
ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടികളുടെ നിര്‍ണായക പ്രതികരണം പുറത്ത്. കന്യാസ്ത്രീകള്‍ക്കൊപ്പം സ്വന്തം ഇഷ്ടപ്രകാരമാണ് ജോലിക്ക് പോകുന്നതെന്നാണ് പെണ്‍കുട്ടികളുടെ പ്രതികരണം. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രാദേശിക മാധ്യമത്തിന് നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണെന്നും പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. ജോലിക്ക് പോകാന്‍ ആരുടേയും നിര്‍ബന്ധമുണ്ടായിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത്. പാചക ജോലിക്കാണ് പോകുന്നതെന്നും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചതെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെണ്‍കുട്ടികള്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത് എത്തിയ റെയില്‍വേ പൊലീസ് അധികൃതര്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഇവരും കന്യാസ്ത്രീകളെ ചോദ്യം ചെയ്തു. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചു, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയത്. ആദ്യം തയ്യാറാക്കിയ എഫ്‌ഐആറില്‍ മനുഷ്യക്കടത്ത് മാത്രമായിരുന്നു എഴുതിയിരുന്നത്. എന്നാല്‍, പിന്നീട് ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 1968ലെ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റവും ചേര്‍ക്കുകയായിരുന്നു. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.