പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കളെ മർദിച്ച് പുല്ല് തീറ്റിച്ച സംഭവം: എട്ട് പേർ അറസ്റ്റിൽ

ക്രൂരപീഡനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക മധ്യമങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു
അറസ്റ്റിലായ എട്ട് പേർ
അറസ്റ്റിലായ എട്ട് പേർ Source: News Malayalam
Published on

ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ കന്നുകാലി കടത്തുകാരെന്ന് ആരോപിച്ച് രണ്ട് ദളിതരെ ക്രൂരമായി പീഡിപ്പിക്കുകയും പുല്ല് തീറ്റിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. സിംഗിപൂർ സ്വദേശികളായ ബാബുല നായക്, ബുലു നായക് എന്നിവരാണ് ഹീനമായ പീഡനത്തിന് ഇരയായത്.

ഗഞ്ചമിലെ ഖരിഗുമ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു പശുവിനേയും രണ്ട് കാലിക്കിടാങ്ങളേയും പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി വരുന്നതിനിടെയാണ് ബാബുലയും ബുലുവും ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകർ എന്ന് സ്വയം അവകാശപ്പെട്ട് വണ്ടി തടഞ്ഞുനിർത്തിയ സംഘം പശുക്കളെ കടത്താൻ ശ്രമിച്ചു എന്നാരോപിച്ച് മുപ്പതിനായിരം രൂപ പിഴയായി ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ചപ്പോൾ ബാബുലയേയും ബുലുവിനേയും വണ്ടിയിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചു. പാതി മുടി വടിച്ചുകളയുകയും മുട്ടിലിഴയിപ്പിക്കുകയും ചെയ്തു. വെള്ളം ചോദിച്ചപ്പോൾ അഴുക്കുചാലിലെ മലിനജലം കുടിപ്പിച്ചു. പുല്ല് തീറ്റിപ്പിച്ചു. ഇതെല്ലാം പശു സംരക്ഷക​ ഗുണ്ടകൾതന്നെ മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു.

ബാബുല നായകിൻ്റെ മകളുടെ വിവാഹ സമയത്ത് മരുമകന് ഒരു പശുവിനേയും രണ്ട് കിടാങ്ങളേയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു കൊല്ലമായിട്ടും അത് നൽകാനായിരുന്നില്ല. ഒടുവിൽ 6300 രൂപയ്ക്ക് ഒരു പശുവിനേയും 7800 രൂപയ്ക്ക് രണ്ട് കിടാങ്ങളേയും വാങ്ങി. വൈകിയ വിവാഹസമ്മാനം മകൾക്കും മരുമകനും നൽകാൻ സുഹൃത്തിനൊപ്പം പോകുംവഴിയായിരുന്നു ആക്രമണം.

അറസ്റ്റിലായ എട്ട് പേർ
അർദ്ധനഗ്നനാക്കി, കൈകൾ കൂട്ടിക്കെട്ടി, ചെരുപ്പ് മാല ധരിപ്പിച്ചു; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് പൊലീസ്

ക്രൂരപീഡനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക മധ്യമങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ബജ്രംഗ് ദൾ പ്രവർത്തകരായ പശുസംരക്ഷക ഗുണ്ടകളാണ് കൊടും ക്രൂരത ചെയ്തതതെന്ന് ഗഞ്ചം ജില്ലാ ദളിത് മഹാസംഘത്തിന്റെ കൺവീനറും അഖിലേന്ത്യാ കിസാൻ മസ്ദൂർ സഭയുടെ ദേശീയ സെക്രട്ടറിയുമായ സംഗ്രാം നായക് പറഞ്ഞു. ബജ്രംഗ് ദൾ ഇത് നിഷേധിച്ചു. രാജ്യത്ത് ജാതി വിവേചനം നിലനിൽക്കുന്നു എന്ന വസ്തുത നിഷേധിക്കുന്നവർ ഇത് കാണണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ എഴുതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, രാഹുൽ ആരോപിച്ചു.

ഒഡിഷയിൽ നടക്കുന്ന ഇത്തരം നൂറുകണക്കിന് സംഭവങ്ങളിൽ ചിലത് മാത്രമാണ് ഇതുപോലെ പുറത്ത് വരുന്നതന്ന് ദളിത് മഹാസംഘം നേതാവ് സംഗ്രാം നായക് പറഞ്ഞു. പ്രതിഷേധം വ്യാപകമായതോടെ പൊലീസ് ഇടപെട്ട് കേസെടുത്തു. എട്ട് പേർ അറസ്റ്റിലായെന്ന് ഗഞ്ചം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ദളിത് പീഡന നിരോധ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പൊലീസ് തെരയുകയാണെന്നും ഗഞ്ചം എസ്പി സുവേന്ദു കുമാർ പത്ര പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com