശിച്ചു. ടെസ്റ്റിനിടയില്‍ ജനനേന്ദ്രിയം നീക്കം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഉണര്‍ന്നപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നത്. ഡോക്ടറോട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഡോക്ടറെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ലെന്നും ജീവിതം തകര്‍ന്ന അവസ്ഥയിലാണെന്നും യുവാവ് പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയേയും യുവാവ് സമീപിച്ചിട്ടുണ്ട്.