
ചെന്നൈ: മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തമിഴ്‌നാട് കോടതി. തമിഴ്‌നാട്ടിലെ ശിവഗംഗ പ്രിന്‍സിപ്പല്‍ ജഡ്ജി അറിവൊലിയുടേതാണ് ഉത്തരവ്. ജീവപര്യന്തം തടവിന് പുറമേ 31,000 രൂപ പിഴും ചുമത്തിയിട്ടുണ്ട്.
വ്യാജ രേഖയില്‍ സിം കാര്‍ഡ് തരപ്പെടുത്തിയ കേസിലാണ് ശിക്ഷ. ശിവഗംഗ ജില്ലയിലെ ഇദയന്‍ വലസൈ എന്ന കര്‍ഷകന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ് സമര്‍പ്പിച്ച് കന്യാകുമാരിയില്‍ നിന്ന് സിം കാര്‍ഡ് വാങ്ങിയെന്നാണ് കേസ്. ശിക്ഷാ വിധി പറയാന്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന രൂപേഷിനെ കനത്ത സുരക്ഷാ വലയത്തില്‍ തമിഴ്‌നാട്ടിലെ കോടതിയില്‍ എത്തിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഒരു കേസില്‍ രൂപേഷിന് ശിക്ഷ വിധിക്കുന്നത്. 2015 മെയ് മാസത്തിലാണ് രൂപേഷ് അടക്കമുള്ളവര്‍ അറസ്റ്റിലാകുന്നത്. അന്ന് മുതല്‍ രൂപേഷ് ജയിലിലാണ്. ഒപ്പം അറസ്റ്റിലായ ഷൈന, അനൂപ് എന്നിവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, വിധി അവിശ്വസനീയമാണെന്ന് ഭാര്യ ഷൈന പ്രതികരിച്ചു. നിസ്സാരമായ കേസിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചതെന്നും ഷൈന പ്രതികരിച്ചു.